Thursday 22 November 2012

ബ്ലാക്ക്ബെറിയും ദൈവഭയവും ഉള്ളവരുടെ സ്വന്തം നാട്

ഇന്ന് അറുപതു വയസുള്ള അഭ്യസ്തവിദ്യനായ ഒരു മലയാളി കടന്നുപോയത് എത്ര ജീവിതങ്ങളിലൂടെ ആയിരിക്കണം. ഇത്രയും വൈവിധ്യങ്ങള്‍ പൂര്‍വചരിത്ര കാലഘട്ടങ്ങളേതും മലയാളിക്ക്  നല്കിയിരിക്കാനുള്ള സാധ്യത കമ്മിയാണ്. ഇന്ന് ബ്ലാക്ക്ബെറി ഉപയോഗിക്കുന്ന അയാള്‍ക്ക്‌ ബാല്യത്തില്‍ ഫോണ്‍ എന്നത് തന്നെ ഒരു വിദൂരമായ അറിവ് ആയിരുന്നിരിക്കാനാണ് സാധ്യത. 1947 - ല്‍ കേരളത്തില്‍ ആകെ ഉണ്ടായിരുന്നത് ഏതാണ്ട് 2500 ഫോണുകള്‍ മാത്രമാണ് (കേരള ഡെവലപ്പ്മെന്റ് റിപ്പോര്‍ട്ട്‌ - ഇന്ത്യ സര്‍ക്കാര്‍ പ്ലാനിംഗ് കമ്മീഷന്‍). വ്യക്തിഗതമായവ അതില്‍ തുലോം തുച്ഛമായിരുന്നിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളു. അമേരിക്കയിലുള്ള മകനുമായി സ്കയിപ്പില്‍ പരസ്പ്പരം കണ്ടുകൊണ്ടു ദിവസവും സംസാരിക്കുന്ന ഇന്നിനെ താന്‍ ദിവസവും എട്ടു പത്തു കിലോമീറ്റര്‍ നടന്നു സ്കൂളില്‍ പോയ കാലവുമായി അയാള്‍ പരസ്പ്പരം പൂരിപ്പിക്കുന്നത്‌ എങ്ങിനെയായിരിക്കും. സാങ്കേതികതയുടെ ഈ വേഗത്തിനൊപ്പം അയാളുടെ മൂല്യ, ഭാവുകത്വങ്ങളും സഞ്ചരിച്ചിട്ടുണ്ടോ?

കോളനിവത്കരണവും തുടര്‍ന്നുവന്ന തദ്ദേശിയ സര്‍ക്കാര്‍ നിലപാടുകളും അവശേഷിപ്പിച്ച സാര്‍വത്രിക വിദ്യാഭ്യാസത്തിന്റെ, അത്രയൊന്നും പ്രായോഗികമല്ലാത്ത അറിവുസഞ്ചയം കേരളത്തിലെങ്കിലും സാമൂഹികമായി അസംതൃപ്തമായ ഒരു ജനതതിയുടെ സൃഷ്ടിയിലേക്ക് എത്തുന്നത് എഴുപതുകളോടെയാണ്. എഴുത്തും വായനയും കൊണ്ട് എന്തുചെയ്യണം എന്നറിയാതെ യുവാക്കള്‍ വായനശാലകളിലും കവലകളിലും അടിഞ്ഞുകൂടി. അപ്പോഴേക്കും ദേശിയവാദധാരകളും, കേരളത്തില്‍ പ്രത്യേകിച്ച് കൊമ്മ്യൂണിസ്റ്റ് ഉയര്‍ച്ചകളും സ്ഥാപനവല്ക്കരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അന്നത്തെ യുവാവിനു മുന്നില്‍ രണ്ടു വഴികളാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ നക്സലൈറ്റാവുക അല്ലെങ്കില്‍ ആയിടയ്ക്ക് എണ്ണ കണ്ടുപിടിച്ചതിനാല്‍ തൊഴില്‍ശക്തി ആവശ്യമായിത്തീര്‍ന്നിരുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്ക് കപ്പല്‍ കയറുക. ബഹുഭൂരിപക്ഷവും രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുത്തത്. ഒരു പക്ഷെ ഗള്‍ഫില്‍ എണ്ണ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ കുന്നിക്കല്‍ നാരായണന്‍ കേരളത്തിന്റെ രാഷ്ട്രപിതാവ് ആയിപ്പോയേനെ.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഗള്‍ഫ് മേഖലയിലെ എണ്ണശേഖരത്തെ കുറിച്ച് പാശ്ചാത്യലോകത്തിന് അറിവുണ്ടായിരുന്നെങ്കിലും രണ്ട് ലോകമഹായുദ്ധങ്ങള്‍ ഏറ്റെടുത്തു നടത്താനുള്ള തിരക്കില്‍ അവര്‍ക്ക് അതിനെക്കുറിച്ച് ആലോചിക്കാന്‍ സമയം കിട്ടിയിരുന്നില്ല. പിന്നീട് എണ്ണപ്പാടം കാര്യമായി കുഴിക്കാന്‍ തുടങ്ങിയ കാലത്ത് കേരളസമൂഹം ഒരു സാമ്പത്തിക അഭയാര്‍ഥിത്വത്തിലേക്ക് കൂട്ടത്തോടെ പലായാനം ചെയ്യാന്‍ സുസജ്ജമായി കഴിഞ്ഞിരുന്നു. അതിനുള്ള പ്രധാന കാരണം മലയാളി അപ്പോഴേക്കും സാക്ഷരനായി കഴിഞ്ഞിരുന്നു എന്നതാണ്. ചിലവേതുമില്ലാതെ സാര്‍വത്രികമായി ലഭിച്ച വിദ്യാഭ്യാസവും കൊമ്മ്യൂണിസം പോലുള്ള ആശയങ്ങളും  നല്‍കിയ അവബോധം  ഒരു പത്താം ക്ലാസുകാരനെ ഏറ്റവും പ്രാഥമികമായ തലത്തിലെങ്കിലും പ്രബുദ്ധനാക്കി. ജീവിക്കാന്‍ മറ്റു പല അവസ്ഥകളും ഉണ്ടെന്ന ബോധമാണ് മലയാളികളെ കൂട്ടത്തോടെ എണ്ണപാടത്തിലേക്ക് കപ്പല്‍ കയറ്റിച്ചത്.

അങ്ങിനെ 'ബ്രൂട്ട്' എന്നെഴുതിയ പച്ചകുപ്പിയില്‍ മത്തുപിടുപ്പിക്കുന്ന അത്തറും, 'ത്രിപ്പിള്‍ ഫൈവ്' സിഗരറ്റും, 'റെയ് - ബാന്‍'  കൂളിങ്ങ്ഗ്ലാസ്സും, വലിയ വര്‍ണ്ണചിത്രങ്ങള്‍ ആലേഖനംചെയ്ത പോളിസ്റ്റര്‍ ലുങ്കികളും നാട്ടിന്‍പുറങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ടേപ്പ്റിക്കോര്‍ഡര്‍ എന്ന അത്ഭുതപ്രതിഭാസത്തോടൊപ്പം  'അബ്ബാ'യും 'ബോണിയെമ്മും'  വിചിത്രമായ ശബ്ദത്തില്‍ പാടാന്‍തുടങ്ങി. കാല്‍ക്കാശിന് കൊള്ളാതെ ചുറ്റിത്തിരിഞ്ഞു നടന്നിരുന്നവന്‍ ഒന്നുരണ്ട് വര്‍ഷം കഴിഞ്ഞു അവധിക്കുവന്നപ്പോള്‍ സമൂഹത്തില്‍ സുസമ്മതനായി തീര്‍ന്നു. കേരളത്തിന്റെ സാമൂഹിക അവസ്ഥയില്‍ കാര്യമായ വ്യതിയാനം സൃഷ്‌ടിച്ച ഒരു പരിണാമമായിരുന്നു അത്. തുല്യതയെന്ന ആശയം കൊണ്ടുവന്നത് കൊമ്മ്യൂണിസം ആണെങ്കിലും അത് ഏറെക്കൂറെ പ്രയോഗികമാക്കിയത് എണ്ണപ്പണമായിരുന്നു. ഭൂസ്വത്തുകള്‍ അന്യാധീനപ്പെടുകയും വിഭജിക്കപ്പെടുകയും ക്രമേണ ഭൂസ്വത്ത് തന്നെ സമ്പത്തിന്റെ മാനദണ്ഡം അല്ലാതായി  മാറുകയും ചെയ്തു ('ദേവാസുരം' എന്ന സിനിമയില്‍ മംഗലശ്ശേരി നീലകണ്ഠന്‍, പഴയ ആശ്രിതന്റെ ഗള്‍ഫുകാരനായ മകന് സ്വത്ത് വില്‍ക്കുന്നനേരത്ത് അനുഭവിക്കുന്ന മന:സംഘര്‍ഷം ഈ ഗതിമാറ്റതിന്റെ വൈകാരികാനുഭവത്തെ ഉദാഹരിക്കും).

