Saturday 26 April 2014

ഏകമാനതയുടെ വികല്പപാഠം

പൂര്‍വശിക്ഷിതവും വ്യക്ത്യാധിഷ്ടിതവും ആയ വിശ്വാസങ്ങളിലേക്കോ നിഗമനങ്ങളിലേക്കോ, ലഭ്യമായ ചരിത്രപാഠങ്ങളെ തെളിയിച്ചുകൊണ്ട്‌ പോകുന്നത് ആശാസ്യമായ വിശകലന രീതിയല്ല. ഏകാമാനതയുള്ള വര്‍ത്തമാനം ഇല്ലാത്തത് പോലെ തന്നെ ചരിത്രത്തിനും ജൈവമായ വൈവിധ്യങ്ങളുടെ ക്രമരാഹിത്യം ഉണ്ട്. ക്രമരഹിത പാഠങ്ങളുടെ ഉള്ളില്‍ നിന്ന് നടത്തുന്നു സമകാലികമായ ഏത് വിശകലനവും, എത്ര ആധുനികമായ ഉപകരണങ്ങള്‍ ഉപയോഗിച്ചായാലും, എത്തിച്ചേരുക കൂടുതല്‍ വൈവിധ്യമുള്ള വെളിപാടുകളിലേക്കാവും. മറിച്ചായാല്‍ - തീര്‍പ്പുകള്‍, സര്‍ഗാത്മകമായ ഒന്നിന്റെയും ഭൂമികയാവില്ല. എം. ടി. അന്‍സാരിയുടെ 'മലബാര്‍: ദേശിയതയുടെ ഇട-പാടുകള്‍: ചരിത്ര സാഹിത്യ പാഠങ്ങള്‍' എന്ന പുസ്തകം അത്തരം ഒരു പരാധീനത അടിമുടി പേറുന്നു.

ശീര്‍ഷകം പുസ്തകത്തിന്റെ ആശയത്തെ കൃത്യമായി സംപ്രേക്ഷണം ചെയ്യുന്നില്ല എന്ന പ്രാഥമികതയ്ക്കപ്പുറം, ലേഖകന്റെ തന്നെ വിശകലനരീതിയനുസരിച്ച്, ശുഭകരമല്ലാത്ത ഒരു പ്രതിനിധാനം ഉള്‍പ്പേറുകയും ചെയ്യുന്നു. മലബാറിലെ മുസ്ലീംസമൂഹം എങ്ങിനെ കൊളോണിയല്‍, ദേശീയ ചരിത്ര രചനകളില്‍ 'മതഭ്രാന്തി'നെ സ്വയമേ ഉള്‍ക്കൊള്ളുന്ന ഒരു ഏകകമായിത്തീരുന്നു എന്നാണ് പുസ്തകത്തിന്റെ അന്വേഷണം. മലബാര്‍ ദേശനിര്‍മ്മിതിയിലെ ഇടപാടുകളും ഇടപെടലുകളും മാപ്പിളലഹളകളിലും ഇസ്ലാമിന്റെ 'മതഭ്രാന്തി'ലും മാത്രം ക്രമപ്പെട്ടുനില്‍ക്കുന്ന ഒന്നല്ല. എന്നാല്‍ അതില്‍ മാത്രം ഒതുങ്ങി നിന്നുകൊണ്ടുള്ള പഠനം നടത്തുമ്പോള്‍ ഈ ശീര്‍ഷകം തെറ്റിധാരണാജനകമായി മാറുന്നു. അതിനപ്പുറം എം. ടി. അന്‍സാരി എന്ന മുസ്ലിം നാമധാരി മലബാറിനെ കുറിച്ചെഴുതുമ്പോള്‍ അത് മാപ്പിള ലഹളയെ കുറിച്ചാവണമല്ലോ എന്ന പൂര്‍വകല്‍പ്പിത ധാരണകളിലേക്ക് എത്തികൊള്ളണം അനുവാചകന്‍ എന്ന പ്രതിനിധാനത്തിന്റെ രാഷ്ട്രീയം എഴുത്തുകാരന്റെ ചൊല്പ്പടിക്കപ്പുറം സഞ്ചരിക്കുന്ന അന്തര്‍ലീനമായ ധാരകളെ പുറത്തേക്ക് എടുത്തിടും. 'ഹിഗ്വിറ്റ'യില്‍ തുടങ്ങി മുസ്ലീം കഥാപാത്രങ്ങള്‍ പതിതമായി പ്രതിനിധീകരിക്കപ്പെടുന്നു എന്ന് ലേഖകന്  തോന്നുന്ന രചനകള്‍ കണ്ടത്തി അവതരിപ്പിക്കുമ്പോള്‍ സംഭവിക്കുന്നതും അതുപോലൊരു അനുവാചക സ്വാതന്ത്ര്യം മാത്രമാണ്. 'ഹിഗ്വിറ്റ'യെ ഒരു സാഹിത്യസൃഷ്ടി എന്ന അസ്തിത്വത്തില്‍ അതിന്റെ സങ്കീര്‍ണമായ പാഠത്തിലേക്ക് പ്രതിനിധാനത്തിന്റെ രാഷ്ട്രീയാന്വേഷണം നടത്തിയത് നിരൂപണത്തിന്റെ സാധ്യമായ മറ്റൊരു സര്‍ഗാത്മക വഴിയായി, അത് വേറിട്ട്‌ പ്രസിദ്ധീകരിക്കപെട്ട കാലത്ത്, മനസ്സിലാക്കാന്‍ ആവുമായിരുന്നു. എന്നാല്‍ ഇവിടെ പൂര്‍വ്വശിക്ഷിതമായ ഒരു പൊതുഹേതുവിലേക്ക് അതിനെക്കൂടി വിളക്കിചേര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അര്‍ത്ഥവ്യതിയാനം സംഭവിക്കുന്നു. അത് ക്രിയാത്മകമായ ഒന്നും സംഭാവന ചെയ്യുന്നില്ല, എഴുത്തുകാരന്റെ പൂര്‍വകല്പിതമായ കാമനകളെ സംതൃപ്തിപ്പെടുത്തുന്നു എന്നതിനപ്പുറം.

'മലബാര്‍ മാന്വല്‍' തുടങ്ങി ഇങ്ങോട്ടുള്ള പല ചരിത്ര പുസ്തകങ്ങളില്‍ നിന്നും ലേഖകന്‍ ഉദ്ധരണികള്‍ ചേര്‍ത്തിട്ടുണ്ട്. "വിവരങ്ങള്‍ സംഭരിച്ചു അവയെ പെട്ടെന്ന് തന്നെ അടിസ്ഥാനവിവരങ്ങള്‍ (data ) ആക്കി ക്രമീകരിക്കുക വഴി കോളനിവത്കരണത്തിന്റെ / ആധുനികീകരണത്തിന്റെ പ്രക്രിയകള്‍ക്ക് ഉപയോഗിക്കാനുതകുന്ന ഒരു ഭൂതകാലം നിര്‍മ്മിക്കുക" എന്നത് ആശാസ്യമായ ഒരു ചരിത്രരചനാരീതിയല്ല എന്ന് ലോഗനെ പരാമര്‍ശിച്ചുകൊണ്ട് പുസ്തകത്തിന്റെ തുടക്ക ഭാഗത്ത് തന്നെ കാണുന്നുണ്ട്. ഇപ്പറഞ്ഞതിലെ അശാസ്യത തുലോം ആപേക്ഷികം മാത്രമാണ്. ഏറ്റവും കൂടുതല്‍ ഡാറ്റ ഉള്‍പ്പേറുന്ന ചരിത്രം പില്‍ക്കാല പഠനങ്ങള്‍ക്ക് ഒരു ഖനിയാണ് ('മലബാര്‍ മാന്വലി'ന്റെ നിരന്തര പുനര്‍വായനകള്‍ തന്നെ ഉദാഹരണം). ക്രമപ്പെടുത്തിയ അടിസ്ഥാനവിവരങ്ങള്‍ സുതാര്യതയുടെയും ആധികാരികതയുടെയും പ്രതിഫലനമായും വായിക്കപ്പെടാം. ഏതോ സാമൂഹിക അവസ്ഥയില്‍, പ്രത്യശാസ്ത്ര നിലപാടില്‍, ജനിതക ഗുണദോഷങ്ങളില്‍ ഒക്കെ ഊന്നിനിന്നാണ് എല്ലാ ചരിത്രരചനയും നിര്‍വഹിക്കപെടുന്നത് എന്നത് പുതിയ മനസ്സിലാക്കലൊന്നും അല്ല. എന്നാല്‍, ഈ പുസ്തകത്തില്‍ മാത്രമല്ല, ഇന്നു പൊതുവെ വിശകലനങ്ങള്‍ ഇത്തരം കാലികമായ അനിവാര്യതകളെ പാഠത്തിനുള്ളില്‍ നിന്നും നോക്കി കാണുന്നതിനു പകരം, അവരവരുടെ ആശയനിലപാടുകളുടെ പ്രകാശനഭൂമികയിലേക്ക് വക്രീകരിച്ചു ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ലോഗന്‍ കോളനിവത്കരണത്തിന് സഹായകരമാകാന്‍ തന്റെ ചരിത്രരചനയില്‍ ഡാറ്റാ സ്വരൂപിച്ചുവച്ചു എന്ന് പുസ്തകകാരന്‍ ആരോപിക്കുമ്പോള്‍, അതേ വിവരങ്ങള്‍ തന്റെ 'മതഭ്രാന്ത്' ആശയങ്ങള്‍ക്ക് ഉപോല്‍ബലമേകാന്‍ എടുത്തുപയോഗിക്കാനാവും വിധം ലഭ്യമായിരിക്കുന്നു എന്നതും മറന്നുകൂടാ. ചരിത്രരചനകളെ പില്‍ക്കാലത്ത് ചലനാത്മകമാക്കുന്നത് അത് ഉപയോഗിക്കുന്നതിന്റെ ആശയാന്തരങ്ങളാണ്.

'മതഭ്രാന്ത്‌' എന്ന സംവര്‍ഗം മാപ്പിള ലഹളയെ മുന്‍നിര്‍ത്തി, കൊളോണിയല്‍/ദേശിയ പാഠങ്ങളില്‍  സമൂഹത്തിന്റെ മനോഘടനയെ രൂപപ്പെടുത്തിയത് എങ്ങിനെ എന്ന അന്വേഷണമായി അവതരിപ്പിക്കുന്ന ആശയം പക്ഷെ പ്രച്ഛന്നം മാത്രമാണ്.  മാപ്പിളലഹളയിലേക്കു നയിച്ചിരിക്കാവുന്ന സാമൂഹികസാഹചര്യങ്ങളില്‍ മതത്തിന് പങ്കുണ്ടായിരുന്നില്ല എന്നും ഭൂപ്രഭുക്കളുടെയും കൊളോണിയല്‍ ഭരണത്തിന്റെയും ചൂഷണത്തിനോടുള്ള പ്രതിപ്രവര്‍ത്തനം ആയിരുന്നു അതെന്നും സ്ഥാപിക്കാനുള്ള നേര്‍രേഖയിലുള്ള ശ്രമംമാത്രമേ ഭാഷാരൂപങ്ങളുടെ തിരശ്ശീല വകഞ്ഞാല്‍ കാണാനുള്ളൂ. ലോഗനെ കുറിച്ച് പുസ്തകകാരന്‍ ഇങ്ങിനെ എഴുതുന്നു: "സംവേദനക്ഷമത കുറഞ്ഞ മറ്റു വിശകലനങ്ങളില്‍ നിന്നും വത്യസ്തമായി ലോഗന്‍ മാപ്പിളമാര്‍ കലാപത്തിനൊരുങ്ങുവാന്‍ കാരണം സാമ്പത്തികവും സാംസ്കാരികവുമായ അടിച്ചമര്‍ത്തലാണെന്ന് അംഗീകരിക്കുന്നുണ്ടെങ്കിലും ചെറുകിട കര്‍ഷക-'കീഴാളനെ' മനസ്സിലാക്കുന്നതിനു ആത്യന്തികമായി അദ്ദേഹവും ഉപയോഗിക്കുന്നത് മതഭ്രാന്തിന്റെ ചട്ടകൂടാണ്". ലഹളയില്‍ പലതരത്തില്‍ ഭാഗഭാക്കായ കെ. മാധവന്‍നായരെ പുസ്തകകാരന്‍ ഒരിടത്ത് ഉദ്ധരിക്കുന്നത് ഇങ്ങിനെയാണ്‌: "അപ്പപ്പോള്‍ ഉണ്ടാകുന്ന ലഹളകള്‍ ഒതുക്കുവാന്‍ ചെലവാകുന്ന പണത്തിന്റെ ഒരംശം വിദ്യാഭാസവിഷയത്തില്‍ ഉപയോഗിച്ചിട്ടുണ്ടായിരുന്നുവെങ്കില്‍  ഏറനാട്ടില്‍ മാപ്പിളലഹലയെന്നത് വളരെ മുന്‍പ് തന്നെ അസ്തപ്രായമാകുമായിരുന്നു". കൊളോണിയല്‍ ഭാഷ്യമായ ഹിച്ച്കോക്കിന്റെ ഔദ്യോഗിക രേഖകളില്‍ നിന്നും എടുത്തെഴുതുന്നത് ഇങ്ങിനെ: "മൂന്ന് തവണ കാര്യങ്ങള്‍ കലങ്ങി തെളിയും എന്ന അവസ്ഥ ഉണ്ടായതാണ്. അപ്പോഴേക്കും ജില്ലയ്ക്കു പുറത്ത് നടന്ന, ജില്ലാ അധികാരികള്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത കാര്യങ്ങള്‍ ആണ് ആ പ്രതീക്ഷ തകിടം മറിച്ചത് - 1921 ഫെബ്രുവരിയില്‍ നാഗ്പ്പൂര്‍ സമ്മേളനവും അതിന് ശേഷമുള്ള യാക്കൂബ് ഹസ്സന്റെ കോഴിക്കോട് സന്ദര്‍ശനവും, 1921 ഏപ്രിലില്‍ മുഹമ്മദ്‌ അലി മദ്രാസില്‍ നടത്തിയ പ്രസംഗവും, 1921 ജൂലൈ അവസാനം കറാച്ചിയില്‍ നടന്ന ഖിലാഫത്ത് സമ്മേളനത്തിന്റെ തീരുമാനങ്ങളും. അവസാനത്തെ രണ്ടും മലയാളത്തില്‍ അച്ചടിച്ച്‌ പ്രചരിപ്പിച്ചിരുന്നു.  മറ്റു യാതൊരു സംഘാടനവും ഉണ്ടായിരുന്നില്ല. 1921  ആഗസ്തോടെ ഈ ഫലങ്ങള്‍ ഉണ്ടാവുക അനിവാര്യമായി തീര്‍ന്നിരുന്നു". എം. ബി. നമ്പൂതിരിപ്പാടിന്റെ കുറിപ്പ് ഇത്തരത്തിലാണ്: "സാമുദായിക വഴക്കുകളല്ല ഈ ലഹളയുടെ മൂലകാരണം. രാഷ്ട്രീയ മര്‍ദനത്തില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. .... ഈ ലഹള സ്വാതന്ത്ര്യസമരത്തിന്റെ ഒരു ഭാഗം മാത്രമാണ് " എന്നാല്‍ ഒരു ഘട്ടത്തില്‍ മതവികാരം ഇളക്കി വിടപ്പെട്ടതാണ് സമരം കൈവിട്ട് പോകാനുള്ള കാരണമെന്ന് അദ്ദേഹവും നിരീക്ഷിക്കുന്നു. 1921 - ലെ കലാപം വര്‍ഗ്ഗീയലഹള അല്ല എന്നു തന്നെ പറയുന്ന ഇ. എം. എസ്‌ പക്ഷെ ഇങ്ങിനെയും എഴുതുന്നുണ്ട്; "ഉറച്ച മതവിശ്വാസികളും തീരെ വിദ്യാഭ്യാസം ഇല്ലാത്തവരും സുസഘടിതരുമായ മാപ്ല സമുദായത്തില്‍ കാഫിറുകളെ കൊല്ലുകയോ മതംമാറ്റുകയോ ചെയ്‌താല്‍ തങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി കൂടുതല്‍ സുഗമമാവും എന്ന വിശ്വാസം തലയിലുറപ്പിച്ച കുറച്ച് മതഭ്രാന്തന്മാര്‍ ഉണ്ടാകാനിടയുണ്ട്". കെ. എന്‍. പണിക്കര്‍ 'കുറച്ചുകൂടി സങ്കീര്‍ണമായ ചിത്രം' അവതരിപ്പിക്കുന്നത്‌ ഇങ്ങിനെ: "മതത്തിന്റെ മധ്യവര്‍ത്തിത്വം ഒരു ഇരട്ടപങ്കാണ് നിര്‍വത്തിയത്. ഒരു വശത്ത്‌ അത് കര്‍ഷകരെ അടിച്ചമര്‍ത്തലിനെതിരെ പോരാടുവാന്‍ സഹായിച്ചു. മറുവശത്താകട്ടെ, പരലോകത്തിന്റെ ആനന്ദങ്ങളിലേക്ക്   അവരുടെ കാഴ്ചപ്പാടിനെ പരിമിതിപ്പെടുത്തികൊണ്ട് അവരുടെ സാദ്ധ്യതകളെ നിരാകരിച്ചു. മാപ്പിളകര്‍ഷകരെ സംബന്ധിച്ചിടത്തോളം മതം ഒരേ സമയം പ്രവര്‍ത്തനത്തിനുള്ള പ്രത്യയശാസ്ത്രവും ഒരു മയക്കുമരുന്നും ആയിരുന്നു"

ഇത്തരം കുറിപ്പുകള്‍ സംശയലേശമന്യേ വെളിവാക്കുന്നത് മാപ്പിളലഹളയില്‍ മതം മൂലകാരണം ആയിരുന്നില്ല എന്നുതന്നെയാണ്. തൊഴിലാളികള്‍ അനുഭവിച്ചിരുന്ന ചൂഷണം, സാമ്പത്തികമായ പിന്നോക്കാവസ്ഥ, വിദ്യാഭ്യാസം ഇല്ലായ്മ, ഖിലാഫത്ത് ഉള്‍പ്പെടെയുള്ള ദേശിയപ്രസ്ഥാനങ്ങള്‍ ഉളവാക്കിയ ചലനാത്മകത - സങ്കീര്‍ണമായ സാഹചര്യങ്ങള്‍ ഒരുപാടുണ്ടായിരുന്നു ഒരു ലഹളയിലേക്കു നീങ്ങാന്‍. എന്നാല്‍ ഒടുവില്‍, ഒരു മതസമൂഹം ഏറ്റെടുത്ത ലഹളയായി അത് മാറാന്‍ ഉണ്ടായ കാരണങ്ങളില്‍ മതാത്മകത പങ്കുവഹിച്ചു എന്ന്, പുസ്തകകാരന്‍ ഉദ്ധരിക്കുന്ന ആധുനികരല്ലാത്തവരും ആധുനികരുമായ എല്ലാ ചരിത്രകാരന്മാരും കണ്ടെത്തുന്നുണ്ട്. ലഹളയില്‍ പങ്കെടുത്തവരുടെ മതാവബോധം ഇത്തരം ഒരു ഏകാമാനതയിലേക്ക് അവരെ ഒട്ടുമേ നയിച്ചിട്ടില്ലെന്നും, ഇസ്ലാമിന് നേരെയുള്ള, ഇസ്ലാം  ഇതരമായ ഇടങ്ങളില്‍ മുന്‍പേതന്നെ നിലനില്‍ക്കുന്ന ഒരു മുന്‍ധാരണയുടെ പ്രതിഫലനം മാത്രമാണ് ഇത്തരം എഴുത്തുകളില്‍ കാണുന്നത് എന്നും തെളിയിക്കാന്‍ 'ഇന്ദുലേഖ'യില്‍ നിന്നും ഷിയര്‍ അലിഖാന്‍ കഥയുടെ സംപ്ക്ഷിപ്ത വിവരണം നല്‍കിയാല്‍ മതിയാവില്ല. മാപ്പിളലഹളയുടെ ചരിത്രതാളുകളിലല്ല അതിന്റെ അന്വേഷണം നടക്കേണ്ടതും. അതിന് മുന്‍പും അതിന് ഉപരിയായും അന്വേഷണം ആവശ്യപ്പെടുന്ന സങ്കീര്‍ണ്ണതലങ്ങള്‍ അതിനുണ്ട്. ഏകപക്ഷികമായ പ്രസ്താവങ്ങള്‍ക്കപ്പുറം അത്തരം അതീത വിശകലനങ്ങളൊന്നും ഇവിടെ പങ്കുവയ്ക്കുപ്പെടുന്നില്ല.

