Sunday 9 February 2014

ഏകശിലാലിഖിതം കൊണ്ട് വ്യവഹരിക്കാനാകുമോ കലയെ

അമേരിക്കൻ ചലച്ചിത്രകാരനായ സാം പെക്കിൻപായുടെ 'സ്ട്രോ ഡോഗ്സ്' എന്ന സിനിമ പ്രകാശിപ്പിക്കുന്ന ആശയലോകത്തിലൂടെ...

ഒന്ന് 
ബലാൽസംഗം ചെയ്യപ്പെടുന്ന പെണ്ണിന്, അത് ചെയ്യുന്ന പുരുഷനോട് ഇഷ്ടമോ വിധേയത്വമോ എപ്പോഴെങ്കിലും തോന്നാൻ ഇടയുണ്ടോ? ശുദ്ധസ്ത്രീവിരുദ്ധ വിചാരമായി ഇത് കരുതപ്പെടുന്നു. ബലാത്സംഗത്തെ കാല്പനികമാക്കുന്ന ചിന്തകളിലും ഇറോട്ടിക് ആവിഷ്കാരങ്ങളിലുമൊക്കെ സാധ്യത തേടുന്ന ഒരു മിത്താവുമത് എന്ന ഏകമാനതയിൽ നിർത്താനാവുമോ ആ ചിന്ത? ബാലാംൽസംഗത്തിന് ഇരയായ ഏതെങ്കിലുമൊരു പെണ്ണ് ആ അനുഭവത്തെ സിതാരയുടെ ‘അഗ്നി’യെന്ന കഥയിലെ മാതിരി സമീപിച്ചിട്ടുണ്ടാവും എന്ന് കരുതാൻ വയ്യ. അഗ്നിയിൽ, തന്നെ കൂട്ടബലാത്സംഗം ചെയ്ത ചെറുപ്പകാരിൽ ഒരുവനുമായി കഥാനായിക ഇഷ്ടംകൂടുന്നുണ്ട്, അതിലേക്ക് കൂട്ടിപ്പോയ വൈകാരികാനുഭവം അവ്യക്തമാണെങ്കിൽ തന്നെയും. അതിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് സ്മിതാ മീനാക്ഷിയുടെ സവിസ്താര ലേഖനം കുറച്ച് നാളുകൾക്ക് മുൻപ് കാണുകയുണ്ടായി (ബലാൽസംഗത്തെ പ്രണയവൽക്കരിക്കുമ്പോൾ, സമകാലിക മലയാളം വാരിക, മാർച്ച് 22, 2013). അത് പാഠത്തിന്റെ സാമൂഹ്യവിചാരമാണ്. ഏതു പാഠവും സാമൂഹികമായി വായിക്കേണ്ടതുണ്ട്, പക്ഷെ അങ്ങിനെ മാത്രമോ? വളരെ സങ്കീർണ്ണമായ വിവക്ഷകൾ ഉൾക്കൊള്ളുന്ന ബലാൽസംഗം പോലെ മനുഷ്യവിരുദ്ധം കൂടിയായ അനുഭവം അതീതവ്യാഖ്യാനങ്ങൾക്കോ ഭാവനാപരതമായ കലാനിർമ്മിതികൾക്കോ നിദാനമാവാമോ? ഈ ചോദ്യം അഗ്നി മാത്രമല്ല ആകർഷിക്കുക, എന്നാൽ പെണ്ണ് എഴുതിയതുകൊണ്ട് അതിനെ ഒരു ‘ഇൻസൈഡ്’ കഥ എന്ന നിലയ്ക്ക് സമീപിക്കാനായേക്കും. ബലാത്സംഗംചെയ്യുന്ന ഒരുവനെ, എന്തിന്റെ പേരിലായാലും, വിലോലമായ ഇഷ്ടത്തിൽ നിർത്തി ഭാവനചെയ്യാൻ ഒരു സ്ത്രീ എഴുത്തുകാരിക്ക് സാധ്യമാവുന്നുണ്ട്. ഇതിനെ വിശകലനം ചെയ്യാൻ ആശയത്തിന്റെ സാമൂഹികമായ അടരുകളിൽ വിചാരം നടത്തിയാൽ മതിയാവില്ലെന്ന് തോന്നും. ഭാവനാലോകത്തിലെ അത്തരം വൈചിത്ര്യങ്ങളെ പെട്ടെന്ന് സ്ത്രീവിരുദ്ധമെന്ന് ചാപ്പകുത്താനുള്ള ഇടങ്ങളെ സദാസന്നദ്ധമാക്കുന്ന സാമൂഹ്യബോധം ഒരു ലളിതവത്കരണത്തിന്റെ പ്രതിഫലനമെന്നിരിക്കിലും ബാലാൽസംഗത്തെ സയൻസ്ഫിക്ഷൻ മാതിരി സങ്കല്പംചെയ്യാനുള്ള സ്വാതന്ത്ര്യം സാധൂകരിക്കപ്പെടുമോ? പുനർജ്ജന്മത്തിൽ വിശ്വസിക്കുന്നതും പുനർജ്ജന്മം എന്ന സങ്കൽപം വിഭാവനചെയ്ത് അഭിരമിക്കുന്നതും തമ്മിൽ രണ്ടു ലോകങ്ങളോളം വ്യത്യാസമുണ്ട്. അത്തരത്തിൽ വ്യതിരക്തമായ രണ്ടു പ്രദേശങ്ങളിൽ നിന്ന് ബലാൽസംഗം എന്ന വിമാനുഷിക പ്രവൃത്തിയേയും, അതിന്റെ ഭാവനാത്മകമായ കലാപ്രക്ഷേപണങ്ങളെയും വിശകലനം ചെയ്യാൻ സാധിക്കുമോ, പ്രത്യേകിച്ച് അത് ബലാൽസംഗം ആയിരിക്കുന്നതുതന്നെ അതിൽ ശരീരകമായ ബലപ്രയോഗത്തിന്റെ വിമാനുഷികത പ്രകടമായുള്ളതിനാലും, അതിനെതുടർന്ന് പലപ്പോഴും മരണപ്പെട്ടുവരെ പോകുന്ന ഇര സന്നിഹിതമായതിനാലും? എന്നിട്ടും എന്തുകൊണ്ടാവാം അഗ്നി പോലുള്ള കഥകൾ സ്ത്രീകൾ തന്നെ വിഭാവന ചെയ്യുന്നത്? ഇതിനെ സാമൂഹികവിവക്ഷകൾ മാത്രമുള്ള ക്ഷിപ്രക്ഷോഭത്തോടെ വ്യവഹരിച്ചാൽ മതിയാവും എന്ന് തോന്നുന്നില്ല.

