Wednesday 7 May 2014

ആഴങ്ങളില്‍ യുദ്ധം

'Backland' എന്ന ആംഗലേയ പദത്തിന് 'ഉള്‍പ്രദേശം' എന്ന മൊഴിമാറ്റം പൂര്‍ണ്ണമായും കൃത്യമാവില്ല എന്നു തോന്നുന്നു. വലിയ ജനവാസ ഇടങ്ങളില്‍ നിന്നും വളരെ അകന്നുകിടക്കുന്ന, ജനവാസം കുറഞ്ഞതും അപരിഷ്കൃതവും ആയ സ്ഥലം എന്നൊക്കെ കൂടി അര്‍ത്ഥം ചേര്‍ന്നുവരുന്നുണ്ടാവണം. മാര്‍യോ വര്‍ഗാസ്‌ യോസയുടെ 'ദി വാര്‍ ഓഫ് ദി ഏന്‍ഡ് ഓഫ് ദി വേള്‍ഡ്' (Mario Vargas Llosa - The War of the End of the World) എന്ന നോവലില്‍ ഏറ്റവും കൂടുതല്‍ കടന്നു വരുന്ന വാക്കും ഇത് തന്നെയാണ്. കഥ സംഭവിക്കുന്നത് ബ്രസീലിലെ കനുഡോസ് എന്ന ബാക്ക് ലാന്‍ഡിലാണ്. അതിനെക്കാളുപരി യോസ ഈ വലിയ നോവലിനുള്ള അസംസ്കൃത വസ്തു കണ്ടെത്തിയിരിക്കുന്നതും 'റിബെല്ല്യന്‍ ഇന്‍ ദി ബാക്ക് ലാന്‍ഡസ്' എന്ന ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ (1902) എഴുതപ്പെട്ട പുസ്തകത്തില്‍ നിന്നാണ്. ഇതിന്റെ ഗ്രന്ഥകര്‍ത്താവായ യൂക്ലീഡീഷ് ഡാ കൂന്യേ ബ്രസീലിയന്‍ സാഹിത്യത്തിന്റെ പ്രഭവപ്രോക്താക്കളായി അറിയപ്പെടുന്നവരില്‍ ഒരാളാണ്. 'റിബെല്ല്യന്‍ ഇന്‍ ദി ബാക്ക് ലാന്‍ഡസ്' എന്ന പുസ്തകം ബ്രസീലിയന്‍ സാഹിത്യത്തിന്റെ, ഒരുപക്ഷെ ലോകസാഹിത്യത്തിന്റെ തന്നെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ ഇടംകൊടുക്കാനാവുന്ന ഒരു സംരഭമാണ് എന്നാണ് നിരൂപകമതം.