ഇരയോടുള്ള അനുഭാവം എന്ന നിലയ്ക്ക് ഇസ്ലാമിനോട് ഇന്ന് നമ്മുടെ ബൌധികലോകം അനുതാപപൂര്‍ണ്ണമായ ചായ്‌വ് കാണിക്കുന്നത് ഈ പുസ്തകവും ക്രമാതീതമായി പ്രകാശിപ്പിക്കും. സെക്യുലറായിരിക്കുക എന്ന നിലയ്ക്കുള്ള സ്യൂഡോബോധം കൂടി ഇത്തരം രചനകളില്‍ കണ്ടുവരും. ഒരു മതത്തിന് സെക്യുലര്‍ രാഷ്ട്രത്തില്‍ ലഭിക്കേണ്ട അര്‍ഹമായ പ്രാതിനിധ്യം നമ്മുടെ ദേശീയതയുടെ എല്ലാ ധാരകളും അനര്‍ഹമാക്കി  തീര്‍ക്കുകയോ വികലമാക്കുകയോ ചെയ്തു എന്നാണല്ലോ ഈ പുസ്തകം ചര്‍വിതചര്‍വ്വണം ചെയ്യുക. അത്തരത്തില്‍ പാര്‍ശ്വവല്ക്കരിക്കപെട്ട ഒരു സമുദായത്തിനോടുള്ള ചായ്‌വ് സെക്യുലര്‍ തന്നെ എന്നാണത്. ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്നാണ്‌ സെക്യുലര്‍ എന്ന അവസ്ഥ ഏറെക്കൂറെ മൂര്‍ത്തമായ രാഷ്ട്രീയതലങ്ങള്‍ അന്വേഷിക്കുന്നത്. യൂറോപ്പില്‍ അത് മതാതീതം എന്ന് തന്നെയായിരുന്നു - എല്ലാ മതങ്ങള്‍ക്കും ഒരുപോലെ എന്നായിരുന്നില്ല. ഇന്ത്യന്‍ ഭരണഘടന ഉള്‍പ്പെടെ തെറ്റായി വ്യാഖാനിച്ചു എന്നതുകൊണ്ട്, കക്ഷിരാഷ്ട്രീയത്തിന് പുറത്ത് ധൈഷണിക അന്വേഷണങ്ങള്‍ നടത്തുന്നവരെങ്കിലും മതങ്ങള്‍ക്ക് സമാസമം പങ്കുവയ്ക്കുന്നതിനുള്ള ലൈസന്‍സല്ല സെക്ക്യുലറിസമെന്ന് ആര്‍ജവത്തോടെ മനസ്സിലാക്കാതെ പോകേണ്ടതില്ല.  മതാത്മകതയില്‍ ഊന്നിനിന്നുള്ള ഏത് സാമൂഹിക അന്വേഷണവും, മതസമൂഹങ്ങളെ കൂടുതല്‍ ഒറ്റപ്പെടുത്തലുകളിലേക്കും വിഭവനഷ്ടങ്ങളിലേക്കും കൊണ്ടുപോകും. അതിനുമപ്പുറം മൌലീകവാദസരണികള്‍ക്ക് ധൈഷണികപിന്‍ബലം നല്‍കുകയും ചെയ്യും.

00

Tuesday 22 April 2014

രതിജീവിതത്തിന്റെ സങ്കീർണ്ണ ഇടവഴികളിൽ...

പൊതുവേ പറഞ്ഞു കേള്‍ക്കാറുള്ള, ജീവിതത്തിന്റെ സങ്കീര്‍ണതകളെ ആധുനികതയുമായി അല്ലെങ്കില്‍ സമകാലവുമായി ബന്ധപ്പെടുത്തുന്ന സമവാക്യത്തിന്റെ സാംഗത്യം സംശയാസ്പദമാണെന്ന് തോന്നാറുണ്ട്. ഏറ്റവും ലളിതമായതിന്റെ സൃഷ്ടിയില്‍ അതിസങ്കീര്‍ണമായ രാസപ്രവര്‍ത്തനം പിന്നണിയില്‍ നടന്നിട്ടുണ്ടാവും എന്നത് ശാസ്ത്രത്തിന്റെ മാത്രം ഭൂമികയല്ല, ശാസ്ത്രാതീതമായവകളുടെ കൂടിയാവും. അത് കാലാതീതം ആവാതെ തരമില്ല. ലളിതമായ ജീവിതപരിസരങ്ങളില്‍ നിന്ന് 'മഹാഭാരത'വും അജന്തയും എല്ലോറയും സൂക്ഷ്മശില്പസമൃദ്ധമായ ക്ഷേത്രപരമ്പരകളും ഉണ്ടാവില്ല, സൌന്ദര്യത്തിന്റെ മൂര്‍ത്തരൂപമായി വീനസും ആഫ്രഡിറ്റിയും പിറക്കില്ല, മധ്യകാലത്ത് നിര്‍മ്മിതമായ കൂറ്റന്‍പള്ളികളില്‍ വിചിത്രമായ ജ്യാമതീയപരീക്ഷണങ്ങള്‍ നടക്കില്ല, മൈക്കല്‍ അഞ്ചലോയ്ക്ക് മോണലിസയേയും ഷേക്സ്പീറിന് മാക്ബത്തിനെയും സങ്കല്‍പ്പിക്കാനാവില്ല. ജീവിതം എന്നും എവിടെയും സങ്കീര്‍ണമായിരുന്നു എന്നുകരുതാനേ തരമുള്ളൂ.

ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വൈകാരികബന്ധത്തിലൂടെ കാലത്തിന്റെ സങ്കീര്‍ണതകള്‍ അന്വേഷിച്ചുപോകുന്ന ഒരു കലാകാരന്റെ വിഹ്വലതകളായി സ്റ്റാന്‍ലി കുബ്രിക്കിന്റെ അവസാന സിനിമ ആവേശിക്കും. ബഹുലമായ ജീവിതസങ്കീര്‍ണതകളെ അനാവരം ചെയ്യാനുള്ള ശ്രമങ്ങള്‍ സൂക്ഷ്മമായ ഇടങ്ങളുടെ ഉദാഹരണവിന്യാസങ്ങള്‍ കൊണ്ട് മാത്രമേ സാധ്യമാവുകയുള്ളു എന്ന് നല്ല കലാകാരന്മാര്‍ എന്നും കാണിച്ചുതന്നിട്ടുണ്ട്. വിവാഹംകഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം, ലൈംഗീകതയെ കുറിച്ചുള്ള ഗോപ്യവും ഇരുണ്ടതുമായ പുനരാലോചനകളിലൂടെ ബില്ലും ആലിസും കടന്നുപോകുന്നുണ്ട്. ഭൌതീകമായ ജീവിതത്തിന്റെ ഇടങ്ങളിളല്ല ഇത് സംഭവിക്കുന്നത്‌ - ഒരു അതീതതലത്തിലാണ്. സിനിമ മുഴുവന്‍ പതിഞ്ഞ താളത്തില്‍, വിചിത്രമായ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍, അലങ്കരിക്കപ്പെട്ട വീടുകളുടെ നിഴല്‍വീണ ഉള്ളറകളില്‍, രാത്രിയുടെ തെരുവുകളില്‍ ഒക്കെയാണ് കഥ നിവര്‍ത്തിയിട്ടിരിക്കുന്നത്.

സദാചാരത്തിനും വ്യഭിചാരത്തിനും ഇടയ്ക്ക് ഒരു ചുവടുവയ്പ്പിന്റെ അകലമേയുള്ളൂ. ഈ ചെറിയ ഇടനാഴിയിലൂടെയാണ് സിനിമ കടന്നുപോകുന്നത്, നായകന്റെയും നായികയുടെയും സൂക്ഷ്മമായ മനോവിചാരങ്ങളെ നിശിതമായി പിന്തുടര്‍ന്നുകൊണ്ട്. അശരീരികളും ആത്മഗതങ്ങളുമില്ലാതെ കാഴ്ചയിലൂടെ മാത്രം ചിന്തയെ സംപ്രേഷണം ചെയ്യുന്ന സിനിമയെന്ന കലയുടെ അപൂര്‍വ്വവിന്യാസങ്ങള്‍ ഈ ചിത്രം കാട്ടിത്തരും. മൊറാലിറ്റിയുടെ ദര്‍ശനത്തില്‍ താനേത് ചേരിയിലാണെന്ന് ശങ്കയ്ക്കിടയില്ലാത്ത വിധം സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ലൈംഗീകതയുടെ സാഹസികസഞ്ചാരങ്ങള്‍ വ്യക്തിജീവിതത്തിന്റെ അരികുകളില്‍ എപ്പോഴും സന്നിഹിതമെന്നും അറിയുന്നുണ്ട്. ഈ സംഘര്‍ഷത്തിന്റെ സങ്കീര്‍ണമായ സംപൂരണമാണ് ഈ സിനിമയുടെ സ്വത്വം.

താന്‍ അവിചാരിതമായി ചെന്നുപെടുന്ന ഒരു സമൂഹരതിയില്‍ നിന്നും, അതിന്റെ മറ്റു അപകടങ്ങളില്‍ നിന്നും, രക്ഷപ്പെടുത്തി വിടുന്ന സ്ത്രീയുടെ മരണമുള്‍പ്പെടെയുള്ള രഹസ്യങ്ങള്‍ തിരക്കിനടന്ന് കണ്ടുപിടിക്കുന്നുണ്ട് ബില്‍. പെട്ടെന്നോര്‍മ്മ വരുക മൈക്കലാഞ്ചലോ അന്റോണിയോണിയുടെ 'ബ്ലോ അപ്പ്' എന്ന സിനിമയാണ്. അതിലും നായകനായ തോമസ്‌, തന്നെ മഥിക്കുന്ന ഒരു മരണത്തിന്റെ രഹസ്യമന്വേഷിച്ചു നടക്കുന്നുണ്ട്. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്, ആ മരണം കൂടുതല്‍ കൂടുതല്‍ അവ്യക്തവും നിഗൂഡവുമായി മാറുകയാണ് ചെയ്യുന്നത്. ആ മരണം തന്നെ വാസ്തവമായിരുന്നോ എന്നൊരു പ്രഹേളികയിലേക്കതെത്തുന്നു ഒടുവില്‍. മരണത്തെക്കാളുപരി ജീവിതത്തിന്റെ മായികാസ്വഭാവം നിശിതമായി സന്നിവേശിപ്പിച്ച്‌ അവസാനിക്കുന്ന 'ബ്ലോ അപ്പി'ന്റെ അവ്യവസ്ഥ സാഫല്യത്തിലേക്ക് പക്ഷേ കടന്നുനില്‍ക്കാനാവുന്നില്ല 'ഐയ്സ് വൈഡ് ഷട്ടി'ന്റെ തീര്‍പ്പുകള്‍ക്ക് എന്ന് ഒരു താരതമ്യ വിചാരത്തില്‍ തോന്നാതിരിക്കില്ല.

00

Tuesday 15 April 2014

കപിലവസ്തുവില്‍ ഒരു പെണ്ണും ഒരാണും കുറേ കുട്ടികളും അവര്‍ തൊട്ട നന്ത്യാര്‍വട്ടവും

കവിതയുടെ ബാദ്ധ്യത കാലത്തോടും പ്രകൃതിയോടുമാണു്‌. സാഹിത്യലോകത്തെ സമകാലികമായ നിയതകല്പനകളെ എന്നും അതു് കവച്ചുപോയിട്ടുണ്ടു്‌. ആ വഴി സുതാര്യമോ പ്രത്യക്ഷമോ അല്ലതന്നെ. സച്ചിദാനന്ദന്‍ കാണാത്തതുകൊണ്ടോ എന്‍. എസ്‌. മാധവൻ വായിക്കാത്തതുകൊണ്ടോ മൂടിപ്പോകുന്ന കാട്ടുവഴിയല്ല അതു്‌. കാലവും പ്രകൃതിയും മാറിയതും, മലയാള കവിതയുടെ സഞ്ചാരം പുതിയ വഴികളിലൂടെ പതിഞ്ഞു നടക്കുന്നതും അവരറിഞ്ഞില്ല എന്നേ അതു് വെളിവാക്കുന്നുള്ളൂ. ഒരു തരത്തില്‍ സമകാലത്തു നിന്നു് വെളിയില്‍ പോയവരെ കവിത നേരിടുന്നില്ല എന്നുമാണതു്‌. ശ്രാവസ്തിയിലും കാനനച്ഛായയിലും വിലങ്ങനിലുമൊന്നും പുതിയ കവിതയ്ക്ക്‌ പോയി നില്ക്കാന്‍ വയ്യ. അവയൊന്നും ഇന്നു് ഇല്ല. പ്രകൃതി മറ്റൊരു ലോകം സൃഷ്ടിച്ചു കഴിഞ്ഞു. കാലത്താല്‍ തോല്പിക്കാന്‍ വയ്യ എന്നു് ഉറപ്പുള്ളതുകൊണ്ടാവും പുതിയ കവിത പുതിയ ഇടങ്ങളില്‍, കടമ്മനിട്ടയെ പോലെ നിലവിളിക്കാതെയോ, ചുള്ളിക്കാടിനെപോലെ വാഗ്ഘോഷം രതിയാക്കാതെയോ പതുക്കെ നടക്കുന്നതു്‌. ഭാഷയുടെ കനം ഭാവുകത്വത്തിന്റെ നഷ്ടമാകാന്‍ ഈ കവിതകള്‍ ആഗ്രഹിക്കുന്നുണ്ടാവില്ല. അതു് എളുപ്പമുള്ള നഗരപാതയാണെന്നു് ആശ്വസിക്കുന്നവര്‍, അങ്ങിനെ വായിച്ചെടുക്കുന്നവര്‍, ഇനിയും ഒരുപാടു് നടക്കേണ്ടതുണ്ടു്, പുതിയ കവിതയെ മനസ്സിലിട്ടു് വാറ്റി വാറ്റി. അപ്പോള്‍ ആ വഴിത്താരയുടെ ഓരംചേര്‍ന്നു് പൊടിഞ്ഞുവീണ രക്തത്തുള്ളികള്‍ കാണാം. പ്രേമപരാജയത്താല്‍ തൂങ്ങിചാവുന്നതോളം പ്രകടനപരത, മല കണ്ടാല്‍ ഒലിക്കുന്നിടത്തോളം പ്രകൃതിസ്നേഹം കാലത്തിനു് ആവശ്യമില്ലെന്നു അറിയുന്നതു കൊണ്ടാവാം, പൊട്ടിയ രക്തധമനികളെ നിസ്സാരവല്‍ക്കരിച്ചു കൊണ്ടു്, ഈ കവിതകള്‍ അവകാശവാദങ്ങളില്ലാതെ നടന്നുപോകുന്നതു്‌.