1984 - ല്‍ രാജീവ് ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയായ വര്‍ഷം തന്നെയാണ് ഇന്റെര്‍നെറ്റിന്റെ പ്രാഗ് രൂപം ലോകവ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇന്ത്യയെ സംബന്ധിച്ച് ഇവ തമ്മില്‍ നേരിട്ടല്ലെങ്കില്‍ കൂടിയും പരോക്ഷമായി വല്ലാതെ ബന്ധപ്പെട്ടിരിക്കുന്നതായി മനസ്സിലാക്കാം. രാജീവ്‌ ഗാന്ധിയാണ് ഇന്ത്യയെ ലോകത്തിന് തുറന്നുകൊടുക്കുന്നതിന്റെ ആശയപരമായ തീരുമാനം ആദ്യമായി എടുക്കുന്നത്. അഞ്ചാറു വര്‍ഷത്തിനു ശേഷം, സോവിയറ്റ് റഷ്യയുടെ പതനത്തെ തുടര്‍ന്ന്  ശീതസമരം അവസാനിച്ചതിന്റെ പുത്തനുണര്‍വില്‍ പാശ്ചാത്യലോകം വിവരസാങ്കേതികവിദ്യയുടെ സീമാതീതമായ സാധ്യതതകളിലേക്ക് കുതിക്കുന്ന നേരത്ത്, ഇന്ത്യ അഭ്യസ്തവിദ്യരായ ഒരു വലിയകൂട്ടം യുവജനതയുമായി അതിന്റെ വാതായനങ്ങള്‍ തുറന്നിട്ട്‌ കാത്തുനില്‍പ്പുണ്ടായിരുന്നു. അതില്‍ മലയാളികള്‍ കുറവായിരുന്നില്ല. അങ്ങിനെയാണ് സിലിക്കന്‍ വാലി  ഇന്ത്യയുടെ മറ്റൊരു സംസ്ഥാനം ആയി മാറിയത്. 

തിയോക്രാറ്റിക്ക് രാഷ്ട്രങ്ങള്‍ ആയിരിക്കുമ്പോള്‍ തന്നെ സാമ്പത്തിക സാന്ദ്രതയുടെ നിറവില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ക്യാപിറ്റലിസ്റ്റിക് വ്യവസ്ഥിതിയെ സ്വാഭാവികമായി തന്നെ തങ്ങളുടെ ജീവിതവുമായി സമപ്പെടുത്തിയിരുന്നു. തൊണ്ണൂറുകളോടെ കമ്മ്യൂണിക്കേഷനും ഡിജിറ്റല്‍ സാങ്കേതികതയും അതിന്റെ എല്ലാ പ്രഭാവത്തോടെയും അവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മലയാളികളുടെ ഗള്‍ഫിലെ രണ്ടാം തലമുറ ഈ മാറ്റത്തിന്റെ ഉപയോക്താക്കളും പ്രയോക്താക്കളുമായി മാറി. ഇതേകാലത്ത് തന്നെയാണ് ലോകത്തിലെ വമ്പന്‍ വിവരസാങ്കേതികതാസ്ഥാപനങ്ങള്‍ ഇന്ത്യയിലേക്കും, കൂട്ടത്തില്‍ കേരളത്തിലേക്കും തൊഴില്‍ശക്തി തേടി വരുന്നത്. അതിനോടൊപ്പം വലിയ സര്‍ക്കാര്‍ മുതല്‍മുടക്കൊന്നും ഇല്ലാതെ കേരളത്തില്‍ സാധ്യമായ ഏക വ്യവസായമായി വിനോദസഞ്ചാര മേഖലയും വളര്‍ന്നു.  അങ്ങിനെ ലോകം മുഴുവന്‍ വിദേശവാസികളായി കഴിയുന്ന മലയാളികളിലൂടെയും കേരളത്തിലേക്ക് എത്തപ്പെട്ട വിദേശ തൊഴില്‍സാധ്യതകളിലൂടെയും വിനോദസഞ്ചാരികളിലൂടെയും കേരളം അതിന്റെ ഭൌതീകതലത്തില്‍ പെട്ടെന്നാണ് ഒരു ഉത്തരാധുനിക സമൂഹമായി മാറിയത്. പൊട്ടിപൊളിഞ്ഞ ദേശീയപാതയിലൂടെ മേഴ്സിഡെസ് ഓടുന്ന വൈരുദ്ധ്യത്തിലും പക്ഷെ ഈ ഭൌതീകമാറ്റം രണ്ടുമൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആലോചിക്കാന്‍ പോലും സാധ്യമായിരുന്നില്ല. 

അമര്‍ത്ത്യാസെന്‍ ഈ അവസ്ഥയെ 'കേരളാ മോഡല്‍' എന്ന് വിശേഷിപ്പിച്ചതായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, സവിശേഷമായ ഒരു സാമൂഹിക, സാമ്പത്തിക അവസ്ഥ കേരളത്തില്‍ ഉരുത്തിരിഞ്ഞുവന്നു എന്നത് പ്രകടമാണ്. കേരളത്തില്‍ ഇന്ന് സാധ്യമായിരിക്കുന്നത് നിലനില്‍ക്കതക്ക സാമ്പത്തികഘടനയാണോ (sustainable economy) എന്ന് വിദഗ്ദ്ധര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അടിസ്ഥാന ഉല്‍പാദനമേഖലകളില്‍ കാര്യമായ ഉണര്‍വില്ലാതെ വിദേശമൂലധനത്തെയും സേവനമേഖലയേയും  മാത്രം ആശ്രയിച്ചു നില്‍ക്കുന്ന ഒരു പ്രതിഭാസമായി മാത്രമേ ഇതിനെ കാണാന്‍ ആവുകയുള്ളൂ. വിനോദസഞ്ചാരത്തെയോ ഐ. റ്റി കമ്പനികളെയോ നിലനില്‍ക്കതക്ക ഉത്പാദനമേഖലയായി കണക്കാക്കാന്‍ ആവില്ല. ഒരു ചെറിയ സുനാമി വന്നാലോ ഒരു വിദേശസര്‍ക്കാരിന്റെ നയത്തില്‍ മാറ്റംവന്നാലോ അപ്പടി തകിടംമറിയാവുന്നതേയുള്ളു ഇത്തരം സാമ്പത്തികസ്രോതസുകള്‍. ഉദാഹരണങ്ങള്‍ ലോകത്ത് അനവധിയുണ്ട്. സ്മാര്‍ട്ട്സിറ്റിയും ടെക്നോപാര്‍ക്കും പോലുള്ള നൂതന വ്യവസായങ്ങളിലേക്കും, റിസോര്‍ട്ടുകളും ഹൌസ് ബോട്ടുകളും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും പോലുള്ള സേവനമേഖലയിലേക്കും ക്രമാതീതമായ രീതിയില്‍ മൂലധനം സാന്ദ്രീകരിക്കപ്പെടുമ്പോള്‍ കൃഷിയും മറ്റ് പരമ്പരാഗത ചെറുകിട വ്യവസായമേഖലകളും അവഗണിക്കപ്പെടുന്നു. ജനസാന്ദ്രത ഏറിയതും ഭൂമിശാസ്ത്രപരമായി വിസ്തീര്‍ണമില്ലാത്തതുമായ കേരളത്തില്‍ ഇനി വലിയ കൃഷിയിടങ്ങളും വലിയ വ്യവസായങ്ങളും സാധ്യമാവുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. എക്സ്പ്രസ്സ് ഹൈവേയും ആണവ വൈദ്യുതിനിലയങ്ങളും, പാരിസ്ഥിതികമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ജലവൈദ്യുതപദ്ധതികളും ഒക്കെ മുടങ്ങിപോകുന്ന കേരളത്തില്‍ ഏതെങ്കിലും തരത്തില്‍ പാരിസ്ഥിതികാഘാതം എല്പിക്കാതെയുള്ള വികസനങ്ങള്‍ സാധ്യമാവാത്ത തരത്തില്‍ ഇന്ന് നഗരവത്ക്കരണം നടന്നിരിക്കുന്നു.

ഇത്തരത്തില്‍ ഏറെക്കൂറെ ഉപരിപ്ലവമായ രീതിയില്‍ സാമ്പത്തികവും സാമൂഹികവും ആയ മുന്നേറ്റം നടത്തിയ ഒരു ദേശത്തിന്റെ സാംസ്ക്കാരികപരിസരം ഏതുരീതിയില്‍ എന്ന സന്ദേഹമാവും നമ്മുടെ ഉത്തരാധുനിക ജീവിതത്തെ സവിശേഷമായി നോക്കികാണാന്‍ പ്രേരിപ്പിക്കുക. വിദേശാധിപത്യങ്ങള്‍ മുന്നോട്ടുവച്ച പുത്തന്‍ അറിവിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും ഉണര്‍വിലാണ് നാരായണഗുരുവിന്റെ കാലമായപ്പോഴേക്കും ജ്ഞാനോദയം കേരളസമൂഹത്തിന്റെ ദിശമാറ്റിയത് എന്നാണ് പൊതുവേ വ്യവഹരിക്കപ്പെടുന്നത്‌, പി. കെ. പോക്കറിനെപ്പോലുള്ളവര്‍ തങ്ങളുടെ സ്വത്വവാദത്തിലൂടെ ഇതിനെ ഒട്ടുമേ അംഗീകരിക്കുന്നില്ല എങ്കില്‍കൂടിയും. എന്നാല്‍ ദേശിയപ്രസ്ഥാനങ്ങളും തുടര്‍ന്നുവന്ന കൊമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കേരളത്തിലെ സമൂഹത്തെ മത, ജാതി അതീതമായ ഒരു ഏകകമായി കാണാനുള്ള ത്വരകാണിച്ചിരുന്നു എന്നത് തള്ളികളയാവുന്നതല്ല. അതുളവാക്കിയ വിപ്ലവാത്മകസ്വഭാവത്തേയും നിരാകരിക്കാനാവില്ല. കോരന് കഞ്ഞി കുമ്പിളില്‍ തന്നെ എന്നത് പ്രത്യക്ഷമായ അര്‍ത്ഥത്തിലെങ്കിലും കേരളത്തിലെ പൊതുസമൂഹത്തില്‍ നിന്നും റദ്ദായിപ്പോയി. 'സുന്ദരികളും സുന്ദരന്മാരും' 'അസുരവിത്തും' ഒക്കെ ഇത്തരമൊരു സാമൂഹികമാറ്റത്തിന്റെ സങ്കീര്‍ണതകളെ അടയാളപ്പെടുത്തുന്നുണ്ട്‌. അവയുടെ അന്തര്‍ലീനമായ അസുരതകള്‍ക്കുള്ളിലും ജാതി, മത പ്രശ്നങ്ങളേയും പ്രക്ഷോഭങ്ങളേയും നിസ്സാരവല്‍ക്കരിച്ചുകളയുന്ന മനുഷ്യാവസ്ഥകളുടെ വൈവിധ്യങ്ങളെ ആണ് അവ പ്രകാശിപ്പിക്കുക.

