Tuesday 20 February 2018

ഭ്രമാത്മകഭക്തിയുടെ പുരാവൃത്തസാരം

ഏതാണ്ട് മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപാണ്. പ്രണയകാലം. അന്ന് തിരുവനന്തപുരം പട്ടണത്തിൽ അവൾക്കും എനിക്കും പകലുകളിൽ ഒളിപാർക്കാൻ ഇടങ്ങൾ കണ്ടെത്തുക എന്നത് ശ്രമകരവും സർഗ്ഗാത്മകവുമായ വിനോദമായിരുന്നു. ഒറ്റപ്പെട്ട തീൻശാലകളായിരുന്നു ഇതിന് ഏറ്റവും അനുയോജ്യം.

ഇടക്കാലത്ത്, ഞങ്ങൾ സ്ഥിരസന്ദർശകരായിരുന്ന ഒരു ഭോജനശാല പഴവങ്ങാടിയിലുണ്ടായിരുന്നു. അജന്താ തിയറ്ററിന്റെ വശത്തായുള്ള ചെറിയ ഗലി. അതിലൂടെ ചെന്ന് ഗോവണികയറി രണ്ടാം നിലയിലെത്തുമ്പോഴാണ് ഈ റസ്‌റ്റോറന്റ്. പ്രണയിതാക്കൾക്ക് സുരക്ഷിതമായി എത്രനേരം വേണമെങ്കിലും സംസാരിച്ചിരിക്കാൻ പറ്റുന്ന സ്ഥലം. അവിടുത്തെ ഒരു മൂല ചില ദിവസങ്ങളിൽ ഞങ്ങൾ അപഹരിച്ചിരുന്നു. ഞങ്ങളുടെ നിരന്തരസാന്നിധ്യത്തോട്‌ ജീവനക്കാർ നീരസം കാണിച്ചിരുന്നില്ല. എന്നുമാത്രമല്ല, പലരും സൗഹൃദത്തോടെ പെരുമാറുകയും ചെയ്തു. ഞാൻ ആ ഭക്ഷണശാലയുടെ പേര് മറന്നുപോയെങ്കിലും ഭാര്യ ഓർത്തിരിക്കുന്നു - ആകാശ്!

അങ്ങനെ ഒരുദിവസം രാവിലെ അവിടെ കയറിയിരുന്നതാണ്. പ്രണയം, സ്ഥല-സമയ ബോധത്തെ നിരാകരിക്കുന്നു. അവൾക്ക് ഹോസ്റ്റലിൽ തിരിച്ചുകയറാനുള്ള നേരമായപ്പോഴാണ് പുറത്തിറങ്ങിയത്. ഗലിയിലൂടെ റോഡിലേയ്ക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ഞങ്ങൾ പേടിച്ചുപോയി. വഴി കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു. കാഴ്ചയെ മറച്ചുകൊണ്ട് ഉയരുന്ന പുകപടലം. നിരത്തിൽ, കോട്ടമതിൽ പോലെ സ്ത്രീകളുടെ നീണ്ടനിര. അവരുടെ മുന്നിൽ പുകയുയർത്തി തിളയ്ക്കുന്ന പൊങ്കാലക്കലങ്ങൾ. ബഹളമയം. ആ ഗലിയിൽ നിന്നും റോഡിലേയ്ക്കുള്ള തുറവ് മുഴുവനായും അടയപ്പെട്ടിരിക്കുന്നു...

എല്ലാ വായനകളും ചില ഓർമ്മകളെ കൊണ്ടുവരുന്നു. വായിക്കുന്ന പുസ്തകത്തിന്റെ പാഠവുമായി അതിന് കാര്യമായ ബന്ധമുണ്ടാവണമെന്നില്ല. ലക്ഷ്മി രാജീവിന്റെ 'ആറ്റുകാലമ്മ: ദി ഗോഡസ്സ് ഒവ് മില്യൺസ്' (Attukal Amma: The Goddess of Millions) എന്ന പുസ്തകം വായിക്കുമ്പോൾ ഈ സംഭവം എനിക്ക് ഓർക്കാതിരിക്കാനാവില്ല. ഇത് ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട എന്റെ ഏക ഓർമ്മയുമല്ല. തിരുവനന്തപുരം പട്ടണത്തിൽ കൗമാരവും യൗവ്വനാരംഭവും കഴിച്ച ഒരാളുടെ ആറ്റുകാൽ പൊങ്കാലയെ പ്രതിയുള്ള സ്മരണകൾ ചെറിയ കളങ്ങളിൽ ഒതുങ്ങില്ല. പത്തുമുപ്പത് വർഷങ്ങൾക്ക് മുൻപ് ഇന്നുകാണുന്ന അസാധാരണമായ വൈപുല്യം ഇല്ലായിരുന്നുവെങ്കിൽ കൂടിയും ആറ്റുകാൽപൊങ്കാല തന്നെയായിരുന്നു തിരുവനന്തപുരത്തിന്റെ ആസ്ഥാന ഉത്സവം.

