Tuesday 3 July 2012

അക പറയുന്നത്...

ഈ കുഞ്ഞ് ധരിച്ചിരിക്കുന്ന മാലയുടെ പേര് ‘റ്റ്രാഡ്സി’. അരുണാചൽപ്രദേശിലെ ‘പലിസി‘ എന്ന വിദൂരദേശത്ത് ജീവിക്കുന്ന ‘അക‘ ഗോത്രവംശജനതയുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഈ ആഭരണം. വ്യക്തികളുടെയും കുടുംബത്തിന്റേയും സാമൂഹികനിലവാരം ഈ മാലയുടെ കൈവശാവകാശവുമായി ഉൾച്ചേർന്നിരിക്കുന്നു. അവരുടെ ഗ്രാമത്തിനോട് ചേർന്നൊഴുകുന്ന ബ്രഹ്മപുത്രയുടെ കൈവഴിയിൽ നിന്നും പെറുക്കിയെടുക്കുന്ന മഞ്ഞകല്ലുകൾ കോർത്താണ് ഈ മാല ഉണ്ടാക്കുക. ഇന്ന് ആ നദിയിൽ ഈ കല്ലുകൾ ലഭ്യമല്ല എന്നതിനാൽ തന്നെ, ഇതിന്റെ മൂല്യം ക്രമാതീതമായി ഉയർന്നിരിക്കുന്നു. അവരുടെ ജീവിതവും സംസ്കാരവുമായി ആഴത്തിൽ ബന്ധമുള്ളതുകൊണ്ട് തന്നെയാവണം റ്റ്രാഡ്സി എന്ന വാക്കിന് അക ഭാഷയിൽ അൻപതിലധികം വകഭേദങ്ങളുണ്ട്. പക്ഷേ അക ഭാഷ സംസാരിക്കുന്നവർ ഇന്ന് ഭൂമിയിൽ ആയിരത്തിനും രണ്ടായിരത്തിനും ഇടയിൽ മാത്രമാണ്.

അക ഭാഷയിലും ബോധത്തിലും, ഭാവി പിന്നിലും ഭൂതം മുന്നിലുമാണ്. ഭാവിയിലേക്ക് മുന്നോട്ട് കുതിക്കുന്ന ലോകബോധത്തിന് നേർവിപരീതമായ പരികൽ‌പന നമുക്ക് ഫലിതമായി തോന്നാം. എന്നാൽ ഒരു അക ചോദിക്കും - ഭാവി മുന്നിലാണെങ്കിൽ നിങ്ങൾക്കെന്തുകൊണ്ടത് കാണാൻ സാധിക്കുന്നില്ല? ജനനത്തിനു ശേഷം മരണത്തിലേക്ക് നിങ്ങൾ പിന്നിലേക്ക് നടക്കുകയാണ്. അജ്ഞാതമായ ഭാവി നിങ്ങൾക്കു പിറകിലാണ്. മുന്നിലുള്ളത് ഭൂതകാലമാണ് - നടക്കുന്തോറും ദൂരെയുള്ളത് മറഞ്ഞ് മറഞ്ഞ് അവ്യക്തവും അപ്രത്യക്ഷവുമാകുന്നു. അബോധമായി കൊണ്ടുനടക്കുന്ന ചില രൂഡമൂലസങ്കൽ‌പ്പങ്ങളെ ഇടയ്ക്കൊക്കെ ഒന്ന് കുടഞ്ഞുവിരിക്കണം എന്നുതന്നെ തോന്നും ഈ അക തത്വവിചാരത്തിൽ കാൽവച്ച് നിൽക്കാൻ ശ്രമിക്കുമ്പോൾ...

ഭൂമിയിൽ ഇന്നുള്ള എഴുപതു ശതമാനം ഭാഷകളും അകയെപ്പോലെ ആയിരങ്ങൾ മാത്രം സംസാരിക്കുന്നവയാണ്. ഇവയുമായി താരതമ്യം ചെയ്യുമ്പോൾ, അടിസ്ഥാന വിനിമയഉപാധി എന്ന നിലയ്ക്ക്, ഏതാനും കോടി ജനങ്ങൾ സംസാരിക്കുന്ന മലയാളം, ഭാഷാവിദഗ്ദ്ധർ ഭയപ്പെടുന്നതുപോലെ, അടിയന്തിര വംശനാശഭീഷണിയൊന്നും നേരിടുന്നില്ല എന്നുവേണം അനുമാനിക്കാൻ. പിന്നെ ഭാഷയുടെ, ഭാഷാദേശത്തിന്റെ സാംസ്കാരികമായ അപചയത്തെയോ മരണത്തെയോ കുറിച്ചാണ് വിവക്ഷയെങ്കിൽ, അവസാനത്തെ രണ്ട് മലയാളികളിൽ ഒരാൾ മരിക്കുന്നതുവരെ തർക്കം തുടരുകയുമാവാം!

**
ചിത്രത്തിനും വസ്തുതാവിവരങ്ങൾക്കും കടപ്പാട് ‘നാഷണൽ ജിയോഗ്രഫിക്കി‘നോട്.

1 comment:

  1. അക....

    എന്തെല്ലാം അറിയാന്‍ ബാക്കി കിടക്കുന്നു അല്ലേ?

    ReplyDelete