ഐ. വി. ശശിയുടെ ഒരു സിനിമയില്‍ കണ്ടേക്കാവുന്ന സീന്‍ ഇങ്ങിനെയാവും; ഭൌതിക സാഹചര്യത്തിന്റെ അനിവാര്യതയാല്‍, നിഷ്കളങ്കയായ ഒരു പെണ്‍കുട്ടി ധനവാന്റെ കിടപ്പറയില്‍ എത്തിപ്പെടുന്നു. സംഭവം കഴിഞ്ഞു പുറത്തിറങ്ങുന്ന പെണ്‍കുട്ടി അപ്രതീക്ഷിതമായി കാണുന്നതു്‌, ധനവാന്റെ ഡ്രൈവറായ തന്റെ കളിക്കൂട്ടുകാരന്റെ തീപാറുന്ന മുഖമാണു്‌. മാനഭയത്താലും മറ്റും അവള്‍ ആ രാത്രി ജീവനൊടുക്കുന്നു. ഈ കഥ കണ്ണീര്‍വാര്‍ത്തു് കണ്ട തലമുറ കഴിഞ്ഞുപോയി. മാറിയ ലോകക്രമത്തില്‍ മറ്റുതരത്തില്‍, മറ്റു തലങ്ങളില്‍ ഈ കഥകള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ടു്‌; കൂടുതല്‍ തീവ്രമായി, കൂടുതല്‍ വ്യാപകമായി. പക്ഷെ കവികള്‍ക്കിന്നു് ഇതുനോക്കി ആക്രോശിക്കാന്‍ വയ്യ. അതു ക്രിയാത്മകമല്ലെന്ന അറിവു് അവര്‍ക്കുണ്ടു്‌. എന്നാല്‍ അതിന്റെ വിമാനുഷികത സന്യാസിയുടെ നിര്‍മ്മമതയോടെ, ജ്ഞാനിയുടെ അനുധാവനത്തോടെ, വിദൂഷകന്റെ നര്‍മ്മത്തോടെ, അവര്‍ തങ്ങളുടെ സ്വകാര്യമുറികളിലിരുന്നു് അനുഭവിക്കുന്നുണ്ടു്‌. ആ ഭാവുകത്വത്തിനു തെരുവിലെ മൈക്കിനു മുന്നില്‍ പ്രകാശനമില്ല. അതു തേടുന്ന അനുവാചകന്‍ ഒരു ജനക്കൂട്ടവും അല്ല. സിയോള്‍ മുതല്‍ സിലിക്കന്‍വാലി വരെ പരന്നുകിടക്കുന്ന പുതിയ മലയാളിയുടെ ഛിന്നലോകങ്ങളാണു് ഈ കവിത തേടുന്നതു്‌. അതിനാലാവും മുകളില്‍ സൂചിപ്പിച്ച പ്രമേയപരിസരത്തു നിന്നും വരുന്ന ഒരു കവിത, ഭാഷയിലും രൂപത്തിലും തുലോം ലളിതമായി, ചെറുഫലിതം പോലെ താള്‍മറിയുന്നതു്‌. എന്നാല്‍ അനുഭവത്തിന്റെ ആഴങ്ങളില്‍ അത്രയും ലളിതവും ഫലിതാത്മകവും ആവാത്തതും.

ബിന്ദു കൃഷ്ണൻ
കേരളസമൂഹം കഴിഞ്ഞ പതിറ്റാണ്ടില്‍ വികസിപ്പിച്ച വ്യവസായമാണു് വിനോദസഞ്ചാരം. മറ്റു് വ്യവസായങ്ങള്‍ ഒന്നും കാര്യമായി വേരിറക്കാത്ത കേരളത്തില്‍ ഈ വ്യവസായം എന്താവും പച്ചപിടിച്ചതു്‌? മറ്റേതൊരു വ്യവസായത്തിന്റേയും അടിസ്ഥാനം, അസംസ്കൃതവസ്തുക്കളില്‍ നിന്നും സംസ്കൃതവസ്തുക്കളുടെ നിര്‍മ്മാണമാണു്‌. ഈ പരിവര്‍ത്തനം സാദ്ധ്യമാക്കുന്നതു് മനുഷ്യവിയര്‍പ്പിന്റെ മണമുള്ള തൊഴില്‍ശക്തിയാണു്‌. വിനോദസഞ്ചരവ്യവസായത്തിനു അത്രത്തോളം വിയര്‍പ്പില്ല. ഉള്ള പ്രകൃതിവിഭവങ്ങള്‍ വിനോദസഞ്ചാരിക്കു് അനുഭവിക്കാന്‍ വിട്ടുകൊടുത്താല്‍ മതി. വിനോദസഞ്ചാരിയുടെ അനുഭവമൂര്‍ച്ഛ പകരം തരുന്ന വിലയില്‍, സമൂഹം അതിന്റെ സെന്റ്‌ പൂശിയ മൂല്യങ്ങള്‍ ഉയര്‍ത്തുന്നു. എന്നാല്‍ കവികള്‍ക്കു് ഈ സമവാക്യങ്ങളില്‍ അഭിരമിക്കാന്‍ വയ്യ. അടരുകള്‍ മറിച്ച്‌ മനുഷ്യാവസ്ഥയുടെ അശുഭലോകങ്ങളില്‍ അവര്‍ ചെന്നു നോക്കുന്നു. ഇന്നത്തെ കവികള്‍ പ്രത്യയശാസ്ത്രത്തിന്റെയോ ഭാഷാവ്യഗ്രതയുടെയോ രൂപമോഹങ്ങളുടെയോ കട്ടികണ്ണടയിലൂടെ അല്ല ജീവിതങ്ങളെ നോക്കുന്നതും പകര്‍ത്തുന്നതും.

ഈ കാലത്തു് നമ്മുടെ ദൈവം വിനോദസഞ്ചാരിയാണു്‌. നമുക്കുള്ളതെല്ലാം അവനും സ്വന്തമാണു്‌. അങ്ങിനെയാണു് നമ്മുടെ:
"മീനുകള്‍
എണ്ണയില്‍ മുങ്ങിത്തോര്‍ത്തി
മഞ്ഞളും സിന്ദൂരവും അണിഞ്ഞു
നിസ്സംഗമായ കണ്ണുകളോടെ
അയാള്‍ക്ക്‌ മുന്നില്‍ മലര്‍ന്നു കിടക്കുന്ന"ത്‌
"തെങ്ങുകള്‍
അയാള്‍ക്കായി പാല്‍ചുരത്തുന്ന"ത്‌

തിന്നും കുടിച്ചും കായലോളങ്ങളില്‍ അയാള്‍ ഉല്ലാസസഞ്ചാരം നടത്തുമ്പോള്‍ നിയതഭാഷാരൂപങ്ങളില്‍ നിന്നും വളരെ അകലെയായി നിര്‍മമമായ നിറകണ്‍ചിരിയുമായി കവിത നടക്കുകയാണു്‌. സങ്കീര്‍ണ്ണതയില്‍ കവിതയുടേയും ജീവിതത്തിന്റേയും അപര്യാപ്തതകള്‍ മറഞ്ഞുപോകരുതു് എന്ന ശാഠ്യമാവും ഇത്രയും ധൈര്യപൂര്‍വം സുതാര്യമാവാന്‍ പ്രേരിപ്പിക്കുക. ജീവിതത്തിന്റെ നതകള്‍ മുഴുവന്‍ അനാവരണം ചെയ്യപ്പെട്ട കാലത്തു് ഭാഷാസങ്കീര്‍ണ്ണതകളില്‍ ഒളിച്ചുകടത്താനുള്ളതല്ല കവിത. മീനിനേയും കള്ളിനേയും പോലെ നമ്മുടെ പെണ്ണും അയാളുടെ തന്നെയാണു്‌. ദൈവത്തിനു എല്ലാം സ്വന്തം.
"വെള്ളവിരിപ്പില്‍
ചോരപ്പാടൊന്നും പടര്‍ന്നില്ല
ഇതാദ്യമൊന്നുമല്ലല്ലോ
ഓളത്തില്‍ താളത്തില്‍..."

ആഖ്യാനം നടത്തുന്ന പെണ്‍കുട്ടിയാണു് സഞ്ചാരിക്കു് സ്വന്തമായി വള്ളത്തിലുള്ളതു്‌. രാത്രി, വള്ളത്തില്‍ നിന്നും തിരിച്ചിറങ്ങുമ്പോഴാണു് അയലത്തെ ഷാജിയേട്ടന്റെ കലങ്ങിയ കണ്ണുകള്‍ അമരത്തു് അവള്‍ കാണുന്നതു്‌.
"ഓ, ഇതിലിത്രയ്ക്കെന്തുവാ?
കൂരയുടെ പിന്നിലെ തോട്ടില്‍
നന്നായൊന്നു കുളിക്കണം"

ഷാജിയേട്ടന്റെ കലങ്ങിയ കണ്ണുകള്‍ ചെറിയ പരിസരങ്ങളിലെ വലിയ സമസ്യയായി പ്രശ്നവല്‍ക്കരിക്കപ്പെടുന്നില്ല. വിറ്റുപോയ തന്റെ ജീവിതത്തെ നിസ്സംഗമായാണു് അവള്‍ കാണുന്നതു്‌. മാറുമറയ്ക്കാന്‍ സ്വാതന്ത്ര്യം നേടിയെടുത്തിടത്തു നിന്നും, സഞ്ചാരിക്കു മുന്നില്‍ അതു് അനാവൃതമാക്കാനും, അവന്റെ മണവും സ്രവവും ഒരു തേച്ചുകുളിവരെമാത്രം പാതിവ്രത്യനഷ്ടമായി കാണാനും മലയാളിപെണ്ണു് ഏതാനും പതിറ്റാണ്ടുകള്‍ കൊണ്ടു നടന്നുതീര്‍ത്ത ദൂരം തെളിയുന്നുണ്ടിവിടെ (മാധവിക്കുട്ടിയും ശാരദക്കുട്ടിയും കയ്ക്കുന്നുണ്ടെങ്കിലും).

ബസ്‌സ്റ്റാന്റിലും റെയില്‍വേസ്റ്റഷനിലുമൊക്കെ ഇരതേടി നടന്നിരുന്ന അഭിസാരികകള്‍ക്കു് വംശനാശം സംഭവിച്ചു. സമൂഹത്തിന്റെ ജീവിതാവസ്ഥയ്ക്കു് അനുസൃതമായി സമകാലത്തു് അതിന്റെ തലങ്ങളും വ്യാപ്തിയും വര്‍ദ്ധിച്ചിരിക്കുന്നു. സമൂഹത്തിനോടോപ്പം അവളുടെ അനുഭവപ്രദേശങ്ങളും മാറിപ്പോയി.
"ഇന്നു രാത്രി അസന്‍
മരുന്നുകഴിച്ച്‌ ചുമയ്ക്കാതുറങ്ങും
അനിയന്‍ വയറു നിറഞ്ഞ്‌
കരയാതുറങ്ങും
അതാ കാര്യം
അതെയൊള്ളു കാര്യം"

ഒരു പെണ്‍കുട്ടിക്കു് ശരീരം വില്ക്കാനുള്ള സാഹചര്യം എന്നും നിലവിലുണ്ടായിരുന്നു, കേരളത്തിലും. എസ്കോര്‍ട്‌ സര്‍വ്വിസ്‌ നല്കപ്പെടും എന്ന ഇന്റര്‍നെറ്റ്‌ പരസ്യത്തിലേക്കു്‌, ആവശ്യക്കാരെ കൂടുതല്‍ ബന്ധപ്പെട്ടതു്‌, ആവശ്യക്കാര്‍ക്കുവേണ്ടി തയ്യാറുള്ള കോളേജ്‌ വിദ്യാര്‍ത്ഥിനികളും വീട്ടമ്മമാരുമൊക്കെയാണെന്നു് ഇക്കഴിഞ്ഞ ദിവസം പത്രവാര്‍ത്ത കണ്ടു. സാഹചര്യം മാറിയിട്ടുണ്ടു് തന്നെ. അസന്റെ മരുന്നും അനിയന്റെ വയറും ആണു് വലുതു്‌, തന്റെ ശരീരമല്ല എന്നൊരു തിരിച്ചറിവാണതു്‌. പുതിയ വിപണനമൂല്യങ്ങളില്‍ തന്റെ ശരീരത്തിനു മറ്റേതൊരു ഉല്പന്നത്തെ പോലെയും വിലയുണ്ടു് എന്ന മനസ്സിലാക്കല്‍. ഉപഭോക്താവിന്റെ കിടപ്പറയില്‍ അവളുടെ ശരീരം ഉപയോഗിക്കപ്പെടാനുള്ള ഒരു ഉല്പന്നം മാത്രമാണു്‌. ഉല്പന്നത്തിനു് ആത്മാവില്ല. ഒരു കുളികഴിഞ്ഞാലെ അവള്‍ മകളും ചേച്ചിയും കാമുകിയും ഒക്കെ ആയി പരിണമിക്കുന്നുള്ളു.
"ഹൌസ്ബോട്ടില്‍ ഇത്രനാള്‍
തുഴഞ്ഞിട്ടും
ഷാജിയേട്ടനറിയത്തില്ലേ" ഇത്‌.

ഇത്രയുമാവുമ്പോള്‍ ഒരു ചോദ്യം പ്രസക്തമാവുന്നുണ്ടു് - അനിവാര്യതകളെ പകര്‍ത്തലാണോ കാവ്യധര്‍മമം? സമൂഹത്തില്‍ വേശ്യാവൃത്തി മാന്യമായി തുടരുക എന്ന നിലയ്ക്കു് നിസ്സംഗമായ ഉത്തമപുരുഷ ആഖ്യാനത്തിലൂടെ നായികയായ പെണ്‍കുട്ടിയെ മാന്യവല്ക്കരിക്കയാണോ കവിത? അവളെ സാദ്ധ്യമാക്കിയ സാമുഹ്യസാഹചര്യത്തോടു സമപ്പെടുകയാണോ? അപചയത്തിന്റെ പകര്‍ച്ചയില്‍, ഈ വിമാനുഷികതയെ കവിത നേരിടുന്നുണ്ടോ? നമ്മുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ആരുടെയൊക്കെയോ വിരല്‍ത്തുമ്പില്‍ അണ്വായുധങ്ങള്‍ നമുക്കായി കാത്തിരിക്കുന്ന കാലത്തു് തൂലിക പടവാളൊന്നുമല്ലെന്ന ഉള്‍ക്കാഴ്ചയില്‍ നിന്നു തന്നെയാവാം ക്രൂരമായ പരിഹാസത്തിന്റെ വലിയൊരു കായല്‍ 'സൊന്തം' എന്ന വാക്കില്‍ അലയടിക്കുന്നതു്‌. 'സ്വന്ത'ത്തിനു പകരം കവിതയില്‍ മുഴുവന്‍ ഉപയോഗിച്ചിരിയ്ക്കുന്നതു് 'സൊന്തം' എന്ന പാരഡിയാണു്‌. 'സ്വന്തം' 'സൊന്ത'മാവുന്നതിന്റെ സാമൂഹികമായ പതിത്വം മുഴുവന്‍ ആ കറുത്ത ഫലിതത്തില്‍, ഏതോ മുറിയില്‍, വേദനിക്കുന്ന ഏതോ നിശാനേരങ്ങളില്‍ രക്തം വിരലില്‍ നിന്നു കടലാസിലേക്കു പടര്‍ന്നൊഴുകുമ്പോള്‍, കവിതയുടെ പ്രതിബദ്ധതയാവുക തന്നെ ചെയ്യും.

രണ്ടു്
ഷാജിയേട്ടന്‍ ഒരു ഹൌസ്ബോട്ടിന്റെ അമരത്തെ അസ്തിത്വം മാത്രമല്ല. അതിനു് പുറത്തു് അയാള്‍ക്കു് ഒരു പൊതുമലയാളിയുടെ ജീവിതം ഉണ്ടാവണമല്ലോ. വിനോദസഞ്ചാരിയെ ദൈവമാക്കുന്ന തലങ്ങളിലേക്കു് കേരളം പരുവപ്പെട്ടതിന്റെ ചലനാത്മകതകളിലൂടെയെല്ലാം ഈ മലയാളി യുവാവും കടന്നുവന്നിട്ടുണ്ടു്‌. പത്തിരുപതു കൊല്ലം മുമ്പത്തെ അഭിസാരിക ഇന്നില്ല എന്നതു പോലെ തന്നെ, അക്കാലത്തു ജീവിച്ചിരുന്ന യുവാവും മറഞ്ഞുപോയിരിക്കുന്നു. എത്ര പെട്ടെന്നാണു് നമ്മള്‍ മാറിയതു്‌! പൊതുവേ യുവാക്കള്‍ തൊഴിലുമായി ബന്ധപെട്ടുവരുന്ന പ്രദേശങ്ങള്‍ക്കപ്പുറമുള്ളതിനോടൊക്കെയും ഉദാസീനരായി മാറി. ലൌകിക ഉയര്‍ച്ചയ്ക്കായി സ്പെഷ്യലൈസേഷനില്‍ അനാവശ്യ ശ്രദ്ധചെലുത്തുകയും, അമൂര്‍ത്തതകളുടെ വൈകാരികതലങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്തു. മുമ്പുണ്ടായിരുന്ന ഏകമാനത നഷ്ടപെട്ടു എന്നതുപോലെ തന്നെ ജീവിതത്തിന്റെ വ്യത്യസ്തമായ ഇടങ്ങള്‍ തമ്മിലുള്ള അന്തരം വല്ലാതെ വര്‍ദ്ധിക്കുകയും ചെയ്തു. ഈ അസന്തുലിതത്വം ഉണ്ടാക്കിയ സംഘര്‍ഷങ്ങള്‍ പൊതുസമൂഹത്തില്‍ ക്രമാതീതമായി ഉയര്‍ന്നു.