ആ മഹാപ്രാസ്ഥാനത്തിന്റെ മിത്തിലൂടെയും ചരിത്രത്തിലൂടെയും ആചാരാനുഷ്ഠാനങ്ങളിലൂടെയും  ദേശപുരാവൃത്തങ്ങളിലൂടെയും ഭരണകാര്യങ്ങളിലൂടെയുമുള്ള സമഗ്രമായ യാത്രയാണ് 'ആറ്റുകാലമ്മ: ദി ഗോഡസ്സ് ഒവ് മില്യൺസ്'. ഹാർപെർ എലമെന്റാണ് കോഫിടേബിൾ ബുക്ക് രീതിയിൽ സാക്ഷാത്കരിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ പ്രസാധകർ. അസംഖ്യം വർണ്ണചിത്രങ്ങളും ചിത്രീകരണങ്ങളും പുസ്തകത്തിന്റെ താളുകളിൽ കാണാം. ചിത്രകാരനായ മദനനും ഫോട്ടോഗ്രാഫർമാരായ ഹരി തിരുമലയും മനോജ് വാസുദേവൻ നായരും ഈ പുസ്തകത്തിന്റെ സമഗ്രതയ്ക്ക് ക്രിയാത്മകമായി പരിശ്രമിച്ചിട്ടുണ്ട്. ആറ്റുകാൽ ക്ഷേത്രത്തിന്റെയും അനുബന്ധമായവകളുടെയും ചരിത്രപ്രാധാന്യമുള്ള പഴയ ചിത്രങ്ങൾ  കണ്ടെടുത്ത് പുനരുപയോഗിച്ചിട്ടുള്ളത് എഴുത്തിന്റെ ആധികാരികതയ്ക്ക് ത്വരകമാവുന്നു.


ഉത്തരകേരളത്തിന്റെ ഹൈന്ദവാചാരങ്ങളെക്കുറിച്ചും അതിന്റെ ചരിത്രപരിണാമത്തെക്കുറിച്ചും ഏറെ പഠനം നടക്കുകയും എഴുത്തുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ തെക്കൻ കേരളത്തിന്റെ സാംസ്കാരികപരിസരത്ത്  ഇത്തരം മതാചാരങ്ങൾ എങ്ങനെ എന്നത് വളരെ നിശിതമായി അഭിമുഖീകരിച്ചിട്ടുണ്ട് എന്നുതോന്നുന്നില്ല. വ്യതിരിക്തമായ സ്വഭാവസവിശേഷതയുള്ള ആചാരങ്ങൾ കുറവാണ് എന്നതും ഇതിനൊരു കാരണമാവാം. ശക്തമായ രാജസ്വരൂപം നിലനിന്ന തിരുവിതാംകൂറിൽ, അതിന്റെ തുടക്കകാലത്ത് തന്നെ ക്ഷേത്രാചാരങ്ങളിൽ പരദേശിബ്രാഹ്മണരുടെ സ്വാധീനമുണ്ടായിരുന്നു. മലബാറിൽ പ്രാദേശികമായി വികസിച്ചുവന്ന ആചാരസംബന്ധിയായ അനുഷ്ഠാനവൈവിധ്യങ്ങൾ തിരുവിതാംകൂറിൽ ഇല്ലാതെപോയതിനുള്ള ഒരു കാരണം ബ്രാഹ്‌മണപൗരോഹിത്യം അനുഷ്ഠാനസംബന്ധിയായ ഏകീകൃതനിഷ്ഠകൾ അവിടെ നടപ്പാക്കി എന്നതാവും. സ്വാഭാവികപരിണാമത്തിനുള്ള അടര് അങ്ങനെ നഷ്ടപ്പെട്ടുപോവുകയാണുണ്ടായത്.