ബാക്ക് ലാന്‍ഡ്‌ എന്താണ് എന്നു വ്യക്തമായും മനസ്സിലാവും യോസയുടെ ഈ പുസ്തകം വായിക്കുമ്പോള്‍. ഇപ്പറഞ്ഞത്‌ തീര്‍ച്ചയായും ലളിതവത്കരിച്ച ഒരു പ്രസ്താവമാണ്. മറ്റു പലതിനുമോടൊപ്പം യോസ ബാക്ക് ലാന്‍ഡ് അനുഭവിപ്പിക്കുകയാണ്‌ ചെയ്യുന്നത്. അതിവിടെ വിവരിക്കുക അസാധ്യമാണ്. സര്‍ഗ്ഗാത്മകതയുടെ അങ്ങേയറ്റം വരെ പോയ കഥപറച്ചിലിന് മാത്രം സാധ്യമാവുന്ന പ്രകാശനത്തിന്റെ ആ വിചിത്രാനുഭവത്തിന് പുനരാവിഷ്ക്കാരം ഉണ്ടാവില്ല. ചിത്രങ്ങളില്‍ കണ്ടു പരിചയിച്ച ആമസോണിന്റെ പച്ചകളില്‍ നിന്നും വ്യത്യസ്തമായി മണല്‍ക്കാടുകളിലൂടെ, വരണ്ട മലകളിലൂടെ, കുറ്റികാടുകളുടെ വന്യതയിലൂടെ, അനന്യമായ ഭൂപ്രദേശത്തിന്റെ മനുഷ്യവൈചിത്ര്യങ്ങളിലൂടെ അദ്ദേഹം അനുവാചകനെ നടത്തിച്ചു കൊണ്ടുപോകുന്നു, സമാനതകളില്ലാത്ത ഒരു യുദ്ധത്തിന്റെ നടുവിലേക്ക്. മാസങ്ങള്‍ നീണ്ടുനിന്ന യുദ്ധം അവസാനിച്ചു. റിപ്പബ്ലികിന്റെ പട്ടാളം മൈലുകള്‍ക്ക് അകലെ സമതലങ്ങളിലെ ബാരക്കുകളിലേക്ക് മടങ്ങിക്കഴിഞ്ഞു. റിപ്പബ്ലിക്കിനോട് പൊരുതിയ കനുഡോസില്‍ ഒരു മനുഷ്യനും ഇന്ന് ജീവനോടെ ബാക്കിയില്ല. ഒരു കല്ലുപോലും നിവര്‍ന്നു നില്‍ക്കാത്ത വിധം കെട്ടിടങ്ങള്‍ ഒന്നൊഴിയാതെ പട്ടാളം ഇടിച്ച് നിരപ്പാക്കിയിരിക്കുന്നു. യുദ്ധം അവശേഷിപ്പിച്ച ശവങ്ങള്‍ തിന്നുകൊഴുത്ത കഴുകന്മാരും പട്ടികളും പോലും ആ വന്യമായ വിജനത ഉപേക്ഷിച്ച് പോയിക്കഴിഞ്ഞിരിക്കണം. പക്ഷെ ഒരിക്കല്‍ അവിടേക്ക് എത്തപ്പെട്ട വായനക്കാരന് പിന്നെ രക്ഷപെടല്‍ ഏറെക്കൂറെ അസാധ്യമാണ്. അവന്റെ ഉള്‍ജീവിതത്തിന്റെ ഏതോ അടരുകള്‍ എന്നും കനുഡോസില്‍ ജീവിക്കുന്നു. അങ്ങിനെയാവും ഒരു കൃതി വായനക്കാരനെ അവന്റെ തന്നെ ജീവിതത്തിന്റെ അഗാധതകളിലേക്ക് വീണ്ടെടുക്കുക.