Monday 1 August 2016

പരിസ്ഥിതിയുടെ പറമ്പ്...

കടൽത്തീരത്ത് നിന്നും അധികം ദൂരെയല്ലാത്തതിനാൽ, വീട് മണൽപ്പുറത്തായിരുന്നു. അർത്ഥമരുഭൂമി സമാനമായിരുന്നു ചുറ്റുമുള്ള പ്രദേശം. തെങ്ങും പറങ്കിയുമായിരുന്നു പ്രധാനമായും വളർന്നിരുന്നത്. നാട്ടിലെ ഒരുപാട് പ്രദേശങ്ങൾ പഞ്ചാര മണൽപ്പുറങ്ങളായി തരിശായി കിടന്നിരുന്നു. എങ്കിലും ഞങ്ങളുടെ പറമ്പ് അത്രയ്ക്ക് ഹരിതമുക്തമായിരുന്നില്ല. തെങ്ങും പറങ്കിയും കൂടാതെ മറ്റു ചില വൃക്ഷങ്ങൾ കൂടി വളർത്തി വലുതാക്കാൻ അമ്മ ബുദ്ധിമുട്ടിയിരുന്നു. മാവും, പേരയും, ആത്തിയും, നാരകവും, വാഴയും തുടങ്ങിയ ഫലവൃക്ഷങ്ങൾ കൂടാതെ പുന്ന, മഞ്ഞണാത്തി, കാറ്റാടി, കൊന്ന വേപ്പ് എന്നുതുടങ്ങി പേരറിഞ്ഞുകൂടാത്തതുമായ പലതരം ഫലരഹിതവൃക്ഷങ്ങളും പറമ്പിലുണ്ടായിരുന്നു.

വീട്ടുമുറ്റത്തെ ലില്ലി
മറ്റൊരു വിഭാഗം, ചെടികളായിരുന്നു. ചെമ്പരത്തി, പിച്ചി, ലില്ലി, വർണ്ണവൈവിദ്ധ്യമുള്ള ഇലച്ചെടികൾ... പുരോഹിതനായ മാതൃസഹോദരൻ എവിടെ നിന്നോ കൊണ്ടുവന്നു തന്ന 'ക്രിസ്തുമസ് ചെടി' എന്ന് വിളിച്ചിരുന്ന ഒരു ചെറുമരം, അത് സമ്മാനിച്ച ആളും വളർത്തിയ അമ്മയും മാതൃസഹോദരിയും ഒക്കെ അരങ്ങൊഴിഞ്ഞിട്ടും, ഇന്നും വീട്ടുമുറ്റത്തുണ്ട്. ഡിസംബർ കാലത്ത് ഇളം വയലറ്റ് നിറത്തിൽ പൂവിടുന്ന ഈ മരം വേറെവിടെയും കണ്ടിട്ടില്ല. ഓർമ്മയിൽ നിന്നും ഒരിക്കലും മാഞ്ഞുപോവാത്ത മറ്റൊരു ചെടി എന്റെ കിടപ്പുമുറിയുടെ ജനാലയ്ക്കൽ വളർന്നു പന്തലിച്ചു നിന്നിരുന്ന ഒരു ബൊഗൈൻവില്ലയാണ്. കാല്പനിക കൗമാരത്തിൽ ആ ചുമപ്പ് കടലാസു പൂവുകൾ മനസ്സിൽ വരഞ്ഞ നിറം അതിന്റെ മരണത്തോടെ ജീവിതത്തിൽ നിന്നുംകൂടി അപ്രത്യക്ഷമായി...

ക്രിസ്തുമസ് മരം
ഇങ്ങനെ പറമ്പിൽ മരങ്ങൾ അധികരിച്ചപ്പോൾ, അവയ്ക്കിടാറുള്ള വളങ്ങളുടെ സ്പർശം കൊണ്ടും, രൂക്ഷമായ വേനൽക്കാലങ്ങളെ കവച്ചുകടക്കാൻ കുഴൽക്കിണറിൽ നിന്നും ദിനേന തേവിക്കൊടുക്കുന്ന ജലസ്പർശം കൊണ്ടും പഞ്ചാരമണപ്പുറം അപ്രത്യക്ഷമായി. അവിടെ സജീവമായ അടിക്കാടുണ്ടായി. പലതരം പുല്ലും കുറ്റിച്ചെടികളും കളവളർന്നു. ഇപ്പോൾ വീട്ടിലേയ്ക്ക് റോഡ് എത്തുന്ന മുൻവശം ഒഴിവാക്കി നിർത്തിയാൽ ബാക്കി ഭാഗമൊക്കെ അർത്ഥവനഭൂമി സമാനമായി അനുഭപ്പെടും. പ്രഭാതങ്ങളിൽ പുൽപ്രതലം ശലഭമുഖരിതമാണ്. നടക്കുമ്പോൾ മുട്ടോളം കുറ്റിച്ചെടികളും അവയുടെ പുഷ്പാലോകവും കാലിൽ ഉരസും...

