Monday 17 November 2014

കാക്കതമ്പുരാട്ടി

"കാക്കതമ്പുരാട്ടി കറുത്ത മണവാട്ടി..." എന്ന വയലാർ - ദക്ഷിണാമൂർത്തി - യേശുദാസ് പാട്ടിൽ ശാരദയെ ഉപമിക്കുന്നത്, കവിത, തമ്പുരാട്ടിയാക്കിയ സാധാരണ കാക്കയോടാണെന്നാണ് ഒരുപാടുകാലം കരുതിയിരുന്നത്. കാക്കതമ്പുരാട്ടി എന്നൊരു പക്ഷി തന്നെ വേറേയുണ്ടെന്ന് മനസ്സിലാക്കുന്നത് പിന്നീടാണ്.

കാക്ക, പരുന്ത്, പ്രാവ്, മൈന, ഉപ്പൻ (ചെമ്പോത്ത്), ഞങ്ങൾ പൂക്കിലകിളി എന്ന് വിളിച്ചിരുന്ന ഒരുതരം കുരുവി, വേപ്പിൻകായ പഴുക്കുമ്പോൾ വിരുന്നെത്തിയിരുന്ന തത്തകൾ..., ഇതൊക്കെയാണ് ഹരിതസങ്കീർണ്ണമല്ലാത്ത ഞങ്ങളുടെ തീരദേശഭൂമിയിൽ സാധാരണ കണ്ടിരുന്ന കിളികൾ. അന്ന് ഞങ്ങളുടെ പ്രദേശത്ത് വീടുകൾ കുറവായിരുന്നു. രണ്ടു വീടുകൾക്ക് ഇടയ്ക്കുള്ള നീണ്ട പ്രദേശം മരുക്കാടായി കിടന്നു. വൃക്ഷങ്ങളായി പറയാനുണ്ടായിരുന്നത് തെങ്ങും പറങ്കിയുമാണ്‌. വൃക്ഷവൈവിധ്യത്തിന്റെ അഭാവത്തിലാവാം, അപൂർവ്വമായ കിളികളും കുറവായിരുന്നു. കുട്ടിക്കാല ജീവിതത്തിന്റെ ഭാഗമായി സ്വാഭാവികമായി അറിഞ്ഞ കിളികൾ മാത്രമാണിവ - മറ്റൊരു രീതിയിൽ ശ്രദ്ധിച്ചിരുന്നില്ല എന്നത് വേറൊരു കാര്യം.


പൊതുവേ ഇപ്പോൾ മരങ്ങളും കാടുകളും കുറഞ്ഞുവരുന്നു എന്നാണല്ലോ പറയാറ്. എന്നാൽ എന്റെ നാടിനെ സംബന്ധിച്ച് അത് ശരിയാവില്ല. വീടുകൾ കൂടിയതിനനുസരിച്ച് വൃക്ഷവൈവിധ്യവും വർദ്ധിച്ചു. ഇപ്പോൾ മണൽക്കാടുകൾ കാണാനില്ല. എവിടെയും ഹരിതനിബിഡതയാണ്. പൂഴിമണലിൽ വളരില്ല എന്ന് വിചാരിച്ചിരുന്ന പല മരങ്ങളും ഇന്ന് അവിടെയുണ്ട്. കേരള സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ഉദ്യാനശ്രേഷ്ഠ പുരസ്കാരം കരസ്ഥമാക്കിയ വിനു കാർത്തികേയന്റെ തോട്ടം ഞങ്ങളെ നാട്ടിലാണ് എന്നതും സാന്ദർഭികമായി ഓർക്കാം. മരങ്ങൾ കൂടിയതോടെ കിളിസഞ്ചാരവും കൂടി എന്ന് കരുതാം. എന്റെ കുടുംബവീടിന്റെ മുറ്റത്ത് നിന്ന് പച്ചിലകുടുക്കൻ, കുയിൽ, മൂങ്ങ, കൊക്ക് എന്നിവയെ ഒക്കെ ഈയടുത്ത് പകർത്താൻ പറ്റിയിട്ടുണ്ട്.

ഭാര്യയുടെ വീടിരിക്കുന്ന മലയോരഗ്രാമത്തിന്റെ ഭൂപ്രകൃതി വ്യത്യസ്ഥമാണ്. അവിടുത്തെ ഹരിതവന്യത വളരെ സ്വാഭാവികമാണ്. റബ്ബർ വല്ലാത്തൊരു കടന്നുകയറ്റം നടത്തി എന്നത് പ്രകടമായി അനുഭവിക്കാനാവുമെങ്കിലും പ്രഭാതങ്ങൾ വിലോലമായ പ്രകൃതിഭാവങ്ങളാൽ തരളമാണ്. വൈവിധ്യപൂർണ്ണമാണ് പച്ചയുടെ നിറഭേദങ്ങൾ. മഴപെയ്തു തോർന്ന രാത്രിക്കു ശേഷം, ഈറൻ തണുപ്പിൽ ഏകാന്തമായി സൂര്യനായി ധ്യാനിച്ചിരിക്കുന്ന ചിത്രത്തിലെ കാക്കതമ്പുരാട്ടി വല്ലാത്തൊരു ഊർജ്ജമാണ്...!