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബ്രസീല്‍ വിപ്ലവാത്മകമായ രാഷ്ട്രീയ, സാമൂഹിക മാറ്റങ്ങളിലൂടെ കടന്നുപോവുകയുണ്ടായി. അടിമ സമ്പ്രദായം നിര്‍ത്തലാക്കുക, രാജഭരണത്തെ അവസാനിപ്പിച്ച് റിപ്പബ്ലിക്ക് സര്‍ക്കാര്‍ അധികാരത്തില്‍ വരുക തുടങ്ങിയവയൊക്കെ ഇക്കാലത്ത് സംഭവിച്ച രാഷ്ട്രീയ മാറ്റങ്ങളാണ്. ഇവ ബ്രസീലില്‍ പൊതുവേയും, ബ്രസീലിന്റെ അവികസിതമായ ഗ്രാമപ്രദേശങ്ങളില്‍ വിശേഷിച്ചും പലതരത്തിലുള്ള സാമൂഹിക വ്യതിയാനങ്ങള്‍ക്കും അസന്തുലിതത്തിനും കാരണമായി. പ്രഭുക്കളുടെയും വന്‍കിടകര്‍ഷകരുടെയും വ്യാപാരികളുടെയും അടിമകളായിരുന്നു വലിയൊരു ജനവിഭാഗം സ്വതന്ത്രരായപ്പോള്‍ കൃഷിക്കും മറ്റു ജോലികള്‍ക്കും ആളെ കിട്ടാതായി എന്നതിനോടൊപ്പം ആയുധധാരികളായ മുന്‍അടിമകള്‍ ആഹാരത്തിനായി അക്രമങ്ങളിലേക്ക് തിരിയുകയും ചെയ്തു. അക്കാലത്ത് അനുഭവപ്പെട്ട കഠിനമായ വരള്‍ച്ചയും കൂടിയായപ്പോള്‍ ജീവിതാവസ്ഥ സ്ഫോടനാത്മകമായി. ഈ സമയത്താണ് ബ്രസീലിലെ ബാഹിയ എന്ന സംസ്ഥാനത്തിന്റെ  ബാക്ക് ലാന്‍ഡുകളില്‍  അന്റോണിയോ വിന്‍സിന്റ് മെന്‍ഡെസ് മസിയെല്‍ എന്ന ഒരു ക്രിസ്ത്യന്‍ മിസ്റ്റിക് തന്റെ വ്യത്യസ്ഥമായ ഉപദേശങ്ങളും പ്രസംഗങ്ങളുമായി  ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ തുടങ്ങിയത്. റിപബ്ലിക്കിനെ അന്തിക്രിസ്തുവായി കണ്ട അന്റോണിയോ രാജഭരണം ദൈവീകമാണെന്ന് വിലയിരുത്തി. ഏതാനും വര്‍ഷത്തിനുള്ളില്‍ കനുഡോസ് എന്ന സ്ഥലത്ത് ഏതാണ്ട് മുപ്പതിനായിരത്തോളം ഫെണറ്റിക്കെല്‍ അനുയായികളുള്ള ഒരു ചെറുപട്ടണം തന്നെ അന്റോണിയോ നിര്‍മ്മിച്ചു. റിപബ്ലിക്കിനു ഭീഷണിയായ ഈ ജനപഥത്തെ നശിപ്പിക്കാന്‍ ബ്രസീലിയന്‍ സര്‍ക്കാര്‍ നടത്തിയ പട്ടാളഅധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യജീവിതത്തിന്റെ സമഗ്രമായ അന്വേഷണമാണ് ഈ നോവല്‍ ആവിഷ്ക്കരിക്കുക. കനുഡോസ്, റിപ്പബ്ലിക്കിന്റെ മുന്നില്‍ വീഴുക എന്നാല്‍ അത് ലോകാവസാനം തന്നെ എന്ന് കനുഡോസിലെ ഓരോ അന്തേവാസിയും മരണം വരെ ആത്മാര്‍ഥമായി വിശ്വസിച്ചിരുന്നു.