ശലഭലോകം
മുൻപും പറമ്പിൽ കിളികൾ യഥേഷ്ടം വന്നിരുന്നു. പൂക്കിലകിളികൾ, ഉപ്പൻ (ചെമ്പോത്ത്), കാക്റാട്ടി (കാക്കത്തമ്പുരാട്ടി), തത്ത, പ്രാവ്, കാക്ക തുടങ്ങി പൊതുവേ എല്ലാഭാഗത്തും എത്തുന്ന പക്ഷികൾ. ഈയടുത്ത് പറമ്പിലെ പ്രകൃതി കുറച്ചുകൂടി പച്ചനിറഞ്ഞപ്പോൾ മുൻപ് ശ്രദ്ധിക്കാതിരുന്ന കുയിലിനെയും പച്ചിലക്കുടുക്കനെയും മൂങ്ങയെയും ഒക്കെ കാണാൻ കിട്ടുന്നുണ്ടായിരുന്നു. പറമ്പിന്റെ പിന്നാമ്പുറങ്ങളിൽ നടക്കുമ്പോൾ ഈ ഭാഗത്ത് തീരെ ഇല്ലാതിരുന്ന കൊക്ക് മാതിരിയുള്ള ശുദ്ധജല സാമീപ്യം ആഗ്രഹിക്കുന്ന കിളികളെയും കണ്ടു. പറമ്പിലെ പക്ഷിബാഹുല്യം സന്തോഷിപ്പിക്കേണ്ടതാണ്. പക്ഷെ അങ്ങനെയല്ല എന്ന് തോന്നാൻ കാരണമുണ്ട്; ഏറ്റവും അഭികാമ്യമായ ആവാസവ്യവസ്ഥയുടെ നഷ്ടത്തിൽ മറ്റിടങ്ങളിലേക്ക് കൂടേറേണ്ടി വരുന്ന കിളികൾ നല്ല ലക്ഷണമല്ലത്രേ...

പറമ്പിലെ മൂങ്ങ
കഴിഞ്ഞ ദിവസം, പ്രകൃതി, പരിസ്ഥിതി, പരിസ്ഥിതിവാദം, പരിസ്ഥിതി മൗലികവാദം തുടങ്ങിയ സംജ്ഞകൾ കടന്നുവരുന്ന ചില കുറിപ്പുകൾ വായിക്കുമ്പോൾ ഞാൻ വീട്ടിലെ പറമ്പും അവിടെ സംവത്സരങ്ങളുടെ ഋതുവിലൂടെ സംക്രമിച്ചുവന്ന പാരിസ്ഥിതിക വ്യതിയാനങ്ങളും ഓർക്കുകയായിരുന്നു. ഒരിക്കൽ തരിശായിരുന്ന ഭൂമിയാണ് അമ്മയും പിന്നീട് ഇപ്പോൾ സഹോദരിയും ഭർത്താവും ഒക്കെ ചേർന്ന് കുറച്ചേറെ പച്ചപടർന്ന ഭൂമിയാക്കി മാറ്റിയിരിക്കുന്നത്. പൊതുവേ പാരിസ്ഥിതികമായ അശുഭതകൾ പടരുമ്പോൾ, എന്തായിരിക്കാം ഇത്തരത്തിൽ പച്ചപിടിക്കുന്ന ചെറുപറമ്പുകളുടെ പാരിസ്ഥിതിക മൂല്യം?!