ഉർവ്വരതാദേവസങ്കല്പവും കൊയ്ത്തുത്സവവും വിതയുത്സവവുമൊക്കെ പ്രാക്തനമായ എല്ലാ കൃഷീവലസമൂഹത്തിലും കാണാനാവും. ലോകത്തെവിടെയും അതുണ്ട്. മഴപെയ്യിക്കാനുള്ള പൂജാദികളും അനുബന്ധമായ ഉത്‌സവവും കേരളത്തിന്റെ പൂർവ്വസംസ്കൃതിയിൽ അത്രയൊന്നും ലീനമല്ല. സുലഭമായും കൃത്യമായ ഋതുഭേദത്തോടെയും മഴ ലഭിച്ചിരുന്ന ഭൂപ്രദേശമെന്ന നിലയ്ക്ക് അത്തരമൊരു ദേവസങ്കല്പത്തിന്റെ ആവശ്യം അടിസ്ഥാനത്തിൽ ഉയർന്നിരുന്നില്ല. പിന്നീട് ബ്രാഹ്മണിക്കലായുള്ള ചില അനുഷ്ഠാനങ്ങളൊക്കെ ഇക്കാര്യത്തിനായി ഉണ്ടായിവന്നിരുന്നുവെങ്കിലും അതൊന്നും കൃഷീവലസമൂഹങ്ങളുടെ നേരിട്ടുള്ള പ്രയോഗമോ, അവരുടെ പൊതുസംസ്കൃതിയുമായി ബന്ധപ്പെട്ടോ ഉണ്ടായിട്ടുള്ളതല്ല. മറിച്ച്, വിതയും കൊയ്ത്തുമായി ബന്ധപ്പെട്ടാണ് ആദിമകാലത്ത്  ആരാധനയും ആചാരവും പൊതുവേ പരിണമിച്ചുവന്നത്. അതായിരുന്നു ഉത്സവം. അത് സമൂഹത്തിന്റെ താഴേത്തലത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നുമായിരുന്നു.

ആറ്റുകാൽ ക്ഷേത്രത്തിന്റെ ഉത്ഭവചരിത്രത്തിലേയ്ക്ക് പോകുമ്പോൾ, തെക്കൻ കേരളത്തിൽ മുൻപ് വ്യാപകമായി നിലനിന്നിരുന്ന 'മുടിപ്പുര' എന്ന ഉത്സവാചാരത്തെക്കുറിച്ച് ഈ പുസ്തകം പറയുന്നുണ്ട്. അത് തികച്ചും കീഴാളമായ, അടിസ്ഥാനവർഗ്ഗത്തിന്റെ കൃഷിസംബന്ധിയായ ആചാരവും ഉത്സവുമായിരുന്നു. പാടത്തുയർത്തിയ മുടിപ്പുരയായിരുന്നു ഭഗവതിയാരാധനയുടെയും ഉത്സവത്തിന്റെയും കേന്ദ്രസ്ഥാനം. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ തോറ്റംപാട്ടുകൾ അനുഷ്ഠാനത്തിന്റെ പ്രധാനമായ ഭാഗമാണ്. കാലം കഴിഞ്ഞുപോകവേ ഇത്തരം താൽക്കാലിക മുടിപ്പുരകൾ പാടത്തുനിന്നും വരമ്പത്തേയ്ക്ക് കയറി സ്ഥിരമായ അസ്തിത്വം നേടുകയും, ക്ഷേത്രങ്ങളായി പരിണമിക്കുകയുമാണുണ്ടായത്. അത്തരത്തിൽ മുടിപ്പുരയിൽ നിന്നും ക്ഷേത്രമായി മാറിയ അനേകം ആരാധനങ്ങളായിൽ ഒന്നാണ് ആറ്റുകാൽ ക്ഷേത്രവുമെന്ന് എഴുത്തുകാരി സമർത്ഥിക്കുന്നു. തോറ്റംപാട്ടുകൾ ആറ്റുകാൽ ക്ഷേത്രത്തിന്റെ ആരാധനയിൽ ഇന്നും പ്രധാനചടങ്ങത്രേ. അത് പാടാനുള്ള അവകാശം വളരെ പുണ്യമായ പാരമ്പര്യവും.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ ഉപലംഭിച്ചാണ് തിരുവനന്തപുരം പട്ടണം വികസിച്ചുവന്നത് എന്ന്  പൊതുവായി പറയാം. കിഴക്കുഭാഗത്തെ കോട്ടമതിലിനപ്പുറം, അക്കാലത്ത്, കിള്ളിയാറുവരെ നെൽപ്പാടങ്ങളായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ആവശ്യങ്ങൾക്കായി, അതിനോട് ചേർന്നുകിടക്കുന്ന പാടഭാഗം രാജാവ് തീറുനൽകിയിരുന്നു എന്ന് മുൻപുതന്നെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആ ഇടം പുത്തരിക്കണ്ടം എന്നറിയപ്പെട്ടു. അവിടെനിന്നും കിള്ളിയാറുവരെ നീണ്ടുകിടക്കുന്ന പാടശേഖരം എന്നൊരു പരികല്പന ഇന്ന് ആലോചിക്കാനാവാത്ത വിധം പട്ടണം അവിടങ്ങളിൽ തിങ്ങിനിറഞ്ഞുകഴിഞ്ഞു. എന്നാൽ ആ ഭൂഭാഗം പാടമായിരുന്നു എന്ന് ഓർക്കുന്നവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു. പ്രസ്തുത സൂചന പുസ്തകം തന്നെ നൽകുന്നുണ്ട്.  കിള്ളിയാറിന്റെ കരയിലുള്ള ആറ്റുകാൽ ക്ഷേത്രത്തിന്റെ സമീപത്ത്, ഒരു ചെറിയതുണ്ട് ഭൂമി പഴയകാലത്തെ ഓർമ്മപ്പെടുത്തി പാടമോ ചതുപ്പോ ആയി ഇന്നുമുണ്ട്. തൊള്ളായിരത്തി അറുപതുകളുടെ രണ്ടാംപകുതിയിൽ ക്ഷേത്രപുനരുദ്ധാരണം നടക്കുമ്പോൾ ഇപ്പോൾ ക്ഷേത്രമിരിക്കുന്ന ഭൂമിയിൽ അല്പം കുഴിച്ചപ്പോൾ തന്നെ വെള്ളക്കെട്ട് കാണപ്പെട്ടത് ആ ഭാഗം നെൽപ്പാടമായിരുന്നു എന്നതിന് ഉപോൽബലമാകുന്നുണ്ട്.  ക്ഷേത്രത്തിന് മുടിപ്പുരയുമായുള്ള ബന്ധത്തെ അത് കുറച്ചുകൂടി ഉറപ്പിക്കുന്നു.

