Monday 9 June 2014

എന്നും ഒരാള്‍ മാത്രം ജയിക്കുന്ന കളി

മധ്യകാലം ചരിത്രബോധമുള്ള കലാകാരന്മാരെ എന്നും മോഹിപ്പിച്ചിട്ടുണ്ട്‌. ആ കാലഘട്ടത്തിന്റെ സന്ദിഗ്ധതയാവാം കാരണം. പത്താം നൂറ്റാണ്ടിന്‌ മുന്‍പുള്ള കാലത്തെ, ഒരു ഐതിഹ്യത്തിന്റെ തലത്തില്‍ കണ്ട്‌ പുനഃസൃഷ്ടിക്കാം. എന്നാല്‍ അത്രയും അമൂര്‍ത്തത സാധ്യമാവില്ല മധ്യകാല ചിത്രണങ്ങള്‍ക്ക്‌. അതിനു ചരിത്രാന്വേഷണത്തിന്റെ സങ്കീര്‍ണതകള്‍ ഏറ്റെടുക്കേണ്ടതുണ്ട്‌. സര്‍ഗാത്മകതയ്ക്ക്‌ ഇതൊരു അതിരാണോ എന്ന ചോദ്യം ഉന്നയിച്ചാല്‍, മറുപടിയില്ല. പക്ഷേ ഭാവനയുടെ എല്ലാ ഭ്രമാത്മകതകള്‍ക്കും സാധ്യമായ മനുഷ്യജീവിതത്തിന്റെ പിന്നടരുകളുണ്ടാവും. അതുകൊണ്ടാണ്‌ Umberto Eco മധ്യകാലത്തിലേക്ക്‌ യാത്രപോയി, മനുഷ്യന്റെ ഉടലും ആടിന്റെ കാലുകളുമുള്ള അതിസുന്ദരിയെ ചിത്രീകരിക്കുമ്പോള്‍ രസകരമായി അനുഭവിക്കാനാവുന്നത്‌. ചരിത്രത്തിലേക്കുള്ള അതിഗാഢമായ അന്വേഷണം ഉളവാക്കിയ പശ്ചാത്തലത്തില്‍ നിന്നാണ്‌ ഈ കഥാപാത്രത്തിന്റെ ഭ്രമാത്മകത തന്മയീഭവിക്കപ്പെടുക.
യൂറോപ്പിനേയും മധ്യപൂര്‍വ പ്രദേശങ്ങളേയും സംബന്ധിച്ച്‌ മധ്യകാലത്തിന്റെ ചരിത്രം മുഴുവന്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കുരിശുയുദ്ധവുമായി ചേര്‍ന്നു കിടക്കുന്നു. ക്രിസ്തുമതത്തിന്റെ അധികാരഘടന ഏറ്റവും തീവ്രവും പ്രതിലോമവും ആയിരുന്ന ഒരു സമയം കൂടി ആയിരുന്നുവല്ലോ അത്‌. Papacy-യുടെ അപ്രമാദിത്വം ആണ്‌ കാര്യങ്ങളെ നിയന്ത്രിച്ചിരുന്നത്‌. രാജാധികാരങ്ങളും പേപ്പസിയും തമ്മില്‍ സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും, ജനങ്ങളില്‍ ഉണ്ടായിരുന്ന മതപരമായ ഏകമാനത - പാപബോധനിയന്ത്രിതമായ ഭയം - രാജ്യങ്ങളെ പേപ്പസിയെ അംഗീകരിക്കാന്‍ നിര്‍ബന്ധിതമാക്കി. എന്നുമാത്രമല്ല, പേപ്പസിയാല്‍ അവരോധിക്കപെടാത്ത രാജകീയതയുടെ ക്രെഡിബിലിറ്റി തുലാസിലുമായിരുന്നു. കുരിശുയുദ്ധത്തിന്റെ ചരിത്രപരിസരം സങ്കീര്‍ണമാണ്‌. എന്തായാലും, അതിനെ സാധ്യമാക്കിയത്‌ സ്വര്‍ഗ്ഗനരകങ്ങളെ കുറിച്ച്‌ ക്രിസ്തുമതം തീവ്രതയോടെ അടിച്ചേല്‍പ്പിച്ച ഒരു സ്യൂഡോ ധാര്‍മികജീവിതരീതിയാണ്‌. എന്തും ഏതും ഇത്തരം നന്മതിന്മകളുടെ മൂര്‍ത്തമായ ഇടങ്ങളില്‍ വച്ച്‌ ക്രൂരമായി പരിശോധിക്കപ്പെട്ടു. Ingmar Bergman-ന്റെ Seventh Seal എന്ന ചിത്രം ഈ പരിസരത്തു നിന്നാണ്‌ തുടങ്ങുന്നത്‌.