ചെമ്പരത്തി
പരിസ്ഥിതിവാദവും പരിസ്ഥിതി മൗലികവാദവും തമ്മിലുള്ള വേർതിരിവ് കാര്യമായി നിർവ്വചിക്കപ്പെട്ടിട്ടില്ല. ഏറെക്കൂറെ ഇത് രണ്ടും ഒന്നു തന്നെയാണ്. പരിസ്ഥിതി പ്രവർത്തകർ പരിസ്ഥിതിവാദമെന്ന നിലയ്ക്ക് ഉയർത്തുന്ന സംഗതികൾ തന്നെയാണ് വികസനവാദികളുടെ നോട്ടത്തിൽ മൗലികവാദമായി പരിണമിക്കുന്നത്. കാഴ്ചപ്പാടുകളുടെ വ്യത്യാസമാണത്. ഏതെങ്കിലും തരത്തിലുള്ള സമവായത്തിൽ എളുപ്പം എത്തപ്പെടാൻ സാധിക്കുന്ന വീക്ഷണകോണുകളുമല്ല ഇവ. ഏറെക്കൂറെ പൂർണ്ണമായും വ്യവസ്ഥാപിതവത്കരിക്കപ്പെട്ട ഈ രണ്ടു ധാരകളുടെയും വൈരുദ്ധ്യം തുടരുകതന്നെ ചെയ്യും എന്ന് കരുതാനേ കാരണമുള്ളൂ.

മുറ്റത്തെ ജൈവലോകം
ആശയങ്ങളുടെ വ്യവസ്ഥാപിതവത്കരണം നൽകുന്ന ഒരു കംഫർട്ട് സോണുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഏതാശയവും അതിന്റെ കംഫർട്ട് സോൺ കണ്ടെത്തുമ്പോഴാണ് വ്യവസ്ഥാപിതമാവുക. ഉദാഹരണത്തിന് പഴയ വൈദ്യുതിമന്ത്രി എ. കെ. ബാലനെ നോക്കുക. നല്ല മന്ത്രിയായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് കറന്റ് കട്ട്, വൈദ്യുതി വിലവർദ്ധന ഒന്നുമുണ്ടായിരുന്നില്ല. കൃത്യമായ വികസനവീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. നഗരവത്കൃത വികസനത്തിന് വൈദ്യതി അത്യന്താപേക്ഷിതമാണ്. വികസനത്തിനനുസൃതമായി കൂടുതൽ ഉൽപാദനം ആവശ്യമാണ്. അതിന് പാത്രക്കടവും അതിരപ്പിള്ളിയും ജലവൈദ്യുത പദ്ധതികളാവണം. സന്ദേഹങ്ങളൊന്നുമില്ലാത്ത വളരെ ലളിതമായ സമവാക്യമാണത്.

മറുപുറത്ത് പരിസ്ഥിതിപ്രവർത്തകനായ ഹരീഷ് വാസുദേവൻ എന്ന ചെറുപ്പക്കാരനെ നോക്കുക. അദ്ദേഹം ഇത്തരം പ്രശനങ്ങളിൽ ഇടപെട്ട് ടെലിവിഷൻ ചർച്ചകളിൽ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. ലോപമായ പദാവലികളുപയോഗിച്ച് ഭർസനസമാനമാണ് ഭാഷണം. തോക്കു കിട്ടിയാൽ എല്ലാവരെയും വെടിവച്ചുകൊല്ലും എന്നു തോന്നിക്കുന്ന ആംഗ്യവിക്ഷേപങ്ങളും ഭാവവിഹ്വാദികളും. ഒരു പാറയിൽ നിന്നും ഒരു കല്ല് പോലും പൊട്ടിക്കാൻ അനുവദിക്കില്ല എന്ന നേർവിപ്ലവം.

ഇത് രണ്ടും എളുപ്പവഴികളാണ് - അവിടെ സന്ദേഹങ്ങളില്ല, അന്വേഷണങ്ങളില്ല.

