Monday 31 March 2014

മുത്തശ്ശികഥയുടെ ചരിത്രവ്യവഹാരം

വ്യോമയാത്രയുടെ പയനിയര്‍ എന്ന് അറിയപ്പെടുന്നത് പതിനെട്ടാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗലില്‍ ജീവിച്ചിരുന്ന ബര്‍ത്തലോമിയോ ലോറെന്‍സോ എന്ന ബ്രസീലിയന്‍ പാതിരിയാണ്. ലിസ്ബണ് മുകളിലൂടെ ഏതാണ്ട് ഒരു കിലോമീറ്റര്‍ ദൂരം അദ്ദേഹം ഒരു ആകാശയാനം പറത്തി എന്ന് വിശ്വസിക്കപ്പെടുന്നു. തുടര്‍ന്ന് ക്രിസ്ത്യന്‍ മതാധികാരികളുടെ ഇടപെടലിനെ തുടര്‍ന്ന് അദ്ദേഹം തന്റെ ആകാശയാനത്തെ കുറിച്ചുള്ള പ്ളാനുകള്‍ കത്തിച്ചുകളയുകയും സ്പെയിനിലേക്ക് രക്ഷപ്പെടുകയും ആയിരുന്നുവത്രേ. ഇതേ കാലത്ത് തന്നെയാണ് ഇന്നും പോര്‍ച്ചുഗലിലെ വാസ്തുവിസ്മയം ആയി നില്‍ക്കുന്ന കോണ്‍വെന്റ് ഓഫ് മഫ്രയുടെ നിര്‍മ്മാണം ആരംഭിക്കുന്നത്. ജോണ്‍ അഞ്ചാമന്‍ ആണ് അന്നത്തെ പോര്‍ച്ചുഗീസ് രാജാവ്. തനിക്കൊരു പിന്ഗാമി പിറക്കുകയാണെങ്കില്‍, അങ്ങിനെ പ്രവചിച്ച ഫ്രാന്‍സിസ്ക്കന്‍ സന്യാസസമൂഹത്തിനു ഒരു ആശ്രമം നിര്‍മ്മിച്ച്‌ നല്‍കാമെന്നു രാജാവ് വാഗ്ദാനം ചെയ്തു. അതിന്റെ പരിണിതഫലമാണ്‌ കോണ്‍വെന്റ് ഓഫ് മഫ്ര. ഒരു ചെറിയ ആശ്രമമായി പണിതുടങ്ങിയ കെട്ടിടം കാലാന്തരേണ ഒരു വന്‍കൊട്ടാരമായി പരിണമിക്കുകയായിരുന്നു. അതിലേക്ക് നയിച്ച പ്രധാന കാരണം പോര്‍ച്ചുഗല്‍ അക്കാലത്ത് ഒരു വന്‍ നാവികശക്തിയായിത്തീരുകയും സമ്പന്നമായ പല വിദേശനാടുകളും അതിന്റെ അധീനതയിലായി എന്നതും അവിടെ നിന്നുള്ള സമ്പത്ത് അനിയന്ത്രിതമായി ആ രാജ്യത്തേയ്ക്ക് ഒഴുകിയെത്താന്‍ തുടങ്ങി എന്നുള്ളതുമായിരുന്നു. ആ കൊട്ടാരത്തിന്റെ നിര്‍മ്മാണത്തിന് കാരണഭൂതയായി തീര്‍ന്ന രാജകുമാരിയെ സംഗീതം പഠിപ്പിക്കാന്‍ റോമില്‍ നിന്നും എത്തിയ വിദ്വാനായിരുന്നു ഡോമിനിക്കോ സ്കാര്‍ലെറ്റി. ഹാര്‍പ്സികോര്‍ഡു വാദനത്തില്‍ അദ്വതീയനായി അദ്ദേഹം അറിയപ്പെടുന്നു.