ഇത്തരത്തിൽ ചരിത്രപാഠങ്ങളെ യുക്തിഭദ്രമായി ആവിഷ്കരിക്കാൻ ശ്രമിക്കുമ്പോൾ തന്നെ ആറ്റുകാലമ്മയോടുള്ള കടുത്ത ഭക്തിയും വിധേയത്വവും  എഴുത്തുകാരി പുലർത്തുന്നുണ്ട്. ആമുഖത്തിൽ തന്നെ ഇതറിയാനാവും. വിഷയസംബന്ധിയായ പുരാവൃത്തങ്ങൾ തിരക്കിനടക്കുമ്പോൾ വന്നുപെടുന്ന വിഘ്‌നങ്ങൾ നീക്കാൻ ഭഗവതിയെ ആശ്രയിക്കുന്ന, അതിനുവേണ്ടി പൂജയോ പ്രശ്നങ്ങളോ നടത്തുന്ന എഴുത്തുകാരിയേയും കാണുന്നു. ഏതാനും വരികൾക്കുള്ളിൽ തന്നെ യുക്തിയും യുക്ത്യാതീതഭക്തിയും പ്രകാശിപ്പിക്കപ്പെടുന്ന  വിചിത്രമായ സങ്കലനമാണ് കാണുക. ഒരു ചരിത്രപുസ്തകമായോ, ദേവസ്തുതികൃതിയായോ വ്യവച്ഛേദിച്ച് വ്യവഹരിക്കാനല്ല  ഗ്രന്ഥകാരി ആഗ്രഹിച്ചതെന്നു തോന്നും. പാഠം, സമഗ്രതയിൽ അർഹിക്കുന്നത്രയും ഭക്തിയും യുക്തിയും പുസ്തകം സംപ്രേക്ഷണം ചെയ്യുന്നു.

പത്തു ദിവസത്തെ ഉത്സവത്തിന്റെ അവസാനം ദേവി ആറ്റുകാലിൽ നിന്നും കൊടുങ്ങല്ലൂരിലേയ്ക്ക്  മടങ്ങിപോകുന്നുവെന്നാണ് വിശ്വാസം. ആ ചടങ്ങിന്റെ ആചാരവിശേഷങ്ങൾ വസ്തുതാപരമായി വിവരിച്ചതിനു ശേഷം തൊട്ടടുത്ത വരി ഇങ്ങനെയാണ്: "A gentle breeze wafts through the crowd as She departs. Standing near the sanctum, I felt this unusual breeze on my face, rather strongly." യാഥാർത്ഥ്യത്തിൽ നിന്നും ഭ്രമാത്മകഭക്തിയുടെ അഭൗമതയിലേയ്ക്ക് എഴുത്തുകാരി ഇത്രയും അയത്നലളിതമായാണ് ചുവടുമാറുന്നത്. ഈ വേഷപ്പകർച്ച, സുഭഗവും സുതാര്യവുമായ ലാളിത്യം വായനയിൽ അനുഭവിപ്പിക്കുന്നുണ്ട്.