00

6 comments:

  1. പണ്ടെന്നൊ ഈ കിളിയെ കണ്ടിട്ട് അതിൻ‌റെ പിന്നാലെ പാഞ്ഞിട്ടുണ്ട്. വാലേൽ രണ്ട് തൂവല് മാത്രം ഉള്ള കാക്കേടെ കുഞ്ഞാണെന്ന് കരുതീട്ട്. അപ്പൊ അമ്മാമ്മ പറേണു അത് കാക്കകുഞ്ഞല്ല, ഇരട്ടവാലൻ ആണെന്ന്. അന്നത് വിശ്വസിച്ചു. ഇപ്പൊ ദേ ഇവിടെ പറേണു ഇത് കാക്കതമ്പുരാട്ടി ആണെന്ന്! ഗൂഗിളേൽ തപ്പിയപ്പൊ രണ്ടും ഒന്നാണെന്ന് പറേണു. ഇപ്പൊ ചെറുതാരായി...... :(

    ReplyDelete
    Replies
    1. താങ്കൾ ആദ്യം പറഞ്ഞതിൽ ശരിയുണ്ടെന്ന് തോന്നുന്നു. രണ്ടും ഒരു കിളിയാണെന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ ഗൂഗിളിൽ ഒരൽപം ബുദ്ധിമുട്ടിയപ്പോൾ, ഇവ തമ്മിൽ ചെറിയ വ്യത്യാസം ഉണ്ടെന്നു മനസ്സിലാക്കുന്നു. Drongo എന്ന ഒരേ കുടുംബത്തിൽപ്പെടുന്ന ചെറിയ വ്യത്യാസങ്ങളുള്ള പക്ഷികളത്രേ കാക്കത്തമ്പുരാട്ടിയും (Black Drongo) ഇരട്ടവാലനും (Racket Tailed Drongo). ഇരട്ടവാലുകളിൽ നിന്നും നീളുന്ന തണ്ടും അതിന്റെ അറ്റത്തെ തൂവലും ഇരട്ടവാലന്റെ പ്രത്യേകതയാണ്. കാക്കത്തമ്പുരാട്ടിക്ക് ഇതില്ല. ഇത് വളരെ പ്രകടമായ ഒരു വ്യത്യാസം തന്നെയായതിനാൽ പോസ്റ്റിലെ ചിത്രത്തിൽ ഉള്ള പക്ഷി ഇരട്ടവാലനാണ്, കാക്കത്തമ്പുരാട്ടി അല്ല. എനിക്ക് തെറ്റിപ്പോയതാണ്.

      സ്വന്തം അജ്ഞത ആരുടെയെങ്കിലും തലയിൽ ചാരണമല്ലോ: ഇന്ദുചൂഡന്റെ 'കേരളത്തിലെ പക്ഷികൾ' ഔട്ട്‌ ഓഫ് പ്രിന്റ്‌ ആയതാണ് ഈ പ്രശ്നത്തിന് എല്ലാം കാരണം :-)

      Delete
  2. ഇതിനെ ഇപ്പോള്‍ കാണാനേയില്ല

    ReplyDelete
    Replies
    1. ഞങ്ങളുടെ നാട്ടിലും കാക്ക്രാട്ടി (കാക്കതമ്പുരാട്ടി ലോപിച്ചതാവാം) എന്ന പ്രാദേശിക വിളിപ്പേരോടെ ഈ കിളി മുൻപ് പതിവായിരുന്നു. ഇപ്പോൾ തീരെ കാണാനില്ല.

      Delete
  3. കാക്കേടെ ഒരേട്ടനുണ്ട് ഇവിടെ "റെവണ്‍". പക്ഷേ നമ്മടെ നാട്ടിലെ പക്ഷികള്‍ ഒന്നും ഇല്യാട്ടോ.. :(

    ReplyDelete
    Replies
    1. ചിത്രങ്ങളിൽ റെവണ്‍ കാക്കയെപ്പോലെ തന്നെയിരിക്കുന്നു. വടക്കൻ അമേരിക്കയിലെ ശീതലോക പക്ഷികൾ ഏതൊക്കെയാണാവോ?

      കിളികളില്ലാത്ത ലോകം അസാധ്യമാണ്...!

      Delete