സ്ത്രീവിചാരങ്ങൾ പുരുഷന്റെ മൈൻഡ്സ്കേപ്പിൽ ഭാവനതേടുക ചില അനുഭവ അപര്യാപ്തകളോടെയാവും എന്ന വാദം, നമ്മുടെ ഭാഷയിൽ സിതാരയുടെ കഥകയുൾപ്പെടെയുള്ള ഭാവനാഖ്യാനങ്ങളിൽ കൂടിയൊക്കെ ഏറെക്കൂറെ റദ്ദാവും എന്നാവുകയാൽ ‘സ്ട്രോ ഡോഗ്സ്‘ (Straw Dogs) എന്ന സിനിമയിലെ ഒരു ബലാത്സംഗദൃശ്യം പ്രകാശിപ്പിക്കാൻ ശ്രമിച്ച ചില സങ്കീർണ്ണ സ്ത്രീയനുഭവങ്ങളെ പാർശ്വവീക്ഷണം ചെയ്യാനനുവദിക്കുന്ന മലയാളഭാഷാ സാഹിത്യാവിഷ്കാരമായി അവ മാറുന്നുണ്ട് എന്നുവരുന്നു. പ്രശസ്ത അമേരിക്കൻ സംവിധായകനായ സാം പെക്കിൻപായുടെ (David Samuel Peckinpah) ഈ ചിത്രത്തിൽ താത്വികസംവാദങ്ങൾക്ക് ഇടംനൽകുന്നവിധത്തിൽ ഒരു ബലാത്സംഗം പ്രമേയത്തിന്റെ പ്രാധാന്യത്തിൽ ഉൾചേർന്നിരിക്കുന്നു. ചിത്രത്തിലെ നായികയായ ഏമി ഒരവസരത്തിൽ രണ്ട് പുരുഷന്മാരാൽ ബലാൽത്സംഗം ചെയ്യപ്പെടുന്നു. അതിൽ ഒരാൾ അവളുടെ തന്നെ കൌമാരകാല കാമുകനും മറ്റൊരാൾ അയാളുടെ കൂട്ടുകാരനുമാണ്. പൂർവ്വകാമുകന്റെ ആവേശത്തെ ആദ്യം അവൾ കാര്യമായി എതിർക്കുന്നുണ്ടെങ്കിലും, ഇണചേരലിന്റെ ഏതോ ഒരവസരത്തിൽ ഏമി അതിഷ്ടപ്പെടുന്ന തരത്തിലുള്ള ചില ദൃശ്യങ്ങൾ സംവിധായകൻ വ്യക്തമായും സന്നിവേശിപ്പിച്ചിരിക്കുന്നു. അതിനു മുൻപും പിൻപുമായി ചിത്രീകരിക്കപ്പെടുന്ന ശക്തമായ വയലൻസിനിടയ്ക്ക് ഏമി പ്രകടിപ്പിക്കുന്ന വിധേയചാഞ്ചല്യം അനുവാചകന്റെ വിചാരലോകത്തെ പ്രശ്നഭരിതമാക്കും.

