Sunday 2 November 2014

ജ്വാലാമുഖി; ഭാഷ

ഇക്കഴിഞ്ഞ ദിവസങ്ങളിൽ വായിച്ച രണ്ട് മലയാള പുസ്തകങ്ങളും മഹാഭാരത കഥയെ അവലംബിച്ചായത് യാദൃശ്ചികം - പ്രഭാവർമ്മയുടെ 'ശ്യാമമാധവ'വും കെ. പി. നിർമ്മൽകുമാറിന്റെ 'ഇന്നത്തെ അതിഥി അതീതശക്തി'യും .

നീതിയുടെയും ധർമ്മത്തിന്റെയും പുണ്യദേശത്ത്‌ നിർത്തി പൊതുബോധം വ്യവഹരിച്ചുവരുന്ന പാണ്ഡവകുലത്തെയാണ് നിർമ്മൽകുമാർ തന്റെ നോവലിൽ നഖശിഖാന്തം ഉന്നംവയ്ക്കുന്നതെങ്കിൽ കുറച്ചുകൂടി കടന്ന്, ഇന്ത്യൻ സൈക്കിയിലെ പ്രധാന ദൈവരൂപമായ കൃഷ്ണൻ തന്നെയാണ് പ്രഭാവർമ്മയുടെ ലക്ഷ്യമർമ്മം. ധർമ്മസംസ്ഥാപനമാണ് കൃഷ്ണന്റെ ജന്മനിയോഗമെങ്കിൽ അതിനായി അദ്ദേഹം ഉപയുക്തമാക്കുന്ന ആയുധം പാണ്ഡവരാണ്. 'ശ്യാമമാധവ'ത്തിൽ താൻ സ്ഥാപിച്ചത് ധർമ്മമല്ല, മറിച്ച് എക്കാലത്തും അധർമ്മത്തെ ധർമ്മമാക്കാൻ താൻ വ്യഗ്രതപ്പെടുകയായിരുന്നു എന്ന് കൃഷ്ണൻ സ്വയം കണ്ടെത്തുകയാണ്. അതിന്റെ തുടർച്ചയെന്നോണം, പാണ്ഡവർ ഏർപ്പെടുന്നതൊക്കെയും ധർമ്മരഹിതമായ, നീതിശൂന്യമായ ഇടപാടുകളിലാണ് എന്ന് 'അതീതശക്തി'യും നിലപാടെടുക്കുന്നു.


വെൻഡി ഡോണിഗറെയൊക്കെ കൊലവിളിച്ച തീവ്രഹൈന്ദവത ഇത്തരം ആവിഷ്കാരങ്ങൾ അറിയാതെപോകുന്നതിൽ കാണാനാവുന്നത് ഭാഷയുടെ നിഗൂഡശക്തിയാണ്. ആഴത്തിലുള്ള വായന വെളിവാക്കുന്ന 'ശ്യാമമാധവ'ത്തിന്റെ ഏകമാന സ്വഭാവത്തിലും അതിന്റെ വൃത്തബദ്ധരൂപം ആവശ്യപ്പെടുന്ന ഭാഷാവ്യതിരക്തത പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന തരം ലാളിത്യം ഉൾപ്പേറുന്നില്ല. 'അതീതശക്തി' കുറച്ചുകൂടി കടന്ന വ്യതിരക്തമായ വന്യാനുഭവമാണ് ഭാഷാപരമായി നിർലോഭം ആവിഷ്കരിക്കുക എന്ന് നിർമ്മൽകുമാറിനെ അറിയുന്നവർക്ക് പുസ്തകം വായിക്കാതെ തന്നെ ഊഹിക്കാനുമാവും.

ഒരു പുസ്തകം, തെരുവിൽ, അതൊരിക്കലും വായിച്ചിട്ടില്ലാത്തവരുടെ കൈകളിൽ ആശയേതരമായ കലുഷതകളിൽ പെട്ടുപോകുന്നു എന്നത് ആ പുസ്തകത്തിന്റെ അന്തർലീനമായ പരാധീനതായി പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു പുസ്തകം അതർഹിക്കുന്ന അനുവാചകനെ മാത്രം തേടിചെല്ലേണ്ടുന്ന അസാമാന്യമായ ശക്തി, ഭാഷാരൂപങ്ങളിൽ, നിതാന്തം ലാവാഗ്നി തിളയ്ക്കുന്ന, എന്നാൽ ഒരിക്കലും തുളുമ്പിവമിക്കാത്ത ജ്വാലാമുഖിയെപ്പോലെ, കാത്തുവയ്ക്കേണ്ടതുണ്ട്!  

00

4 comments:

  1. 'ശ്യാമമാധവം' നല്ലൊരു വായനാനുഭവമായിരുന്നു.... 'അതീതശക്തി' വായിക്കാൻ കഴിഞ്ഞിട്ടില്ല. വായിക്കണം....


    ഈ കുറിപ്പ് , 'പുസ്തക വിചാരം' എന്ന ബ്ലോഗിലേക്ക് ചേർക്കാൻ അനുവാദം തരാമോ...?

    ReplyDelete
    Replies
    1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി. പുസ്തകവിചാരം - മെയിൽ അയച്ചിട്ടുണ്ട്...

      Delete
  2. ആദ്യമായി കേള്‍ക്കുകയാണ് ഈ പുസ്തകങ്ങളെപ്പറ്റി.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete