Wednesday 12 March 2014

സ്നേഹത്തിന്റെ ധാരകൾ...

തുച്ഛമായ ജന്മത്തില്‍ മനുഷ്യന് സാധ്യമാവുന്ന നിറവുകളിലൂടെ മുഴുവന്‍ കടന്നുപോയ ഒരു വ്യക്തിയാണ് ലിയോ ടോള്‍സ്റ്റോയി. പ്രഭുകുമാരനായി ജനിച്ച് ഇന്നും ലോകത്തിലെ ഏറ്റവും വലിയ നോവലെഴുത്തുകാരനായി അറിയപ്പെടുന്ന അദ്ദേഹത്തിന്‍റെ മരണവും അതിന് മുന്‍പുള്ള ഏതാനും മാസങ്ങളും ആണ് ഈ സിനിമയുടെ പ്രമേയപരിസരം. ഏത് സര്‍ഗ്ഗപ്രതിഭയുടെയും ജീവിതം സംഘര്‍ഷഭരിതമാണ്. വ്യവസ്ഥാപിത മാനങ്ങളെ ഭേദിക്കുക എന്നതാണ് ഒരു ഇന്റലെക്ച്വലിന്റെ കടമ എന്ന് എഡ്വേര്‍‍ദ് സയിദ് നിര്‍ണയിക്കുമ്പോള്‍, അത്തരം നിര്‍വചനങ്ങളിലേക്ക് നയിച്ചിരിക്കാവുന്ന പ്രതിഭാജീവിതങ്ങള്‍ ചരിത്രത്തില്‍ അസംഖ്യമാണ്. അതിലെ തന്നെ ഏറ്റവും തിളക്കമുള്ള ഒരു വ്യക്തിത്വമാണ് ടോള്‍സ്റ്റോയി.


പില്‍ക്കാലത്ത് ഗാന്ധിജിയും മാര്‍ട്ടിന്‍ ലൂതര്‍ കിംഗുമൊക്കെ പരിപോഷിപ്പിച്ചെടുത്ത അഹിംസയിലതിഷ്ടിതമായ സ്വാതന്ത്ര്യത്തിന്റെ പ്രഭവപ്രയോക്താവായിരുന്നു ടോള്‍സ്റ്റോയി. തന്റെ ചിന്താപദ്ധതിയെ നിരന്തരം നവീകരിച്ചുകൊണ്ടിരുന്ന അദ്ദേഹം സ്വകാര്യസ്വത്തിന്റെ നിരാകരണത്തിലേക്കും ക്രിസ്തുവചനങ്ങളുടെ സവിശേഷമായ വിശകലനം സാധ്യമാക്കിയ വ്യവസ്ഥാരഹിതമായ സ്വാതന്ത്രജീവിതം നയിക്കുന്ന ചെറുസമൂഹങ്ങളുടെ നിര്‍മ്മാണത്തിലേക്കും അവസാനം  നീങ്ങിയിരുന്നു. ടോള്‍സ്റ്റോയന്‍ മതമായി തന്നെ അത് പ്രബുദ്ധമായ ഒരു ചെറിയകൂട്ടം റഷ്യന്‍ സമൂഹത്തെ അക്കാലത്ത് ആകര്‍ഷിച്ചിരുന്നു, ഭരണകൂടവും മതവും ഇത്തരം സമാന്തരചലനങ്ങളെ നിശിതമായി എതിര്‍ത്തിരുന്നുവെങ്കിലും. വിപ്ലവകരമായ ആശയങ്ങളുടെ ആവിഷ്ക്കാരത്തിനു തുനിയുന്ന വ്യക്തിയുടെ ജീവിതത്തില്‍ ഉളവാകാവുന്ന ആന്തരീകവും ഭൌതീകവുമായ സംഘര്‍ഷങ്ങളുടെ ഒരു അടരാണ് ഈ ചലച്ചിത്രം പങ്കുവയ്ക്കുന്നത്.