ഒരുദിവസം, രണ്ട് അപരിചിതര്‍ അതിക്രമിച്ചുകയറി ഏമിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നില്ല. ഏമിയുടെ മദാലസത്വം പുരുഷന്മാരെ ആകര്‍ഷിക്കാന്‍ എന്ന നിലയ്ക്ക് ഗൂഡമായ സാഡിസത്തോടെ അവള്‍ ഉപയോഗിക്കുന്ന സീനുകള്‍ ചിത്രത്തില്‍ ഏറെയുണ്ട്. ഒരു സ്ത്രീ (പുരുഷനും) അൽപവസ്ത്രധാരിണിയായി പരസ്യമായി പ്രത്യക്ഷപ്പെടുന്നത് ഒരു ലൈംഗീകക്ഷണമായി, പോട്ടെ, ലൈംഗീക ഉദ്ദീപനഹേതുവായി പോലും മാറുന്നത് ചില പ്രത്യേക പരിസരങ്ങളിൽ മാത്രമാണ്. തികച്ചും അപരിഷ്കൃതമായ ജറവാ പോലുള്ള ഗോത്രസമൂഹത്തിലും തികച്ചും പരിഷ്കൃതമായ ന്യൂഡ്‌ബീച്ചുകൾ പോലുള്ള നഗ്നസമൂഹങ്ങളിലും നഗ്നതയെ ആ രീതിയിൽ പ്രശ്നവല്ക്കരിക്കാൻ സാധിക്കില്ല. നഗ്നത അവിടെ ജീവിതരീതിയാണ്. നഗ്നത, പർദ്ദാവാദികൾ നോക്കികാണുന്ന രീതിയിൽ ലൈംഗീകതയുമായി ബന്ധപ്പെട്ട അവസ്ഥയിൽ സാധ്യമാവണമെങ്കിൽ മറ്റൊരു സാമൂഹ്യപരിസരം ആവശ്യമാണ്. നരവംശശാസ്ത്രപരമായി നോക്കിയാൽ വസ്ത്രം മനുഷന് ആവശ്യമായി വന്നത് കാലാവസ്ഥയുടെ വ്യതിയാനരൂക്ഷതകളുമായി ബന്ധപ്പെട്ടായിരിക്കണം. എന്നാൽ വിവസ്ത്രരാകമ്പോൾ അതൊരു വൈകാരികാനുഭവമായി മാറുന്നതിൽ, പരിണാമത്തിന്റെ ഏതോ ഘട്ടത്തിൽ, ബഹുപക്ഷം മനുഷ്യരും ജനിതകമായിതന്നെ ആർജ്ജിച്ചുവന്ന ലാവണ്യസംബന്ധിയായ അനുഭവകാമനകൾ കാരണംവഹിക്കുന്നു. ശരീരം സൌന്ദര്യത്തെ ഉൾക്കൊള്ളുകയും പ്രകാശിപ്പിക്കുകയും ചെയ്യുന്നു എന്ന അബോധജ്ഞാനതലത്തിലേ നഗ്നത വൈകാരികാനുഭവമാവുകയുള്ളൂ. അത്തരം ബോധം ജറവാ ഗോത്രമനുഷ്യരിൽ ഹാജരില്ല. ന്യൂഡ്‌ബീച്ചുകളിൽ ഈ ബോധത്തെ മറികടന്നവരോ അതിനു ശ്രമിക്കുന്നവരോ ആണ്.