ഭദ്രകാളിയാരാധന തെക്കേയിന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിലാണ് കൂടുതലും കണ്ടുവരുന്നത്. അമ്മദൈവങ്ങളുടെ അസ്തിത്വം ദ്രാവിഡസംബന്ധിയാണ്‌ എന്നാവും ഇത് തെളിവുതരുക. കൃത്യമായ ട്രോപ്പിക്കൽ കാലാവസ്ഥയുള്ള കേരളം പോലൊരു ഭൂഭാഗത്ത് ഋതുക്കൾ ശക്തമായാണ് പ്രകൃതിയിൽ ഇടപെടുന്നത്. പ്രകടവും വന്യവുമായ പ്രകൃതിപ്രതിഭാസങ്ങൾ ഉളവാക്കിയ മനുഷ്യഭയത്തിൽ നിന്നും ശക്തിദേവകൾ ഉണ്ടായി. ഉഷ്ണമേഖലാപ്രകൃതിയുള്ള ലോകത്തിലെ എല്ലാ ഭൂപ്രദേശങ്ങളിലും പ്രകൃത്യാരാധനാ സംബന്ധിയായ സവിശേഷ ദേവസങ്കല്പങ്ങൾ കൂടുതലായി ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. അത്തരത്തിൽ, പ്രാക്തനമായ ദ്രാവിഡ ഗോത്രസംസ്കൃതിയുടെ നീക്കിയിരിപ്പാവാം ഭദ്രകാളി. പിന്നീട്, ഭഗവതി എന്ന പൊതുനാമത്തിലേയ്ക്ക്, ഭദ്രകാളിയെന്ന പ്രാകൃത്യദൈവരൂപത്തെ ശുദ്ധീകരിച്ച് സ്വാംശീകരിക്കാൻ ബ്രാഹ്മണപൗരോഹിത്യം നിർബന്ധമായതാവാം. ഇത്തരം ആരാധനാലയങ്ങളോട് അനുബന്ധമായി സംരക്ഷിക്കപ്പെടുന്ന കാവുകൾ,  പ്രകൃതിയോടും ദ്രാവിഡസംസ്കാരത്തോടുമുള്ള ഭഗവതീക്ഷേത്രങ്ങളുടെ പ്രഭവബന്ധം സൂചിപ്പിക്കുന്നുവെന്ന് പുസ്തകം സവിസ്താരം പറയുന്നു.

പിൽക്കാല ബ്രാഹ്‌മണവത്കരണത്തിന്റെ ഭാഗമായി, കൊടുങ്ങലൂർ തുടങ്ങി പ്രശസ്തമായ ഭഗവതീക്ഷേത്രങ്ങളുടെ സ്വത്വത്തിൽ വിളക്കിച്ചേർക്കപ്പെട്ട കണ്ണകീചരിതം പോലുള്ള പ്രചുരപ്രചാരിതമായ പുരാവൃത്തങ്ങൾ ആറ്റുകാലിലും കാണാം. ആചാരസംബന്ധിയായും ഈ കഥ ഉപയോഗിക്കപ്പെടുന്നു. ക്ഷേത്രോസവത്തിന്റെ പത്തു ദിവസങ്ങളിലായി പാടുന്ന തോറ്റംപാട്ടിൽ കണ്ണകി എന്ന പേര് പരാമർശിക്കുന്നില്ല. എങ്കിലും  കന്യാവിന്റെയും പാലകന്റെയും പുരാണം, കണ്ണകിയുടെയും കോവലന്റെയും കഥയിൽ നിന്നും അധികം വ്യത്യസ്ഥമായല്ല അവതരിപ്പിക്കപ്പെടുന്നത്. പുരാവൃത്തങ്ങളുടെ ഇത്തരം സങ്കീർണ്ണസങ്കലനം വിശകലനവിധേയമാക്കുക എളുപ്പമല്ലെങ്കിലും, കേരളത്തിലെ ക്ഷേത്രങ്ങൾ അതിന്റെ കീഴാളസ്വത്വം ഉപേക്ഷിച്ച് സവർണ്ണമാകുന്നതിന്റെ അതാര്യമായ അടിയൊഴുക്കുകൾ ഇവിടെ കാണാം.