തുടര്‍ന്നു വന്ന കാലങ്ങളില്‍ സമൂഹം നേടിയ ഭൌതീകവളര്‍ച്ചയ്ക്ക് ഒപ്പമായി നമ്മുടെ മൂല്യഭാവുകത്വങ്ങളും വളര്‍ന്നുവോ? സൈക്കിളിന്റെ പിറകിലിരുന്നു ഒപ്പം സഞ്ചരിക്കുന്ന കൂട്ടുകാരനായി ദൈവത്തെ ഒരു കഥയില്‍ സക്കറിയ സങ്കല്പ്പിച്ചിട്ടുണ്ട്. പിന്നീട് പത്രങ്ങളിലെ വൈവാഹിക പംക്തികളില്‍ 'ദൈവഭയമുള്ള' വധൂവരന്മാരെ അന്വേഷിച്ചു പരസ്യം നല്‍കുന്ന ഉത്തരാധുനിക മലയാളികളുടെ ബാഹുല്യത്തെ കുറിച്ചോര്‍ത്തു വിഷമിക്കുന്നതും സക്കറിയ തന്നെയാണ്. അപ്പുണ്ണി മടങ്ങിവന്ന് 'നാലുകെട്ട്' ഇടിച്ചുനിരപ്പാക്കി കാറ്റും വെളിച്ചവും കടക്കുന്ന ചെറിയ വീടുവയ്ക്കാനാണ് ആഗ്രഹിച്ചത്‌. തന്‍റെ ഭാര്യയെപ്പോലും പതിതയാക്കുന്ന തരത്തില്‍ ദാരിദ്ര്യം ശാശ്വതമാക്കിയ ദൈവവിഗ്രഹത്തില്‍ കാര്‍ക്കിച്ചുതുപ്പുന്ന വെളിച്ചപ്പാടില്‍ ആണ് 'നിര്‍മ്മാല്യം' അവസാനിക്കുന്നത്. അസാമാന്യമായ നിര്‍ഭയത്തോടെ സ്വാതന്ത്ര്യത്തിന്റെ സെക്യുലര്‍ ഇടങ്ങള്‍ക്കായി ആഗ്രഹിച്ച ഒരു ഇടക്കാലം ഇന്ന് കേരളത്തിന്റെ പൊതുജീവിതത്തില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. ആര്‍ത്തിയോടെ വലിയ കോണ്‍ക്രീറ്റ് നാലുകെട്ടുകള്‍ നമ്മള്‍ കെട്ടിയുയത്താന്‍ തുടങ്ങിയിരിക്കുന്നു വീണ്ടും. നിര്‍മ്മാല്യം ഇക്കാലത്താണ് നിര്‍മ്മിച്ചതെങ്കില്‍ അതിലെ അവസാന സീനിനെ കുറിച്ച് തനിയ്ക്ക് പുനര്‍വിചിന്തനം നടത്തേണ്ടി വന്നേനെ എന്ന് എം. ടി പറഞ്ഞത് മതത്തിന്റെ സംഘടിതബോധം പൂര്‍വ്വാധികം ശക്തിയോടെ മടങ്ങിവരുകയാണ് എന്ന മനസ്സിലാക്കലില്‍ നിന്നാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്രസ്ഥാപനമായ ഐ. എസ്. ആര്‍. ഓയുടെ ചെയര്‍മാന്‍, ആ പദവി ലഭിച്ചപ്പോള്‍ ആദ്യമായി ചെയ്തത് ഏതോ ഒരു അമ്പലത്തില്‍ പോയി തുലാഭാരം നടത്തുക എന്നതാണ്. തന്‍റെ മുന്‍ഗാമി എത്രയും പെട്ടെന്ന് അടിത്തൂണ്‍ പറ്റാനോ ചത്തുതുലയാനോ തന്നെ എത്രമാത്രം വഴിപാടുകളും ആഭിചാരങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ടാവും എന്ന് ചിന്തിച്ചുപോയാല്‍ തെറ്റുപറയാന്‍ ആവുമോ. ഇതാണ് നമ്മുടെ ശാസ്ത്രാവബോധം. ഒരിക്കല്‍ അടിമുടി മതേതരന്‍ എന്ന് ഊറ്റംകൊണ്ടിരുന്നു നമ്മുടെ പ്രതിരോധമന്ത്രി അമൃതാനന്ദമയിയുടെ ആലിംഗനത്തില്‍ പുളകിതനായി നില്‍ക്കുന്ന ചിത്രങ്ങള്‍ നമ്മള്‍ കണ്ടതാണ്. ഈ തിരഞ്ഞെടുപ്പുകാലത്ത് കൊമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍ ബിഷപ്പ്ഹൌസുകളില്‍ കയറിയിറങ്ങുന്നതിന്റെ പാര്‍ളിമെന്‍ററി ജനാധിപത്യമാണ് നമ്മുടെ രാഷ്ടീയാവബോധം.

ഭൌതീകമായ ആധുനികത നമ്മുടെ ഉള്ളില്‍ പഴയ വിചാരലോകങ്ങളെ തിരിച്ചു കൊണ്ടുവരുകയാണ് ചെയ്തത്. മതവും ജാതിയും പാരമ്പര്യവും ഒക്കെ അതിന്റെ എല്ലാ പ്രതിലോമതകളോടെയും സംഘടിതമായി മടങ്ങി വന്നുകൊണ്ടിരിക്കുന്നു. ധ്യാനംകൂടുന്നതും നെറ്റിലെ പോണ്‍സൈറ്റിലേക്ക് പോകുന്നതും ഒരേ ശ്വാസത്തില്‍ തന്നെ നടക്കുന്നു എന്നതിന്റെ വിമാനുഷികതയും മാനസികമായ അഴിമതിയും തികച്ചും അപ്രസക്തമായി പോകുന്ന വിധത്തില്‍ ജീവിതങ്ങള്‍ ഒരു സ്യൂഡോ സങ്കീര്‍ണതയില്‍ എത്തിയിരിക്കുന്നു. ഒരു പക്ഷെ ഇത് തന്നെയായിരിക്കുമോ ഉത്തരാധുനികത എന്ന സാമൂഹികാവസ്ഥ? 

**

Sunday 4 November 2012

ക്യൂബന്‍ സോഷ്യലിസം

ക്യൂബയില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ക്കിടയിലെ ഒരു ചൊല്ല് ഇങ്ങിനെയാണ് : അവര്‍ (സര്‍ക്കാര്‍ ) ഞങ്ങള്‍ക്ക് ശമ്പളം തരുന്നു എന്ന് ഭാവിക്കുന്നു, ഞങ്ങള്‍ ജോലിചെയ്യുന്നു എന്നും.

രണ്ടുതരം കറന്‍സി നിലവിലുള്ള രാജ്യമാണ് ക്യൂബ. സര്‍ക്കാര്‍ ശമ്പളമൊക്കെ പെസോയിലാണ്. പെട്ടികടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനും തട്ടുകടയില്‍ നിന്ന് ദോശയടിക്കാനും പെസോ മതിയാവും. എന്നാല്‍ ഒരു മാളില്‍ കയറി സാധനംവാങ്ങാനും നല്ല്ലൊരു ചായപ്പീടികയില്‍ക്കയറി ആഹാരംകഴിക്കാനും സി. യു. സി എന്ന കറന്‍സി തന്നെ വേണം. പെസോയെക്കാള്‍ 24 ഇരട്ടി മൂല്യമുണ്ട് സി. യു. സിക്ക്. അതായത് സര്‍ക്കാര്‍ ശമ്പളമായി കൊടുക്കുന്ന കറന്‍സികൊണ്ട് നിങ്ങള്‍ക്ക് തട്ടുകടയ്ക്കപ്പുറം പോകാനാവില്ല. കാരണം പെസോ സി. യു. സിയിലേക്ക് മാറ്റാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. 

അതിങ്ങിനെയാണ്: ഒരു സര്‍ക്കാര്‍ ഡോക്ടറുടെ മാസശംബളം ഏകദേശം 800 പെസോ ആണ് - അതായത് ഏകദേശം 33 സി. യു. സി. റിമോട്ട് കണ്‍ഡ്രോള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന കളിപ്പാട്ടം കാറിന്റെ വില 40 സി. യു. സി യാണ്. മകന് ഒരു കളിപ്പാട്ടം കാറ് വാങ്ങാന്‍ വേണ്ടി തന്റെ ഒരു മാസത്തെ ശമ്പളം മുഴുവന്‍ സി. യു. സിയിലേക്ക് മാറ്റിയാലും അതിനു സാധിക്കില്ല ഒരു ഡോക്ടര്‍ക്ക്. എന്നാല്‍ സി. യു. സിയില്‍ മാത്രം വിനിമയം നടത്താന്‍ അനുവാദമുള്ള വിനോദസഞ്ചാരികള്‍ക്കുവേണ്ടി ടാക്സിഓടിക്കുന്ന ഒരു ഡ്രൈവര്‍ ദിനേന 10 മുതല്‍ 15 വരെ സി. യു. സി സമ്പാദിക്കുന്നു - ഏകദേശം 300 സി. യു. സി മാസവരുമാനം. ക്യാപ്പിറ്റലിസ്റ്റ് വ്യവസ്ഥിതിയില്‍ അടിമുടി മുങ്ങിപ്പോയ നമുക്കീ 'സോഷ്യലിസം' മനസ്സിലാകാതെ പോവുന്നതുമാവാം.