ബര്‍ത്തലോമിയോ ലോറെന്‍സോയും കോണ്‍വെന്റ് ഓഫ് മഫ്രയും ഡോമിനിക്കോ സ്കാര്‍ലെറ്റിയും ഒക്കെ മൂര്‍ത്തമായ ചരിത്രം. എന്നാല്‍ ചരിത്രത്തിന് വ്യവസ്ഥാബദ്ധമായ ഏകാമാനതയില്ല. അത് ആകര്‍ഷണീയമായ നിഗൂഡമൌനങ്ങളുടെ ഖനിയാണ്. ചരിത്രം സംഭവങ്ങളെ ഓര്‍മ്മിക്കുകയല്ല, ഓര്‍മ്മകള്‍ സംഭവങ്ങളെ ഭാവനാപൂര്‍വ്വം പുനരാവിഷ്ക്കരിക്കുകയാണ്. കോണ്‍വെന്റ് ഓഫ് മഫ്ര പണിതുയരാനെടുത്ത പതിമൂന്നു വര്‍ഷത്തിനിടയ്ക്ക് ആ പരിസരങ്ങളിലൂടെ എത്ര ജീവിതങ്ങള്‍ കടന്നുപോയിരിക്കും. ഒരുസമയത്ത് നിര്‍മ്മാണതൊഴിലാളികളായി മാത്രം അവിടെ നാല്പ്പതിനായിരത്തില്‍പ്പരം മനുഷ്യര്‍ പാര്‍ത്തിരുന്നുവെന്നാണ് കണക്ക്. ഷൂസെ സറമാഗോ, മുകളില്‍ സൂചിപ്പിച്ച വ്യക്തികളുടെയും സംഭവത്തിന്റെയും പിന്നാമ്പുറത്തു നിന്ന് ചരിത്രം രേഖപ്പെടുത്താതെ വിട്ടുകളഞ്ഞ രണ്ടുപേരെ, അവരുടെ വിചിത്രലോകങ്ങളോടെ, വീണ്ടെടുക്കുകയാണ് ഈ നോവലില്‍ - ബല്‍ത്താസറും ബ്ലിമുണ്ടയും. അവര്‍ യഥാര്‍ത്തത്തില്‍ ജീവിച്ചിരുന്നോ? വ്യവസ്ഥാപിതചരിത്രം അവരെ അടയാളപ്പെടുത്തിയിട്ടില്ല. പക്ഷെ, ഭാവന ചരിത്രത്തെ അമൂര്‍ത്തസുന്ദരവും സഹനീയവും ആക്കുന്നത് ഇത്തരം വൈവിധ്യപൂര്‍ണ്ണമായ ഭൂതസന്ചാരങ്ങളിലൂടെയാണ്.


മുത്തശ്ശികഥകള്‍ വിചിത്രസുന്ദരമായ ഒരു ലോകമാണ്. പുളിക്കുന്ന മുന്തിരിങ്ങയെ ഉപേക്ഷിച്ച് പോകുന്ന കുറുക്കനും, ഓട്ടപന്തയം വയ്ക്കുന്ന ആമയും മുയലും ഒക്കെ മനുഷ്യരെ പോലെ ചിന്തിക്കുക്കയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈസോപ്പ് കഥകളും പഞ്ചതന്ത്രം കഥകളും വായിച്ച ആരും അതിന്റെ യുക്തിയെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടില്ല. കഥ യുക്ത്യാതീതമാണ് എന്ന് ആദ്യമായി അവ കേള്‍ക്കുന്ന കൊച്ചുകുട്ടികള്‍ കൂടി മനസ്സിലാക്കിയിരുന്നു. കഥപറച്ചിലിന്റെ അതീതതലങ്ങള്‍ വലിയ എഴുത്തുകാര്‍ എന്നും അറിഞ്ഞിരുന്നു. മഹാഭാരതവും രാമായണവും ഒക്കെ ഇത്തരം അതീത കാവ്യാനുഭവങ്ങളാണ് പങ്കുവയ്ക്കുക. മാക്ബത്തിലെ കഥ നിയന്ത്രിക്കുന്നത്‌ 'വിച്ചസ്' ആണല്ലോ. പുതിയ കാലത്തിന്റെ ആധുനികമായ അനുഭവപ്രദേശത്ത്‌ ഭ്രമകല്പനകളുടെ ഒരു അടരിനെ കലയില്‍ മാജിക്കല്‍ റിയലിസം എന്ന് നമ്മള്‍ അഭിസംബോധന ചെയ്യാറുണ്ട്. പറഞ്ഞ് വരുന്ന കഥയെ 'ഫെയറി ടെയ്ല്‍' എന്ന് ഈ നോവലില്‍ ഒരിടത്ത് എഴുത്തുകാരന്‍ തന്നെ വിശേഷിപ്പിക്കുന്നു. യൂറോപ്പിലെ പുതിയ കഥാകൃത്തുക്കളില്‍  മാജിക്കല്‍ റിയലിസം കൃത്യമായി അലിയിച്ച് എടുത്ത ഒരു എഴുത്തുകാരന്റെ മാനിഫെസ്റ്റോ ആയി അതിനെ വായിക്കാം.