ലക്ഷങ്ങള്‍ ശമ്പളമായി ഒരു യുവപ്രൊഫഷണലും, ഏതാണ്ടു് അതേ നിലവാരത്തില്‍ ജീവിക്കാനാവുന്ന ഒരു ഗൂണ്ടാ യുവാവും, സ്വയം വരുമാനമില്ലെങ്കില്‍ പോലും ഇതേ നിലയില്‍ ജീവിക്കാന്‍ സാധിക്കുന്ന ഒരു കുട്ടിനേതാവും കൂടി കുമരകത്തു നിന്നും ഹൌസ്ബോട്ടില്‍ കയറി ആഘോഷിക്കാന്‍ പോവുക എന്നതു ഇന്നു തികച്ചും സംഭവ്യമായ ഒരു കാര്യമാണു്‌. പക്ഷെ ആഘോഷം എന്നതു് മാത്രമാണു് അവരുടെ പൊതുവായ ഇടം. അതിനപ്പുറമുള്ള അവരുടെ ജീവിതപരിസരങ്ങള്‍ പരസ്പരം പൂരകമാവുന്നില്ല. സ്പെഷ്യലൈസേഷന്‍ അതിനുള്ള അവസരം നല്കുന്നില്ല. പൊതുവേ ഇന്നത്തെ മദ്ധ്യവര്‍ത്തി പ്രൊഫഷണലുകള്‍ അരാഷ്ട്രീയമായ ചിന്തകളിലാണു്. "എല്ലാ രാഷ്ട്രീയക്കാരും കള്ളന്മാരണെന്നേ, വെടിവെച്ചു കൊല്ലണം ഇവറ്റകളെ" - അവരുടെ ഇടയ്ക്കു് രാഷ്ട്രീയത്തെകുറിച്ചു് സംസാരിച്ചു കേള്‍ക്കാറുള്ളതു് ഇതാണു്‌. യുവ രാഷ്ട്രീയനിരയും ഇത്രയും തന്നെ അരാഷ്ട്രീയമാണു്‌. യഥാര്‍ത്ഥ രാഷ്ട്രീയത്തിന്റെ തത്ത്വദീക്ഷകളോ ജീവിതപ്രകാശനങ്ങളോ ആശയസമരങ്ങളോ കാണുന്നില്ല. നാഷണലൈസ്ഡ്‌ ബാങ്കുകള്‍ക്കു് പോലും, കൊടുത്ത വായ്പ തിരിച്ചുപിടിക്കാന്‍ ഗൂണ്ടാസംഘങ്ങളെ ഉപയോഗിക്കേണ്ടി വരുന്നതു്‌, വല്ലവരുടേയും ധനം തന്റെ ജീവിതം ആഘോഷിക്കാന്‍ ഉള്ളതാണു് എന്ന നിലയ്ക്കു് സമൂഹത്തിന്റെ അടിസ്ഥാനചിന്താധാര ആത്മഹത്യാപരമായി മാറിയതു് കൊണ്ടുകൂടിയാണു്‌. അടിസ്ഥാന ഉത്‌പാദനമേഖലകളില്‍ നിന്നൊന്നും മൂലധനം ഉണ്ടാക്കപ്പെടാതെ, യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒരു സമ്പദ്സ്ഥിതിയില്‍ ആഘോഷങ്ങള്‍ അരങ്ങേറുമ്പോഴാണു്‌, അതിനു കൊഴുപ്പുകൂട്ടാനും മറപിടിക്കാനും വ്യഭിചാര, ഗൂണ്ടാസംഘങ്ങളുടെ ഒരു അധോലോകം സൃഷ്ടിക്കപ്പെടുന്നതു്‌. അവര്‍ക്കു് പൊതുസമൂഹത്തിന്റെ ആദര്‍ശാത്മക നിലപാടുകളില്‍ ഭാഗഭാക്കാവാന്‍ വയ്യ. വളരെ എളുപ്പം ഒരു മനുഷ്യനെ വെട്ടി കൊല്ലാന്‍ പറ്റും അവര്‍ക്കു്‌.

ടി. പി. അനിൽ കുമാർ
സമൂഹത്തെയും കലയേയും നിരൂപണം ചെയ്യുന്ന ഒരാള്‍ക്കു് ഇത്തരം സാമാന്യതകളില്‍ നിന്നു് വിശകലനം നടത്തി കടമ നിര്‍വ്വഹിച്ചു എന്ന്‌ ആശ്വസിക്കുകയും ചെയ്യാം. എന്നാല്‍ ഒരു കൊലപാതകത്തെ, സമൂഹത്തിന്റെ അനിവാര്യ ദുരന്തങ്ങളെ സാമാന്യവല്‍ക്കരിക്കാന്‍ ഒരു കവിക്കു സാദ്ധ്യമാവില്ല തന്നെ. അമൂര്‍ത്തതകളെ മൂര്‍ത്തതയില്‍ കണ്ടെത്തി പ്രകാശിപ്പിക്കുകയാണു് കവി. ആ ഉത്തരവാദിതത്തില്‍ നിന്നു് ഏറ്റവും പുതിയ മലയാള കവികള്‍ മാറിനടക്കുന്നു എന്നു വെറുതെ പറഞ്ഞുപോവാന്‍ വയ്യ. അവര്‍ നടക്കുന്ന വഴികള്‍ പരിചിതമല്ലാത്തതുകൊണ്ടു്‌, പഴയ കാല്‍വയ്പുകളാല്‍, ഒരു പക്ഷെ, അനുവാചകനു പിന്തുടരാന്‍ ആവുന്നില്ല എന്നുമാത്രം ആവും അതു്‌. മറ്റൊരു കവിതയില്‍ കാലത്തിന്റെ അണിയും ഇരയുമായി ഇപ്പറഞ്ഞ യുവാവു കടന്നു വരുന്നുണ്ടു്‌. കവിതയിലും ജീവിതത്തിലും മുദ്രാവാക്യങ്ങളുടെ വിമാനുഷികത അറിഞ്ഞിടത്തു നിന്നാണു് കവിത ഒരു ഉറുമ്പിനെ പോലെ അരിച്ചെത്തുക.
"ഉറുമ്പുകള്‍ എവിടെ നിന്നോ
എഴുതി തുടങ്ങിയിട്ടുണ്ട്‌
അവയുടെ കരിയക്ഷരങ്ങള്‍
ആരെങ്കിലും
വായിച്ചെടുത്താല്‍ മതി"

ഈ പതിഞ്ഞ താളത്തില്‍ തന്നെയാണു് കവിത മിക്കവാറും ആദ്യാന്ത്യം സഞ്ചരിക്കുന്നതും. ഒരു കൊലപാതകത്തിന്റെ ദാരുണമായ മുഖം അവസാനം തെളിഞ്ഞു വരുന്നതുവരെ.
"മധുരം+ഉറുമ്പ്‌ മധുരം+ഉറുമ്പ്‌
എന്നത്‌
അത്രയേറെ ലളിത പാഠമാകയാല്‍"
ഉറുമ്പുകള്‍ എഴുതാന്‍ ശ്രമിക്കുന്നതു് ചോരയുടെ രുചിയാണെന്നു് പെട്ടെന്നു് കണ്ടെത്തപ്പെടുകയില്ലെന്നു കവിത കുണ്ഠിതപ്പെടുന്നു.

ഒരാള്‍ ഇന്നലെ രാത്രി കൊല്ലപ്പെട്ടിരിക്കുന്നു. അതൊരു രാഷ്ട്രീയ കൊലപാതകമാണെന്നു കവിത പറയുന്നില്ല. ഗൂണ്ടാകുടിപ്പകയുടെ ശേഷപത്രമെന്നൊ, ആളുമാറി കൊല്ലപെട്ടതാണൊ എന്നും കവിത പറയുന്നില്ല. പക്ഷെ 'വെട്ടുകൊണ്ടു പിളര്‍ന്ന ഇറച്ചി'യില്‍ തീര്‍ച്ചയായും അനുവാചകനെ സമകാലികതയുടെ ക്രൂരരൂപങ്ങളിലേക്കു് വലിച്ചടുപ്പിക്കുന്ന ഇന്ദ്രജാലമുണ്ടു്‌. എന്നാല്‍ എത്ര അനുധാവനത്തോടെയാണു് കവിത ഈ നിഷ്ഠൂരതയിലേക്കു് നടന്നടുക്കുന്നതു്‌, ലളിതമായ പ്രകൃതിരൂപങ്ങളുടെ വിന്യാസത്തിലൂടെ:
"തെങ്ങിന്‍ കുരലിലെ കൂടുകളില്‍
കാക്കകള്‍ ഉണര്‍ന്നുതുടങ്ങിയാവോ!
കൂട്ടംകൂടി വന്നവ
ആര്‍ത്തുകൊത്തിയിരുന്നെങ്കില്‍
ആരെങ്കിലും സംശയിച്ചു നോക്കിയേനെ
കൂടുവിട്ട കുഞ്ഞിനെ
തിരികെക്കയറ്റാന്‍
അടിയന്തരയോഗം ചേരുകയോ
അതിര്‍ത്തി കടന്നെത്തിയ മൂങ്ങയെ
പഞ്ചതന്ത്രം കഥയുടെ ബലത്തില്‍
കൊത്തിയോടിക്കുകയോ ചെയ്യുകയാണു
എന്നു തോന്നിയാല്‍ എന്തു ചെയ്യും?"

ഉറുമ്പുകള്‍ എഴുതാന്‍ ശ്രമിക്കുന്നതും കാക്കകള്‍ കൊത്താന്‍ ശ്രമിക്കുന്നതും ഒരു മൃതശരീരത്തിന്റെ അറിയപ്പെടാത്ത വേദനയാണു്‌. ആ ശരീരം ഷാജിയേട്ടന്റെയാവാം, ആരുടേയുമാവാം. ആര്‍ക്കറിയാം. എന്തായാലും ജീവനില്ലാത്ത ശരീരം രാത്രിയില്‍ ഉപേക്ഷിക്കപ്പെട്ടാല്‍ ഉറുമ്പും കാക്കയും പരിശ്രമിച്ചാല്‍ ഒന്നും ചിലപ്പോള്‍ ആ ഏകാന്തതയില്‍ നിന്നും കരയേറാന്‍ പറ്റിയില്ലെന്നും ആവും. അപ്പോള്‍:
"പിന്നെ രണ്ടു ദിവസമെങ്കിലും കിടക്കണം
വെട്ടുകൊണ്ടു പിളര്‍ന്ന ഇറച്ചിയില്‍
പുഴുക്കള്‍ കുടിയേറണം
അപ്പോള്‍
കേറ്റ്ങ്കിലും ചെന്നു പറയാതിരിക്കില്ല"

മനുഷ്യജീവിതത്തിന്റെ പ്രാഥമികതയിലേക്കുള്ള, കാവ്യധര്‍മ്മത്തിന്റെ മാനവികതയിലേക്കുള്ള ചൂണ്ടുപലകയാവുന്നുണ്ടു് അവസാനത്തെ നാലു വരികള്‍:
"കേറ്റ്ങ്കിലും ചെന്നു പറയാതിരിക്കില്ല
ബള്‍ബ്‌ വാങ്ങാനെന്നു പറഞ്ഞു
വീട്ടില്‍ നിന്നു ഇറങ്ങിയ സിദ്ധാര്‍ഥന്‍
കപിലവസ്തുവില്‍ തന്നെ ഉണ്ടെന്നു"

ബള്‍ബ്‌ വാങ്ങുക എന്ന നിസ്സാരമായ കര്‍മ്മത്തിനിറങ്ങുന്നതു് അന്തര്‍ജ്ഞാനത്തിന്റെ വലിയൊരു സമസ്യാസമുദ്രം മനുഷ്യകുലത്തിനു ബാക്കിയാക്കി പോയ സിദ്ധാര്‍ഥനാണു്‌. ഓരോ ഷാജിയേട്ടനും ഓരോ സിദ്ധാര്‍ഥനാണെന്നു് കവിത വരഞ്ഞിടുന്നു. ക്രൂരമായ നിസ്സംഗതയോടെയാണു് വിചിത്രമായ രൂപകങ്ങളിലൂടെ കവിത കാലത്തിന്റെ നിഷ്ഠൂരത അനുഭവിപ്പിക്കുന്നതു്‌. ഇറങ്ങി നടക്കുന്ന ഏതു സിദ്ധാര്‍ഥന്റെയും അസ്തിത്വത്തിനു് കേറ്റ്ങ്കിലും ചെന്നു കണക്കുകൊടുക്കാന്‍ ഒരു സ്ഥലമുണ്ടാവും എന്ന മനുഷ്യാവസ്ഥയുടെ അനിവാര്യമോഹങ്ങളിലേക്കാണു് വെട്ടുകൊണ്ടു പിളര്‍ന്ന ഒരോ ശരീരവും വീഴുന്നതു്‌. മരണത്തിന്റെ നിഷ്ഫലത മാത്രം അല്ല, സിദ്ധാര്‍ഥന്‍ ഇറങ്ങിപോയ വീടിന്റെ വിമൂകതയും പ്രശ്നവല്‍ക്കരിക്കപ്പെടുന്നുണ്ടിവിടെ. ആ ശവശരീരം ഉണ്ടാക്കുന്ന ശൂന്യത, ശവമായി മാറാത്ത ഏതോ ശരീരങ്ങളിലൂടെ കപിലവസ്തുവില്‍ തന്നെ ബാക്കിയാവുന്നുണ്ടു്‌. കാലം കപിലവസ്തുവില്‍ വിറങ്ങലിക്കുകയല്ല, കപിലവസ്തു കാലത്തിനോടൊപ്പം നടന്നു പോരുകയാണു്‌. ഇത്രയുമൊക്കെ തന്നെയെ കവിതയ്ക്ക്‌ ചെയ്യാനുള്ളു. ബാക്കി പ്രതിബദ്ധതകളൊക്കെ അനുവാചകന്റെ കവിതാസ്നേഹം ഏറ്റെടുത്തു പൂരിപ്പിക്കേണ്ടവയാണു്‌.

മൂന്നു്
വടക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ഗ്രാസ്മിയര്‍ എന്ന ഗ്രാമം "മനുഷ്യന്‍ കണ്ടുപിടിച്ചതില്‍ വെച്ചു് ഏറ്റവും സുന്ദരമായ സ്ഥലം" എന്നാണു് വേര്‍ഡ്സ്‌വര്‍ത്ത് പറഞ്ഞതു്. കായലും കാടും മലയും മഞ്ഞും മഴയും മനോഹരമായി അലിയുന്നിടം, ഏതാണ്ടു് ഒന്നൊന്നര നൂറ്റണ്ടു് കഴിഞ്ഞിട്ടും പ്രകൃത്യോപാസകനായ ആ കവി കണ്ടതില്‍ നിന്നും കാര്യമായി യാതൊരു മാറ്റവും വരാതെ അവശേഷിക്കുന്നു. എന്നാല്‍ ഇതല്ല കേരളത്തിന്റെ അവസ്ഥ. ഇന്നത്തെ ഒരു യുവകവി അവന്റെ ബാല്യത്തില്‍ കണ്ട പ്രകൃതി ഇന്നു കാണാനില്ല. കാല്‍നൂറ്റാണ്ടു കൊണ്ടു് കേരളത്തിന്റെ ലാന്‍ഡ്‌സ്കേപ്‌ അത്ഭുതാവഹമായി മാറിപ്പോയി. മനുഷ്യവാസമുള്ള സ്ഥലങ്ങളെല്ലാം ഒരു വലിയ പട്ടണമായി അതിരുകള്‍ മുട്ടി കിടക്കുന്നു. ഈ പച്ചപ്പിന്റെ നഷ്ടം പ്രകൃതിയുടെ നഷ്ടമായി പുതിയ കവിതകള്‍ അറിയാന്‍ ആഗ്രഹിക്കുന്നില്ല എന്നു തന്നെയാണു് തോന്നുക. നഗരവും കാര്‍ബണ്‍ഡൈയോക്സൈഡ്‌ സാന്ദ്രമായ നിരത്തുകളും നിരത്തോരത്തെ ജ്വരവൃക്ഷവും പ്രകൃതിതന്നെ എന്നാവും അതു്‌. പ്രകൃത്യോപസനയോ ഹരിതനഷ്ടത്തിലൊരു വിലാപകാവ്യമോ, അവ പൊതുവേ ആവശ്യപ്പെടുന്ന പ്രകാശനരീതിയില്‍, ഈ കവിതകളുടെ അജണ്ടയില്‍ ഇല്ല.

അതുപോലെ മനുഷ്യമനസ്സിന്റെ ഇരുണ്ട ഭൂപ്രകൃതികളെ, രൂപഭാവങ്ങളില്‍ അത്രയും സങ്കീണ്ണതയോടെ പുറത്തേക്കു് എടുത്തിട്ട 'സമ്പൂര്‍ണ്ണ' കവികളുടെ കാലം അവസാനിച്ചു എന്നു വേണം കരുതാന്‍. കവിതയുടെ ആന്തരികജീവിതം ലളിതമായതു കൊണ്ടാവില്ല തന്നെ അതു്‌. അഗാധതയുടെ വെളിപാടുകള്‍ക്കു് നനഭസ്സിന്റെ വെട്ടമുണ്ടാവണം എന്നിടത്തേക്കു് സഞ്ചരിച്ചെത്തിയതു് കാവ്യപാരമ്പര്യത്തിന്റെ വൈവിദ്ധ്യമുള്ള വഴികളിലൂടെ തന്നെ. ജീവിതത്തെയും പ്രകൃതിയേയും ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നതിനെ ഏറ്റവും നവീനമാക്കാനുള്ള, സുബോധമോ അബോധമോ ആയ, ഉള്‍ക്കാഴ്ചകളായി അതിനെ അറിയേണ്ടതുണ്ടു്‌.