ഫിഡലിന് ശേഷം ഇത്തരം ആന്തരികവൈരുധ്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും രണ്ടു മേഖലകള്‍ ചലനാത്മകമായിട്ടുണ്ടാത്രേ. ഒന്ന് വിനോദസഞ്ചാരം. മറ്റൊന്ന് നമ്മള്‍ , മലയാളികള്‍ കഴിഞ്ഞ രണ്ടുമൂന്ന് പതിറ്റാണ്ടായി പ്രയോഗത്തില്‍ വരുത്തികൊണ്ടിരിക്കുന്ന ഒരു സാമൂഹ്യപ്രതിഭാസമാണ്. സാമ്പത്തിക അഭയാര്‍ഥികളായി  ക്യൂബ വിട്ടവര്‍ക്ക് ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ വരാനും ക്യൂബയിലേക്ക് പണമയക്കാനും മറ്റുമുള്ള തടസ്സങ്ങള്‍ റൌള്‍ എടുത്തു നീക്കിയിരിക്കുന്നു. അമേരിക്കയിലും സ്പെയിനിലുമൊക്കെ ലക്ഷകണക്കിന് ക്യൂബക്കാരാണ് ജീവിക്കുന്നത്. Another Kerala in the making!

കുറിപ്പ്: പ്രൊ-ക്യാപ്പിറ്റലിസ്റ്റ് മാധ്യമങ്ങള്‍ തരുന്ന ഇത്തരം വിവരങ്ങളെ ആവശ്യമായ മാര്‍ജിന്‍കൊടുത്ത് വായിക്കുക. പ്രകൃതിദുരന്തങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം പോലും പത്തിലൊന്നായി കുറച്ചുകാണിക്കാന്‍ ആവശ്യപ്പെടുന്ന തരത്തില്‍ സെന്‍സര്‍ഷിപ്പുള്ള ക്യൂബന്‍മാധ്യമങ്ങളെ താരതമ്യത്തിനുപോലും ഉപയോഗിക്കാനുമാവില്ല.

**

Wednesday 12 September 2012

പൊയ്പ്പോയതിന്റെ ഫിലോസഫി

മലയാളിയുടെ നാടുവിട്ടുപോക്കിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്നും മലയാളി ജനിതകമായി പൂര്‍ണ്ണമായി മലയാളി ആയിതീര്‍ന്നിട്ടില്ല എന്നതാവാം അതിനുള്ള പ്രാഥമിക കാരണം. ആദിമ ദ്രാവിഡഗോത്രത്തിന്റെ കലര്‍പ്പില്ലാത്ത ജനതതിയെ ഒരുപക്ഷെ ഇന്ന് കാടുകള്‍ക്കുള്ളില്‍, ഏതോ അന്യഗ്രഹ ജീവികളെപ്പോലെ, ചില പരിഗണനകള്‍ ഒക്കെ കൊടുത്ത് ഒഴിവാക്കി ഇരുത്തിയിട്ടുണ്ട്‌ നമ്മള്‍ . ദ്രാവിഡ ഗോത്രസംസ്കൃതിയുടെ അധികം കലര്‍പ്പില്ലാത്ത ജനാവലിയെ 'പാണ്ടികള്‍ ' എന്ന് കുറച്ചെങ്കിലും അവജ്ഞയോടെ നോക്കുന്നുമുണ്ട്. അതിനപ്പുറം മലയാളിക്ക് മൌലീകസംസ്കാരം അവകാശപ്പെടാനില്ല. മലയാളി എന്ന വാക്കുപോലും ആധുനികമലയാളിയുടെ അസ്തിത്വത്തെ സൂചിപ്പിക്കുന്ന ഒന്ന് മാത്രമാണ്. നവംബര്‍ ഒന്നാം തിയതി ചുരിദാര്‍ മാറ്റി സെറ്റ്സാരിയും, പാന്റു മാറ്റി മുണ്ടും ഉടുക്കുമ്പോള്‍ പഴയൊരു സംസ്കൃതിയുടെ ബിംബങ്ങളെ ആലങ്കാരികമായെങ്കിലും തിരിച്ചുപിടിക്കുന്നു എന്ന് പുതിയ തലമുറ ധരിക്കുന്നുണ്ടോ? ഈ വസ്ത്രരീതിക്ക് അവരുടെ അമ്മൂമ്മ/അപ്പൂപ്പന്മാരുടെ കാലത്തിനപ്പുറത്തേക്ക് ആയുസ്സുണ്ടാവില്ല എന്നതായേക്കും വാസ്തവം. ആരുടെയൊക്കെയോ വരവോടെയാണ് മലയാളിയുടെ ചരിത്രം തുടങ്ങുന്നത്. കുറച്ചുകൂടി സൂക്ഷ്മമായി നോക്കിയാല്‍, വന്നെത്തിയവരുടെ ചരിത്രമാണ് കേരളത്തിന്റെ ചരിത്രം. അല്ലെങ്കില്‍ വന്നെത്തിയവര്‍ തന്നെയാണ് മലയാളികള്‍ .

കേരളത്തിന്റെ വടക്ക് നിന്നു നോക്കിയാലും തെക്ക് നിന്നു നോക്കിയാലും, മതപരവും ജാതീയവുമായ വേരുകള്‍ തിരഞ്ഞാലും, ഭാഷയുടെ വ്യതിരക്തത അന്വേഷിച്ചാലും ചെന്നെത്തുക മലയാളിയുടെ സങ്കരമായ പൂര്‍വികത്വത്തിലേക്ക് തന്നെയാവും. ബുദ്ധ,ജൈന മതങ്ങളോടൊപ്പം വന്ന ജനതതിയും തുടര്‍ന്ന് സനാതന ഹിന്ദുധര്‍മ്മത്തിന്റെ പ്രവാചകരായി എത്തിയവരും ഇവിടെ ആരുമായാണ് സംവദിച്ചതെന്നു അന്വേഷിച്ചുചെന്നാല്‍ തദ്ദേശീയമായ ഒന്നിലും മുട്ടുന്നില്ല. അതിനുമകലെ, ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരം മുഴുവന്‍ കച്ചവടത്തിനായി കുത്തകയാക്കിയിരുന്ന ഗുജറാത്തികളുടെയും അവരുടെ സംരക്ഷകരായ ആയ് (യാദവ) സഹചാരികളുടെയും, കച്ചവടത്തിനായി കടല്‍ കടന്നെത്തിയ അറബ്, ജൂത, പേര്‍ഷ്യന്‍ സംസ്ക്കാരങ്ങളുടെയും നിര്‍ലോഭമായ ജനിതക കൊടുക്കല്‍വാങ്ങലുകളില്‍ കൂടി പൂര്‍വ്വചരിത്രം അലിഞ്ഞുതീരുന്നത് കാണാം.

വന്നെത്തിയവര്‍ ആയതു കൊണ്ട് തന്നെയാവാം മലയാളി വീടുവിട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. സാമ്പത്തികവും സാമൂഹികവും ആയ സമകാലിക കാരണങ്ങള്‍ ഒരുപാട് കണ്ടെത്താമെങ്കിലും, അവയൊന്നും ഇന്ത്യയുടെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് സവിശേഷമായ വ്യത്യാസം പുലര്‍ത്തുന്നവയല്ല.  എന്നാല്‍ അവര്‍ക്കൊന്നും ഇല്ലാത്ത വ്യഥയോടെ മലയാളി കൂട്ടത്തോടെ പാലായനം ചെയ്തുകൊണ്ടേയിരിക്കുന്നു. പുഴയുടെ കരയില്‍ ഉയിര്‍കൊണ്ട സംസ്ക്കാരങ്ങള്‍ക്ക് സജീവമായ വേരുകള്‍ ഉണ്ടാവുമെന്നും അവ ആ ജനതതിയെ അവിടെത്തന്നെ ഉറപ്പിച്ചുനിര്‍ത്തും എന്നും വായിച്ചിട്ടുണ്ട്. നൂറിലധികം സഹ്യപുത്രിമാര്‍ നനച്ചൊഴുകുന്ന മലയാളിയുടെ ഉള്ളില്‍ പക്ഷെ എന്നും ഒരു കപ്പല്‍ യാത്രയുടെ ആവേശം തുടിച്ചുകൊണ്ടേയിരിക്കുന്നു.