ഒരു ചെറിയ മുടിപ്പുരയിൽ നിന്നും ഇന്നത്തെ വലിയ ക്ഷേത്രം എന്ന നിലയ്ക്കുള്ള ആറ്റുകാലിന്റെ പരിണാമത്തിലും ഈ സ്വാധീനമുണ്ട്. പൊതുവേ, കേരളത്തിലെ ക്ഷേത്രനിർമ്മാണം പുലർത്തുന്ന തദ്ദേശീയമായ വാസ്തുരീതികൾ ഉൾക്കൊണ്ടിരുന്ന പഴയ ക്ഷേത്രകെട്ടിടത്തിന്റെ ലാളിത്യത്തെ കവയ്ക്കുന്ന ഇന്നത്തെ ഗോപുരക്ഷേത്രത്തിന്റെ വർണ്ണപ്രൗഢിയെ എഴുത്തുകാരി വിപ്രതിപത്തിയോടെ കാണുന്നു. അനുഷ്ഠാനപരമായ തോറ്റംപാട്ട് നടക്കുമ്പോൾ പോലും, സിനിമാപാട്ടും ഭക്തിഗാനവും ഒക്കെയായി അതിനെ വിഴുങ്ങുന്ന  കോളാമ്പിശബ്ദം പരിസരത്തെ ഉത്സവമയമാക്കുന്നു. ഒരിക്കലും എഴുതിവയ്ക്കുകയോ ശബ്ദലേഖനം ചെയ്യപ്പെടുകയോ ചെയ്യാത്ത തോറ്റംപാട്ടിന്റെ ആശയം ഗ്രഹിക്കാൻ, ആയതിനാൽ, അധികം വ്യയപ്പെട്ടു എന്ന് ഗ്രന്ഥകാരി പറയുന്നുണ്ട്. എങ്കിൽപ്പോലും ഉത്സവം നടക്കുന്ന പത്തുദിവസത്തേയ്ക്കും  നീണ്ടുപോകുന്ന തോറ്റംപാട്ടിന്റെ കഥാസാരം ഏറെക്കൂറെ മുഴുവനായിത്തന്നെയും  പുസ്തകത്തിലെ ഒരദ്ധ്യായം പറയുന്നു.

അന്ന്, കാമുകിയുമായി, ആകാശ് ഹോട്ടലിനു താഴെ,  പൊങ്കാലയിടുന്ന സ്ത്രീമതിലിനു മുന്നിൽ പകച്ചുനിൽക്കുമ്പോൾ, ആ ഉത്സവം ആദ്യമായി എന്റെ ജീവിതത്തിൽ നേരിട്ടിടപെടുകയായിരുന്നു. ഭക്തിസംബന്ധമോ ആചാരപരമോ ആയിരുന്നില്ല ആ ഇടപെടൽ എങ്കിൽകൂടി. പക്ഷെ, അപ്പോഴോ പിന്നീടോ പൊങ്കാലയെന്നത് പത്തുദിവസം നീളുന്ന ഉത്സവത്തിന്റെ ഒൻപതാം ദിവസം നടക്കുന്ന ഒരു ചടങ്ങു മാത്രമാണെന്ന്  അറിയുമായിരുന്നില്ല. ഈ പുസ്തകം, തോറ്റംപാട്ടിന്റെ വിശദീകരണത്തോടൊപ്പം പത്തുദിവസത്തെ ചടങ്ങുകളും നന്നായി വിവരിക്കുന്നു. അതിൽ, ആറ്റുകാൽ പൊങ്കാലയെന്ന പരസ്യപ്രശസ്തമായ ചടങ്ങിലൂടെ സവിസ്താരം കടന്നുപോകുന്നു. സവിശേഷ ശ്രദ്ധയാകർഷിക്കുന്ന മറ്റൊരു ചടങ്ങ് 'കുത്തിയോട്ട'മാണ്. ഏഴുമുതൽ പന്ത്രണ്ടു വയസ്സുവരെ പ്രായമുള്ള ആയിരക്കണക്കിന് ആൺകുട്ടികളെ ഉൾപ്പെടുത്തിയുള്ള  ആറേഴുദിവസം നീണ്ടുനിൽക്കുന്ന ഒരു അനുഷ്ഠാനമത്രേയത്. ആറ്റുകാൽ പോലെ ലോകമറിയുന്ന മതസ്ഥാപനത്തിൽ പ്രാകൃതമെന്നു പറയാവുന്ന അനുഷ്ഠാനമുറകൾ ഉൾപ്പെടുന്ന ഒരാചാരം ഇപ്പോഴും നിലനിൽക്കുന്നു എന്ന അറിവ് അത്ഭുതപ്പെടുത്തുന്നതും അലോസരപ്പെടുത്തുന്നതുമാണ്.  ഭക്തിയുന്മാദത്തിൽ ശരീരപീഡകൾ സഹ്യമായി തീർന്നേയ്ക്കാം. എന്നാൽ പരിഷ്കൃതമായ പൊതുസമൂഹത്തിന്റെ പ്രകാശനവഴിയിൽ അത് പ്രതിലോമമാണ്, പ്രത്യേകിച്ച് കുട്ടികൾ ഭാഗഭാക്കായിരിക്കുന്നു എന്നതിനാൽ.