നൂറോളം കഥാപാത്രങ്ങള്‍ മിഴിവോടെ പലപ്പോഴായി കടന്നുവരും ഈ നോവലില്‍. തികച്ചും അപ്രസക്തമായി എവിടെയോ പരാമര്‍ശിച്ചു പോയ ഒരാള്‍ കഥയുടെ മറ്റൊരു ഭാഗത്തെത്തുമ്പോള്‍ വല്ലാത്ത ശക്തിയോടെ മടങ്ങിവരുന്നതു കാണാം. ഇതില്‍ പ്രോട്ടഗോണിസ്റ്റു  ഇല്ല - എന്നാല്‍ കഥയുടെ തുടക്കത്തില്‍ സാന്ദര്‍ഭികമായി വന്നുപോകുന്ന 'കാഴ്ചക്കുറവുള്ള പത്രപ്രവര്‍ത്തകന്‍' (the  near sighted journalist) അവസാനം ആകുമ്പോഴേക്കും വിവിധ ഇടങ്ങളില്‍ ചിതറികിടക്കുന്ന കഥാഭാഗങ്ങളെ വിളക്കിച്ചേര്‍ക്കാനുള്ള ഭാഗധേയം ഏറ്റെടുക്കുന്ന സുപ്രധാന കഥാപാത്രമായി മാറുന്നുണ്ട്. യോസ്സ പേരില്ലാത്ത  ഈ വിചിത്രകഥാപാത്രത്തെ സൃഷ്ടിച്ചത് യൂക്ലീഡീഷ് ഡാ കൂന്യേയില്‍ നിന്നാണ് എന്നതിന് സംശയം വേണ്ട.  കോമാളിയെപ്പോലെ കാണപ്പെടുന്ന, നിരന്തരം തുമ്മുന്ന, അതിഭീരുവായ ഈ പത്രപ്രവര്‍ത്തകന്‍ കനുഡോസിന്റെ ചരിത്രം എഴുതാന്‍ ബാക്കിയാവുകയാണ്. അല്ലെങ്കില്‍ തന്നെ അപരിഷ്കൃതയും കഥാശൂന്യയുമായി തുടക്കത്തില്‍ പരിചയപ്പെടുന്ന ജുറെമ എന്ന സ്ത്രീ ലോകത്തിന്റെ പരിഷ്കൃതമായ ഇടങ്ങളെല്ലാം അതിപതിതമായ രീതിയില്‍ മനുഷ്യത്വരഹിതമാവുന്ന യുദ്ധത്തിന്റെ നടുവില്‍ സ്ത്രീ ജീവിതത്തിന്റെ, വിചിത്രമായ ഒരു സ്ത്രൈണതയുടെ, മനുഷ്യത്വത്തിന്റെ തന്നെ, ലീനമുഖമായി വല്ലാതെ തെളിഞ്ഞുവരും ഒടുവില്‍ എന്നു എങ്ങിനെ കരുതാന്‍. ജുറെമയും അവളോട്‌ ചേര്‍ന്നുനില്‍ക്കുന്ന ഏതാനുംപേരും മാത്രമേ യുദ്ധത്തില്‍ നിന്നും ജീവനോടെ കനുഡോസ് വിടുന്നുള്ളു എന്നത് കഥാകാരന്‍ മുന്നോട്ടുവയ്ക്കുന്ന സങ്കീര്‍ണമായ ഒരു ദര്‍ശനത്തിന്റെ അബോധസ്ഫുരണം ആവുന്നുണ്ട്‌.