അതിരപ്പിള്ളി വെള്ളച്ചാട്ടം
വികസനത്തിന്റെ ആയാലും പരിസ്ഥിതിയുടെ ആയാലും വ്യവസ്ഥാപിത രാഷ്ട്രീയം പ്രധാനം തന്നെയാണ്. അതിന്റെ അവബോധങ്ങളാണ് പ്രത്യക്ഷമായ മാറ്റങ്ങൾക്ക് കാരണമാവുന്നത്. പക്ഷെ ഈ അവബോധങ്ങളിലേയ്ക്ക് നയിക്കുന്ന, അവയെ ജൈവമാക്കുന്ന, ഗോപ്യമായ ജീവിതങ്ങളും ജീവശാസ്ത്ര ധാരകളുമുണ്ട്. സമകാലിക കലുഷതകളിൽ പലപ്പോഴും അവ പൊതുസമൂഹത്തിന്റെ മുഖ്യധാരയിൽ പ്രത്യക്ഷപ്പെടുന്നില്ല. ജനസാന്ദ്രമായ അതേസമയം ഭൂമി കുറവുള്ള കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ വികസനത്തിന്റെ ബദൽ മാതൃകകൾ അന്വേഷിക്കേണ്ട കാലം ഒരു അൻപത് വർഷം മുൻപ് കടന്നുപോയതാണ് (ഒറ്റപ്പെട്ട ബദൽ പരീക്ഷണങ്ങൾ പരിഹാസ്യവും പാർശ്വവത്കൃതവുമായി തുടരുന്നു). ഇന്നും നമ്മുടെ പൊതുബോധം ഫ്‌ളാറ്റ് എന്ന കൺസെപ്റ്റിനെ പോലും അംഗീകരിക്കുന്നില്ല. വീടും പറമ്പും എന്നത് പോയിട്ട്, കോൺക്രീറ്റ് വീടും ഇന്റർലോക് ഓടുപാകിയ പറമ്പും എന്ന നിലയ്ക്കാണ് നമ്മുടെ പൊതുബോധം വളർന്നത്.

എന്തുകൊണ്ടാണ് പ്രകൃതിയുമായി ബന്ധപ്പെട്ടു നിൽക്കുന്ന ജൈവജ്ഞാനം പൊതുസമൂഹത്തിന്റെ ബോധത്തിലേക്ക്, വികസനത്തിന്റെ ബോധം എന്ന പോലെ എത്താത്തത്. പ്രധാനമായും മനുഷ്യസഹജതയാലാണ് അത് സംഭവിക്കാത്തത്. എളുപ്പത്തിൽ ലഭ്യമാവുന്ന ജീവിതമേന്മകളും സൗകര്യങ്ങളും മനുഷ്യന്റെ സഹജവാസനയാണ്. അതിനെ നിരാകരിച്ചുകൊണ്ടുള്ള ആശയസംഹിതകൾ നിലനിൽക്കില്ല. പക്ഷേ പതുക്കെ സംക്രമിക്കാവുന്ന ഒരു അവബോധമായി പാരിസ്ഥിതിക ചിന്തകൾ സമൂഹത്തിലേക്ക് പകരാനാവുന്നത്, ഇക്കാലത്ത് പ്രബുദ്ധമായ മാധ്യമങ്ങളുടെ ഇടപെടലിലൂടെയായിരിക്കും. അത് പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. അനിയന്ത്രിത വികസനത്തിന്റെ മൂലധനതാല്പര്യങ്ങളുള്ള വലിയ കച്ചവടസ്ഥാപനങ്ങളാണ് ഇന്ന് മുഖ്യധാരയിലെ മാധ്യമങ്ങളുടെയും മുതലാളിമാർ. അവിടെ പാരിസ്ഥിതിക അവബോധമുണ്ടാക്കുന്ന പ്രകൃതിചിന്തകളുടെ സൂക്ഷ്മമായ വിജ്ഞാനധാരകൾ നയഭാഗമായും അബോധമായ അഭിരുചിക്കേടാലും അവഗണിക്കപ്പെടുന്നു.

പർപ്പിൾ തവള (ചിത്രം കടപ്പാട്: The Wire) 
പണ്ട് വർഷകാലത്ത് വീട്ടുപടിയിൽ രാത്രിമഴ നോക്കിയിരിക്കുമ്പോൾ തവളകൾ ഒന്നിനു പിറകേ ഒന്നായി മഴനനഞ്ഞ് എങ്ങോട്ടോ പോകുന്നത് കാണാമായിരുന്നു. അവയുടെ സിംഫണിയും കേൾക്കാം. ഇന്ന് ആ വീട്ടുപടിക്കൽ മഴക്കാലരാത്രികളിൽ ചെന്നിരിക്കാൻ സാധിക്കാത്തതിനാൽ അവിടെ ഇപ്പോഴും തവളകൾ വരാറുണ്ടോ എന്നറിയില്ല. കൂടുതൽ പച്ചപടർന്ന ആ പറമ്പിൽ രാത്രികളിൽ മഴനനയാൻ തവളകൾ ഇപ്പോഴും എത്തുന്നുണ്ടാവും എന്നുതന്നെ കരുതാം.