അമൂര്‍ത്തതയെ മൂര്‍ത്തമായി പ്രകാശിപ്പിക്കുന്നു എന്നതു പോലെ മൂര്‍ത്തമായതിനെ ജീവിതാവസ്ഥകളുടെ അമൂര്‍ത്തതയുമായി സമന്വയിപ്പിച്ചു് സത്യത്തെ ആവിഷ്ക്കരിക്കുന്നതു് ഒരു മാഞ്ചോടിന്റെ നിഴലുപോലെ ലളിതമായും ആവാം എന്നു ചില കവിതകളെങ്കിലും കണ്ടെത്തുന്നുണ്ടു്. വാഹനങ്ങള്‍ ചീറിപ്പായുന്ന നിരത്തു്‌, അതിനപ്പുറത്തു് ഒരു പള്ളിക്കൂടം, അതിനുമപ്പുറം പച്ചയുടെ ചെറുതുരുത്തു്‌. ഇതു കേരളത്തിന്റെ സമകാല പ്രകൃതി. പി. പി. രാമചന്ദ്രന്‍ തുടങ്ങി എസ്‌. ജോസഫ്‌ വഴി തുടരുന്ന കവികളിലേറെപ്പേരും അതിരുകള്‍ മറയുന്ന നഗര-ഗ്രാമ പ്രകൃതിയുടെ കേരളത്തെ വരച്ചിടാന്‍ ശ്രമിച്ചിട്ടുണ്ടു്‌. ലോറിയില്‍ കയറിപോകുന്ന പുഴയും, കോഴികള്‍ പറക്കുന്ന വൈക്കോല്‍കൂനയ്ക്കു് കീഴിലെ പ്രണയത്താലാവാം ഇടിപ്പടം കാണാന്‍ പോകുന്ന നവയുവാവും കാലത്തിന്റെ നേര്‍വ്യഥകള്‍ തന്നെ. നാഗരികതയുടെ ഹരിതനഷ്ടങ്ങളിലേക്കു് തലമുറകള്‍ അടിവച്ചടിവച്ചു് കയറുന്നതു് വിനാശകരമായ ഏതോ ദുരന്തത്തിലേക്കു് തന്നെ എന്നു പുതിയ കവിത കണ്ടെത്തുന്നതിന്റെ വഴികള്‍ അതിമൂര്‍ത്തമായ ഒരു സമകാലസംഭവത്തിലൂടെ വ്യത്യസ്തമായി പ്രകാശിതമാവുന്നു.
"മാഞ്ചോട്‌ വിളിച്ചുകൊണ്ടിരുന്നു
ഞാവല്‍ ചില്ലകളും
ഞങ്ങള്‍ പോയില്ല.
ഞങ്ങളുടെ കൂട്ടുകാരാണവര്‍
എന്നിട്ടും"

റഫീക്ക് അഹമ്മദ്
പുതിയ കുട്ടികളാണിവിടെ. കൃത്യമായ ടൈംടേബിളുകളിലൂടെ ജീവിക്കാന്‍ മെരുക്കപ്പെട്ടവര്‍. കുട്ടിക്കാലത്തെ കൂട്ടുകാരായ മരങ്ങളും കിളികളും സ്കൂളിലെ ജനലിനപ്പുറം ആ പറമ്പില്‍ ഉണ്ടെങ്കിലും തോന്നുംപടി അവരിലേക്കു് ഓടിചെല്ലാന്‍ വയ്യ. ചെയ്തു തീര്‍ക്കാന്‍ ഒരുപാടുണ്ടു്‌. പ്രകൃതിയിലേക്കു് കുതിച്ചോടാനുള്ള ബാല്യകുതൂഹലങ്ങളെ അനുതാപത്തോടെയാണു് കവിത നോക്കുന്നതു്‌. അതിനപ്പുറം പ്രകൃതിയെ കുട്ടികണ്ണിലൂടെ നോക്കികാണുന്നതില്‍ ബാല്യത്തിനു നഷ്ടമാകുന്ന സുഭഗലോകത്തിന്റെ വ്യഥകളുണ്ടു് തന്നെ.
"ഉച്ചകഴിഞ്ഞു.
നന്ത്യാര്‍വട്ടത്താഴത്തെ വെയിലിനു മയക്കം.
മൈതാനത്ത്‌ അയവെട്ടി കിടക്കുന്ന പശുവിനു മയക്കം
മതിലിനു മുകളിലേ കുറിഞ്ഞി പൂച്ചയ്ക്കോ നല്ല ഉറക്കം
പക്ഷേ ഞങ്ങള്‍ ഉറങ്ങിയില്ല"

പ്രകൃതിയുടെ പച്ചപടര്‍പ്പുകളില്‍ നിന്നും തുടരുന്ന കവിത 'മതില്‍' എന്ന ഒറ്റ പ്രയോഗത്തില്‍ നഗരത്തെ അടുപ്പിക്കുന്നു. പൂച്ച ഉച്ചക്കു മയങ്ങുന്ന മതിലില്‍, നഗരം ഗ്രാമത്തില്‍ ചേക്കേറുന്ന ബിംബം ഉണ്ടു്‌. ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടതാവണം എന്നില്ല - അതു കേരളത്തിന്റെ വര്‍ത്തമാനമാണു്. അതിനുപരി വലിയൊരു ദുരന്തത്തിലേക്കു് കവിത നടന്നു ചെല്ലുന്നതിന്റെ ആദ്യ ചുവടുംകൂടിയാണു്‌.

ഉള്ളില്‍ പതഞ്ഞു പൊന്തിയ ആര്‍പ്പും കുതിപ്പും അടക്കാതിരുന്നെങ്കില്‍, കളിക്കാന്‍ വിളിച്ചുകൊണ്ടേയിരുന്ന കാക്കകളുടേയും കുരുവികളുടേയും അടുത്തേയ്ക്കു് ഓടി പോയിരുന്നെങ്കില്‍, കുറുഞ്ഞിപൂച്ചയെപ്പോലെ ഒന്നു മയങ്ങിയിരുന്നെങ്കില്‍, എന്തിനു സ്കൂള്‍ കഴിഞ്ഞു പോകുന്ന നേരത്തെങ്കിലും വരി തെറ്റിച്ചു ചാഞ്ഞു വളഞ്ഞു പോകുന്ന ഉറുമ്പുകളെ പോലെ, തോന്നുംപടി വട്ടംകറങ്ങുന്ന തുമ്പികളെ പോലെ, അത്രയും അനുസരണയുള്ള കുട്ടികള്‍ ആവാതിരുന്നെങ്കില്‍..., പക്ഷെ അതൊന്നും അല്ല സംഭവിച്ചതെന്നു് ഇരിക്കൂറില്‍ ജീപ്പ് പാഞ്ഞുകയറി മരിച്ച കുട്ടികളെ പ്രതി നമുക്കറിയാം.
"എന്നാലും ലോകാലോകങ്ങളുടെ ഹെഡ്‌മാസ്റ്ററേ
ഓര്‍ക്കാപുറത്ത്‌
എന്തിനാണു ആ ലാസ്റ്റ്ബെല്‍ അടിച്ചത്‌"
എന്നതു് അറിയാതെ വന്നുപോകുന്ന ഒരു വിലാപം മാത്രമല്ല, ആ കുട്ടികളെ കുരുതിക്കായി ജനിപ്പിച്ച ഒരു തലമുറയുടെ സ്വയം മനസ്സിലാക്കല്‍ കൂടിയാണു്‌. പ്രകൃതിയില്‍ സ്വയം വളരാന്‍ അനുവദിക്കാതെ 'വളര്‍ത്തപ്പെടുന്ന' തലമുറ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കാത്തിരിക്കുന്ന ദുരന്തങ്ങളുടെ ഓര്‍മ്മപ്പെടുത്തലുമാണു്‌. അതല്ലായിരുന്നുവെങ്കില്‍ ഈ സമകാലസംഭവത്തെ സമീപിക്കാന്‍, പൊതുവേ തുടര്‍ന്നു വന്നിരുന്നതു പോലെ, വൈകാരികമായ എത്രയോ വഴികളുണ്ടായിരുന്നു. ഒരു സംഭവത്തിന്റെ ലളിത ചിത്രീകരണമോ, ക്ഷണികമായ വൈകാരിക ഉണര്‍ച്ചയോ അല്ല ഈ കവിത അന്ത:സത്തയില്‍ സംപ്രേക്ഷണം ചെയ്യുക, കാലികമായ വലിയൊരു സമസ്യയുടെ ചെറിയ ഏതോ കണ്ണിയെ കോര്‍ത്തെടുക്കാനുള്ള ശ്രമം കൂടിയാണു്. പ്രകൃതിയുടേയും മനുഷ്യന്റേയും പാരസ്പര്യത്തിന്റെ നിതാന്തമായ തുടര്‍ച്ചയും ഇടര്‍ച്ചയും പങ്കുവയ്ക്കപ്പെടുന്നു.

ഭാവനയുടെ ഗതിവിഗതികളില്‍ ഛിന്നമെങ്കിലും നൂതനമായി കാലത്തെ തൊടുന്നതില്‍, സൂചിപ്പിച്ച മൂന്നു കവിതകളും ഏകമാനത കാണിക്കുന്നുണ്ടു്. മാറിയ പരിതസ്ഥതിയുടെ വൈവിദ്ധ്യങ്ങളില്‍ കവിയുടെ ജീവിതം കൊണ്ടു് കാലത്തെ തൊടുകയല്ല, മണലില്‍ പുതയുന്ന കാല്‍വയ്പുകളുമായി കാലത്തിലേക്കു് ഇറങ്ങിനിന്നു് കവിയുടെ ജീവിതത്തെ പൂരിപ്പിക്കാനുള്ള ശ്രമമാണു് ഇവിടെ. ആത്മരതിയുടെ വൈയക്തികതലങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. മനോവിശ്ലേഷണത്തിന്റെ ഔന്നത്യമെന്നു് കുറച്ചുകാലം മുമ്പ് വരെ തുടര്‍ന്നു വന്നിരുന്ന കാവ്യാനുഭവങ്ങളെ ഈ കവിതകള്‍ അനായാസം തലതിരിച്ചിടുന്നുണ്ടു്‌. വ്യവസ്ഥാപിതമായി ഈ ഭാവുകത്വത്തെ നിര്‍വചിക്കാനാവുന്നില്ല എന്നതു് കവിതയുടെ പരിമിതിയല്ല. ഒരു തവണയെങ്കിലും ഈ കവിതകളുടെ ആദിമദ്ധ്യാന്തത്തില്‍ നിര്‍വ്യാജം മുങ്ങിത്താഴാതെ, വരികളെ അടര്‍ത്തിമാറ്റി നോക്കി "ഇന്നുവേണ്ടിന്നുവേണ്ടോമലാളേ" എന്നപോലെ നാവിന്‍ തുമ്പില്‍ മധുരിക്കുന്നില്ലല്ലോ എന്നു് ഒരടിപോലും മുന്നോടു നീങ്ങാനാവാതെ വരുന്ന അഭിരുചികളുടെ പരിമിതി ആയേക്കും, പക്ഷേ.

**
പരാമര്‍ശിക്കപ്പെട്ട കവിതകള്‍
1. ദൈവത്തിന്റെ സൊന്തം - ബിന്ദു കൃഷ്ണന്‍ - മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ - ജനുവരി 18, 2009
2. ഇവിടെയുണ്ട്‌ - ടി. പി. അനില്‍കുമാര്‍ - പ്രവാസം മാസിക - ജൂലൈ 2008
3. ലാസ്റ്റ്ബെല്‍ - റഫീക്‌ അഹമ്മദ്‌ - മാധ്യമം ആഴ്ചപ്പതിപ്പ്‌ - ജനുവരി 19, 2009

00

Sunday 13 April 2014

ആശയം + വ്യക്തി = ആശയജീവിതം?

'ആശയജീവിതം' എന്ന വാക്ക് എന്താണ് പ്രകാശിപ്പിക്കാൻ ശ്രമിക്കുന്നത്? 

ഒരു സവിശേഷ ആശയത്തെ മുൻനിർത്തിയുള്ള വ്യക്തിജീവിതമോ? വ്യക്തിജീവിതത്തിന്റെ പരിണാമങ്ങളെ മുഴുവൻ ഉൾക്കൊള്ളുന്ന ആശയ പ്രതിഫലനത്തിന്റെ സമഗ്രതയോ? അതോ ഒരു ആശയത്തിന്റെ തന്നെ ജീവചരിത്രമോ?

ഈ ചോദ്യങ്ങളിലെല്ലാം ഒരു വ്യക്തി മൂർത്തമായി തന്നെ സന്നിഹിതനാണ്. "I think therefore I am" എന്ന, ഫ്രഞ്ച് ചിന്തകനായ Rene Descartes - ന്റെ പ്രശസ്തമായ പതിനേഴാം നൂറ്റാണ്ട് പ്രയോഗം വ്യക്തിജീവിതത്തിൽ ചിന്തയ്ക്കുള്ള അതിപ്രാധാന്യം സൂചിപ്പിക്കുന്നു. വ്യക്തിതലത്തിൽ ചിന്തയേയും ആശയത്തേയും കൃത്യമായി വിഭവിച്ചെടുക്കാൻ പ്രയാസമാണ്. തത്വചിന്തയോ ഗണിതശാസ്ത്രമോ പോലെ സവിശേഷമായ വിഷയങ്ങളിലുള്ള ആശയപദ്ധതികൾ മാത്രമല്ല ഇവിടെ സൂചിതം. മതങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ വലിയ വൃത്തത്തിൽ മനുഷ്യരാശിക്കിടയിൽ സന്നിഹിതമാണ്. പ്രാഥമികതയിൽ ഈ ആശയങ്ങൾ അനേകകോടി മസ്തിഷ്കങ്ങളെ ചലനാത്മകമാക്കുന്നു. കൊമ്മ്യൂണിസം പോലുള്ള ആശയങ്ങളുടെ വ്യവഹാരവും മറ്റൊരു തലത്തിലല്ല. ശാസ്ത്രം സന്നിഹിതമാക്കിയിരിക്കുന്ന പല യുക്തികൾക്കും ഇത്തരത്തിൽ ഒരു ബ്രുഹദാഖ്യാനത്തിന്റെ തലമുണ്ട്‌. ഇത്തരം വലിയ ആശയങ്ങളുടെ പ്രത്യേകത, വ്യക്തിജീവിതത്തിലെ ഒരു സവിശേഷ ഘട്ടം കഴിഞ്ഞാൽ അവ ആശയത്തിന്റെ ചലനാത്മകതലം ഉപേക്ഷിക്കുകയും വിശ്വാസത്തിന്റെ തലം ആർജ്ജിക്കുകയും ചെയ്യുന്നു എന്നതാണ്. വിശ്വാസം എന്നത് മൂർത്തവും നിശ്ചേതനവുമായ ആശയമോ ആശയങ്ങളുടെ സഞ്ചയമോ ആണ്. പിന്നീട് ആ വിശ്വാസത്തിന്റെ ആയാസരഹിതമായ ശീതളിമയാണ് ആ വ്യക്തിജീവിതം പ്രതിഫലിപ്പിക്കുക. ഇത്തരം ബ്രുഹദാഖ്യാനങ്ങളിലുള്ള വിശ്വാസം അബോധമായി സന്നിഹിതമായിരിക്കുമ്പോൾ കൂടി മറ്റനേകം ചിതറിയ ആശയധാരകളും ആ വ്യക്തിജീവിതത്തിലൂടെ കടന്നുപോകുന്നുണ്ട്. എന്നാൽ അവയെ ചില ചാലുകളിലേയ്ക്ക് നിയന്ത്രിക്കുന്ന രാസവസ്തുവായി ഈ വിശ്വാസം നിൽക്കുന്നു.

Rene Descartes
യുക്തിചിന്ത ശാസ്ത്രം സാധ്യമാക്കിയതല്ല. നേരേ മറിച്ചാണ് - യുക്തിചിന്തയാണ് ശാസ്ത്രത്തെ ഉണ്ടാക്കിയത്. യുക്തിയുടെ ആധികാരികതയ്ക്ക്‌ വേണ്ടിയുള്ള അന്വേഷണത്തെയാണ്‌ സയൻസ് എന്ന് വിളിക്കുക. വലിയ വൃത്തത്തിൽ മനുഷ്യരാശിയെ സ്വാധീനിച്ച ശാസ്ത്ര നിരീക്ഷണങ്ങളെപ്പോലും ബ്രുഹദാഖ്യാനത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ പലരും മടിക്കുന്നത് അതുകൊണ്ടാവാം. കാരണം അത് വിശ്വാസത്തിലേയ്ക്കുള്ള ഓരോ ചാട്ടത്തേയും അത്രയും ശക്തിയോടെ പിന്നിലേയ്ക്ക് വലിച്ചുകൊണ്ട് കൂടിയിരിക്കുന്നു. ഉദാഹരണത്തിന്, പരിണാമസിദ്ധാന്തത്തെ ഒരു വിശ്വാസമായി കരുതുന്ന സാക്ഷര മനുഷ്യരാശിയിലെ വലിയൊരു വിഭാഗമുണ്ട്. അത് ആ ആശയത്തിന്റെ ബ്രുഹദാഖ്യാനതലമാണ്. എന്നാൽ നമുക്കറിയുന്ന ശാസ്ത്രനിരീക്ഷണങ്ങളുടെ കാലയളവിലൊന്നും ഒരു ചെറിയ ജീവിപോലും പരിണമിച്ച് പൂർണ്ണമായും മറ്റൊരു ജീവിയായി മാറിയിട്ടില്ല. ലഭ്യമായ തെളിവുകളെ മുൻനിർത്തിയുള്ള ശാസ്ത്രനിഗമനങ്ങൾ മാത്രമാണവ. ശാസ്ത്രസംബന്ധിയായ ആശയങ്ങളുടെ വിശ്വാസതലത്തെ പൊളിച്ചുകളയുന്ന, അല്ലെങ്കിൽ അത്തരത്തിൽ എളുപ്പം നിശ്ചേതനമാവാൻ അനുവദിക്കാതെ നിരന്തരമായ അന്വേഷണങ്ങളിലെയ്ക്ക് ത്വരിതപ്പെടുത്തികൊണ്ടിരിക്കുന്ന ഒരു ഘടകമാണത്.

ഇതിന്റെ മറ്റൊരു വശവുമുണ്ട്. ഭൂമി പരന്നതായിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീട് ആ വിശ്വാസത്തിന് ഒരു paradigm shift സംഭവിച്ചു. ഭൂമി ഉരുണ്ടാതായി മാറി. ആ മാറ്റത്തിന്റെ മദ്ധ്യകാലത്ത് ഭൂമി ഉരുണ്ടതാണെന്നത് ഒരു നിഗമനമായിരുന്നു. അതിന് വിശ്വാസത്തിന്റെ തലം ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഭൂമി ശരിക്കും ഉരുണ്ടാതായി. കിഴക്കോട്ട് കപ്പലോടിച്ചുപോയവർ പടിഞ്ഞാറ് ചെന്നെത്തി. അതുകഴിഞ്ഞ് ഉപഗ്രഹങ്ങളിൽ കയറിയിരുന്ന് ചിലർ ഭൂമിക്ക് ചുറ്റും വണ്ടിയോടിച്ചു. നിഗമനങ്ങളുടെ സന്ദേഹാവസ്ഥ മുഴുവനായും നഷ്ടമായി. എന്നു മാത്രമല്ല അതിന്റെ ശാസ്ത്രതലം പോലും നഷ്ടമായി. ഭൂമി ഉരുണ്ടതാണ് എന്നത് വെറും വസ്തുത മാത്രമായി. യുക്തിയുടെ തീർപ്പുകൾ വിശ്വാസങ്ങളാവുന്നില്ല, വസ്തുതകളാവുന്നു. 