മധ്യകാലത്തേയും കുരിശുയുദ്ധത്തേയും കുറിച്ചുള്ള മറ്റ്‌ പല ചിത്രീകരണങ്ങളിലും കാണുന്ന ഗാംഭീര്യമോ ജനക്കൂട്ടമോ Seventh Seal-ല്‍ കാണാനാവുന്നില്ല. ബ്ലോക്കും സഹചാരിയും മാത്രമായാണ്‌ മടക്കയാത്ര. ഇത്തരം ഒറ്റപ്പെട്ട മടക്കയാത്രകള്‍, കൊള്ളിയും കൊള്ളിവയ്പ്പുമായി മടങ്ങുന്ന കുരിശുയുദ്ധയോദ്ധാക്കളുടെ പരിചിത ചരിത്രസങ്കല്‍പ്പത്തിന്‌ വിപരീതമായി നില്‍ക്കുന്നു. സംഭവബഹുലമായ യാത്രയുടെ അവസാനം, ജീവിതത്തിന്റെ മായികസ്വഭാവത്തെ ഏറെക്കൂറെ ഉള്‍ക്കൊള്ളുകയും, താന്‍ യുദ്ധസേവനംചെയ്ത ദൈവത്തിന്റെ അസ്തിത്വത്തെ കുറിച്ച്‌ സംശയാലുവായി തീരുകയും ചെയ്ത ഒരു പക്വമതിയുടെ സന്ദേഹങ്ങളെ മുന്നോക്കം വയ്ക്കാന്‍ ഈ കൂട്ടംതെറ്റിയ യാത്ര സംവിധായകന്‌ ആവശ്യമായിരുന്നിരിക്കാം (വളരെ കുറച്ചു ബഡ്‌ജറ്റ്‌ മാത്രമേ ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിന്‌ ബെര്‍ഗ്മാനു അനുവദിച്ചിരുന്നുള്ളു എന്നത്‌ നമ്മുടെ അന്വേഷണം ആവശ്യമില്ലാത്ത ഒരു കാരണമാവും). എന്തായാലും മദ്ധ്യകാലത്തിന്റെ ചിത്രീകരണം ആയിരുന്നില്ല ബെര്‍ഗ്മാന്‍ അത്യന്തികമായി ഉദേശിച്ചിരുന്നത്‌ എന്നു നിശ്ചയം. മരണത്തെ കുറിച്ചുള്ള വളരെ വൈയക്തികമായ ഒരു അന്വേഷണം ആവാനും വഴിയില്ല. existential ഉല്‍ക്കണ്ഠകളെ പ്രകാശിപ്പിക്കാന്‍ മരണത്തെ മൂര്‍ത്തമാക്കുക എന്ന കലാസങ്കേതം അദ്ദേഹം ഉപയോഗിക്കുകയായിരുന്നിരിക്കണം. കറുപ്പിലും വെളുപ്പിലുമുള്ള മരണത്തിന്റെ രൂപം പാശ്ചാത്യ സംവേദനങ്ങളെ കുറച്ചൊക്കെ ഞെട്ടിച്ചു എന്നു വേണം അക്കാലത്ത്‌ ആ ചിത്രത്തിനു ലഭിച്ച നിരൂപണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍. പോത്തിന്റെ പുറത്ത്‌ മരണത്തിന്റെ കുരുക്കുമായി മുറ്റത്തും തൊടിയിലുമൊക്കെ എപ്പോഴും കറങ്ങി നടക്കുന്ന യമനെ നമ്മള്‍ പലപ്പോഴും കൂട്ടിമുട്ടാറുണ്ടായിരുന്നതുകൊണ്ടാവും ഈ മരണരൂപം അത്രക്ക്‌ നമുക്കു ഏശാതെ പോയത്‌.