പരിഷ്കൃത നഗ്നസമൂഹങ്ങളിലും നഗ്നരായി ജീവിക്കുന്ന ഗോത്രസമൂഹങ്ങളിലും എന്നാൽ ബലാൽസംഗം നടക്കുന്നുണ്ട് എന്നുവരുമ്പോൾ അത് വളരെ പ്രാഥമികമായ തലത്തിൽ സംഭവിക്കുന്ന ഒരു കാര്യമാണ് എന്നുവരും. ഉദ്ദീപനഹേതുവായി വസ്ത്രംധരിക്കുന്ന രീതികൾ ബലാൽസംഗത്തിന് കാരണമാവുന്നു എന്നതൊക്കെ ഇവിടെ ഭോഷ്കായി മാറും. അതിനുപരി, സ്ഥിരമായി വസ്ത്രംധരിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന പരിഷ്കൃതസമൂഹങ്ങളിൽ പോലും ഒരു പുരുഷനോ സ്ത്രീയോ നഗ്നതകൊണ്ട് പ്രകാശിപ്പിക്കുന്ന സൌന്ദര്യം ഉളവാക്കുന്ന വൈകാരികാനുഭവങ്ങൾ ആയിരിക്കണമെന്നില്ല ബലാത്സംഗത്തിലേയ്ക്കുള്ള ഹേതു. അത് ആഴത്തിൽ മറ്റേതൊക്കെയോ കാരണങ്ങളാൽ പ്രചോദിതമായിരിക്കുന്നു എന്നും ഇതിൽ നിന്ന് മനസ്സിലാക്കേണ്ടി വരും. ഏമിയുടെ മദാലസത്വം ഏറെ സൗന്ദര്യാത്മകായി വിന്യസിച്ചുകൊണ്ട്, അത് അനുവാചകനിൽ ഉളവാക്കുന്ന ലാവണ്യ/വൈകാരിക അനുഭവങ്ങളുടെ തീവ്രതകൊണ്ടേ തുടർന്നുവരുന്ന ബലാൽസംഗത്തിലെ വയലൻസ്, ഏതു പുരുഷാഗ്രഹങ്ങളുടേയും വിഭ്രംജതയിൽ ശക്തമായ ഒരു താണ്‍ഡനമായി, ഒരു പവിത്രീകരണപ്രക്രിയയുടെ തലത്തിലേക്ക് ചിറകുവിടർത്തുകയുള്ളൂ എന്ന് അതിവിദഗ്ദ്ധമായി സാം പെക്കിൻപാ ഈ ചിത്രത്തിലൂടെ പ്രകാശിപ്പിക്കുന്നു. എന്നാൽ ഇടയ്ക്ക് ഏമി പ്രദർശിപ്പിക്കുന്ന വിധേയത്വം, അതിന്റെ പേരിൽ ഈ സിനിമ എക്കാലത്തും ആകർഷിച്ച സ്ത്രീവിരുദ്ധം എന്ന വിമർശനങ്ങളെ മറികടക്കാനുള്ള ഒരു കോപ്പും ആശയതലത്തിൽ നൽകുന്നില്ല എന്നതിനെ കവച്ചുപോകാൻ മറ്റൊരു രീതിയിൽ ആയിരിക്കാം സാക്ഷാത്കാരകൻ ഈ ചിത്രത്തെ ആഗ്രഹിച്ചിരുന്നത് എന്ന നിലയ്ക്ക് ഇതിനെ വ്യത്യസ്തമായ മറ്റൊരു വിചാരത്തെകൂടി അടിസ്ഥാനമാക്കി കാണേണ്ടതുണ്ടെന്നു തോന്നും.

രണ്ട് 
കേരളത്തിൽ തികച്ചും മെട്രോപോളിറ്റൻ ആയിട്ടുള്ള നഗരനിർമ്മിതികൾ ഒരു കാലത്തും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ മറുതലയ്ക്കൽ ഒരു വിദൂരഗ്രാമവും ഉണ്ടായിട്ടില്ല. നഗരവും ഗ്രാമവും തമ്മിൽ വലിയ അന്തരങ്ങൾ ഇല്ലാതെ ലയബദ്ധമായി, പലപ്പോഴും അവയുടെ ജീവിതങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം വച്ചുമാറി വളരുകയായിരുന്നു. കെ. സരസ്വതിയമ്മയുടെ കഥകൾ വായിക്കുമ്പോൾ തിരുവനന്തപുരം പട്ടണവും അതിന്റെ ചുറ്റുപാടുമുള്ള നാട്ടിൻപുറങ്ങളും തമ്മിൽ പത്തെഴുപത്തിയഞ്ച് കൊല്ലങ്ങൾക്ക് മുൻപ് നിലനിന്ന പരസ്പരവിനിമയങ്ങളുടെ വാങ്ഗ്മയചിത്രം കിട്ടും. കേരളത്തിൽ ഗ്രാമപ്രകൃതി ഉണ്ടായിരുന്നില്ല എന്നല്ല. ഏത് നഗരത്തിലും ആ പ്രകൃതിയുടെ തുണ്ടുകൾ ചിതറി കിടന്നിരുന്നു, മറിച്ചും. ഇന്ന് ഈ അന്തരം തികച്ചും ഇല്ലാതായിരിക്കുന്നു എന്നുതന്നെ പറയാം. എതെങ്കിലുമൊരു പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ അതിന്റെ ഗ്രാമ്യതയുമായി ബന്ധപ്പെട്ടുവരുന്ന ഒന്നല്ലാതായി മാറി കേരളത്തിൽ.