പൊയ്പ്പോയവന്റെ അനുഭവമാണ് നൊസ്റ്റാള്‍ജിയ. ദേശവും പ്രണയവും പൊയ്പ്പോയവന്റെ, കാലവും ബാല്യവും പൊയ്പ്പോയവന്റെ... 'നൊസ്റ്റാള്‍ഗോ' എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണത്രേ ഈ വാക്കിന്റെ പ്രഭവം. 'നൊസ്റ്റു' എന്നാല്‍ ഉത്ഘടമായ ആഗ്രഹം/അഭിനിവേശം. 'ആല്‍ഗോ' എന്നാല്‍ വേദന. നഷ്ട്ടപെട്ടുപോയ എന്തിനോടെങ്കിലും വല്ലാത്ത വേദനയോടെ തോന്നുന്ന അടങ്ങാത്ത ആഗ്രഹത്തെ ഈ വാക്കുകളുടെ സംയോജനം ലാവണ്യപൂര്‍വ്വം പ്രതിനിധാനം ചെയ്യുന്നു. പ്രവാസത്തിന്റെ വ്യഥകളിലൂടെ കടന്നുപോകുന്ന ആധുനിക മലയാളി നൊസ്റ്റാള്‍ജിയയുടെ സ്വപ്നവ്യാരിയായതില്‍ സ്വാഭാവികത വന്നുചേരുന്നത് അവന്‍ താന്‍ വിട്ടുപോന്ന ദേശത്തെ അതിയായി ആഗ്രഹിക്കുന്നു എന്ന സാമാന്യത്തില്‍ നിന്നാവും, ഭൌതീകമായി പ്രവാസത്തോടുള്ള മമതയും, ഒപ്പം പ്രവാസകാലത്ത് സ്വദേശത്തോട് തോന്നുന്ന കാല്പനീക അഭിനിവേശവും പരസ്പരപൂരകങ്ങള്‍ ആവുന്നില്ല എങ്കില്‍ കൂടിയും. ദേശത്ത്‌ നിന്നുള്ള മാറിപോക്കുമാത്രമല്ല നൊസ്റ്റാള്‍ജിയയുടെ അനുഭവം. പോയ്പ്പോയതോക്കെയും ആ അനുഭവത്തിന്റെ പരിധിയില്‍ വന്നുപെടുന്നു. എന്നാല്‍ അനുഭവിച്ച ദേശത്തിന്റെയും കാലത്തിന്റെയും വര്‍ദ്ധിക്കുന്ന അകലം, അപ്രാപ്യത വ്യഥയുടെ ആഴവും കൂട്ടുന്നു. 

എം. ടി യുടെ 'മഞ്ഞ്' എന്ന നോവല്‍ നൊസ്റ്റാള്‍ജിയയുടെ ഒരു മുഴുനീള പ്രണയാനുഭവമാണ്. പ്രണയത്തിന്റെ സാഫല്യങ്ങളോട് മലയാളിക്ക് അത്രമാത്രം ചായ്‌വ് ഇല്ല തന്നെ. തകര്‍ന്ന പ്രണയങ്ങളെ, അല്ലെങ്കില്‍ പ്രണയാഗ്രഹങ്ങളെ അതികാല്പനീകമായ സ്വപ്നാടനത്തിലൂടെ ബാല്യം മുതല്‍ മരണത്തോളം അവന്‍ കൂടെ കൊണ്ടുനടക്കുന്നു. വിമല മറ്റുവഴികള്‍ തേടുന്നില്ല. പരിമിതമായ ഭൌതീക ജീവിതത്തിന്റെ നൈനിത്താള്‍ തണുപ്പില്‍ സുധീര്‍കുമാര്‍ മിശ്രയുടെ ഓര്‍മ്മകളില്‍ അവളുടെ ശിഷ്ടജീവിതത്തിന്റെ ദൈനംദിനങ്ങള്‍ ഒരു 'ഭാവഗീത'മായി കടന്നു പോവുകയാണ്. മലയാളിയുടെ തലമുറകള്‍ 'മധുരനാരങ്ങ' പോലെ അതു നുണഞ്ഞിറക്കികൊണ്ടിരിക്കുന്നു. മഞ്ഞിന്റെ കാല്പനീക തലത്തെ കുറിച്ചു സംസാരിക്കുന്ന കൂട്ടത്തില്‍ വിമര്‍ശനങ്ങളെ നിരാകരിച്ച് സേതു പറയുകയുണ്ടായി "ജീവിതത്തില്‍ കാല്പനീകതയില്ലേ?" എന്ന്. ഇതൊരു കുഴയ്ക്കുന്ന പ്രശ്നപ്രദേശം തന്നെയാണ്. ഓരോ മനുഷ്യന്റെയും ഉള്‍തരളതകളില്‍ നൊസ്റ്റാള്‍ജിയയുടെ കാല്പനികാനുഭവം അന്തര്‍ലീനം തന്നെയാണ്. ബാല്യത്തില്‍ നിന്നും കൂടെ പോരുന്ന ഒരു കാഴ്ച്ചയുടെ നഷ്ട്ടം, കൌമാരത്തില്‍ ഒരു സ്പര്‍ശം നല്‍കിയ അനുഭൂതിയുടെ മണം, യൌവ്വനത്തില്‍ പൊഴിഞ്ഞുപോയ ചില അഗാധ സൌഹൃദങ്ങളുടെ കടല്‍..., നൊസ്റ്റാള്‍ജിയ ജൈവമായ ഒരു വൈകാരികാനുഭവം തന്നെയാണ്.  
"ഉമ്മ വെക്കുമോ, പിടിക്കുമോ, എന്നെ എന്ന് ഓടി പോയി
ഇന്നുമെന്‍ ബാല്യം
കണ്ടില്ലല്ലോ ഇത്ര നാളും എന്ന് ചോദിച്ചപ്പോള്‍ " (1) 
എന്ന് സമകാലീനനായ കവി സംവദിക്കുന്നത് ഫെയ്സ്ബുക്ക്  എന്ന സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ കൂടിയാണ്. മാറിവരുന്ന ജീവിത സാഹചര്യത്തിന്റെ എല്ലാ അക്സസറികള്‍ക്കും ഉപരിയായി ആത്മപ്രകാശനങ്ങളുടെ ചില ഇടങ്ങള്‍ നിതാന്തജാഗ്രമാകുന്നു.

ഒരുപാട് ഇടങ്ങളില്‍ സഞ്ചരിച്ചതിനു ശേഷം അതിരാണിപ്പാടത്ത് ഒരു സന്ദര്‍ശനത്തിനെത്തുന്ന ശ്രീധരന്റെ ഓര്‍മ്മകളില്‍ കൂടിയാണ് 'ഒരു ദേശത്തിന്റെ കഥ' വികാസം പ്രാപിക്കുന്നത്. ശ്രീധരന്‍ ഇന്ന് അതിരാണിപ്പാടത്ത് ഇല്ല. അയാളവിടെ അന്യന്‍ കൂടിയാണ്. "അതിരാണിപ്പാടത്തെ പുതിയ തലമുറയുടെ കാവല്‍ക്കാരാ, അതിക്രമിച്ചു കടന്നത്‌ പൊറുക്കൂ - പഴയ കൌതുകവസ്തുക്കള്‍ തേടിനടക്കുന്ന ഒരു പരദേശിയാണ് ഞാന്‍ "  എന്നയാള്‍ സ്വയം തിരസ്കൃതനാവുന്നുമുണ്ട്. ശ്രീധരന്റെ നൊസ്റ്റാള്‍ജിയയാണ് 'ഒരു ദേശത്തിന്റെ കഥ'. നാടുവിട്ടുപൊയ്ക്കൊണ്ടിരിക്കുന്ന ഓരോ ആളും തന്‍റെ ഉള്ളില്‍ , താന്‍ വിട്ടുപോന്ന ദേശത്തിന്റെ കഥ പുന:സൃഷ്ടിക്കുന്നുണ്ട്, ആ കഥയില്‍ ജീവിക്കുന്നുമുണ്ട്. ഈ പുന:സൃഷ്ടി സങ്കീര്‍ണമാണ്. മലയാളിയുടെ ദേശാഭിവാഞ്ചകളുടെ ഭൂമികയിലല്ല പാലസ്തീന്‍കാരന്റെ അത്തരത്തിലുള്ള മനോനില. അവന്റെ നൊസ്റ്റാള്‍ജിയ കാല്പനീകമല്ല, തീക്ഷ്ണമായ രാഷ്ട്രീയമാനങ്ങള്‍ ഉള്ള ഒന്നാണ്. 

"എന്‍റെ ഓര്‍മ്മകളില്‍
ഞാനവിടെ നിന്നാണ് വരുന്നത്.

എല്ലാവരെയും പോലെയാണ് ഞാനും ജനിച്ചത്‌.
എനിക്ക് അമ്മയുണ്ട്‌,
ഒരുപാട് ജനാലകളുള്ളോരു വീടും..., 
സഹോദരങ്ങള്‍, കൂട്ടുകാര്‍
ഒരു ജയിലും.

വാളുകള്‍ ശരീരങ്ങളെ
ഉത്സവങ്ങളാകുന്നതിന് മുന്‍പ്
പക്ഷെ ഞാന്‍ സമതലം കടന്നിരുന്നു. 

അമ്മയ്ക്ക് വേണ്ടി കരഞ്ഞ ആകാശങ്ങളെ
ഞാന്‍ തിരിച്ചുകൊടുത്തിരിക്കുന്നു. 
എങ്കിലും മടങ്ങി വരുന്ന ഒരു മേഘതുണ്ടിന്
തിരിയാതെ പോവരുതേ 
എന്നാവും അപ്പോഴും തേങ്ങല്‍ " (2)
പ്രശസ്തനായ പാലസ്തീനിയന്‍ കവിയുടെ നൊസ്റ്റാള്‍ജിയ അതീതമായ അനുഭവതലങ്ങള്‍ തേടുന്നു. ഇത് മലയാളിക്ക് സുപരിചിതമായ ഇടമല്ല.