ദൈവവും ചരിത്രവുമൊക്കെ മരിച്ചുപോയി എന്നു പറഞ്ഞിരുന്ന യുറോപ്പിന്റെ കഴിഞ്ഞ നൂറ്റാണ്ട്‌ പക്ഷെ അത്രയും ആഴത്തില്‍ അത്‌ അനുഭവിച്ചിരുന്നോ എന്നത്‌ സംശയമാണ്‌. പള്ളികള്‍ നൃത്തശാലകളും മധുശാലകളും ഒക്കെ ആയി മാറിയെങ്കിലും ക്രിസ്തുമതം സന്നിവേശിപ്പിച്ച കുരിശുയുദ്ധകാലത്തെ ധാര്‍മ്മികതയുടെ അടിയൊഴുക്കും പാപബോധത്താല്‍ ഉല്‍പ്പാദിപ്പിക്കപെട്ട ഭയവും പ്രഛന്നതയോടെ കടന്നുവന്നിരുന്നു എന്നുവേണം കരുതാന്‍ (കോളനിവല്‍ക്കരണകാലത്ത്‌ മതപരമായി മാറാതിരുന്ന വിദൂരദേശങ്ങള്‍ പോലും ഈ ധാര്‍മ്മികതയെ ഉള്‍ക്കൊണ്ട്‌ തുടരുന്നു എന്നാവുമ്പോള്‍ അതില്‍ ആശ്ചര്യം ഇല്ല - ബ്രസീലില്‍ നിന്നുള്ള എഴുത്തുകാരനായ Paulo Coelho-ല്‍ തെക്കന്‍ അമേരിക്കന്‍ എക്സോട്ടിസത്തെക്കാളും കാണാനാവുക കത്തോലിക്കാ ധാര്‍മികതയില്‍ കാലുകുത്തി നിന്നിട്ടുള്ള ചാട്ടങ്ങളാണ്‌). എക്സിസ്റ്റന്‍ഷ്യല്‍ അന്വേഷണങ്ങള്‍, ദൈവത്തെ തിരക്കുന്നതിന്റെ മറ്റൊരു രൂപം കാണിച്ചുതരും. 'ഏഴാംമുദ്ര' അതു വരയുന്നുണ്ട്‌. മരണത്തെ തിരക്കുക എന്നാല്‍ ദൈവത്തെ തിരക്കുക എന്നും കൂടിയാവുന്നുണ്ട്‌.