എന്നാൽ ഇന്ത്യയുടെ ഇതരഭാഗങ്ങളിലും പാശ്ചാത്യ നാടുകളിലും അതങ്ങനെയല്ല. ഈ സിനിമയുടെ പാശ്ചാതലത്തിൽ ചിന്തിക്കുമ്പോൾ  ഇതര ഇന്ത്യൻ പ്രദേശങ്ങളെ ഉപേക്ഷിക്കാം.  പാശ്ചാത്യനാടുകളിലെ ഗ്രാമത്തിന്റെ വ്യതിരക്താസ്തിത്വത്തെ കുറിച്ച് ഹോളിവുഡിലേയും ആ മാതൃകയിലുള്ള മറ്റിടങ്ങളിലേയും ചലച്ചിത്രങ്ങളിൽ നിന്നും അറിയാനായി എന്നുവരില്ല. കുറച്ചുകൂടി ആഴത്തിൽ പ്രകാശനം ആഗ്രഹിച്ചിരിക്കുന്ന എഴുത്തുകളിലോ സിനിമകളിലോ കൂടി സഞ്ചരിക്കുമ്പോൾ (നേരിട്ട് അവിടങ്ങളിൽ ചെന്ന് കാണാൻ സാധിച്ചില്ലെങ്കിൽ കൂടിയും) ഈ വിദൂരഗ്രാമങ്ങളുടെ തികച്ചും അവ്യക്തമല്ലാത്ത ചിത്രം തെളിഞ്ഞുകിട്ടും.ഗ്രാമവും നഗരവും ഭൂമിശാസ്ത്രപരമായി മാത്രമല്ല ജീവിതപരിസരങ്ങളുടേയും നിജമായ അതിർത്തിയോടെ ഇവിടങ്ങളിൽ സന്നിഹിതമാണ് ഇപ്പോഴും. അത്തരത്തിൽ നഗര-ഗ്രാമ ദ്വന്ദങ്ങളെ വ്യക്തതയോടെ വ്യവച്ചേദിച്ച് രണ്ടിടങ്ങളിലേയും മനോനിലകൾ ആഴത്തിൽ പ്രശ്നവൽക്കരിക്കാനുള്ള ശ്രമം ഈ സിനിമയിൽ കാണാം.  

നഗരത്തെയും ഗ്രാമത്തെയും നിജപ്പെടുത്തുന്നത് പ്രകൃതി മാത്രമല്ല. ആ വൈരുധ്യത്തിലേയ്ക്ക് സംഭാവനചെയ്യുന്ന വളരെ ചെറിയൊരു കാല്പനികഘടകമായി വേണം പ്രകൃതിയെ മനസ്സിലാക്കാൻ. ഗ്രാമ്യഭംഗി എന്നത് പ്രകൃതിയുമായി ബന്ധപ്പെടുത്തി വ്യവഹരിക്കുമ്പോൾ നാലുദിവസം തുടർച്ചയായി കണ്ടാൽ വിരസമാവുന്ന ഒരു ഘടകമേ അതിലുള്ളൂ എന്നത് ബാക്കിയാവും. (പക്ഷിനിരീക്ഷണം പോലുള്ള സ്പെഷ്യലൈസ്ഡ് മേഖലകളിൽ അവേശമുള്ളവർക്ക് ഗ്രാമപ്രകൃതി, പക്ഷികളുടെ ധാരാളിത്തം കൊണ്ടുതന്നെ ജീവിതകാലം മുഴുവൻ വിരസതയില്ലാതെ കഴിയാനുള്ള പരിസരം ഒരുക്കിയേക്കും എന്നത് പൊതുവായൊരു ഘടകമായി കരുതാനാവില്ല. കാറുകളുടെ വൈവിധ്യത്തിൽ ആവേശമഗ്നനാവുന്ന ഒരാളെ പ്രതി നഗരത്തെക്കുറിച്ചും ഇത് പറയാനാവും.) സംസ്കൃതിയുടേയും മനോഘടനയുടേയും വൈജാത്യമെന്ന മുഖ്യഹേതുവിനെ മറച്ചുനിർത്തി, ആത്മനിഷ്ഠപരമായ ലാവണ്യപൊലിമയ്ക്കുവേണ്ടി എടുത്തുപയോഗിക്കുന്ന ഒന്നാണ് പ്രകൃതി. ഗ്രാമത്തെ നിഷ്കളങ്കതയുടെ രൂപകമായി കാണുന്നത് നഗരകേന്ദ്രിതവീക്ഷണമാണ്. നഗരത്തിന്റെ ഭൗതികസാഹചര്യങ്ങൾ അനിവാര്യമാക്കിയ ചില സങ്കീർണ്ണ അനുഭവ/സ്വഭാവപരിസരങ്ങൾ ഗ്രാമങ്ങളിൽ ഹാജരല്ല. ഇത് ഗ്രാമത്തിലെത്തുന്ന നഗരവാസിയിൽ ഉളവാക്കുന്ന ആശ്ച്ചര്യമാവും ഇത്തരമൊരു ബിംബനിർമ്മിതിയുടെ അടിസ്ഥാനം. ഗ്രാമത്തിന്റെ സ്വാർജ്ജിതമായ സവിശേഷതയായി അതിനെ കാണാനാവില്ല. മാത്രവുമല്ല ഇതിനെ നിഷ്കളങ്കത എന്ന് വിവക്ഷിക്കാനുമാവില്ല - സങ്കീർണതയുടെ അഭാവം മാത്രമാണത്. ക്രൂരതയുടേയും മറ്റും മറുപുറമായി വേണം നിഷ്കളങ്കതയെ മനസ്സിലാക്കാൻ. സങ്കീർണതയുടെ അഭാവം ഇത്തരത്തിലുള്ള മനോ/ജീവിതതലം ഉളവാക്കണം എന്നില്ല. ഇത്തരത്തിൽ ഗ്രാമത്തെക്കുറിച്ചുള്ള വ്യവസ്ഥാപിത ബിംബകല്പനകളെ അപനിർമ്മിക്കാനുള്ള ശ്രമമാണ് സ്ട്രോഡോഗ്സ് ഉൾക്കൊള്ളുന്നതെന്ന് ഉറപ്പായും തോന്നും.