ഇന്ന് പൊതുമലയാളിയുടെ നൊസ്റ്റാള്‍ജിയ ഏറെക്കൂറെ സ്യൂഡോ ആണ്. നഷ്ടപ്പെടലിന്റെ ലളിതമായ ആവിഷ്ക്കാരമായി അവന്‍ അതിനെ ഉപരിതലസ്പര്‍ശിയായി തിരിച്ചറിഞ്ഞിരിക്കുന്നു. ബ്ലോഗും സോഷ്യല്‍ നെറ്റുവര്‍ക്കുകളും പരദേശിയായ മലയാളിയുടെ പ്രകാശനത്തിന് ക്രമാതീതമായ സാധ്യതകള്‍ നല്‍കിയപ്പോള്‍ , അവന്‍ നിലവിളിച്ചുകൊണ്ടിരിക്കുന്നതൊക്കെയും ഈ വ്യാജമായ അനുഭവലോകത്ത് നിന്നാണ്. ബ്ലോഗില്‍ നിന്നും തിരഞ്ഞെടുത്ത കഥകള്‍ സമാഹാരമാക്കിയപ്പോള്‍ നല്‍കിയ ശീര്‍ഷകത്തിന്റെ ദയനീയത ('മൌനത്തിനപ്പുറത്തേക്ക്...') മലയാളിയുടെ പുതിയ ലോകത്തിന്റെ പൊതു ഇടങ്ങള്‍ എത്രമാത്രം പതിതമായി തീര്‍ന്നിരിക്കുന്നു എന്ന് തെളിവുതരും. ചിന്തയുടെയും ഭാഷാരൂപങ്ങളുടെയും ലളിതമായ വിന്യാസത്തിലൂടെയും സംപ്രേക്ഷണത്തിലൂടെയും നൊസ്റ്റാള്‍ജിയയുടെ തീവ്രതയെ ആവിഷ്ക്കരിക്കാനാവില്ല. അത്ര ഏകമാനമായ അനുഭവമല്ല അത്. വൈവിധ്യങ്ങളുടെ സങ്കീര്‍ണമായ അടരുകള്‍ ക്രമരഹിതമായി അടുങ്ങിയിരിക്കുന്ന വിചിത്രപ്രപഞ്ചമാണ് അത് . ഇന്ന് മലയാളി, പ്രത്യേകിച്ച് പരദേശിയായ മലയാളി, ഉദാസീനമായി പ്രണയനഷ്ടത്തേയും ദേശനഷ്ടത്തേയും ഒക്കെ  മടുപ്പിക്കുന്ന അതികാല്പ്പനീക ഭാഷയില്‍ ചര്‍വിതചര്‍വണം ചെയ്യുന്നതില്‍ നൊസ്റ്റാള്‍ജിയയുടെ അനുഭവവും ആവിഷ്ക്കാരവും ഇല്ല. അത് സമകാലത്ത് മലയാളി എന്തിലും കാണിക്കുന്ന നാട്യത്തിന്റെ വയക്തികമായ ബഹിര്‍സ്ഫുരണം മാത്രമേ ആകുന്നുള്ളൂ. സര്‍ഗാത്മകവും ക്രിയാത്മകവുമായി തന്‍റെ കാലത്തെ അഭിമുഖീകരിക്കുന്നതില്‍ പ്രകടമാവുന്ന ധൈഷണികമായ ശേഷിക്കുറവില്‍  നിന്നുള്ള എസ്കേപ്പിസമായും ഇതിനെ മനസ്സിലാക്കേണ്ടതുണ്ടെന്നു തോന്നുന്നു. "nostalgia is an act of cowardice " (3)  എന്ന് ആ ലത്തീന്‍ അമേരിക്കന്‍ പ്രതിഭ പറഞ്ഞത് ഈ നിലയ്ക്ക് തികച്ചും പ്രസക്തമാവുകയാണ്.

രവി ഖസാക്ക് വിട്ടുപോകുന്നില്ല. എന്നാല്‍ തലമുറകള്‍ രവിയിലൂടെ ഖസാക്കില്‍ ജീവിക്കുന്നു. തസ്രാക്കിന്റെ ഭൌതീക പരിസരങ്ങളില്‍ ഒരിക്കലും എത്തിയിട്ടില്ലാത്ത ആയിരക്കണക്കിന് മലയാളികള്‍ ലോകത്തിന്റെ അജ്ഞാതമായ കോണുകളിലിരുന്ന് തീക്ഷ്ണമായ ഗൃഹാതുരത്വത്തോടെ ഖസാഖിനെ ആഗ്രഹിക്കുന്നു. ഒരു തീര്‍ത്ഥാടനത്തിന്റെ  മനോനൈര്‍മ്മല്യത്തോടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും തസ്രാക്ക് സന്ദര്‍ശിക്കാന്‍, കരിമ്പനകളില്‍ കാറ്റുപിടിക്കുന്ന ഹൂങ്കാരശബ്ദം കേള്‍ക്കാന്‍, അവരെല്ലാവരും കാത്തിരിക്കുന്നു. നൊസ്റ്റാള്‍ജിയയുടെ യഥാര്‍ത്ഥ ജീവിതം മലയാളിയെ അനുഭവിപ്പിച്ചത് രവി മാത്രമാണ്.

**
1 ) ഫെയ്സ്ബുക്കില്‍ കരുണാകരന്‍
2 ) 'ഞാനവിടെ നിന്നാണ്' - മെഹ്മൂദ് ദര്‍വീഷ് 
3 ) 'ദി വാര്‍ ഓഫ് ദി ഏന്‍ഡ് ഓഫ് ദി വേള്‍ഡു' - മാര്‍യോ വര്‍ഗാസ്‌ യോസ്സാ

**
'നാട്ടുപച്ച' യില്‍ പ്രസിദ്ധീകരിച്ചത് 

Saturday 21 July 2012

ഇടയ്ക്കൽ ഗുഹയും മറയൂർ മുനിയറയും


വയനാട് ജില്ലയിൽ അമ്പുകുത്തിമലയുടെ മുകളിലാണ് ഇടയ്ക്കൽ ഗുഹ. നവീനശിലായുഗ കാലത്ത്, ബി. സി 5000-ത്തിനോടുപ്പിച്ച്, വരയപ്പെട്ട ചുമർചിത്രങ്ങളാണ് ഈ ഗുഹയെ ചരിത്രപ്രാധാന്യമുള്ളതാക്കുക. പ്രാചീനശിലായുഗ കാലത്ത് കേരളത്തിൽ ജനവാസമുണ്ടായിരുന്നു എന്ന് തെളിയിക്കാനാവുന്ന ആർക്കിയോളജിക്കൽ കണ്ടുപിടിത്തങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ നവീനശിലായുഗത്തിന്റെ നീക്കിയിരിപ്പായ ഈ ചുമർച്ചിത്രസമുച്ചയം കേരളത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമുള്ളതും നിർണ്ണായകവുമാണ്. കാലഗണനയിൽ ഇതിനോടടുപ്പിച്ച്, ബി. സി 3000-ൽ നിർമ്മിക്കപ്പെട്ടു എന്ന് അനുമാനിക്കുന്ന മറയൂറിലെ മുനിയറകളും ഇടയ്ക്കൽഗുഹ പോലെ തന്നെ പ്രാധാന്യമുള്ള ചരിത്രശേഷിപ്പുകളാണ്. കേരളത്തിലെ മഴനിഴൽപ്രദേശമായ മറയൂറിലുള്ള ഈ ശിലകൾ അറിയപ്പെടുന്നത് ‘മുനിയറ’ എന്നാണെങ്കിലും, പ്രചീനകാലത്തെ ശവക്കല്ലറകളായിരുന്നു ഇവ എന്നാണ് പണ്ഡിതമതം.

ഒരു വിനോദസഞ്ചാരകേന്ദ്രം എന്ന നിലയ്ക്ക്, ഇടയ്ക്കൽഗുഹ ഒരുപാട് സന്ദർശകരുടെ താവളമാണിപ്പോൾ. എന്നാൽ മറയൂർ മുനിയറകൾ അങ്ങിനെയല്ല. പ്രാദേശിക വിനോദസഞ്ചാര വ്യാപാരികൾ, മൂന്നാർ-പൊള്ളാച്ചി വഴിയിലുള്ള മുനിയറകളെ ഉപയോഗപെടുത്തുന്നുണ്ടെങ്കിലും, സർക്കാർതലത്തിൽ സംരക്ഷണമൊന്നും നടക്കുന്നില്ല. ഇതു രണ്ടും ശരിയായ രീതിയല്ല. അതിപ്രാധാന്യമുള്ള ആർക്കിയോളജിക്കൽ കണ്ടുപിടിത്തങ്ങൾ പൂന്തോട്ടങ്ങളോ മൃഗശാലകളോ പോലെ പ്രദർശിപ്പിക്കപെടരുത്. സംരക്ഷണം ഇല്ലാതെ വെയിലും മഴയുമേറ്റ് മുനിയറകൾ പൊടിഞ്ഞുനശിക്കുമ്പോൾ, വിനോദസഞ്ചാരികളുടെ ബാഹുല്യമേറിയ ചവിട്ടിമെതികൾകൊണ്ട് ഇടയ്ക്കൽ ഗുഹയും.

ഇവ രണ്ടും വളരെ കരുതലോടെ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. കേരളപൈതൃകത്തിന്റെ ഏറ്റവും പുരാതനമായ നീക്കിയിരിപ്പുകളാണിവ!


00

Tuesday 3 July 2012

അക പറയുന്നത്...