കലയുടെ പ്രദേശത്ത്‌ എന്നും ഉന്നയിക്കപ്പെടുന്ന ഒരു ചോദ്യം, 'ഏഴാംമുദ്ര'യുടെ ആശയത്തെപ്രതിയും പ്രസക്തമാവും. അത്‌ ചരിത്രസംബന്ധികൂടിയാണ്‌. ബെര്‍ഗ്മാനല്ലാതെ, ഒരു മധ്യകാലയോദ്ധാവിന്‌ മരണവുമായി ചതുരംഗം കളിക്കാനുള്ള സമൂഹികപരിസരമോ, ധിഷണാന്നൗത്യമോ സാധ്യമായിരുന്നോ എന്നാവും അത്‌. എന്തുകൊണ്ടാവും എങ്കില്‍ ബെര്‍ഗ്മാന്‍ തന്റെ അന്വേഷണവുമായി എട്ടുപത്ത്‌ നൂറ്റാണ്ട്‌ പിന്നിലേക്ക്‌ പോയിരിക്കുക? തന്റെ എക്സിസ്റ്റന്‍ഷ്യല്‍ വ്യഥകള്‍ ഒരു കുരിശുയുദ്ധ യോദ്ധാവിന്റെ ചുമലില്‍ ചാരിവച്ചിരിക്കുക? ഒരുപാടു മരണങ്ങള്‍ പെട്ടെന്നു കാണേണ്ടി വരുന്നതിന്റെ പശ്ചാത്തലം ഉണ്ടാക്കുക എന്നത്‌ ഒരു കാരണം ആവാം. അതായിരിക്കാം ചരിത്രത്തെ, കുറച്ചൊക്കെ, തന്റെ ആവശ്യാനുസരണം വളച്ച്‌ പ്ലേഗിന്റെ കാലവും സിനിമയില്‍ സന്നിവേശിപ്പിച്ചത്‌. എന്നാല്‍ അതിനുമപ്പുറം ക്രിസ്തുമതം സംപ്രേക്ഷണം ചെയ്യുന്ന ധര്‍മാധര്‍മ ചിന്തകളുടെ വെളിപാടുകളില്‍ നിന്നു മാത്രമേ തന്റെ അസ്തിത്വവ്യഥകളോട്‌ സംവദിക്കാന്‍ പ്രാപ്തിയുള്ളു എന്ന തിരിച്ചറിവോ, അബോധപ്രവര്‍ത്തനമോ കൂടി ആവാം. ബ്ലോക്ക്‌ ദൈവത്തെ, ഒരു പക്ഷെ, തന്റെ തന്നെ ഉണ്മകളെ അന്വേഷിച്ചു തുടങ്ങുമ്പോഴാണ്‌ മരണം കൂടെ എത്തുന്നത്‌. മരണത്തോട്‌ ബ്ലോക്കിനു വലിയ ഭയമില്ലാതെ ഇടപെടാനുള്ള നിര്‍മമത നല്‍കുന്നത്‌ ഈ അന്വേഷണത്തിന്റെ തീവ്രമായ മാനസിക തലമാണ്‌. ബ്ലോക്കിന്റെ വിപരീതത്തില്‍ നിറുത്താനാവുന്ന ഒരു കഥാപത്രമാണു ജോഫ്‌. ജോഫും അമൂര്‍ത്തതകളെ മൂര്‍ത്തമാക്കാന്‍ കഴിവുള്ള മനസ്സിന്റെ ഉടമയാണ്‌ - എന്നാല്‍ അതു സാധ്യമാവുന്നത്‌ ബ്ലോക്കിന്റെ പാത്രസൃഷ്ടി മുന്നോട്ടു വയ്ക്കുന്ന തീക്ഷ്ണമായ ജീവിതാന്വേഷണത്തിലൂടെ അല്ല. ജന്മനാ സാധ്യമായ അഭൗമമായ ഏതോ നിഷ്കളങ്കജ്ഞാനമാണ്‌ ജോഫിനെ ഇതിനു പര്യാപ്തനാക്കുന്നത്‌. ബ്ലോക്കിന്റെ ദൈവാന്വേഷണം പ്രകടിപ്പിക്കുന്ന തീവ്രതയുടെ നിഷ്‌ഫലത തെളിയിക്കാന്‍ കൂടിയാവണം ബെര്‍ഗ്മാന്‍ ജോഫിലൂടെ ഉന്നംവയ്ക്കുന്നത്‌. പൊതുവേ തൊള്ളായിരത്തിന്റെ മധ്യം അന്വേഷിച്ചുകൊണ്ടിരുന്നതൊക്കെ നിഷ്‌ഫലം എന്നു സൂചിപ്പിക്കാന്‍ കൂടി ആവാം. ഇതും ക്രിസ്തീയമായ ഒരു ഈസ്തെറ്റിക്സിന്റെ ഭാഗമാണു (കാണാതെ വിശ്വസിക്കുന്നവന്‍ ഭാഗ്യവാന്‍).