വേക് ലി എന്ന സാങ്കല്പിക ഇംഗ്ലീഷ്ഗ്രാമമാണ് കഥാപരിസരം. അവിടെ നിന്നും അമേരിക്കയിലേയ്ക്ക് പോയ ഏമി, ഗണിതശാസ്ത്രജ്ഞനായ അമേരിക്കക്കാരൻ ഭർത്താവുമായി ഗ്രാമത്തിലേയ്ക്ക് തിരിച്ചെത്തുന്നിടത്താണ് കഥ ആരംഭിക്കുന്നത്. നാഗരികതയുടെ ബിംബമായി അമേരിക്കയും ശക്തമായ പാരമ്പര്യസരണികളുടെ സാന്ദ്രമേഖലയായി ആ ഇംഗ്ലിഷ് ഗ്രാമവും വിന്യസിക്കപ്പെടുന്നു. വ്യവസ്ഥാപിത പാരമ്പര്യസാഹചര്യങ്ങളുടെ തീക്ഷ്ണത ഇംഗ്ലിഷ് ഗ്രാമത്തോളം പ്രതിഭലിപ്പിക്കാൻ അമേരിക്കാൻ ഗ്രാമത്തിനാവില്ല എന്ന് സംവിധായകാൻ കൃത്യമായി മനസ്സിലാക്കിയിരുന്നിരിക്കണം.

ഏമിയുടെ ഭർത്താവ് ഡേവിഡ് ഒരു ആധുനിക നഗരത്തിന്റെ ഉല്പന്നമാണ്. കൃത്യമായ സാമൂഹ്യ വിചാരങ്ങളും അതുളവാക്കുന്ന ജീവിതക്രമവും തൊഴിൽ വിഭജനവും വൈകാരിക നിജപ്പെടുത്തലുകളും നഗരജീവിതം അയാളിലേയ്ക്ക് സംക്രമിപ്പിച്ചിരിക്കുന്നു. ഈ സാമൂഹ്യവിചാരം നഗരസംസ്കൃതി നൽകിയ നിയമവ്യവസ്ഥയുമായിക്കൂടി നിശിതമായി ഇഴചേർന്നിരിക്കുന്നു. എന്നാൽ ഈ നഗരകേന്ദ്രിത കൾച്ചറൽ സുതാര്യത അയാളിലേയ്ക്ക് നിവേശിപ്പിച്ച കാതലായ അംശം അബോധമായ ഒരുതരം വൈകാരിക സത്യസന്ധതയാണ്. ഭാര്യയുടെ സ്വകാര്യജീവിതത്തെ കുറിച്ച് അയാൾ ഉദ്വോഗിയോ സംശയാലുവോ അല്ല. അവളുടെ വൈകാരികജീവിതത്തിന്റെ അധോതുറസ്സുകളിലേയ്ക്ക് കടക്കാൻ അയാൾ ജിജ്ഞാസുവേയല്ല. ജന്മാനായുള്ള സ്വഭാവരീതികൾക്കോ ജനിതകഘടകങ്ങൾക്കോ ഒക്കെ ചെറിയ തോതിൽ പങ്കുണ്ടെങ്കിലും വൈകാരിക സത്യസന്ധത എന്നത് ഒരു കൾചറൽ വ്യവഹാരമാണ്. അത് പരിഷ്കൃതിയുമായി ചേർന്നുനിൽക്കുന്നു. സ്വസ്ഥമായിരുന്ന് മുഴുകാനാവുന്ന ഗണിതശാസ്ത്ര സംബന്ധിയായ ജോലികൾക്ക് വേണ്ടിയാണ് ഡേവിഡ് ഗ്രാമത്തിലേയ്ക്ക് വരുന്നതുതന്നെ. ദൈനംദിനപ്രവൃത്തികൾ എങ്ങിനെയായിരിക്കണം എന്നതിനെകുറിച്ച് അയാൾക്ക്‌ കൃത്യമായ ലക്ഷ്യതീരുമാനങ്ങളുണ്ട്.