പ്രത്യയശാസ്ത്രങ്ങള്‍ക്കു സ്ഥായിയായ ജീവിതമാണ് നിയോഗം. കാലികമായ അനുബന്ധങ്ങളിലും പക്ഷെ അടിസ്ഥാനത്തില്‍ അവ പ്രഭവ കാലത്തിനോടും ദേശത്തിനോടും സന്ദര്‍ഭത്തിനോടും നീതിപുലര്‍ത്തികൊണ്ടിരിക്കുന്നു. പിന്നീട് മതങ്ങളായി മാറിയതും അങ്ങിനെ അല്ലാതെതന്നെ തുടരുന്നവയുമായ  ദര്‍ശനങ്ങള്‍ ഒക്കെയും ഇത്തരം ഒരു പരാധീനതയിലും ലോകജനതയുടെ വലിയൊരു ശതമാനത്തെ ആകര്‍ഷിക്കാനുള്ള ഊര്‍ജ്ജം നിലനിര്‍ത്തുന്നു. ഗലീലിയോ ഗാല്‍ എന്ന കൊമ്മ്യൂണിസ്റ്റുകാരന്‍,  മയക്കുമരുന്നിന്റെ അടിമത്വത്തോളം, വിപ്ലവം കൊണ്ടുവരുന്ന കൊമ്മ്യൂണ്കളുടെ സുന്ദരലോകം സ്വപ്നം കാണുന്നു. അത്തരം ഒരു ഇടം കനുഡോസില്‍ ഉരുത്തിരിഞ്ഞുവരുന്നത് അറിഞ്ഞിട്ടാണ് അയാള്‍ അങ്ങോട്ടേക്ക് യാത്ര പുറപ്പെടുക. കനുഡോസിന്റെ നിര്‍മ്മിതിയിലേക്ക് സമാഹരിക്കപ്പെട്ട വൈവിധ്യമായ സാമൂഹികസാഹചര്യങ്ങളെ വിശകലനം നടത്താന്‍ അയാളുടെ ഏകമാനമായ വീക്ഷണം അപര്യാപ്തമാണ്. മാനുഷികമായ പലതും തന്റെ ദര്‍ശനത്തിനു വേണ്ടി ഉപേക്ഷിക്കുകയും അതൊക്കെ ശരിയാണെന്ന് ശഠിക്കുകയും ചെയ്ത അയാള്‍ വളരെ അര്‍ത്ഥശൂന്യമായി, കനുഡോസില്‍ എത്തുന്നതിനു മുന്‍പ് തന്നെ, മരിക്കുന്നു. ഗലീലിയോയുടെ എതിര്‍ഭാഗത്താണ് കഥാകാരന്‍ കനബ്രാവാ പ്രഭുവിനെ നിര്‍ത്തുക. കനുഡോസിന്റെ ഉത്ഭവവും യുദ്ധങ്ങളും ഏറ്റവും കൂടുതല്‍ ഭൌതീകനഷ്ടങ്ങള്‍ വരുത്തിയിട്ടുള്ളത് അയാള്‍ക്കാണ്, ഏറെ സ്നേഹിച്ചിരുന്ന ഭാര്യയുടെ മനോനില തെറ്റിയതുള്‍പ്പെടെ. എങ്കിലും സംഭവങ്ങളെ, ജീവിതത്തിന്റെ പ്രഹേളികാസ്വഭാവത്തെ ഐഡിയോളജിയുടെ പിന്‍ബലം ഒന്നും ഇല്ലാതെ, ഏറെക്കൂറെ സമചിത്തതയോടെ നോക്കികാണാന്‍ അയാള്‍ക്കാവുന്നുണ്ട്. ഗലീലിയോ തന്റെ ആദര്‍ശങ്ങളുടെ സാഹസികമായ വഴികളിലൂടെ സഞ്ചരിച്ച് എഴുതിയ കുറിപ്പുകളുമായി പ്രഭു ഗലിലിയോയുടെ കൊമ്മ്യൂണിസ്റ്റ് സുഹൃത്തുക്കളെ കാണാന്‍ ഫ്രാന്‍സിലേക്ക് പോകുന്നുണ്ട്. ആ ബുദ്ധിമുട്ട് ഏറ്റെടുക്കാനുള്ള കാരണം പ്രത്യയശാസ്ത്രത്തോടുള്ള മമതയല്ല മറിച്ച് അക്ഷീണമായി ഒരു ദര്‍ശനത്തിന്റെ പിറകേനടക്കുന്ന മനുഷ്യരോടുള്ള ആകര്‍ഷണമാണെന്ന് അയാള്‍ ആത്മഗതം ചെയ്യുന്നുണ്ട്. എന്നാല്‍ പഴയ കൊമ്മ്യൂണിസ്റ്റുകളെ ആരെയും അയാള്‍ക്ക്‌ ഫ്രാന്‍സില്‍ കണ്ടെത്താന്‍ ആവുന്നില്ല. ഗലീലിയോയ്ക്ക് മുന്‍പുതന്നെ അവരൊക്കെ ആരാലും അറിയാതെ അലിഞ്ഞുതീര്‍ന്നിരിക്കുന്നു. പുറംലോകത്ത്, തന്നെ ഒരു കൊമ്മ്യൂണിസ്റ്റ് വസന്തത്തിന്റെ ചരിത്രകാരനായി നിലനിര്‍ത്തും എന്നു കരുതി ഗലീലിയോ ജീവന്‍ നല്‍കി എഴുതിയ കുറിപ്പുകള്‍ അവകാശികളില്ലാത്ത ഒരു ലോകത്തെ അഭിസംബോധന ചെയ്യുന്നതുകണ്ട് പ്രഭു വിഷാദനാവുന്നുണ്ട്.  ഗലീലിയോയെപ്പോലെ അയാളുടെ ദര്‍ശനവും അപ്രസക്തമായി അവസാനിച്ചു എന്ന് നഷ്ടബോധത്തോടെ വായനക്കാരനും അറിയുന്നു. യോസയില്‍ പ്രത്യശാസ്ത്രപരമായി സംഭവിച്ച പരിണാമപ്രക്രിയയുടെ തുടക്കമായി ഇത്തരം ഭാഗങ്ങള്‍ വിലയിരുത്തപ്പെട്ടിട്ടുണ്ട്. അവയൊക്കെ പ്രമേയസംബന്ധിയല്ലാത്ത, പുസ്തകബാഹ്യമായ അതിവായനയുടെ ഉപോല്‍പ്പന്നമായെ കരുതാനാവു.