യുക്തി എന്നത് പ്രാഥമികമായി വ്യക്തിയിൽ സ്വസന്നിഹിതമാണ് എന്ന് പറയാനാണ് ശ്രമിച്ചത്. പ്രായോഗികബുദ്ധി എന്നതുപോലെ യുക്ത്യാധിഷ്ഠിതമായ മസ്തിഷ്കവും വ്യക്തിയിൽ ഉപാധിരഹിതമായി നിലനില്ക്കുന്നു. (യുക്തി എന്ന് പറയുമ്പോൾ അതിനെ പൊതുവേ വ്യവഹരിച്ചു വരുന്ന 'യുക്തിവാദം' എന്നനിലയ്ക്ക് കഠിനയാന്ത്രികമായി മനസ്സിലാക്കേണ്ടതില്ല.) വ്യക്തിയിൽ ആശയങ്ങൾ വിശ്വാസങ്ങളായി പരിണമിക്കാതിരിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണങ്ങളിലൊന്ന് ഈ മസ്തിഷ്കത്തിന്റെ ചലനാത്മകതയാണ്. ഒരു ഉദാഹരണം ഇങ്ങിനെ കണ്ടെത്താൻ ശ്രമിക്കാം. എല്ലാ മതങ്ങളുടെയും അടിസ്ഥാനം ഉറപ്പിച്ചിരിക്കുന്നത് ദൈവത്തിലാണ്. ദൈവം ഉണ്ടെന്നത് ഒരു സങ്കൽപ്പമാണ്. ദൈവാന്വേഷണം എന്നത് മാനസികവ്യാപാരം മാത്രമാണ്. ഭൗതികമായി ദൈവത്തെ തിരക്കുന്ന ഒരു ശാസ്ത്രാന്വേഷണം അസാധ്യമായ കാര്യമാണ്. ആശയം മനസ്സിലാക്കി വരുന്ന ചെറുപ്രായത്തിൽ മതചിന്തകൾ മറ്റൊരു ജ്ഞാനസ്വാംശീകരണം എന്ന നിലയ്ക്ക് ചിന്തയെ ചലനാത്മകമാക്കുന്നുണ്ട്. എന്നാൽ ഒരു പ്രത്യേക ഘട്ടം കഴിയുമ്പോൾ അത്തരം ചിന്തകൾ വഴിമുട്ടുകയും, മനുഷ്യനിൽ അന്തർലീനമായ കാരണങ്ങൾ കൊണ്ടുതന്നെ, ആ ആശയത്തെ വിശ്വാസത്തിന്റെ തലത്തിലേയ്ക്ക് അനിവാര്യമായി മാറ്റിനിർത്തുകയും ചെയ്യേണ്ടിവരുന്നു. സ്വാഭാവികമായ യുക്തിചിന്തയുടെ ശീതീകരണമാണ് അവിടെ സംഭവിക്കുന്നത്‌. എന്നാൽ ഒരു ആശയത്തിന് വിശ്വാസത്തിന്റെ തലത്തിലേ ഇനി അസ്തിത്വമുള്ളൂ എന്ന മനസ്സിലാക്കലിൽ ആ വഴിയിൽ നിന്നും മാറിപോകുന്ന വ്യക്തി രണ്ട് തരത്തിലാണ് പ്രസക്തനാകുന്നത്. ഒന്ന്, ആ ആശയത്തെ അയാൾ വിശ്വാസമായി തിരിച്ചറിയുന്നു. രണ്ട്, വിശ്വാസം ചലനാത്മകമായ ആശയങ്ങളുടെ ചിന്താസരണിക്ക് അരുനിൽക്കുന്നില്ല എന്നതിനാൽ അതിനെ കടന്നുപോകുന്നു.

ഡെനിസോവനുകൾ (വരച്ചത്)
മറ്റൊരു അടരിന്റെ വിശദീകരണത്തിന് പരിണാമ സിദ്ധാന്തത്തിലേയ്ക്ക് ഒന്നുകൂടി വരാം. കുരങ്ങിൽ നിന്നും മനുഷ്യനിലേയ്ക്കുള്ള പരിണാമത്തിൽ മനുഷ്യനാവുന്നതിനു തൊട്ടുമുൻപുള്ള രണ്ട് പ്രധാനവിഭാഗങ്ങളായി പഠിച്ചിട്ടുള്ളത് നിയാണ്ടർതാലുകളും ഹോമോസാപ്പിയനുകളുമാണ് (ഹോമോസാപ്പിയനിലെ ഒരു ഉപവിഭാഗമായി പോലും നിയാണ്ടർതാലുകളെ കാണാമത്രേ). ഹോമോസാപ്പിയനിൽ നിന്നും ആധുനിക മനുഷ്യർ ഉണ്ടായി വന്നപ്പോൾ നിയാണ്ടർതാലുകൾ ഏകദേശം നാല്പതിനായിരം വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ നിന്നും അപ്രത്യക്ഷമായി. എന്നാൽ 2010 - ൽ സൈബീരിയയിലെ ഡെനിസോവൻ ഗുഹയിൽ നിന്നും ലഭിച്ച ഒരു എല്ല് പരീക്ഷണ വിധേയമാക്കിയപ്പോൾ, നിയാണ്ടർതാലുകൽ അന്യംനിന്ന കാലഘട്ടത്തിൽ അവരെപ്പോലെ തന്നെ ഇന്നത്തെ മനുഷ്യരുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന മറ്റൊരു വിഭാഗം കൂടി ഉണ്ടായിരുന്നതായുള്ള പുതിയ ശാസ്ത്രവെളിപ്പെടുത്തൽ ഉണ്ടായി. ആ വിഭാഗം ഡെനിസോവനുകൾ എന്ന പേരിൽ അറിയപ്പെടുന്നു. ആശയത്തെ സാധൂകരിക്കാനുള്ള ത്വരയുമായി യുക്തിചിന്ത ഇവിടെ നിരന്തരം അന്വേഷണത്തിലാണെന്ന് കാണാം. ഭൗതികമായ കണ്ടെത്തലുകൾ ആശയത്തിന് പുതിയ വിഹായസ്സുകൾ നല്കുന്നു. ആശയത്തെ വിശ്വാസമാക്കി മാറ്റുന്ന യുക്തിരാഹിത്യത്തിന്റെ പൂർണ്ണമായൊരു തടയൽ ഈ അന്വേഷണത്തിന്റെ വഴിയിൽ പൊതുവേ സംഭവിക്കുന്നില്ല. ഉണ്ടാവുന്ന തടസ്സങ്ങളും പുതിയ കണ്ടെത്തലുകളും മറ്റൊരു ഗതിയിലേയ്ക്ക് അന്വേഷണത്തെ വഴിതിരിച്ച് വിടുകയാണ് ചെയ്യുന്നത്. നേരിട്ട് ഇത്തരം പരീക്ഷണങ്ങളിലും പര്യവേക്ഷണങ്ങളിലും സംബന്ധിക്കുന്നില്ല എങ്കിൽ കൂടിയും ഈ ആശയങ്ങളിൽ ആകൃഷ്ടനായ വ്യക്തി സ്വയം നവീകരിക്കാൻ ബാധ്യസ്ഥനായി തീരുന്നു.

വ്യക്തിയെ മാറ്റിനിർത്തി ആശയത്തിന് സ്വയമൊരു ജീവിതമില്ല. ഒരു ആശയത്തിന്റെ സമഗ്രമായ ചരിത്രവായനയിൽ വേണമെങ്കിൽ വ്യക്തിയെ മാറ്റി സാമൂഹ്യസാഹചര്യത്തെ ആ വിടവിലേയ്ക്ക് കൊണ്ടുവരാമെങ്കിൽ പോലും സൂക്ഷ്മതയിൽ അത് വ്യക്തികേന്ദ്രിതമായി മാറും. കൊമ്മ്യൂണിസത്തിന്റെ ചരിത്രം ഒരുപക്ഷെ അതിലേയ്ക്ക് ഒരു പാളിനോട്ടം നൽകിയേയ്ക്കും. നിലവിലുള്ള വ്യവസ്ഥാപിത മതങ്ങൾക്കപ്പുറം ബ്രുഹദാഖ്യാനത്തിന്റെ വ്യാപ്തിയിൽ ഇന്ന് നിലനിൽക്കുന്ന ഒരു ആശയമാണ് കൊമ്മ്യൂണിസം. അത് എപ്പോൾ എവിടെ തുടങ്ങി എന്നത് കൃത്യമായി നിരീക്ഷിക്കാനാവും എന്ന് തോന്നുന്നില്ല. എങ്കിലും അത് താരതമ്യേന പുതിയ ആശയമാണ്. മാർക്സിലും എംഗൽസിലുമൊക്കെയാണ് അതിനു ക്രോഡീകരിക്കപ്പെട്ട നിജവ്യവസ്ഥ ലഭിക്കുന്നത്. ചില സാമൂഹ്യസാഹചര്യങ്ങളുടെ അനിവാര്യതയായാണ് അവരിൽ ആ ആശയം മൂർത്തത നേടുന്നത്. (എല്ലാ പ്രവാചക മതങ്ങളുടെയും പ്രഭവത്തിന് ഇത്തരത്തിലുള്ള സാമൂഹ്യാവസ്ഥകൾ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്‌.) കൊമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോ മൂലധനമോ എഴുതപ്പെട്ടില്ലായിരുന്നുവെങ്കിൽ തുടർന്നു സംഭവിച്ച വലിയ കൊമ്മ്യൂണിസ്റ്റ് വിപ്ളവങ്ങൾ ഉണ്ടാകില്ലായിരുന്നുവെന്നോ, അസംതൃപ്ത തൊഴിലാളി വർഗ്ഗത്തിന്റെ ചെറുത്തുനില്പിനുള്ള അനേകം ചെറുസംഭവങ്ങൾ ദിശാബോധം നൽകിയിരുന്നില്ലെങ്കിൽ ഈ എഴുത്തുകൾ ഉണ്ടാകില്ലായിരുന്നു എന്നതോ ഹൈപ്പോതെറ്റിക്കൽ നിരീക്ഷണങ്ങളാണ്. ഈ സങ്കീർണ്ണ കൈവഴികളെ എല്ലാം ഒരു ഏകകമായി കാണേണ്ടിവരും. ആ ആശയത്തിന്റെ അത്തരത്തിലുള്ള സമഗ്രതയെ ഒരുപക്ഷേ വ്യക്ത്യാതിഷ്ഠിതമല്ലാത്ത അതിന്റെ ജീവചരിത്രമായി നിരീക്ഷിക്കാനായേക്കും.

00

Wednesday 9 April 2014

ഒറ്റയ്ക്ക് ചെയ്തതിനെ കുറിച്ച്...

ചില മനുഷ്യജീവിതങ്ങള്‍ ആ വാക്ക് പൊതുവേ വ്യവഹരിച്ചുകാണുന്ന അര്‍ത്ഥതലങ്ങളില്‍ ഒതുങ്ങില്ല. പാരാജയപ്പെട്ടത്‌, പാര്‍ശ്വവല്ക്കരിക്കപെട്ടത്‌ എന്നൊക്കെ അടയാളപ്പെടുത്തുമ്പോള്‍ തന്നെ ആ ജീവിതങ്ങള്‍ പൊതുസമൂഹത്തിന്റെ ലോപനിലപാടുകളെ അസ്വസ്ഥതപ്പെടുത്തുകയും പുനര്‍വിചിന്തനങ്ങള്‍ക്ക് വിധേയമാവാന്‍ ഓര്‍മ്മപ്പെടുത്തികൊണ്ടിരിക്കുകയും ചെയ്യുന്നു. ദയാബായി അത്തരത്തിലാണ് ചിത്രത്തിലേക്ക് വരുക. കന്യാസ്ത്രീമഠത്തിന്റെ അതിരുകള്‍ ഉപേക്ഷിച്ച് പാര്‍ശ്വവല്‍കൃത സമൂഹങ്ങളുടെ പല തലങ്ങളിലൂടെ യാത്രചെയ്ത് അവസാനം മദ്ധ്യപ്രദേശിലെ ഗോത്രവര്‍ഗ ജനങ്ങള്‍ക്കിടയില്‍ ഒറ്റയ്ക്ക് നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയാണ് അവര്‍ ജനശ്രദ്ധ നേടുന്നത്. ഷൈനി ജേക്കബ് ബെഞ്ചമിന്‍ ദയാബായിയുടെ ജീവിതത്തിലൂടെ നടത്തുന്ന പാര്‍ശ്വസഞ്ചാരമാണ് 'ഒറ്റയാള്‍' എന്ന ചിത്രം.

ഒരു പത്രത്തിലോ ആനുകാലികത്തിലോ പ്രസിദ്ധീകരിച്ചു കണ്ടേക്കാവുന്ന ഫീച്ചറിന്റെ സ്വഭാവം നല്ല പോലെയുണ്ട് ഈ ചിത്രത്തിന്. പ്രമേയപരമായ കടമ വ്യക്തമായും നിറവേറ്റിക്കൊണ്ട് ക്യാമറയിലൂടെ ദയാബായിയുടെ ജീവിതം നേര്‍രേഖയില്‍ നോക്കികാണുക എന്ന ലളിതമായ ആവിഷ്ക്കാരരീതിയാണ് പിന്തുടര്‍ന്നുകാണുന്നത്. അരമണിക്കൂറില്‍ അവതരിപ്പിക്കാമായിരുന്ന വിഷയമാണ് ഒരു മണിക്കൂറിലധികം നീട്ടി പറഞ്ഞിരിക്കുന്നത് - ഒരു ചിത്രസംയോജകന്റെ അഭാവം പ്രകടമാക്കികൊണ്ട്. ദയാബായിയുമായി നടത്തിയ അഭിമുഖമാണ് നറേഷനായി കൂടുതല്‍ ഉപയോഗിച്ച് കാണുന്നത്. നീളത്തില്‍ വൈകാരികമായി ആത്മകഥ പറയുന്നതിന്റെ വിരസത അതുളവാക്കുന്നുണ്ട്. ലാവണ്യപൂര്‍ണ്ണമായിരിക്കുമ്പോള്‍ തന്നെ ഒബ്ജക്ടീവായി പ്രമേയങ്ങള്‍ പ്രകാശിപ്പിക്കാനാവുന്നതിന്റെ സാധ്യതകള്‍ മലയാളം ഡോക്യുമെന്‍ററികള്‍  പഠിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. എം. എ. റഹ്മാന്‍ മുതല്‍ ഇതേ സബ്ജക്ടിവിറ്റി തന്നെയല്ലേ നമ്മള്‍ കണ്ടുമടുത്തത്. ഔട്ട്‌ഡോര്‍ സീനുകളില്‍ ഒരു മെറ്റാലിക്ക് കിളി പിന്നണിയില്‍ തുടര്‍ച്ചയായി കരഞ്ഞുകൊണ്ടേയിരിക്കുന്നു എന്നതാണ് പശ്ചാത്തല ശബ്ദവിന്യാസത്തിന്റെ മികവ്. പറയുന്ന വിഷയത്തിന് സംഗീതം ഒരു ഘടകമാവേണ്ടതില്ല എന്ന് സംവിധായകയ്ക്ക് തോന്നിയിട്ടുണ്ടെങ്കില്‍, സിനിമയെ സംബന്ധിച്ച പശ്ചാത്തലസംഗീതത്തിന്റെ വിവിധങ്ങളായ അന്വേഷണങ്ങളിലേക്ക് നീങ്ങാന്‍ മടിക്കുന്നു എന്നുകൂടി വായിച്ചെടുക്കാവുന്നതാണ്. മേതിലിന്റെ ഒരു കഥയുടെ ശീര്‍ഷകം അല്‍പ്പം വക്രീകരിച്ചുപയോഗിക്കാമെങ്കില്‍ - സംഗീതം ഒരു സിനിമാകല കൂടിയാണ്!

വളരെ തീക്ഷ്ണമായ സാമൂഹിക വിഷയങ്ങള്‍ ആവിഷ്ക്കരിക്കുമ്പോള്‍ ഏതു മാധ്യമത്തിലും അത് പൊതുവായ ഒരു ആഖ്യാനസ്വഭാവം നേടുന്നത് കാണാം. ഇതിനെ പൊളിക്കുക എന്നതുകൂടി ആന്തരികജീവിതമുള്ള ഒരു കലകാരന്റെ ബാധ്യതയായി തീരുന്നുണ്ട്. "Breaking of reductive categories" എന്നാണു എദ്വേദ് സയെദ് പറയുക. നിരന്തരമായ ഉപയോഗം കൊണ്ട് സാധാരണത്വം വന്നുതീര്‍ന്ന അവസ്ഥകളില്‍ നിന്നും മുക്തിനേടാനുള്ള ആയുധമായിക്കൂടി ആവിഷ്കാരത്തെ ഉപയോഗിക്കുക എന്നതാണത്. വ്യതിരക്തമായ ജീവിതരീതികള്‍ കൊണ്ട് സാമൂഹികമായ ചില അടയാളപ്പെടുത്തലുകള്‍ നടത്തുന്ന വ്യക്തികളെ സമൂഹത്തിനു മുന്നിലേക്ക്‌  സംപ്രേഷണം ചെയ്യുമ്പോള്‍ കലയേയും ധൈഷണികാന്വേഷണങ്ങളെയും സംബന്ധിച്ച സങ്കീര്‍ണതകള്‍ പ്രസക്തമാവുന്നുണ്ടോ എന്ന പ്രാഥമികമായ ചോദ്യം എന്നും ഉന്നയിക്കപെട്ടിട്ടുണ്ട്. ഒപ്പം സമയവും സാമ്പത്തികവും ഒക്കെ ഉള്‍പ്പെടുന്ന ഭൌതീകകാരണങ്ങള്‍ ഇത്തരം സമാന്തരസംരംഭങ്ങളുടെ ബാധ്യതയായി ചൂണ്ടികാണിക്കപ്പെടാറുമുണ്ട്. അതെല്ലാം നിലനില്‍ക്കുമ്പോള്‍ തന്നെ, കലാസംബന്ധിയും ധൈഷണികവുമായ പുതിയ അവബോധം പ്രതിഫലിക്കാത്ത ഏതു ആവിഷ്കാരവും അതിന്റെ സാമൂഹിക വിവക്ഷകളെപ്പോലും അര്‍ഹിക്കുന്ന ആഴത്തില്‍ സംപ്രേഷണം ചെയ്യാനാവാതെ അവസാനിക്കുന്നു എന്നാണ് തോന്നിയിട്ടുള്ളത്.