കന്യകാമറിയത്തിന്റേയും ഉണ്ണിയേശുവിന്റെയും ദര്‍ശനത്തോടെയാണ്‌ ജോഫ്‌ ചിത്രത്തില്‍ കടന്നുവരുന്നത്‌. ജോഫിന്റെ കുടുംബം വ്യക്തമായും തിരുകുടുംബത്തെ ഓര്‍മ്മിപ്പിക്കുന്നതും ആണ്‌. മരണവുമായുള്ള ചതുരംഗം തുടര്‍ന്നുകൊണ്ടിരിക്കുന്ന നിഷ്ഠൂരദിനങ്ങളില്‍ പോലും, ആ കുടുംബത്തിന്റെ നിഷ്കളങ്കതയിലേക്ക്‌ ബ്ലോക്ക്‌ നിര്‍വ്യാജം ആകര്‍ഷിക്കപെടുന്നുണ്ട്‌. ഒരു കഥ പറച്ചലിന്റെ സുഖത്തിനുവേണ്ടി ആവില്ല എന്തായാലും ജോഫിനേയും കുടുംബത്തേയും സംവിധായകന്‍ അവതരിപ്പിക്കുക - കഥ പറയുക എന്നത്‌ ബെര്‍ഗ്മാന്റെ കലയെ ആവേശിച്ച വഴിയുമാവില്ല തന്നെ. ദൈവാന്വേഷണത്തിന്റെ ഗൗരവവഴികള്‍ക്ക്‌ അതീതമായി, ദൈവത്തിലേക്കും അങ്ങിനെ ജീവിതത്തിന്റെ അസ്തിത്വത്തിലേക്കും ലളിതമായ മറ്റൊരുവഴി പ്രാപ്യമാണ്‌ എന്നാവും അത്‌. കാരണം ജോഫും, മരണവും ബ്ലോക്കുമായുള്ള കരുനീക്കങ്ങള്‍ കാണുന്നുണ്ട്‌. അന്നേരമാണ്‌ അയാള്‍ കുടുംബവുമായി രക്ഷപെടാന്‍ ശ്രമിക്കുന്നത്‌. അലിവോടെ ബ്ലോക്കും ഒപ്പം മരണവും അതനുവദിക്കുന്നു. ബ്ലോക്കിന്റെ അന്വേഷണമായിരുന്നോ ശരി അതോ പ്രത്യേകിച്ച്‌ അന്വേഷണങ്ങള്‍ ഒന്നും ഇല്ലാതെ ദൈവദര്‍ശനം സാധ്യമായ ജോഫിന്റെ ജീവിതമോ? പിന്നീട്‌ ലോകം ഇത്തരം എക്സിസ്റ്റന്‍ഷ്യല്‍ സമസ്യകളുടെ അന്വേഷണം ഉപേക്ഷിച്ചു എന്നു വേണം കരുതാന്‍. അതിന്റെ സൂചനകള്‍ ഈ ചിത്രം തരുന്നുണ്ട്‌. ബ്ലോക്‌ കീഴടങ്ങുന്നത്‌, ഈ സമസ്യക്ക്‌ ഉത്തരം കാണാതെ തന്നെയാണ്‌. മരണത്തിനു പോലും ഒന്നും വ്യക്തമാക്കാന്‍ ആവുന്നില്ല - സുനിശ്ചിതമായും ഞാന്‍ നിന്റെ ഒപ്പം ഉണ്ട്‌ എന്നുമാത്രമാണ്‌ ആ ഉത്തരം. ജോഫിന്റെ ദര്‍ശനങ്ങളോ, ഉച്ചകിറുക്കുകളായി ഭാര്യപോലും ഉപേക്ഷിക്കുന്നുമുണ്ട്‌.