ഈ കുഞ്ഞ് ധരിച്ചിരിക്കുന്ന മാലയുടെ പേര് ‘റ്റ്രാഡ്സി’. അരുണാചൽപ്രദേശിലെ ‘പലിസി‘ എന്ന വിദൂരദേശത്ത് ജീവിക്കുന്ന ‘അക‘ ഗോത്രവംശജനതയുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഈ ആഭരണം. വ്യക്തികളുടെയും കുടുംബത്തിന്റേയും സാമൂഹികനിലവാരം ഈ മാലയുടെ കൈവശാവകാശവുമായി ഉൾച്ചേർന്നിരിക്കുന്നു. അവരുടെ ഗ്രാമത്തിനോട് ചേർന്നൊഴുകുന്ന ബ്രഹ്മപുത്രയുടെ കൈവഴിയിൽ നിന്നും പെറുക്കിയെടുക്കുന്ന മഞ്ഞകല്ലുകൾ കോർത്താണ് ഈ മാല ഉണ്ടാക്കുക. ഇന്ന് ആ നദിയിൽ ഈ കല്ലുകൾ ലഭ്യമല്ല എന്നതിനാൽ തന്നെ, ഇതിന്റെ മൂല്യം ക്രമാതീതമായി ഉയർന്നിരിക്കുന്നു. അവരുടെ ജീവിതവും സംസ്കാരവുമായി ആഴത്തിൽ ബന്ധമുള്ളതുകൊണ്ട് തന്നെയാവണം റ്റ്രാഡ്സി എന്ന വാക്കിന് അക ഭാഷയിൽ അൻപതിലധികം വകഭേദങ്ങളുണ്ട്. പക്ഷേ അക ഭാഷ സംസാരിക്കുന്നവർ ഇന്ന് ഭൂമിയിൽ ആയിരത്തിനും രണ്ടായിരത്തിനും ഇടയിൽ മാത്രമാണ്.

അക ഭാഷയിലും ബോധത്തിലും, ഭാവി പിന്നിലും ഭൂതം മുന്നിലുമാണ്. ഭാവിയിലേക്ക് മുന്നോട്ട് കുതിക്കുന്ന ലോകബോധത്തിന് നേർവിപരീതമായ പരികൽ‌പന നമുക്ക് ഫലിതമായി തോന്നാം. എന്നാൽ ഒരു അക ചോദിക്കും - ഭാവി മുന്നിലാണെങ്കിൽ നിങ്ങൾക്കെന്തുകൊണ്ടത് കാണാൻ സാധിക്കുന്നില്ല? ജനനത്തിനു ശേഷം മരണത്തിലേക്ക് നിങ്ങൾ പിന്നിലേക്ക് നടക്കുകയാണ്. അജ്ഞാതമായ ഭാവി നിങ്ങൾക്കു പിറകിലാണ്. മുന്നിലുള്ളത് ഭൂതകാലമാണ് - നടക്കുന്തോറും ദൂരെയുള്ളത് മറഞ്ഞ് മറഞ്ഞ് അവ്യക്തവും അപ്രത്യക്ഷവുമാകുന്നു. അബോധമായി കൊണ്ടുനടക്കുന്ന ചില രൂഡമൂലസങ്കൽ‌പ്പങ്ങളെ ഇടയ്ക്കൊക്കെ ഒന്ന് കുടഞ്ഞുവിരിക്കണം എന്നുതന്നെ തോന്നും ഈ അക തത്വവിചാരത്തിൽ കാൽവച്ച് നിൽക്കാൻ ശ്രമിക്കുമ്പോൾ...

ഭൂമിയിൽ ഇന്നുള്ള എഴുപതു ശതമാനം ഭാഷകളും അകയെപ്പോലെ ആയിരങ്ങൾ മാത്രം സംസാരിക്കുന്നവയാണ്. ഇവയുമായി താരതമ്യം ചെയ്യുമ്പോൾ, അടിസ്ഥാന വിനിമയഉപാധി എന്ന നിലയ്ക്ക്, ഏതാനും കോടി ജനങ്ങൾ സംസാരിക്കുന്ന മലയാളം, ഭാഷാവിദഗ്ദ്ധർ ഭയപ്പെടുന്നതുപോലെ, അടിയന്തിര വംശനാശഭീഷണിയൊന്നും നേരിടുന്നില്ല എന്നുവേണം അനുമാനിക്കാൻ. പിന്നെ ഭാഷയുടെ, ഭാഷാദേശത്തിന്റെ സാംസ്കാരികമായ അപചയത്തെയോ മരണത്തെയോ കുറിച്ചാണ് വിവക്ഷയെങ്കിൽ, അവസാനത്തെ രണ്ട് മലയാളികളിൽ ഒരാൾ മരിക്കുന്നതുവരെ തർക്കം തുടരുകയുമാവാം!

**
ചിത്രത്തിനും വസ്തുതാവിവരങ്ങൾക്കും കടപ്പാട് ‘നാഷണൽ ജിയോഗ്രഫിക്കി‘നോട്.

Sunday 10 June 2012

അവര്‍


അലക്സാന്‍ഡ്രിയയിലെ തെരുവില്‍
സെറാപ്പിയത്തിനു മുന്നില്‍ 
ജനകൂട്ടത്തില്‍ ഞാനും നിന്നു.
അവരിന്ന് ഹൈപെഷ്യയെ വിചാരണ ചെയ്യുകയാണ്.
നട്ടുച്ചയിലെ നിലാവില്‍ അകലെ
കാറ്റ് കുന്നിനെ കടലാക്കുന്ന മരീചിക.
വാണിഭത്തട്ടിന് മുകളിലെ ചുണ്ണാമ്പ്കല്ല്‌ മതിലില്‍ 
പ്രാവുകള്‍ തൊട്ടുതൊട്ടില്ലെന്ന് മിണ്ടാതിരിക്കുന്നു...

പതിവുള്ളതല്ല,
ഉറക്കത്തില്‍ നിന്നുണര്‍ത്തി 
അവളുടെ പതിഞ്ഞ ശബ്ദം:
"ദേ, പള്ളീന്ന് അവര്..., പിരിവാന്ന് തോന്നുന്നു"

വിചാരണയില്‍ നിന്നും പിരിവിലേക്ക്
അവര്‍ ലിഫ്റ്റ്‌ കയറിവന്ന
രണ്ടു നിമിഷത്തിന്റെ വിസ്തൃതിയില്‍
ഉപ്പിലിട്ട മീനുപോലെ
എന്‍റെ സ്വപ്നം 
നൂറ്റാണ്ടുകളുടെ വെയില്‍കാഞ്ഞു കിടന്നു.

**

Saturday 19 May 2012

നീ നിന്റെ പൂക്കിലക്കിളിയെ എന്തുചെയ്തു...?

നമ്മുടെ നാട്ടുകവലകളിലും പട്ടണങ്ങളിലും മറ്റും കണ്ടിരുന്ന അങ്ങാടിക്കുരുവികൾ എന്ന് പേരുള്ള ചെറിയ കിളികളെ ഇപ്പോൾ കാണാനില്ല എന്ന് ഈയടുത്ത് എവിടെയോ വായിച്ചപ്പോൾ പെട്ടെന്ന് ഓർമ്മവന്നത് ഞങ്ങളുടെ നാട്ടിലെ പൂക്കിലക്കിളികളെയാണ്. പൂക്കിലക്കിളി എന്ന പേര് ഓറിന്തോളജി പുസ്തകങ്ങളിൽ എവിടെയും കാണുകയില്ല. വളരെ പ്രാദേശികമായ ഒരു വിളിപ്പേരാവണം അത്. പക്ഷിശാസ്ത്ര സംബന്ധിയായ പുസ്തകങ്ങളിൽ ഈ കിളിയുടെ പേരും വിവരങ്ങളും ഞാൻ പലപ്പോഴും അന്വേഷിക്കാറുണ്ട്. പക്ഷെ കൃത്യമായി കണ്ടെത്താനായിട്ടില്ല എന്നതാണ് വാസ്തവം. അങ്ങാടിക്കുരുവിയുടെ ബന്ധുവായിരിക്കണം. ആറ്റക്കുരുവി, തൂക്കണാംകുരുവി എന്നൊക്കെ വിളിപ്പേരുള്ള കിളി തന്നെയാവാനും മതി. ഞാൻ പൂക്കിലക്കിളികളെ കണ്ടിട്ട് ഒരുപാടാകുന്നു. കുട്ടിക്കാലത്തെ ഓർമ്മയിൽ ആണവ ഉള്ളത്. ദശാബ്ദങ്ങൾ ഉഴുതുമറിച്ച ഓർമ്മ കൃത്യമാവണമെന്നില്ലല്ലോ. അതിനാൽ കൂടിയാവണം സൂക്ഷ്മമായ നിർണ്ണയം സാധ്യമാവാത്തത്. ആറ്റക്കുരുവിയെ കുറിച്ച് ഇന്ദുചൂഢന്റെ 'കേരളത്തിലെ പക്ഷികൾ' എന്ന പുസ്തകം ഇങ്ങനെ പറയുന്നു: "പ്രജനനകാലത്ത് പൂവന്റെ നെറ്റി, കഴുത്ത്, മാറിടം എന്നിവ തിളങ്ങുന്ന കടുംമഞ്ഞ. താടി, തൊണ്ട, കവിളുകൾ എന്നിവ കടുത്ത തവിട്ടു നിറം. ആകൃതി അങ്ങാടിക്കുരുവിയുടേത്. പിടപ്പക്ഷി ആകപ്പാടെ തവിട്ടുനിറം. മങ്ങിയ വെള്ള 'പുരികം' സൂക്ഷിച്ചു നോക്കിയാൽ കാണാം. പ്രജനനകാലം കഴിഞ്ഞാൽ പൂവൻ പിടയെപ്പോലിരിക്കും." പൂക്കിലക്കിളിയെ ഓർക്കുമ്പോൾ മനസ്സിൽ തെളിയുന്നത് മഞ്ഞയും തവിട്ടും കലർന്ന നിറം തന്നെയാണ്. 