00

Monday 7 April 2014

അധിനിവേശത്തിന്റെ സര്‍ഗ്ഗമുഖം

കേരളത്തിന്റെ ചരിത്രത്തില്‍ എന്തെങ്കിലും താല്‍പ്പര്യം ഉള്ളവര്‍ക്ക് ഒറ്റയിരിപ്പിന് വായിച്ചുതീര്‍ക്കാന്‍ സാധിക്കുന്ന ഒരു പുസ്തകമാണ് വില്യം ലോഗന്റെ രണ്ട് വാല്യങ്ങളുള്ള 'മലബാര്‍ മാനുവലി'ല് നിന്നും 'ജനങ്ങള്‍' എന്ന ഭാഗം മാത്രമായി പ്രത്യേകം അടര്‍ത്തിയെടുത്ത് പ്രസിദ്ധീകരിച്ച 'മലബാറിലെ ജനങ്ങള്‍' എന്ന പുസ്തകം. സൂചനയര്‍ഹിക്കുന്ന ഒരു പ്രധാനകാര്യം ലോഗന്‍ മലയാളികളോട് കാണിക്കുന്ന അനുഭാവപൂര്‍ണ്ണവും പ്രസാദാത്മകവുമായ മമതയാണ്‌. ഏതാണ്ട് ഇതേകാലത്ത് എഴുതപ്പെട്ട, കേരളത്തിന്റെ മറ്റൊരു ഭാഗത്തെ ജനങ്ങളെയും ജീവിതത്തെയും കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകമാണ് എല്‍. എം. എസ്‌ മിഷനറിയായിരുന്ന സാമ്യൂല്‍ മെറ്റിറിന്റെ 'നേറ്റീവ് ലൈഫ് ഓഫ് ട്രാവന്‍കൂര്‍'. ഈ പുസ്തകം ലോഗന്റെ പുസ്തകത്തോളം പില്‍ക്കാലത്ത് പരാമര്‍ശിക്കപ്പെടാതിരിക്കാനുള്ള കാരണം, പറയുന്ന വിഷയത്തിനോട്, കേരള സമൂഹത്തോട്, പുലര്‍ത്തുന്ന ഒബ്ജെക്ടിവ് അകലമായിരിക്കാം. ചരിത്രപുസ്തകത്തെ പോലും വൈകാരികമായി സമീപിക്കുക എന്നത് നമ്മുടെ ജനിതക ദുര്‍ഗുണവും.

ലോഗന്റെ ജീവിതചരിത്രത്തിലൂടെ ചെറുതായൊന്നു കണ്ണോടിച്ചാല്‍ തന്നെ അദ്ദേഹം അടിസ്ഥാനത്തില്‍ ഒരു റിബല്‍ സ്വഭാവം നിലനിര്‍ത്തിയിരുന്നു എന്നു കാണാം. ബ്രിട്ടീഷ്‌ സിവില്‍സര്‍വീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ആയിരിക്കുമ്പോള്‍ തന്നെ, ബ്രിട്ടന്റെ പ്രബലഭാഗമായ ഇംഗ്ലണ്ടില്‍ നിന്നല്ല ലോഗന്‍ എന്നതും ഓര്‍ക്കണം. ഇപ്പോഴും ഇംഗ്ലിഷ് ഭാഗത്ത് നിന്നും വംശീയമായ ലോപത്വം, ഗോപ്യമായെങ്കിലും, പ്രകടിപ്പിക്കപ്പെടുന്ന സ്കോട്ട്ലാന്‍ഡില്‍ നിന്നും ആണ് ലോഗന്‍ ബ്രിട്ടീഷ് സിവില്‍സര്‍വീസില്‍ എത്തുന്നത്. അതുകൊണ്ട് തന്നെയാവും കോളനിവത്കരിക്കപ്പെട്ട കേരളജനതയോട് ലീനമായ ഒരു ആഭിമുഖ്യം അദ്ദേഹത്തിന് വന്നുചേര്‍ന്നത്‌ എന്ന് ന്യായമായും അനുമാനിക്കാം. അതിന് ഉപോല്‍ബലം നല്കുന്നതായിരുന്നു മലബാര്‍ കളക്റ്ററായും മറ്റും അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍. തനിക്കു മുന്‍പ് ഭരിച്ച ബ്രിട്ടിഷ് ഉദ്യോഗസ്ഥര്‍ പലരും മലബാറിലെ ജനങ്ങളെയും അവരുടെ ജീവിതരീതികളെയും മനസിലാക്കാന്‍ പരാജയപ്പെട്ടുഎന്ന് തന്റെ മാനുവലില്‍ അദ്ദേഹം നിശിതമായി വിമര്‍ശിക്കുന്നു. ചുരുക്കത്തില്‍ കോളനിവത്കണത്തിന്റെ നടത്തിപ്പ് സുഗമാക്കുക എന്ന സാമ്രാജ്യത്വ അജണ്ടയ്ക്ക് പിടികൊടുക്കതെയാണ് ലോഗന്‍ മലബാറില്‍ പ്രവര്‍ത്തിച്ചത്. അതുകൊണ്ട് തന്നെയാവും ഒരു ശിക്ഷണനടപടി എന്ന നിലയ്ക്ക് സര്‍ക്കാര്‍ അദ്ദേഹത്തെ ജുഡിഷ്യല്‍ ചുമതലകളിലേക്ക്‌ മാറ്റിയതും, അതിനെത്തുടര്‍ന്ന് അദ്ദേഹം ജോലി ഉപേക്ഷിച്ച് സ്വദേശത്തെക്കു മടങ്ങിയതും.


കലക്ടര്‍ എന്ന നിലയ്ക്കും അതിന് മുന്‍പ് മറ്റനേകം ചുമതലകള്‍ വഹിച്ചുകൊണ്ടും  മലബാറില്‍ ഏറെ വര്‍ഷങ്ങള്‍ താമസിച്ച ലോഗന്‍ തനിക്കു ലഭ്യമായ സ്ഥിതിവിവരകണക്കുകളില്‍ നിന്നും, ഒരുപാട് കാലത്തെ ജനസമ്പര്‍ക്ക പരിപാടികളില്‍ കൂടിയും കേരളജനതയെ കുറിച്ച് സമഗ്രമായ നിലപാടുകളാണ് മുന്‍പോട്ട് വയ്ക്കുന്നത്. ജാതി തിരിച്ച് ഓരോ സമുദായത്തിന്റെയും ജീവിതരീതികളെ സൂക്ഷ്മമായി തന്നെ നോക്കികാണുന്ന ലോഗന്‍ പക്ഷെ പൊതുവായി 'ജനം' എന്ന നിലയ്ക്ക് അഭിസംബോധന ചെയ്യുന്നത് നായര്‍ വിഭാഗത്തെ ആണെന്ന് വേണം കരുതാന്‍. ഒരു യുറോപ്യന്  ആശ്ചര്യജനകമായി തോന്നാവുന്ന പല ജീവിതരീതികളും എന്നാല്‍ വത്യസ്ഥമായ മറ്റൊരു ജനസമൂഹത്തിന്റെ സ്വാഭാവികമായ അവസ്ഥ എന്ന നിലയ്ക്ക് വളരെ നിര്‍മമതയോടെയാണ് ഈ പുസ്തകം സമീപിക്കുന്നത്. എന്നാല്‍ ജാതീയതയുടെ തൂണുകള്‍ ശക്തമായി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ബ്രാഹ്മണ്യത്തെ വിമര്‍ശനാത്മകമായി നോക്കി കാണാന്‍ മടിക്കുന്നുമില്ല: "മറ്റു സമുദായങ്ങളുടെ ചിലവില്‍ ബ്രാഹ്മണ്യത്തെ പ്രകീര്‍ത്തിക്കുകയാണ് സ്മൃതിവചനങ്ങള്‍ ചെയ്യുന്നത്. ബ്രാഹ്മണസൃഷ്ടിയാണ് ജാതിവ്യവസ്ഥയെന്ന് അതിന്റെ ഉത്ഭവവും വളര്‍ച്ചയും നിലവിലുള്ള സ്ഥിതിയും നിസ്സംശയം വിളിച്ചോതുന്നുണ്ട്. അതായത് തങ്ങളുടെ വ്യക്തിത്വവും മേധാശക്തിയും പുലര്‍ത്തണമെങ്കില്‍ നീക്കുപോക്കില്ലാത്ത ഒരു വിഭജനരേഖ ആര്യന്മാരായ തങ്ങള്‍ക്കും നാട്ടുകാരായ കറുത്തവര്‍ക്കും ഇടയില്‍ നിലനിര്‍ത്തേണ്ടതുന്ടെന്നു നേരത്തെ വന്ന ആര്യന്‍ കോളനിസ്റ്റുകള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിച്ചു എന്നതാണ് സത്യം. ജാതിയുടെ ആവിര്‍ഭാവത്തിനുള്ള സ്വാഭാവീകമായ വിശദീകരണവും ഇത് തന്നെ". എന്നാല്‍ ഈ മനസ്സിലാക്കല്‍ സമകാലിക ബ്രാഹ്മണസമൂഹത്തോട് ഒരു ചരിത്രകാരന്‍ പുലര്‍ത്തേണ്ടുന്ന സത്യാത്മകമായ വിശകലനങ്ങള്‍ക്കും നിലപാടുകള്‍ക്കും മറയായി നില്‍ക്കുന്നില്ല.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ പ്രസിദ്ധീകൃതമായ ഈ കൃതി അക്കാലത്തെ കേരള സമൂഹത്തെ തനതായ രീതിയില്‍ വൃത്തിയും വെടിപ്പും ആചാര, ഉപചാര മര്യാദകളുമുള്ള ഒരു ആധുനിക സമൂഹമായാണ് കാണാന്‍ ശ്രമിക്കുന്നത്. മറ്റുപല കൊളോണിയല്‍ എഴുത്തുകളിലും തികച്ചും അപരിഷ്കൃതമായ ഒരു സമൂഹമായി പരിചയപ്പെടുന്നതിന് തുലോം വത്യസ്ഥമാണ്‌ ലോഗന്റെ കേരളം. നായര്‍ വിഭാഗത്തിലെ 'സംബന്ധം' എന്ന സ്ത്രീപുരുഷബന്ധം കേരളത്തിന്റെ ചരിത്രത്തെ അടയാളപ്പെടുത്തുമ്പോള്‍ പലപ്പോഴും ഒരു പതിത അവസ്ഥയായി വ്യവഹരിച്ചു കാണാറുണ്ട്. എന്നാല്‍ ലോഗന്‍ എഴുതുന്നു: "സത്യം, സമീപകാലത്തെ സംബന്ധിച്ച് പ്രത്യേകിച്ചും, മറ്റൊന്നാണ്. സംബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീക്കും പുരുഷനും പാരമ്പര്യത്തിന്റെ താത്വികവശം മാത്രമെടുത്ത് പറഞ്ഞാല്‍, ബന്ധം നിലനിര്‍ത്താനും ഉപേക്ഷിക്കാനും സ്വാതന്ത്ര്യം ഉണ്ടെന്നത് നേരാണ്. എന്നാല്‍, വൈവാഹിക ബന്ധം, അതിന്റെ ഔപചാരികസ്വഭാവം വച്ചുകൊണ്ട് തന്നെ, ഇത്രയും പവിത്രമായി പരിഗണിക്കുകയും പാലിക്കുകയും ചെയ്യുന്ന മറ്റൊരു വിഭാഗത്തെ കാണുകയില്ല. ഭാര്യ-ഭര്‍തൃബന്ധം സ്വാഭിമാനം സംരക്ഷിക്കപെടുന്നു. അതിന്റെ ലംഘനം നിര്‍വിശങ്കം ശിക്ഷിക്കപ്പെടുന്നു. നായര്‍സ്ത്രീകള്‍ മറ്റേതു വിഭാഗത്തില്‍ പെട്ട സ്ത്രീകളെയും പോലെ സദാചാരിണികളാണ്". മലബാര്‍ പ്രദേശത്ത്‌ എണ്ണത്തില്‍ പ്രബലമായ തീയ്യവിഭാഗത്തെ കുറിച്ച് ലോഗനുള്ളത്, പൊതുവെ അധ:സ്ഥിത ജനതതിയായി ചരിത്രവിവരണങ്ങളില്‍ പരിചയിച്ചിട്ടുള്ള അഭിപ്രായമല്ല: "കാഴ്ചയില്‍ പല ഈഴവ സ്ത്രീകളും യൂറോപ്പ്യന്‍ സ്ത്രീകളോളം തന്നെ സുന്ദരിമാരാണ്. മലബാര്‍ ജില്ലയില്‍ ഒരു യൂറോപ്പ്യന്റെ കണ്ണില്‍ ഏറ്റവും മതിപ്പുണ്ടാക്കുക പുരാതന കടത്തനാട്ടെയും ഇരുവഴിനാട്ടിലേയും കോട്ടയത്തേയും സ്ത്രീ പുരുഷന്‍മാരായിരിക്കുമെന്ന് പൊതുവില്‍ പറയുന്നതില്‍ തെറ്റില്ല. ഈ പറഞ്ഞ സ്ത്രീപുരുഷന്മാരില്‍ ഗണ്യമായ വിഭാഗം തീയ്യസമുദായത്തില്‍ പെട്ടവരാണ്".

ചന്ദുമേനോന്‍ 'ഇന്ദുലേഖ' പ്രസിദ്ധീകരിക്കുന്നത് 1889 - ല്‍ ആണ്. നോവലിന്റെ ഒടുവില്‍ മാധവനും ഇന്ദുലേഖയും മദിരാശിയില്‍ പോയി സന്തുഷ്ടമായി ശിഷ്ടകാലം ജീവിച്ചു എന്നാണ് നമ്മള്‍ വായിക്കുന്നത്. അത്തരത്തില്‍ മരുമക്കത്തായ ക്രമത്തില്‍ നിന്നും മക്കത്തായത്തിലേക്ക് മാറുന്നതിന്റെ ചെറിയ ലാന്ചനകള്‍ ആ നോവല്‍ പങ്കുവയ്ക്കുന്നുണ്ട്. എങ്കിലും അത് നോവലിന്റെ പ്രധാനമായ കഥാഭൂമികയല്ല. ഇത്തരം കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ ഭ്രംശങ്ങള്‍ വ്യക്തിജീവിതത്തിന്റെ തന്നെ സങ്കീര്‍ണതകളായി സാഹിത്യത്തില്‍ കുറച്ചുകൂടി മുര്‍ത്തമാവുന്നത് പത്തെഴുപത്തഞ്ച് കൊല്ലങ്ങള്‍ക്ക് ശേഷം എം. ടിയുടെ കാലത്താണ്. എന്നാല്‍ ഈ പരിണാമത്തിന്റെ വ്യഥകള്‍ തന്റെ കാലത്ത് തന്നെ ആരംഭിച്ചത് ലോഗന്‍ വ്യക്തമായും കാണുന്നുണ്ട്: "ഒരു പുരുഷന്‍ തന്റെ ആയുഷ്ക്കാലം കൊണ്ട് ആര്‍ജ്ജിക്കുന്ന സ്വത്തുക്കള്‍, കോടതികളുടെ കണ്ണില്‍, അയാളുടെ മരണശേഷം തറവാടിലേക്ക് ചേരേണ്ടാതാണെന്ന് വരുന്നു. മറിച്ച്, അയാളുടെ സ്വന്തം മക്കള്‍ക്ക്‌ ചെല്ലേണ്ടതല്ല. നായര്‍സമുദായത്തില്‍ പുരുഷപ്രജകളെല്ലാം പട്ടാള സേവനത്തിലിറങ്ങുകയും വീടും കുടുംബവും അത്ര കാര്യമായി എടുക്കാതിരിക്കുകയും ചെയ്ത കാലത്ത്, ഇതുകൊണ്ട് വലിയ ദോഷം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ഒരു നായര്‍ ഒരു സ്ത്രീയെ മാത്രമേ വിവാഹം ചെയ്യുന്നുള്ളൂ. ഭാര്യയുമൊത്ത് അയാള്‍ പ്രത്യേക വീട് വച്ച് താമസിക്കുന്നു. ഭാര്യയിലുണ്ടാവുന്ന സന്താനങ്ങള്‍ തന്റെയും സന്താനങ്ങളായി കരുതി അയാള്‍ കുടുംബജീവിതം നയിക്കുന്നു. അയാളുടെ സ്വാഭാവികബന്ധങ്ങള്‍ രൂഡമൂലമാവുന്ന സാഹചര്യമാണിത്. ഭാര്യ-ഭര്‍തൃബന്ധങ്ങളും പിതൃ-പുത്രബന്ധങ്ങളും പ്രകടഭാവംകൊള്ളുന്നു. താന്‍ സ്വന്തമായി ആര്‍ജിച്ച സ്വത്തുകള്‍ സ്വന്തം കുട്ടികള്‍ക്കും കുട്ടികളുടെ അമ്മയ്ക്കും ചേരേണ്ടാതാണെന്നും അതിന് നിയമസമ്മതി വേണമെന്നും അയാള്‍ സ്വാഭാവികമായും ആഗ്രഹിക്കുന്നു".