എന്നാൽ ഏമിയുടെ വീടിന്റെ മേൽക്കൂര ശരിയാക്കാൻ വരുന്ന അവളുടെ പഴയകാല കാമുകനും കൂട്ടുകാരും അവരുടെ ജോലിയിൽ ശ്രദ്ധിക്കുന്നതിലധികമായി നോട്ടവും വിചാരവും ഊന്നുന്നത് ഏമിയിലാണ്. ലൈംഗീകമായ ആർത്തിയോടെ, അവളെ പ്രാപിക്കാനുള്ള ആഗ്രഹത്തോടെ തന്നെയുള്ള ഈ നോട്ടങ്ങളെ ഏമി സ്വീകരിക്കുന്നത് അവരെ വെല്ലുവിളിക്കും വിധം ഉദ്ദീപിപ്പിച്ചു കൊണ്ടാണ്. നാഗരികത പൊതുവെ ഇത്തരം നോട്ടങ്ങളെ ഉദാസീനതയോടെ ഒഴിവാക്കുന്നു. അത്തരം നോട്ടങ്ങൾ അവിടെ കാര്യമായി ഉണ്ടാവുന്നുപോലുമില്ല. ഉള്ളതിൽ തന്നെ അതിൽ അടങ്ങിയിരിക്കുന്ന വിമാനുഷികതയുടെ തലത്തെ കുറിച്ചുള്ള ബോധംകൂടി ലീനമാണ്. ഈ സാംസ്കാരിക പരിസരം ഏമിയിൽ ആഴത്തിൽ ഹാജരല്ല എന്നത് ഗ്രാമ്യമായ ഒരു അപരിഷ്കൃത മനോനില ഇപ്പോഴും അവളിൽ ബാക്കികിടക്കുന്നു എന്നതിന്റെ സൂചനയാവും. സങ്കീർണ്ണാനുഭവങ്ങളുടെ അഭാവം പ്രാകൃതചോദനകളെ മിനുക്കിയെടുക്കുന്നതിൽ നിന്നും ഗ്രാമീണനെ തടയുന്നു. ഗ്രാമ്യത സമം നന്മ എന്ന ലളിത സമവാക്യം ഇവിടെ കടപുഴുകുന്നു. പരിഷ്കൃതിയുടെ ഭാഗമായാണ് സാംസ്കാരിക വിമലീകരണത്തിന്റെ സാമൂഹികമായ ഒഴുക്കുകൾ സംഭവിക്കുന്നത് എന്ന അപനിർമ്മിതാശയം ഈ സിനിമ പ്രകാശിപ്പിക്കുന്നുണ്ട്.

ഏമി ബലാത്സംഗം ചെയ്യപ്പെട്ടു എന്നത് ഡേവിഡ് അറിയുന്നതായി കാണിക്കുന്ന ഒരു സീനും ചിത്രത്തിലില്ല. അങ്ങിനെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ, അതിലുപരി വൈകാരികമായ എന്തെങ്കിലും പ്രഷുബ്ധത ഉണ്ടെങ്കിൽ, അത് ഏമി തന്നോട് പറയുമെന്നും അതിൽ മറച്ചുവയ്ക്കേണ്ടതായി ഒന്നുമില്ലെന്നും അയാൾ സ്വാഭാവികമായും കരുതുന്നുണ്ടെന്നുവേണം അനുമാനിക്കാൻ. ഏമിയോടുള്ള ഗ്രാമത്തിന്റെ ആസക്തിയാണ്‌ തന്നോടവർക്കുള്ള അകാരണ വെറുപ്പായി രൂപാന്തരപ്പെടുന്നതെന്ന് - അത്തരമൊരു കാരണത്തിന്റെ സാംഗത്യം തന്നെ - അയാൾക്ക്‌ മനസ്സിലാക്കാനാവുന്നില്ല. എന്നാൽ ഗ്രാമം വേട്ടയാടുന്ന ഒരപരിചിതനെ അവർക്ക് വിട്ടുകൊടുക്കാതിരിക്കാൻ അയാൾക്ക്‌ രണ്ടാമതൊരു ആലോചനയില്ലാതെ സാധ്യമാവുന്നു. തന്റെയടുത്ത് അഭയം തേടിയെത്തിയ ആൾ ഒരു കൊലപാതകിയാണെങ്കിൽ കൂടി അത് ഉറപ്പാക്കേണ്ടത് നിലവിലുള്ള നിയമവ്യവസ്ഥയാണെന്നും, വയലന്റായ ഗ്രാമീണരല്ല ആ വിഷയം കൈകാര്യം ചെയ്യേണ്ടതെന്നുമുള്ള സിവിൽബോധമാണ് ഇതിന് നിദാനം.