ബര്‍ത്തലോമിയോ തന്റെ ആകാശയാനം പറത്തിയത് ശാസ്ത്രീയമായ സാങ്കേതികതകള്‍ ഉപയോഗിച്ച് തന്നെയാവും. എന്നാല്‍ സറമാഗോയുടെ ബര്‍ത്തലോമിയോ തന്റെ വിമാനം പറത്താന്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനമായ അസംസ്കൃതവസ്തു, മരിക്കുന്ന നേരത്ത് മനുഷ്യശരീരത്തില്‍ നിന്നും ആത്മാവിനോടൊപ്പം പുറത്തുകടക്കുന്ന ഇരുണ്ട നിഴലുപോലുള്ള, മനുഷ്യകാമനകളെ പ്രതിനിധീകരിക്കുന്ന ഏതോ ജൈവവസ്തുവാണ്. അതിനെ മനുഷ്യനില്‍ നിന്നും അടര്‍ത്തിയെടുത്തു സചേതനമായി  സൂക്ഷിക്കാനാവുന്നത് ബ്ലിമുണ്ട എന്ന പെണ്‍കുട്ടിക്കുള്ള അതീന്ദ്രിയമായ കഴിവ് കൊണ്ടാണ്. അവള്‍ക്ക് വിശന്നിരിക്കുന്ന നേരത്ത് മനുഷ്യശരീരത്തിന്റെ ഉള്‍ഭാഗങ്ങള്‍ കാണാന്‍ സാധിക്കും. യൂറോപ്പില്‍ മാജിക്കല്‍ റിയലിസത്തിന്റെ മറ്റൊരു പ്രധാന പ്രയോക്താവായി അറിയപ്പെടുന്ന സല്‍മാന്‍ റുഷ്ദിയുടെ 'മിഡ്‌നൈറ്റ് ചില്‍ദ്ര'നിലെ നായകനായ സലിം  സീനായിക്ക് മറ്റുള്ളവരുടെ ചിന്തകളിലേക്ക് കടന്നു കയറാനുള്ള കഴിവ് ചിത്രീകരിച്ചതിനോടുള്ള സര്‍ഗാത്മകസാമ്യം ഇവിടെ ഓര്‍ക്കാം.