ഭാഷോല്‍പ്പത്തിയെ കുറിച്ച് സമഗ്രവും സങ്കീര്‍ണവും ആയ ഒരുപാട് പഠനങ്ങള്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയ്ക്ക് നടന്നിട്ടുണ്ട്. ഭാഷയുടെ പിതാവായി എഴുത്തച്ഛനെ കൃത്യമായി ബിംബവത്കരിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക്‌ തുഞ്ചന്‍പറമ്പില്‍ സമുചിതമായ സാംസ്കാരികസ്ഥാപനം ഉയര്‍ന്നു കഴിഞ്ഞു. എഴുത്തച്ഛന്റെ ജീവിതത്തെ ആസ്പദമാക്കി ബ്രഹൃത്തായ ഒരു നോവല്‍ ഈയടുത്ത് പ്രസിദ്ധീകൃതമാവുകയും ചെയ്തു (തീക്കടല്‍ കടഞ്ഞ് തിരുമധുരം - സി. രാധാകൃഷ്ണന്‍). ഭാഷയെ കുറിച്ച് സംസാരിക്കുന്നിടത്ത് ലോഗന്‍ എഴുത്തച്ഛനെ കുറിച്ച് എഴുതുന്നു:  "പതിനേഴാം നൂറ്റാണ്ടില്‍ ശൂദ്ര (നായര്‍) ജാതിയില്‍പ്പെട്ട തുഞ്ചത്തെഴുത്തച്ചന്‍ എന്നൊരാള്‍ തമിള്‍ അക്ഷരമാലയെ ആധാരമാക്കിയുള്ള ഗ്രന്ഥലിപികളുടെ ചുവടുപിടിച്ച് ഗ്രാമ്യമലയാളത്തിനു തനതായ രൂപകല്‍പ്പന നല്‍കുകയും (സംസ്കൃത പദങ്ങളുടെ സ്വതന്ത്രമായ പ്രയോഗം) ആധുനിക മലയാളത്തില്‍ പ്രധാന സംസ്കൃതകൃതികളുടെ സ്വതന്ത്രവിവര്‍ത്തനത്തിനു ഒരുങ്ങുകയും ചെയ്തപ്പോള്‍, അതൊരു വിപ്ലവമായിരുന്നു". ആറ്റികുറുക്കിയെടുത്താല്‍ പില്‍ക്കാലത്ത് ഒരുപാട് പള്‍പ്പ് നഷ്ട്ടപെടുത്തി എഴുത്തച്ഛനെ കുറിച്ചു  എഴുതിയുണ്ടാക്കിയതൊക്കെയും വസ്തുതാപരമായി  ഇപ്പറഞ്ഞതില്‍നിന്ന് ഒരു ഔന്‍സു പോലും കൂടുതല്‍ വരില്ല. കേരളത്തിലെ ശിക്ഷാരീതികളെ കുറിച്ചും മറ്റും പരാമര്‍ശിക്കുന്നതിനിടയ്ക്ക്  ഇങ്ങിനെ ഒന്ന് കാണാം: "ജീവനോടെ കഴുവില്‍ കയറ്റുന്നതും അപൂര്‍വമായിരുന്നില്ല. 1795 ജൂണില്‍ ബ്രിട്ടീഷ് വിരുദ്ധ ലഹളകളുടെ തലവനായിരുന്ന പഴശ്ശി (പൈച്ചി) യുടെ ഉത്തരവിന്‍ പ്രകാരം, കോട്ടയം താലൂക്കില്‍ പെട്ട വെങ്ങോട് ഒരു നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കുറ്റമാരോപിച്ചു, നാമമാത്രമായ വിചാരണ നടത്തി രണ്ട് മാപ്പിളമാരെ ഈ വിധത്തില്‍ കഴുവേറ്റുകയുണ്ടായി". സര്‍ദാര്‍ പണിക്കരും എം. ടി യുമൊക്കെ 'സിംഹ'മാക്കി മാറ്റിയ പഴശ്ശി അത്രയ്ക്ക് നീതിബിധമുള്ള ഒരു ദേശാഭിമാനിയായിരുന്നു എന്നു കരുതാന്‍ നിര്‍വാഹം ഇല്ല. ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ മറ്റെന്തെഴുതും എന്ന വിരുദ്ധചിന്തയ്ക്ക് കാര്യമായ പ്രസക്തിയില്ല. മറ്റു ചരിത്ര വിവരണങ്ങളിലെല്ലാം  ഒരു ഇന്‍സൈഡര്‍‍ എന്ന നിലയ്ക്ക് കേരളത്തോട് നീതിപുലര്‍ത്തിയ എഴുത്തുകാര്‍ ഒരിടത്ത് മാത്രം അങ്ങിനെ അല്ലാതാവേണ്ടതില്ല. മാത്രവുമല്ല ചില ഭരണ/ജീവിത രീതികള്‍ സമഗ്രമായി പ്രതിപാദിക്കുന്നതിനിടയ്ക്കു  തുച്ഛമായ ഒരു ഉദാഹരണമായി മാത്രമാണ് പഴശ്ശിയെ പരാമര്‍ശ്ശിക്കുന്നതും. ഇന്നത്തെ കേരളത്തില്‍ പഴശ്ശിയെ പോലുള്ള ബിംബങ്ങള്‍ ക്രമാതീതമായി മഹത്വവത്ക്കരിക്കപ്പെടുമ്പോള്‍‍‍, നമ്മള്‍ അതിലേക്ക് കൂടുതല്‍ ശ്രദ്ധാലുക്കളാകുന്നു എന്നു മാത്രം. ചരിത്ര രചനയുടെ അമച്വറിസത്തില്‍ പോലും ഈ പുസ്തകം വിശ്വസനീയമായി നില്‍ക്കുന്നു എന്നതാണ്  ഇതിന്റെ ആത്യന്തികമായ ഗുണഫലം.

00

Sunday 6 April 2014

ഒരു തിരോധാനത്തിന്റെ അയുക്തി

Nine months and two weeks from this day, in whatever time zone the bluefin [a kind of tuna fish] happened to be, the tag would send an electric current through the metal pin attaching it to the leader and dart in the fish. The electrolyzed pin would begin to corrode. Within few hours it would sever. A bulb on the top of the tag is made of foam that's incompressible and therefore buoyant at any depth. The tag would raise through the cathedral rays of the ocean towards the brightness of the vault. On breaking the surface, it would begin uploading the the encoded secrets of the bluefin - its travels, its seasons, its dive patterns - to a small constellation of Agros satellites orbiting overhead.


ചൂര വർഗ്ഗത്തിൽപ്പെട്ട 'ബ്ളൂഫിൻ' എന്ന മീനിന്റെ ദേഹത്ത് ഒരു ചെറിയ ചിപ്പ് ഘടിപ്പിച്ച് ശാസ്ത്രജ്ഞന്മാർ അതിനെ കടലിലേയ്ക്ക് തന്നെ വിടുന്നു. ഏതാണ്ട് ഒൻപത് മാസങ്ങൾക്ക് ശേഷം ഈ മത്സ്യം അഴക്കടലിലൂടെ സഞ്ചരിച്ച് ആയിരക്കണക്കിന് മൈലുകൾ നീന്തി അറ്റ്ലാന്റിക്കിന്റെയൊ ശാന്തസമുദ്രത്തിന്റെയോ മറുകരയിൽ എത്തികഴിയും. അപ്പോൾ ആ ചിപ്പിൽ നിന്നുള്ള വിവരങ്ങൾ, അതായത് മത്സ്യസഞ്ചാരത്തിന്റെയും, സ്വഭാവത്തിന്റെയും ഒൻപതു മാസത്തെ വിവരങ്ങൾ മുഴുവൻ ഒരു ഉപഗ്രഹത്തിലേയ്ക്കും അവിടെനിന്നും ലോകത്തിന്റെ മറ്റേതോ കോണിലിരിക്കുന്ന പരീക്ഷണശാലയിലേയ്ക്കും എത്തുന്നതിന്റെ സാങ്കേതികതയെക്കുറിച്ചുള്ള, 'നാഷണൽജ്യോഗ്രഫിക്കി'ൽ വന്ന ഒരു ലേഖനഭാഗമാണ് മുകളിൽ എടുത്തെഴുതിയത്.

ഇത് വായിക്കുമ്പോൾ ഞാൻ ഓർത്തത് മറ്റൊരു കാര്യമാണ്. ഒരു മത്സ്യവർഗ്ഗത്തിന്റെ പഠനത്തിനായി ഇത്രയും സങ്കീർണ്ണമായ വിവരശേഖരണ സംവിധാനങ്ങൾ ഒരുക്കാൻ പറ്റുന്ന ശാസ്ത്രലോകത്തിന് ഏതാണ്ട് ഇരുന്നൂറ്റിയൻപത് മനുഷ്യജീവനുകളുമായി പറക്കുന്ന ഒരു വിമാനത്തിൽ എന്തെങ്കിലുമൊരു സിഗ്നൽ തരുന്ന ചിപ്പ് ഘടിപ്പിക്കാൻ പറ്റാതെ പോയോ? വളരെ വിചിത്രമായ സിനോറിയോ തന്നെ. 'വിശ്വാസങ്ങളു'ടെ ആയുക്തിയെക്കാൾ വലിയ യുക്തിഭംഗം അനുഭവപ്പെടും പലപ്പോഴും ശാസ്ത്രത്തിന്റെ പ്രയോഗങ്ങൾക്ക്.

00

Wednesday 2 April 2014

യുദ്ധാനന്തരം, ചില ഒറ്റ ജീവിതങ്ങൾ...

സാമൂഹ്യ വിവക്ഷകള്‍ക്കപ്പുറത്തേയ്ക്കുള്ള സിനിമയുടെ ലാവണ്യസംബന്ധിയായ തലങ്ങളിലേയ്ക്കൊന്നും റോബര്‍ട്ടോ റൊസെല്ലീനിയുടെ 'ജര്‍മ്മനി ഇയര്‍ സീറോ' എന്ന ചലച്ചിത്രം  ആകാംക്ഷ പ്രകടിപ്പിക്കുന്നില്ല. 1948 -ലെ ജര്‍മ്മനി എന്തായിരുന്നിരിക്കാം എന്ന് ചരിത്രത്തെ കുറിച്ച് സാമാന്യധാരണയുള്ള ഒരാള്‍ക്ക്‌ ഊഹിക്കാവുന്നതേയുള്ളൂ. ഹിറ്റ്ലറുടെ മരണം സംഭവിച്ചു മൂന്നുവര്‍ഷം തികയുന്ന നേരത്താണ്‌ റൊസെല്ലീനി തന്റെ ക്യാമറയുമായി ബെര്‍ലിനില്‍ ചെന്നിറങ്ങുന്നത്. അക്കാലത്ത് ലോകത്തില്‍ നിലവിലുണ്ടായിരുന്ന പട്ടാളശക്തിയുടെ ബഹുഭൂരിപക്ഷവും തങ്ങളുടെ ശത്രുപക്ഷത്തിന്റെ കേന്ദ്രബിന്ദുവായി കണ്ട പട്ടണമാണ് ബെര്‍ലിന്‍. ലോകംമുഴുവന്‍ എല്ലാശക്തിയുമെടുത്ത് പൊരുതിച്ചെന്ന ഒരു പ്രദേശത്ത്‌, അതിന്റെ പതനത്തിനു ശേഷം ക്യാമറയുമായി വന്നുനില്‍ക്കുന്ന ഒരു ചലച്ചിത്രകാരന് കലാപരമായ സൌന്ദര്യത്തിന്റെ വൈവിധ്യങ്ങളെ എന്ത് മാനദണ്‍ഡങ്ങള്‍ വച്ചാവും സാക്ഷാത്കരിക്കാനാവുക.

യുദ്ധം വിവിധതലങ്ങളില്‍ സംഭവിപ്പിച്ച സാര്‍വത്രികവും സമഗ്രവും ആയ  തകര്‍ച്ചയുടെ അമൂര്‍ത്തതയെ സ്ഫുടമായി സംപ്രേക്ഷണം ചെയ്യാന്‍ ഒറ്റപ്പെട്ട ജീവിതങ്ങളുടെ മൂര്‍ത്തതകളിലൂടെ സഞ്ചരിക്കുന്നു സംവിധായകന്‍. എഡ്മണ്ട് എന്ന ബാലനാണ് സിനിമയിലെ മുഖ്യകഥാപാത്രം. നിയോറിയലിസം കുട്ടികളിലൂടെ വ്യക്തികളേയും സമൂഹത്തേയും പരിസരങ്ങളേയും പ്രകൃതിയേയും നോക്കികാണാനുള്ള ത്വര കാണിച്ചിട്ടുണ്ട് ('പഥേര്‍ പാഞ്ചാലി' ഇന്ത്യന്‍ ഉദാഹരണമായി ഓര്‍ക്കാം). ദാരിദ്ര്യവും തകര്‍ച്ചയുമൊക്കെ ഉപാധികളും മുന്‍ധാരണകളും ഇല്ലാത്ത അനുഭവമായി നഗ്നവേദ്യമാവുക കുട്ടികളിലാവും എന്നതാവാം കാരണം. സഖ്യസേനയിലെ അംഗങ്ങളോടൊപ്പം ചുറ്റിയടിച്ച്‌ ആഹാരത്തിനുള്ള വക കണ്ടെത്താന്‍ ശ്രമിക്കുന്ന സഹോദരിയെ എന്തെങ്കിലും ജോലിചെയ്ത് സഹായിക്കാന്‍ ശ്രമിക്കുന്ന എഡ്മണ്ട്, തകര്‍ന്ന ബെര്‍ലിന്‍ പട്ടണത്തില്‍, തന്റെ താമസസ്ഥലത്തിന്റെ പരിസരങ്ങളില്‍ അലഞ്ഞുനടന്ന് കണ്ടും അനുഭവിച്ചും പകരുന്ന യുദ്ധാനന്തര ജീവിതത്തിന്റെ പതിതവും വിഹ്വലവുമായ കാഴ്ചകളാണ് ഈ ചിത്രം.

എഡ്മണ്ടിന്റെ അച്ഛന്‍ രോഗബാധിതനായി കിടപ്പിലാണ്. സഹോദരന്‍ മുന്‍പ് നാസി പട്ടാളത്തിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ അധികാരികളെ പേടിച്ച് മുറിക്കുള്ളില്‍ ഒളിച്ചുകഴിയുകയാണ്. ഹിറ്റ്ലറുടെ സാവധാനത്തിലുള്ള വളര്‍ച്ച നോക്കികണ്ടിട്ടും, അതിന്റെ വിമാനുഷികത അറിഞ്ഞിട്ടും, അലസരായി കഴിഞ്ഞ ഒരു തലമുറയെ എഡ്മണ്ടിന്റെ അച്ഛന്‍ പ്രതിനിധാനം ചെയ്യുന്നു. അതിനെക്കുറിച്ചോര്‍ത്ത് അയാള്‍ വിഷാദനാകുന്നുണ്ട്. നാസി ആശയത്തിന്റെ മാനവികരാഹിത്യം അറിഞ്ഞിട്ടോ അല്ലാതെയോ അതിനുവേണ്ടി യുദ്ധം ചെയ്തയാളാണ്‌ അവന്റെ സഹോദരന്‍. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ തങ്ങളുടെ സമകാലവിധിക്ക് ഉത്തരവാദികളായിത്തീര്‍ന്ന രണ്ടു തലമുറകളുടെ വക്താക്കളാണ് ഈ പുരുഷന്മാര്‍. എന്നാല്‍ അവര്‍ കാലത്തെ നേരിടാന്‍   അശക്തരോ ഭീരുത്വമുള്ളവരോ ആയിത്തീര്‍ന്നിരിക്കുന്നു. ആശയതലത്തിലും  ഭൌതീകതലത്തിലും യുദ്ധത്തില്‍ യാതൊരു ഭാഗഭാഗിത്വവും ഇല്ലാതിരുന്ന എഡ്മണ്ടും അവന്റെ സഹോദരിയുമാണ് പക്ഷെ കെട്ടകാലത്ത് അതിജീവനത്തിന്റെ കഠിനയോഗം ഏറ്റെടുക്കാന്‍ നിയുക്തരാവുന്നത്. ഏറ്റവും വിഷലിപ്തമായ സാമൂഹിക ചുറ്റുപാടുകളിലും, സാധ്യമാവുന്ന മൂല്യബോധത്തോടെ, അവര്‍ കാലത്തെ അഭിമുഖീകരിക്കുന്നു. അത്തരം മൂല്യബോധത്തിന്റെ അബോധാസ്തിത്വവും സംഘര്‍ഷവും തന്നെയാവുമല്ലോ ഒടുവില്‍ ആ ബാലനെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചിരിക്കുക, ഒരു ജനതതിയെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ധൃതവഴിയിലേക്ക് തെളിയിച്ചിരിക്കുക.

'ജര്‍മ്മനി ഇയര്‍ സീറോ' പോലുള്ള ഇറ്റാലിയന്‍ നിയോറിയലിസ്റ്റിക് സിനിമകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ആറേഴുകൊല്ലത്തിന് ശേഷം സത്യജിത് റേ 'പഥേര്‍ പാഞ്ചാലി' നിര്‍മ്മിക്കുന്നത്.  ഒരു താരതമ്യവിചാരത്തിന്‌ മുതിരുകയാണെങ്കില്‍, 'ജര്‍മ്മനി ഇയര്‍ സീറോ' പ്രകാശിപ്പിച്ച മെലോഡ്രമാറ്റിക് ആയിട്ടുള്ള അംശങ്ങള്‍ ഏറെക്കൂറെ ചെത്തിമിനുക്കി നിയോറിയലിസ്റ്റിക് സ്വഭാവവിശേഷത്തിന്റെയും, പ്രമേയത്തിന്റെ തന്നെയും കുറച്ചുകൂടി ആഴങ്ങളില്‍ സര്‍ഗാത്മകമാവുക സത്യജിത്റേയുടെ ചലച്ചിത്രം തന്നെയാവും.

00