ഹരീഷ് വാസുദേവനെ അറിയുന്നത്ര നമുക്ക് സത്യഭാമ ദാസ് ബിജു എന്ന മലയാളിയെ അറിയില്ല. ഡെൽഹി സർവ്വകലാശാലയിലെ അദ്ധ്യാപകനാണ്. ലോകമറിയുന്ന ജന്തുശാസ്ത്രജ്ഞൻ കൂടിയാണ്. അദ്ദേഹത്തിന്റെ പരീക്ഷണമേഖല തവളകളാണ്. അനേകം സ്പീഷിസുകളെ അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. അതിൽ സഹ്യമലനിരകളിൽ നിന്നും കണ്ടെത്തിയ പർപ്പിൾ ഫ്രോഗ് എന്ന അപൂർവ്വയിനം തവളയും ഉൾപ്പെടുന്നു. അദ്ദേഹത്തിന്റെ പഠനങ്ങളെ നമ്മുടെ മാധ്യമങ്ങൾ വേണ്ടരീതിയിൽ കൊണ്ടുവന്നിട്ടില്ല എന്ന് പറയുമ്പോൾ, പരിസ്ഥിതിയിൽ തവളകൾക്ക് എന്താണ് അമിതപ്രാധാന്യം എന്ന് സ്വാഭാവികമായും ചോദിക്കാം. സ്ഥൂലമായ ഹരിതരാഷ്ട്രീയം സൃഷ്ടിച്ച ഉപരിപ്ലവമായ പൊതുബോധമാണ് ആ ചോദ്യത്തിന്റെ ഉറവിടം. എന്റെ ഗൃഹാതുരത്വമാണ് വീട്ടുമുറ്റത്ത് ഇന്നും തവളകൾ എത്തുന്നുണ്ടാവാം എന്ന ആഗ്രഹം. പക്ഷേ നിലവിൽ കൂട്ടവംശനാശത്തിന്റെ വക്കിലെത്തിയിരിക്കുന്ന ഒരു ജീവിവർഗ്ഗമാണ് തവളകൾ.

പരിസ്ഥിതിയെ പ്രതി, തവളകളോളം മനുഷ്യനെ ചിലത് പഠിപ്പിക്കാൻ ഉതകുന്ന ഒരു സൂക്ഷ്മ ജീവശാസ്ത്ര സംഗതി വേറെയില്ല...!

൦൦

6 comments:

  1. പരിസ്ഥിതിതീവ്രവാദം ഉണ്ടെന്നുള്ളത് ഒരു യാഥാർത്ഥ്യം തന്നെയാണ്

    ReplyDelete
  2. പണ്ടൊക്കെ എത്ര തവളകളെ കണ്ടിരുന്നു. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ ഞാന്‍ ചോദിക്കേം ചെയ്തു, എന്താ തവളകളെയൊന്നും കാണാത്തേന്ന്. സ്ഥിരം കാണുന്ന പക്ഷികളെ കാണാതാവുകയും, പുതിയവ വിരുന്നു വന്നത് എന്നെ അസ്വസ്ഥമാക്കിയിരുന്നു...
    പരിസ്ഥിതി തീവ്രവാദം ഞാന്‍ കേട്ടത് കാട്ടുതീയെ കുറിച്ച് റിപ്പോര്‍ട്ട് വായിച്ചപ്പോഴാണ്. :(

    ReplyDelete
    Replies
    1. തവളകളുടെ കൂട്ടതിരോധാനം ഗൗരവതരമത്രേ... :(

      Delete
  3. നല്ല കാമ്പുള്ള എഴുത്ത്‌..ആശംസകൾ

    ReplyDelete
    Replies
    1. നന്ദി, പുനലൂരാൻ. കമന്റ് പബ്ലിഷ് ചെയ്യാൻ വൈകി. ക്ഷമിക്കുക...

      Delete