നേര്‍ക്കുനേര്‍ സാമൂഹ്യവിമര്‍ശനമാണ് സറമാഗോയില്‍ പലപ്പോഴും. വൈരുദ്ധ്യത്തിന്റെ രൂക്ഷപരിഹാസത്തിലൂടെയാണ് അദ്ദേഹമത് സാധിക്കുന്നത്. എത്ര വലിയ കുരിശായാലും അതിന് നിവര്‍ന്നുനില്‍ക്കണമെങ്കില്‍ മനുഷ്യനിര്‍മ്മിതമായ ഒരു താങ്ങ് വേണം. എന്നാല്‍ കുരിശിനെ ആരാധിക്കുന്ന മനുഷ്യനോ - കാലില്ലാത്തവന്‍ ആണെങ്കില്‍ പോലും ഒരു ആന്തരിക ഊര്‍ജ്ജം കൊണ്ട് നിവര്‍ന്നുനില്‍ക്കും. വ്യവസ്ഥാപിത മതബോധത്തിനെതിരെ ഇത്തരത്തിലുള്ള നിരന്തര പരിഹാസം നോവലിലുടനീളം വായിക്കാം-ലൈംഗീകഅരാജകത്വം നിറഞ്ഞുനില്‍ക്കുന്ന കന്യാസ്ത്രീമഠംങ്ങള്‍, ദൈവത്തിന്റെ നേര്‍പാതിയായി പ്രത്യക്ഷപ്പെട്ടു അധികാരപ്രമത്തമായി തീര്‍ന്നിരിക്കുന്ന സന്യാസസമൂഹങ്ങള്‍. പക്ഷെ ആത്യന്തികമായി വിരുദ്ധോദ്യമമായാണ് ഇത് പരിണമിക്കുന്നതെന്നു അനുഭവപ്പെടും. ക്രിസ്ത്യന്‍ എത്തിക്സിന്റെ അപചയത്തെ കുറിച്ചാണ് പ്രതിപാദ്യം. തീര്‍പ്പുകളുള്ള ദ്വന്ദങ്ങളുടെ ലളിതമായ ഉത്തരംതേടല്‍. തത്വവിചാരത്തിന്റെ സങ്കീര്‍ണമായ അടരുകളിലേക്ക് അനുവാചകനെ വലിച്ചിട്ട്, ഒരുപാട് തുടര്‍വഴികളിലേക്ക്  ഉദ്യമിപ്പിക്കുന്ന ധൈഷണിക ഊര്‍ജ്ജം പങ്കുവയ്ക്കപ്പെടുന്നില്ല.

അനേകം കൈവഴികളിലൂടെ പടര്‍ന്നു പോകുന്ന പ്രതിപാദ്യത്തിന്റെ തിക്കിതിരക്കുകള്‍ക്കിടയ്ക്ക്, നിശ്ശബ്ദം തരളമായി തുടരുന്നതാണ് ബാല്ത്താസറിന്റെയും  ബ്ലിമുണ്ടയുടെയും പ്രണയം - ഭാവങ്ങള്‍ക്കനുസരിച്ചു കൃഷ്ണമണിയുടെ നിറംമാറുന്ന ബ്ലിമുണ്ടയും യുദ്ധത്തില്‍ ഇടതുകൈ നഷ്ടപ്പെട്ട പഴയ യോദ്ധാവായ ബല്‍ത്താസറും. ലിസ്ബനിലെ ഒരു തെരുവില്‍ ജനക്കൂട്ടത്തില്‍ തനിക്കു പിറകില്‍ വന്നുപെട്ട ഒരു ചെറുപ്പക്കാരനോട് ബ്ലിമുണ്ട "എന്താണ് നിന്റെ പേര്?" എന്ന് ഏതോ അജ്ഞാതമായ ഉള്‍പ്രേരണയാല്‍ ‍തിരക്കുന്നിടത്ത് നിന്നും ആരംഭിക്കുന്ന, ആഴത്തിലെ തെളിര്‍ജലം പോലെ ഒഴുകുന്ന ഒരു വിചിത്രപ്രേമം. തന്റെ ഗാഡവും ഏറെ സമരംചെയ്തതുമായ പ്രണയം ഒരു നിമിഷാര്‍ദ്ധത്തിന്റെ ഉണര്‍ച്ചയില്‍ ഉപേക്ഷിച്ചുകളയുന്ന ഫെര്‍മീന എന്ന നായികയെ മാര്‍ക്കേസ് 'ലൌവ് ഇന്‍ ദി ടൈം ഓഫ് കോളറ' എന്ന നോവലില്‍ ചിത്രീകരിക്കുന്നുണ്ടല്ലോ. എതിര്‍ധ്രുവത്തില്‍ ആണെങ്കിലും, അതുപോലെ പ്രത്യേകിച്ച് ഉത്തരമില്ലാത്ത മനുഷ്യസ്വഭാവത്തിന്റെ പ്രഹേളികാഭൂമികയില്‍ വച്ചാണ് ബല്‍ത്താസറും ബ്ലിമുണ്ടയും കണ്ടുമുട്ടുന്നത്. മദ്ധ്യവയസ്സിനോട് അടുക്കുന്ന കാലത്ത്, ബല്‍ത്താസറിനോടുള്ള പ്രതിബദ്ധതയില്‍‍, തന്നെ ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു സന്യാസിയെ കൊല്ലേണ്ടി വരുന്നുണ്ട് ബ്ലിമുണ്ടയ്ക്ക്. അതിനുശേഷം ഒന്‍പത് വര്‍ഷം ബല്‍ത്താസറിനെ തിരക്കി പോര്‍ച്ചുഗലിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ അനേകവഴികള്‍ നടന്നുതീര്‍ക്കുന്നുണ്ട് അവള്‍. പലപ്പോഴും മറ്റൊരു ഭാഷ സംസാരിക്കുന്ന ജനങ്ങളെ കണ്ടുമുട്ടുമ്പോള്‍ മാത്രമാണ് താന്‍ രാജ്യത്തിന്റെ അതിര്‍ത്തി കടന്നു എന്നുപോലും അവള്‍ അറിയുന്നത്. ഒടുവില്‍ ആകാശയാനം പറത്തിയ കുറ്റത്തിനാവാം ചുട്ടുകൊല്ലപ്പെടുന്ന ബല്‍ത്താസാറില്‍ നിന്നും വേര്‍പെടുന്ന ആത്മാവിന്റെ ജൈവപ്രവാഹത്തെ തന്നിലേക്ക് ആവാഹിക്കുന്ന ബ്ലിമുണ്ടയിലാണ് നോവല്‍ അവസാനിക്കുന്നത്. രാജാധികാരപ്രമത്തതയുടെയും മതപരവും സാമൂഹികവുമായ അപചയങ്ങളുടെയും ബഹുസ്വരതകള്‍ക്കിടയ്ക്ക് ബാല്ത്താസറിന്റെയും ബ്ലിമുണ്ടയുടെയും പ്രണയം മനുഷ്യനന്മയുടെ അടിയൊഴുക്കായി, പ്രതീക്ഷയുടെ ലീനമുഖമായി, ഒറ്റപെട്ട വിഷാദകാവ്യമായി ബാക്കിയാവുന്നു.                  