സമഗ്രതയിൽ നോക്കികാണാൻ ശ്രമിക്കുമ്പോൾ ഈ സിനിമ പ്രാഥമികമായി ആവിഷ്കരിക്കാൻ ശ്രമിക്കുന്ന ആശയം വ്യക്തിബന്ധങ്ങളുടെ വൈകാരികതലമല്ലെന്നു മനസ്സിലാവും, സെക്സും വയലസുമൊക്കെ കടുംനിറത്തിൽ വിന്യസിച്ചിരിക്കയാൽ അങ്ങിനെ തോന്നിക്കുമെങ്കിൽ കൂടി. നഗര-ഗ്രാമ ദ്വന്ദങ്ങളുടെ സംഘർഷത്തിന്റെ സങ്കീർണ്ണമായ പ്രശ്നപ്രദേശമായാണ് ഈ സിനിമയുടെ ആശയം ആഴത്തിൽ വിഭാന ചെയ്തിരിക്കുന്നത്. അതിലേയ്ക്കുള്ള ഏറ്റവും ക്ഷോഭകരമായ സംഭവമായി എമിയുടെ കൂട്ടബലാൽസംഗവും ക്ലൈമാക്സ് സീനിൽ ഡേവിഡ് ഗ്രാമത്തെ ഒന്നടങ്കം തന്റെ ബുദ്ധിയാൽ നേരിടുന്ന രക്തപങ്കിലമായ കഥാമുഹൂർത്തവും വന്നുചേരുന്നു. ഈ പാഠത്തിൽ, ബലാൽസംഗത്തിന്റെ ഇടയ്ക്ക് അവൾ കാണിക്കുന്ന ചാഞ്ചല്യവിധേയത്വം സംപ്രേക്ഷണം ചെയ്യുന്നത് പൂർവ്വകാമുകനോട് ഇപ്പോഴും ബാക്കിയായ ഇഷ്ടത്തിന്റെ പ്രകാശനമല്ല, മറിച്ച് വളരെ മർദ്ദകമായ ബാലാൽസംഗത്തിനിടയ്ക്കും അത്തരം ഇഷ്ടത്തെ സാധ്യമാക്കുന്ന നിലയ്ക്ക് അവളിൽ
ബാക്കിയായ ഒരു ഗ്രാമ്യാപരിഷ്കൃതത്വത്തിന്റെ സ്ഫുരണമാണ് എന്ന് തിരിച്ചറിയാൻ കഴിയും. മറുവശത്ത് ഡേവിഡ് വൈകാരികമായ വിക്ഷോഭങ്ങൾക്കൊന്നും ഇടകൊടുക്കാതെ തന്റെ പരിഷ്കൃത നീതിബോധം സാധ്യമാക്കിയ ശക്തമായ നിസംഗതയോടെ, ഭ്രാന്തുപിടിച്ച ഒരു ഗ്രാമത്തെ ഒന്നടങ്കം ഒറ്റയ്ക്ക് എതിരിടുന്നു. തുടക്കത്തിലെ ചോദ്യത്തിലേയ്ക്ക് വരികയാണെങ്കിൽ, ബലാത്സംഗത്തിന്റെ ആവിഷ്കാരങ്ങൾ സാമൂഹികമായ ചില ഏകശിലാലിഖിതങ്ങൾ കൊണ്ടുമാത്രം വായിക്കുന്നതിന്റെ അപാര്യാപ്തത കൂടി മനസ്സിലാവും ഈ ചലച്ചിത്രം കണ്ടു കഴിയുമ്പോൾ.

00

2 comments:

  1. കൊള്ളാം
    ഈ ലേഖനം മുമ്പ് വായിച്ചതുപോലെ ഒരോര്‍മ്മ
    അതോ ഈ സിനിമയുടെ അവലോകനം വേറെ എവിടെയെങ്കിലും വായിച്ചതാണോ?

    ReplyDelete
    Replies
    1. അജിത്ത്, ക്ഷമിക്കണം. എന്റെ തന്നെ സിനിമാ സംബന്ധിയായ ഒരു ബ്ലോഗിൽ ആണ് താങ്കൾ ഇത് വായിച്ചിട്ടുണ്ടാവുക. പല ബ്ലോഗുകളിലായി കിടക്കുന്ന കുറിപ്പുകൾ എല്ലാം ഒന്നിലേയ്ക്ക് ആക്കിയതിന് ശേഷം മറ്റുള്ളവ ഉപേക്ഷിക്കാം എന്ന് വിചാരിച്ചു. എല്ലാംകൂടി മാനേജ് ചെയ്യാൻ ബുദ്ധിമുട്ടാവുന്നു. വായനക്കാർക്കും ഇതാവും സൗകര്യം എന്ന് തോന്നുന്നു. മുൻപ് വായിച്ചിരിക്കാവുന്ന ഏതാനും കുറിപ്പുകൾ കൂടി ഇത്തരത്തിൽ വരും - സഹകരിക്കുമല്ലോ.

      Delete