Sunday 19 October 2014

പതുക്കെ സഞ്ചരിക്കുക...

ജേസൻ ലൂയിസിന്റെ ട്രാവൽ ഫിലോസഫി 'പതുക്കെ സഞ്ചരിക്കുക' എന്നതാണ്. മനുഷ്യശക്തി കൊണ്ട്, മോട്ടോർ ഘടിപ്പിച്ച വാഹങ്ങൾ ഒന്നും ഉപയോഗിക്കാതെ, ഭൂമി ചുറ്റിവന്ന ആളാണ്‌ ജേസൻ. നടന്നും സൈക്കിൾ ചവിട്ടിയും റോളർസ്കേറ്റ് ചെയ്തുമൊക്കെ കരയിലൂടെ സഞ്ചരിച്ചപ്പോൾ പെഡൽ ബോട്ടാണ് കടൽ താണ്ടാൻ ഉപയോഗിച്ചത്. പതിമ്മൂന്ന് വർഷമെടുത്തു ഈ യാത്രയ്ക്ക്.

പതുക്കെ സഞ്ചരിക്കുന്നവർക്ക് ഭൂമി ഇന്നും വളരെ വലിയ ഒരു ഗ്രഹം തന്നെയാണ്. ഭൂമി ചെറുതായി എന്നൊക്കെ പറയുന്നത് വളരെ വേഗം സഞ്ചരിക്കുന്നവരാണ്. ലണ്ടനും ന്യൂയോർക്കും ഹോങ്കോങ്ങും ഒക്കെ ഒരുപോലെ തന്നെ അവർക്ക്. ഒരു പോലുള്ള വിമാനത്താവളങ്ങളിലൂടെ, ഒരുപോലുള്ള നിരത്തുകളിലൂടെ, ഒരുപോലുള്ള വാഹനങ്ങളിൽ, ഒരുപോലുള്ള താമസസ്ഥലങ്ങളിലൂടെ കടന്നു പോകുന്നവർക്ക് ഭൂമി എത്ര ചെറുതാണ്, എത്ര ഏകമാനമാണ് എന്ന് തോന്നുന്നതിൽ ആശ്ച്ചര്യപ്പെടാൻ ഇല്ല.


എന്നാൽ പതുക്കെ നടക്കുന്ന ഒരാൾക്ക്‌ അതങ്ങനെയല്ല. വീട്ടു മുറ്റത്തേയ്ക്കിറങ്ങുമ്പോൾ തന്നെ വൈവിധ്യങ്ങളുടെ പ്രപഞ്ചം ആരംഭിക്കുകയായി. ഓരോ ഇഞ്ച് ഭൂമിയിലും അനേകതരം ജീവജാലങ്ങൾ, പച്ചയുടെ സങ്കീർണ്ണലോകം, സംസ്കാരങ്ങളുടെ സജീവത... അങ്ങിനെ കണ്ടും അനുഭവിച്ചും നടക്കുമ്പോൾ ഒരടി മുന്നോട്ട് നീങ്ങാൻ തന്നെ എത്രയോ നേരമെടുക്കും. ഭൂമി എത്ര വലുതാണ്‌ എന്ന് അറിവാകും. ഭൂമിയുടെ ഒരു അറ്റം കണ്ടു തീർക്കാൻ തന്നെ ആയുസ്സ് മതിയാവില്ലല്ലോ എന്ന് മനസ്സിലാവും.

അന്യംനിന്നുപോയ അങ്ങാടിക്കുരുവിയെക്കുറിച്ചും കമ്മ്യൂണിസ്റ്റ്പച്ചയെക്കുറിച്ചും ചിത്രശലഭങ്ങളെക്കുറിച്ചും ഒക്കെ കേൾക്കാറുണ്ട്. ശരിയായിരിക്കാം, പക്ഷേ, മുറ്റത്തെങ്ങാനും നമ്മളിവയെ തിരക്കാറുണ്ടോ? വീട്ടിൽ നിന്നിറങ്ങി, എങ്ങോട്ടെയ്ക്കോ ഓടിപോകുന്നു നമ്മൾ. അത്രയും വേഗത്തിൽ തിരിച്ചുവന്ന് വീട്ടിനകത്തേയ്ക്ക് കയറുന്നു.

പതുക്കെ നടന്നാൽ വളരെ സാധാരണമായ ഒരു ജീവിയെയോ ഒരു പൂവിനെയോ എവിടെയെങ്കിലും കാണാതിരിക്കില്ല - നാട്ടിലെ വീട്ടുമുറ്റത്ത് കണ്ട ഈ ചെമ്പൻകടുവയെപ്പോലെ... ചെമ്പൻകടുവ എന്നത് ഒരു കടുവയുടെ പേരല്ല, പൂമ്പാറ്റയുടെയാണ്. എന്തൊരു പേര്!

00

5 comments:

  1. >>വീട്ടിൽ നിന്നിറങ്ങി, എങ്ങോട്ടെയ്ക്കോ ഓടിപോകുന്നു നമ്മൾ. അത്രയും വേഗത്തിൽ തിരിച്ചുവന്ന് വീട്ടിനകത്തേയ്ക്ക് കയറുന്നു.
    << സത്യം ! ആധുനിക ജീവിത(?) ജീവിതത്തിന്റെ ആകെതുക.

    ReplyDelete
    Replies
    1. സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി!

      Delete
  2. നമുക്ക് പതുക്കെ നടക്കാം

    ReplyDelete
  3. എന്തിനായിങ്ങിനെ ധൃതി വെക്കുന്നെയെന്ന് ചിന്തിക്കുമ്പോഴേക്കും തട്ടിയിട്ടു പോകുന്ന ജീവിതയോട്ടങ്ങൾ ...! ഇത്തരം കാഴ്ചകൾ പലർക്കും ശരിക്കും അന്യമാണ്...

    സുന്ദരിയായ ചെമ്പൻ കടുവയെ ചിത്രത്തിൽ കാണാൻ സാധിച്ചതിന് നന്ദി.

    ReplyDelete
    Replies
    1. വായനയ്ക്കും നല്ല അഭിപ്രായത്തിനും നന്ദി!

      Delete