മധുരനാരങ്ങ പോലെ ലളിതസുന്ദരമായ കഥാനൈരന്തര്യം തിരക്കിചെല്ലുന്ന ഒരാള്‍ക്ക്‌ തീര്‍ച്ചയായും ഈ പുസ്തകം വിരസമാവും. അവസാനമില്ലാത്ത വാക്യങ്ങളിലൂടെ, അവസാനമില്ലാത്ത ഖണ്ഡികകളിലൂടെ നീണ്ടു നീണ്ടു പോകുന്ന ചിന്തകളുടെയും വിവരണങ്ങളുടെയും ഒടുങ്ങാത്ത സമ്മേളനം. അതിനിടയില്‍ നിന്ന് കഥയുടെ അടിയൊഴുക്ക് അനുഭവിക്കാന്‍ ഏറെ മൂങ്ങാംകുഴിയിടേണ്ടിവരും. അനായസതയോടെ അത്രയും ശ്വാസംപിടിക്കാന്‍ സാധിക്കുക ചരിത്രത്തെ ഭാവന അലിയിക്കുന്ന സുപരിചിതമല്ലാത്ത സംശ്ലേഷണം ഉളവാക്കുന്ന ഗാഡമായ  കൌതുകംകൊണ്ട് തന്നെയാവും. രുദ്രധൈഷണികതയുടെ തത്വവിചാരം ഒഴുകുന്ന പുഴയിലാണ് മുങ്ങേണ്ടത് എന്നുമാവില്ല അത്. മറ്റൊരു ഭൂമിക - വെളുത്തതും ഇരുണ്ടതുമായ ഫലിതങ്ങളുടെയും പരിഹാസവിമര്‍ശനങ്ങളുടെയും മിന്നിപൊലിയുന്ന പ്രണയതരളതയുടെയും വിഷാദമൂകതയുടെയും ഒക്കെ സമ്മിശ്രപൂരണം.

00

1 comment:

  1. കേട്ടിട്ടുപോലുമില്ലാത്ത നല്ല പുസ്തകങ്ങള്‍

    ReplyDelete