അഞ്ചാറ് ദശാബ്ദങ്ങൾക്ക് മുൻപ് ആറ്റുകാൽ ക്ഷേത്രം വളരെ ചെറുതായിരുന്നു, ദരിദ്രവും. നിത്യപൂജയൊന്നും  ഉണ്ടായിരുന്നില്ല. ആദ്യത്തെ ബ്രാഹ്മണപൂജാരി ആറ്റുകാലിൽ എത്തുന്നത് അക്കാലത്താണ്. ആഴ്ചയിൽ രണ്ടുദിവസം പൂജകൾ എന്ന നിലയ്ക്ക് ആരാധനാക്രമം മാറുന്നതും ആ സമയത്താണ്. ആയതിലേയ്ക്കാവശ്യമായ പൂജാസാമഗ്രികൾ സംഘടിപ്പിക്കാൻ അദ്ദേഹത്തിന് അടുത്തുള്ള വീടുകളിലേയ്ക്ക് ചോദിച്ചുപോകേണ്ട അവസ്ഥയായിരുന്നുവത്രേ. ആർഭാടരഹിതമായ ആ കാലം ഓർക്കുന്ന പ്രദേശവാസികൾ ഇന്നും ജീവിച്ചിരിക്കുന്നു.

തുടർന്ന്, ബ്രാഹ്മണരായ പൂജാരിമാരാണ് ഇന്നുകാണുന്ന  നിലയ്ക്കുള്ള അനുഷ്ഠാനസംബന്ധിയായ, സങ്കീർണ്ണവും വിപുലവും വ്യവസ്ഥാപിതവുമായ ആചാരക്രമം ഉണ്ടാക്കിയെടുക്കുന്നത്. അതിനാൽ തന്നെ അത്തരം പൂജാദികർമ്മങ്ങളിൽ സ്വതവേ  ലീനമാകുന്ന  ബ്രാഹ്മണിക്കൽ അടരുകൾ ഒഴിവാക്കാനാവുന്നതുമല്ല. ആ കാലം, കേരളത്തിന്റെ സാമൂഹ്യാവസ്ഥയെ സംബന്ധിച്ചും ഒരു പരിണാമഘട്ടമായിരുന്നു. സ്വാതന്ത്ര്യാനന്തരം നിലനിന്നിരുന്ന, ദേശീയപ്രസ്ഥാനങ്ങൾ ഉളവാക്കിയ മതേതരമായ അവബോധത്തിൽ നിന്നും പിൻവലിഞ്ഞ് എല്ലാ സമൂഹങ്ങളും തങ്ങളുടെ മതസ്വത്വത്തെ പ്രകടമായി മടക്കിക്കൊണ്ടുവരാൻ പരിശ്രമിച്ച കാലം. അതിൽ അതിവേഗം പച്ചപിടിച്ചത് ആറ്റുകാൽക്ഷേത്രം മാത്രമല്ല. ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന പ്രശസ്തമായ എല്ലാ ആരാധാനാലയങ്ങളും, ഈ അഞ്ചുപതിറ്റാണ്ടിനിടയ്ക്ക് അഭൂതപൂർവ്വമായ ഭൗതികവളർച്ചയാണ് നേടിയത്. സ്ത്രീകളുടെ ലോകത്തെ ഏറ്റവും വലിയ ഒത്തുചേരൽ എന്ന നിലയ്ക്ക് പൊങ്കാല ഗിന്നസ് റെക്കോർഡ് വഴിയും മറ്റും ലോകശ്രദ്ധയാകർഷിച്ചപ്പോൾ, ആറ്റുകാൽക്ഷേത്രത്തിന്റെ  വളർച്ച കുറച്ചുകൂടി വേഗത്തിലായി എന്നുമാത്രം.