ആശയത്തിനു പുറത്ത്‌ ഈ ചലച്ചിത്രം മുന്നോട്ടു വയ്ക്കുന്ന സൗന്ദര്യാനുഭവം എന്താവും എന്ന വ്യവച്ഛേദിതമായ നോട്ടം ഇക്കാലത്ത്‌ പ്രയാസകരമായി തീരും. ചലച്ചിത്രത്തിന്റെ കാഴ്ചാസംബന്ധിയായ രുചിവ്യതിയാനം സമകാലത്ത്‌ എന്തിനെയെങ്കിലും ചരിത്രപരിഗണനയില്‍ നോക്കികാണാന്‍ അനുവദിക്കുന്നതിനെക്കാളും ബഹുലമായി കഴിഞ്ഞിരിക്കുന്നു. Ben-Hur-ല്‍ നിന്നും The Last Emperor വഴി Avatar-ല്‍ എത്തുമ്പോള്‍ പോപ്പുലര്‍ സിനിമാകാഴ്ച അനുവദിച്ചുതന്ന വന്യതയെ മറികടക്കുക എളുപ്പമല്ലാതാവും. സാഹിത്യത്തിനില്ലാത്തതും, സിനിമപോലുള്ള, കാഴ്ചയെ പ്രാഥമിക രസാനുഭവമാക്കുന്ന കലകള്‍ക്കുള്ളതുമായ ഒരു പരിമിതി, അനുവാചകഭാവനയെ അത്‌ നിജപ്പെടുത്തുന്നു എന്നുള്ളതാണ്‌. അതുകൊണ്ടു തന്നെയാണ്‌ 'ഏഴാംമുദ്ര' പോലുള്ള സിനിമകളുടെ വിശകലനം ആശയതലത്തില്‍ നിന്നു മാറിയാവാന്‍ വളരെ പ്രയാസപ്പെടുന്നതും. മാത്രവുമല്ല, 'ഏഴാംമുദ്ര'യുടെ പ്രമേയത്തിന്റെ ഏകമാനമായ അന്വേഷണത്വര മറ്റു ഘടകങ്ങളെയെല്ലാം അലിയിപ്പിച്ചുകളയുകയാണു ചെയ്യുന്നത്‌.
00 

5 comments:

  1. ഏഴാം മുദ്ര പൊട്ടിച്ചപ്പോള്‍ സ്വര്‍ഗത്തില്‍ മഹാമൌനം ഉണ്ടായി. സിനിമയുടെ പേരിന് പോലും എന്തൊരു അര്‍ത്ഥവ്യാപ്തി!

    ReplyDelete
    Replies
    1. പേരിന്റെ മൂലകം സൂചിപ്പിക്കാൻ വിട്ടുപോയിരുന്നു. പരാമർശിച്ചതിനു നന്ദി!

      Delete
  2. woww ...good work ...ഇപ്പോഴാണ് ഈ ബ്ലോഗ്‌ കാണുന്നത് ... ഈ സിനിമയെ കുറിച്ചും ആദ്യമായി കേള്‍ക്കുകയാണ് ..ഇനിയും വരാം

    ReplyDelete
    Replies
    1. സന്ദർശനത്തിനും വായനയ്ക്കും നന്ദി. താങ്കളുടെ ബ്ളോഗിൽ ചേർന്നിട്ടുണ്ട്. അവിടെ കൂടുതൽ എഴുത്തുകൾ പ്രതീക്ഷിക്കുന്നു. കോണ്‍-ടിക്കി കാണണം എന്നാഗ്രഹിച്ച് വിട്ടുപോയ പടമാണ്.

      Delete
  3. http://www.kuttimama.com/posts/121

    ReplyDelete