തന്റെ ആശയങ്ങളുടെയും പ്രയോഗങ്ങളുടെയും അടിസ്ഥാനമായി വര്‍ത്തിക്കുന്നത് വളരെ ലളിതമായ ഒന്നാണെന്ന് ഈ ചിത്രത്തിലും ടോള്‍സ്റ്റോയിയുടെ കഥാപാത്രം പറയുന്നുണ്ട് - സ്നേഹം. ടോള്‍സ്റ്റോയിയുടെ സ്നേഹം മാനവികമായ  തലത്തിലേക്ക്, സാമൂഹികമായി ഒരുപാട് വ്യാപ്തികളുള്ള ഉയരങ്ങളിലേക്ക് വളരുന്നു. എന്നാല്‍ അത്ര മൂര്‍ത്തമായി നിര്‍വചിക്കനാവുന്ന ഏകാമാനതയുള്ള ഒരു അനുഭവമാണോ സ്നേഹം? മറിച്ചുള്ള വ്യക്തിപരവും ഏകാന്തവുമായ സ്നേഹത്തിന്റെ ഇടങ്ങളോട് എത്ര ആഴത്തിലാണ് പ്രതിബദ്ധത വേണ്ടത്? ടോള്‍സ്റ്റോയിയുടെ മറുപുറത്ത് അദ്ദേഹത്തിന്‍റെ ഭാര്യ സോഫിയയെ നിര്‍ത്തി ഈ രണ്ട് ധാരകളുടെ അന്വേഷണമാണ് സിനിമ നടത്തുന്നത്. ജെയ് പരിനിയുടെ നോവലിനെ ആധാരമാക്കി മൈക്കല്‍ ഹോഫ്മാന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ സിനിമയുടെ വിചാരപരമായ ചായ്‌വ് തീര്‍ച്ചയായും സോഫിയയുടെ വ്യക്ത്യാധിഷ്ടിതമായ സ്നേഹത്തിന്റെ നിലപാടുകളോടാണ് എന്നുവേണം മനസിലാക്കാന്‍. ടോള്‍സ്റ്റോയന്‍ സ്നേഹത്തിന്റെ വക്താക്കളായി പ്രത്യക്ഷപ്പെടുന്നവര്‍ എല്ലാവരും തന്നെ ഫാസിസ്റ്റ് പ്രവണതകള്‍ ഉണ്ടെന്നു തോന്നിപ്പിക്കുന്ന ഒരു വരണ്ട മാനവകിതയുടെ സംപ്രേഷണം ആണ് നടത്തുന്നത്. എന്നാല്‍ സോഫിയയും, സോഫിയയോട് അനുതാപ ഐക്യം പ്രകടിപ്പിക്കുന്ന ടോള്‍സ്റ്റോയിയുടെ സെക്രട്ടറിയായ വാലന്റീന്‍ ബുള്‍ഗക്കോവും അയാളുടെ കാമുകിയായ മാഷയും ഒക്കെ വ്യക്ത്യാതിഷ്ടിതമായ സ്നേഹത്തിന്റെ വൈകാരികതലങ്ങള്‍ വന്യമായി തന്നെ പ്രകടിപ്പിക്കുകയും, അതിന്റെ ഗുണദോഷഭോക്താക്കളാവുകയും ചെയ്യുന്നവരാണ്. സോഫിയയില്‍ നിന്നും രക്ഷപെട്ട് സ്വസ്ഥമാവാന്‍ ശ്രമിക്കുന്ന ടോള്‍സ്റ്റോയി പക്ഷെ മരണത്തിനു തൊട്ടുമുന്പ് സോഫിയയ്ക്ക് വേണ്ടി ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യത്തെ കുറിച്ച് വിപ്ളവാത്മകമായ ഉള്‍ക്കാഴ്ചകള്‍ ഉണ്ടായിരുന്ന മാഷയും പക്ഷെ വാലന്റിനിന്റെ ഉപാധിരഹിതമായ പ്രണയത്തിലേക്ക് തിരിച്ചുവരുന്നുണ്ട് സിനിമയുടെ അവസാനം.

രണ്ട് അക്കാദമി അവാര്‍ഡ് നോമിനേഷനുകളും റോം അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ ഏറ്റവും നല്ല നടിക്കുള്ള പുരസ്ക്കാരവും (സോഫിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഹെലന്‍ മിരന്‍) നേടിയ ഈ സിനിമ പക്ഷെ അത് പ്രകാശിപ്പിക്കാന്‍ ശ്രമിച്ച തത്വവിചാരത്തിന്റെ തീക്ഷ്ണത വേണ്ടവിധത്തില്‍ അനുഭവിപ്പിച്ചില്ല എന്നു തന്നെ പറയേണ്ടി വരും. പ്രത്യേകിച്ചൊരു സിനിമയുടെ പരാജയം എന്നതിനെക്കാളുപരി, റിയലിസ്റ്റിക്ക് ആഖ്യാനരീതിയുടെ തന്നെ പരാധീനതയാണിത് എന്ന തോന്നല്‍ ഉളവാക്കുന്നു ഈയടുത്തായി കണ്ട പല സിനിമകളും ('അഗോറ'യും 'ഹര്‍ട്ട് ലോക്കാറും' പെട്ടെന്നോര്‍മ വരുന്നു). സിനിമയെന്ന കലയിലെ മഹാരഥന്‍മാര്‍ ആഖ്യാനത്തിന്റെ അതീതമാനങ്ങളില്‍ മഗ്നമായതിന്റെ ആവശ്യകത എന്തായിരുന്നു എന്ന് ഇത്തരം രണ്ടാംനിര സിനിമകള്‍ ഓര്‍മ്മപ്പെടുത്തും.

00

1 comment:

  1. ടോള്‍സ്റ്റോയ് എന്ന ജീനിയസ് എന്നും എനിയ്ക്കത്ഭുതപാത്രമായിരുന്നു. അന്നാ കരെനിന ഇപ്പോള്‍ ഡൌണ്‍ലോഡ് ചെയ്ത് വച്ചിരിയ്ക്കുന്നു, ചെറുപ്പത്തില്‍ പുസ്തകത്തിന്റെ വലിപ്പം ഭയന്ന് ഒഴിവാക്കിയതായിരുന്നു. ഇനി എന്തായാലും വായിച്ചുതുടങ്ങണം. അദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റി അധികമൊന്നുമറിയില്ല (സിനിമകള്‍ വലിയ താല്പര്യമില്ല)

    ReplyDelete