മാജിക്കല്‍ റിയലിസത്തിന് റൊമാന്റിസിസത്തിന്റെ ഒരു അടര് ഉള്‍പ്പേറാനുള്ള വിധിയുണ്ട്. ഭ്രമാത്മകമായ ആവിഷ്ക്കാരങ്ങളില്‍ സങ്കല്പ്പനങ്ങളുടെ കാല്പ്പനീകാംശം ലീനമാകുന്നില്ലെങ്കില്‍ അസംഭവ്യതയുടെ ലളിതബോധം എളുപ്പം വന്നുചേരും. അതിനെ മറിച്ചുകടക്കുന്ന ഭാവനയുടെ ലയലോകമാണ് മാര്‍ക്കേസിനെ എഴുത്തില്‍ ഉയരത്തില്‍ നിര്‍ത്തുന്നത്, ഫെല്ലീനിയില്‍ സത്യബോധത്തിന്റെ കണികകള്‍ യഥാതഥങ്ങള്‍ക്കപ്പുറം തിളങ്ങുന്നത് കാണിക്കുക. ഈ നോവല്‍ പക്ഷെ അത്തരം പ്രകൃതികളില്‍ ആകൃഷ്ടമല്ല എന്നു തോന്നും. ഭാഷാരൂപങ്ങളുടെ ഭാവാത്മകമായ ആവേശങ്ങള്‍ ഇതില്‍ ശുഷ്കമാണ്. റിയലിസം അന്വേഷിക്കുന്ന യഥാതഥജീവിതങ്ങളുടെ വിചിത്രമായ കോശങ്ങളെ ഇളക്കി പ്രകാശിപ്പിച്ച് സത്യാത്മകതയുടെ ആഴങ്ങളില്‍ അതു യാത്രചെയ്യും. ഭാവനയുടെ ഭ്രാമാത്കതയും ജീവിതത്തിന്റെ ഭ്രമാത്മകതയും തമ്മിലുള്ള അന്തരം അനുഭവിപ്പിക്കുമ്പോള്‍ തന്നെ അവയെ അലിയിച്ചെടുക്കുന്നതുമായ സീമാബദ്ധമല്ലാത്ത സര്‍ഗ്ഗവ്യതിയാനം.

00

3 comments:

  1. യോസ മാര്‍ക്കെസിനെക്കാള്‍ മികച്ച എഴുത്തുകാരനാണ്‌ .അത്രയൊന്നും ആഘോഷിക്കപ്പെട്ടില്ലെങ്കിലും !നല്ല നിരൂപണം .

    ReplyDelete
    Replies
    1. പ്രിയ സിയാഫ്,
      വായനയ്ക്കും അഭിപ്രായത്തിനും നന്ദി!

      Delete
  2. കിടിലന്‍ ബ്ലോഗ്...അഭിവാദ്യങ്ങള്‍...പരിചയപ്പെടാന്‍ ആഗ്രഹം....

    ReplyDelete