ഒരു കീഴാളപരിപ്രേക്ഷ്യം ഈ പുസ്തകം ആദിമധ്യാന്തം നിലനിർത്തുന്നുണ്ടെന്ന് കാണാൻ പ്രയാസമുണ്ടാവില്ല. പലയിടത്തും വിമർശനാത്മകവുമാണത്. ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാനവർഗ്ഗസ്വത്വത്തിന്റെ വിദൂരചരിത്രം മാറ്റിനിർത്താം. എങ്കിൽപ്പോലും, അറിയുന്ന സമീപചരിത്രം പരിശോധിക്കുമ്പോൾ ക്ഷേത്രത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച പല വ്യക്തികളും കുടുംബങ്ങളും പിൽകാലത്ത് നിഷ്കാസിതരും വിസ്മൃതരുമായിപ്പോയി എന്ന് പുസ്തകം പറയുന്നു. അവരിൽ ചിലരുടെയെങ്കിലും, മൂന്നാല് തലമുറയ്ക്കിപ്പുറമുള്ള ബന്ധുക്കളെ എഴുത്തുകാരി കണ്ടെത്തുന്നുണ്ട്. നിലവിലുള്ള ഭരണസമിതിയും നടത്തിപ്പുകാരും ട്രസ്റ്റുമൊക്കെ യത്ഥാർഥത്തിൽ ക്ഷേത്രവുമായി കാര്യമായ ബന്ധമൊന്നും ഇല്ലാത്തവരും, പിൽക്കാലത്തെ വരേണ്യമായ ചുവടുമാറ്റത്തിന്റെ നീക്കിയിരിപ്പാണെന്നുമുള്ള തോന്നൽ പുസ്തകമുളവാക്കുന്നു. ജാതിവ്യത്യാസമില്ലാതെ പ്രദേശവാസികൾ ഒന്നുചേർന്നു നടത്തിയിരുന്ന ക്ഷേത്രവും ഉത്സവവും പിൽക്കാലത്ത് നായർ സമുദായത്തിന്റെ കയ്യിലേക്ക് മാത്രമായി ചെന്നുചേർന്നതിന്റെ നാൾവഴികൾ സുഖകരമല്ല. മാത്രവുമല്ല, പിന്നീട് ഈ ഭരണവൃന്ദം തന്നെ ചേരിതിരിഞ്ഞ് കച്ചേരിനടപടികളിലേയ്ക്ക് പോയ എഴുപതുകളും പുസ്തകം വിശകലനംചെയ്യുന്നുണ്ട്. സർക്കാർ മേൽനോട്ടമില്ലാതെ അളവറ്റ സമ്പത്ത് കൈകാര്യം ചെയ്യുന്ന മതസ്ഥാപനങ്ങളിലെല്ലാം ഇത്തരം ഛിദ്രം  സ്വാഭാവികമാണെന്നത് മറ്റൊരുകാര്യം. ഇതുപറയുമ്പോൾ,  നിലവിലുള്ള ക്ഷേത്രകാര്യക്കാർ, തങ്ങൾ പരിലാളിക്കുന്ന, തങ്ങളെ പരിലാളിക്കുന്ന, മഹാപ്രസ്ഥാനത്തെക്കുറിച്ച് സാക്ഷാത്കരിക്കപ്പെട്ട സമഗ്രമായ ഈ സർഗ്ഗാവിഷ്കാരത്തെ എത്തരത്തിലാവും നോക്കിക്കാണുക എന്നാലോചിക്കുന്നത് കൗതുകകരമാണ്.

ആധുനികമായ രാഷ്ട്രീയ ഏകകം എന്ന നിലയ്ക്ക് അസ്തിത്വം നേടിയതിനു ശേഷം കേരളത്തിന്റെ ചരിത്രം പല കോണുകളിൽ നിന്നും എഴുതപ്പെട്ടിട്ടുണ്ട്. വൈവിധ്യങ്ങളും വൈജാത്യങ്ങളും ഏറെയുള്ള ഭൂമികയാണത്. ചരിത്രം, പരിണമിക്കുന്ന ജ്ഞാനപദ്ധതിയാവുകയാൽ അങ്ങനെയേ തരമുള്ളൂതാനും. എന്നാൽ അത്തരം സമഗ്രമായ ദേശചരിത്രാന്വേഷണങ്ങളോടൊപ്പം, ഒരുപക്ഷെ അതിനേക്കാളേറെയും, സർഗാത്മകമായ ആവിഷ്കാരപദ്ധതിയാണ് പ്രാദേശികമായ പുരാവൃത്തവും മിത്തും ചരിത്രവും ഒക്കെ തേടിയുള്ള ബൗദ്ധികസഞ്ചാരത്തിന്റെ പ്രകാശനം. കുറച്ചുകൂടി വൈകാരികമായ സൂക്ഷമതയോടെ അത് സ്ഥലത്തെയും കാലത്തെയും അടയാളപ്പെടുത്തുന്നു. അത്തരമൊരു ഇടമാണ് 'ആറ്റുകാലമ്മ: ദി ഗോഡസ്സ് ഒവ് മില്യൺസ്'. ഈ പുസ്തകം വ്യവസ്ഥാപിതമോ അക്കാദമികമോ എന്ന് വിവക്ഷിക്കാവുന്ന എഴുത്തുരീതി പിന്തുടരുന്നില്ല. ഒരുവേള ഭ്രമാത്മകമായ ഭക്തിയേയും, തികച്ചും യുക്തിസാന്ദ്രമായ ഭൗതികനിരീക്ഷണത്തെയും ഒരു വരിയിൽ തന്നെ ഭദ്രമായി വിളക്കിച്ചേർക്കുന്ന സ്ത്രൈണശക്തിയുടെ ലാവണ്യമാവും  അത്. വായനയെ അത്രയും നവ്യമായൊരു അനുഭവമാക്കുന്നത് ഈ വ്യവസ്ഥാരഹിത സാഹിത്യവ്യവഹാരമാണ്.

൦൦

കുറിപ്പ്: ചിത്രങ്ങൾ ഇന്റർനെറ്റ് സൈറ്റുകളിൽ നിന്ന്...

൦൦