പറങ്കിമരത്തിലാണ് പൂക്കിലകിളികളെ ആദ്യമായി കാണുന്നത്. കാഴ്ച തെളിയുന്ന കാലത്തുതന്നെ എനിക്ക് മുന്നിൽ പറങ്കിമരവും, അതിന്റെ കൊമ്പിൽ പൂക്കിലക്കിളിയും ഉണ്ടായിരുന്നു. പൂക്കിലക്കിളിയും പറങ്കിമരവും ഒന്നിച്ചാണ് ബോധത്തിൽ നിൽക്കുക. വീടിനു ചുറ്റും ഏക്കറുകളോളം പറങ്കിമരങ്ങൾ ഉണ്ടായിരുന്നു. പലരുടെയും പുരയിടങ്ങൾ ആയിരുന്നുവെങ്കിലും അവയ്ക്ക് വേലിയോ മതിലോ ഉണ്ടായിരുന്നില്ല. അതിരുകൾ സാങ്കല്പികരേഖകളായിരുന്നു. 

ഇപ്പോൾ നാട്ടിൽ കശുമാവുകൾ തീരെ കുറഞ്ഞിരിക്കുന്നു. ഒക്കെ തെങ്ങിൻതോപ്പുകളാണ്. തെങ്ങുവയ്ക്കാൻ വേണ്ടിയാണ് പറങ്കിമരങ്ങൾ മുറിച്ചുമാറ്റിയത്. പറങ്കിയുടെ വേരുകൾ വിരുതരും ഊർജ്ജസ്വലരും. വെള്ളംതേടി അവ പോകുന്നത് നീണ്ട ദൂരങ്ങൾ. കിണറ്റിൻ കരയിൽ തുണിയലക്കുന്നിടത്ത് പ്രത്യക്ഷപ്പെടുന്ന നാരുപോലുള്ള വേരിനെ മണ്ണുമാന്തി പിന്തുടർന്നാൽ സങ്കീർണ്ണമായ അതിജീവനത്വരയുടെ വിചിത്രമായ ലോകം ഭൂമിയുടെ അടിയിൽ തുറന്നുവരും. അഴിമുഖത്തു നിന്നും പ്രഭവത്തിലേയ്ക്ക് ഒരു നദിയുടെ തീരത്തുകൂടി നടക്കുന്നതുപോലെയാണത്. എവിടേയ്ക്കും ഇഴഞ്ഞുചെന്ന് ജലം ഊറ്റിയെടുക്കുന്ന പറങ്കിമാവുകൾ തെങ്ങുകൾക്ക് ഭീഷണിയായപ്പോഴാണ് ആളുകൾ അവയെ മുറിച്ചുമാറ്റാൻ തുടങ്ങിയത്.

കുട്ടികൾക്ക് പറങ്കിമരങ്ങൾ കളിപ്പാട്ടങ്ങൾ കൂടിയാണ്. അവയുടെ ചാഞ്ഞ കൊമ്പുകളിൽ കയറിയിരുന്ന്, ബസ്സ് ഓടിച്ച് അവർ യാത്രപോകും. ഡ്രൈവറും കണ്ടക്ടരും യാത്രക്കാരുമുണ്ടാവും. എല്ലാവരും കൂടി എത്ര ആഞ്ഞുകുലുങ്ങിയാലും ശിഖരമൊടിയില്ല, മണലിൽ വന്നു തൊട്ടാൽ പോലും. കുട്ടികൾ ഓടികളിക്കുന്ന മരച്ചുവടുകളിൽ കരിയിലകളുണ്ടാവില്ല. അവരുടെ ഓട്ടത്തിലും ചാട്ടത്തിലും കരിയിലകൾ എവിടെയ്ക്കൊക്കെയോ പറന്നുപോയിട്ടുണ്ടാവും. പറങ്കിച്ചുവട്ടിലെ മണൽമദ്ധ്യാഹ്നങ്ങളുടെ നിഴലിലെന്നെങ്കിലും ഒറ്റയ്ക്കായപ്പോഴാവണം, അവിടെ അലസമിരുന്നപ്പോഴാവണം ആദ്യമായി പ്രകൃതി ഒരനുഭവമാകുന്നത്. ആദ്യത്തെ പ്രതിഭാസ്ഫുരണവും പ്രകൃതിയാണ്.

കുട്ടികൾ കളിക്കുന്ന മരത്തിൽ നീറുകൾ വരില്ല. പരന്ന ഹരിതപത്രങ്ങൾ ചേർത്തു തുന്നി കൂടുകൾ ഉണ്ടാക്കാനോ സ്വൈര്യവിഹാരം നടത്താനോ, കുട്ടികൾ ചവിട്ടിമെതിക്കുന്ന മരക്കൊമ്പുകളിൽ നീറുകൾക്ക് സാധിക്കില്ല. ഒരു പക്ഷെ നീറുകളില്ലാത്തതു കൊണ്ടാവുമോ എന്നറിയില്ല, കുട്ടികളെ കാര്യമാക്കാതെ പൂക്കിലകിളികൾ ഇതേ മരത്തിൽ കൂടുവയ്ക്കും, മുട്ടയിടും, കുഞ്ഞുവിരിയിക്കും, കിളിക്കുഞ്ഞുങ്ങൾക്ക് ആഹാരവുമായി പറന്നുവരും. നാരുകൾ കോർത്ത്‌ പൂക്കിലകിളികൾ ഉണ്ടാക്കുന്ന കൂടുകൾ ഒരു വാസ്തുവിസ്മയമാണ്. അത്രയും ഭംഗിയും ഊഷ്മളതയും അനുഭവിപ്പിക്കാൻ മനുഷ്യരുണ്ടാക്കുന്ന വീടുകൾക്ക് ആവില്ല. ഒരു കിളിക്കുഞ്ഞായി അതിന്റെ സുരക്ഷിതമായ ചൂടിൽ കയറിയിരിക്കാൻ കൊതിതോന്നിപ്പിക്കുന്ന രൂപഭംഗി. 'കേരളത്തിലെ പക്ഷികൾ', ആറ്റക്കുരുവിയുടെ കൂടുനിർമ്മാണത്തെ കുറിച്ച് ഇങ്ങനെ പറയുന്നു: "... ചില പുല്ലുകളും തെങ്ങോലയിൽ നിന്നും ചീന്തിയെടുക്കുന്ന നാരുകളും [അവ] ഉപയോഗിക്കും. ഈ നാരുകളെ എത്ര സാമർത്ഥ്യത്തോടെയും ഭംഗിയിലുമാണ് മെടഞ്ഞ് കൂടാക്കിത്തീർക്കുന്നതെന്നറിയാൻ ഒരു പഴയ കൂട് പരിശോധിക്കുകയായിരിക്കും ഏറ്റവും നല്ലത്. താഴെ വീണുകിടക്കുന്ന ഒരു കൂട് സമ്പാദിച്ച്, അതിന്റെ ആകൃതി, വൃത്തി, ഭംഗി, ബലം എന്നിവ മനസ്സിലാക്കാം." ഭംഗിയും ബലവും ഒക്കെ ഉണ്ടെങ്കിലും, ചിലപ്പോൾ, കുട്ടികളുടെ ബഹളത്തിൽ കിളിക്കൂട് താഴെവീഴും. മുട്ടകൾ പൊട്ടിപോകും. തള്ളക്കിളി കരഞ്ഞുകൊണ്ട് കുറച്ചുനേരം അതിനു ചുറ്റും പറന്നുനടക്കും. പിന്നെ മരച്ചില്ലകളിലോ ആകാശത്തിലോ അപ്രത്യക്ഷമാവും.  അതിന്റെ ചാര കണ്‍പീലികൾക്കുള്ളിലെ വലിയ ശ്യാമസ്ഫടികക്കണ്ണുകൾ, കുട്ടികളുടെ സ്വപ്നങ്ങളിൽ വന്ന്, ആ രാത്രി, പേടിപ്പിക്കും.

വീടിന്റെ അടുത്തുള്ള മരങ്ങളെപ്പോലെയല്ല പരിസരവൃത്തത്തിന് പുറത്തുള്ളവ. അവയുടെ കൊമ്പുകൾ മുകളിൽ നിന്നും താഴേയ്ക്ക് വളർന്ന് ഒരു വലിയ പച്ചക്കൂടാരം പോലെ ഉൾഭാഗത്തെ ഇരുണ്ടതാക്കുന്നു. ചേർന്നുനിൽക്കുന്ന പത്തു പറങ്കിമരങ്ങൾ നിഗൂഡതയുടെ വനഗർഭമാണ്. അങ്ങനെ നീണ്ട് പോകുന്ന പറങ്കിക്കാട്. നടക്കുമ്പോൾ കരിയിലകളുടെ മർമ്മരം പ്രേതസഞ്ചാരങ്ങളെ ഓർമ്മിപ്പിയ്ക്കും. പൂക്കിലകിളികളോ അണ്ണാരക്കണ്ണന്മാരോ അവിടെ ആർത്തു ചിലയ്ക്കില്ല. ചിലയ്ക്കുമ്പോൾ ആ ശബ്ദം ക്രമാതീതമായി പ്രതിധ്വനിക്കും. പെട്ടെന്ന് പൊന്തയിൽ നിന്നും കരിയിലകൾ പറപ്പിച്ച് ഒരു കുറുക്കനോ പെരുച്ചാഴിയോ പായും. ഒരുനിമിഷം ശ്വാസം നിലച്ചുപോകും. ഒരിക്കൽ പള്ളിപ്പെരുന്നാൾ കഴിഞ്ഞ്, രാത്രിവൈകിയ നേരത്ത് രണ്ടു കുട്ടികൾ അതുവഴി വരുമ്പോൾ മരക്കൂട്ടത്തിനുള്ളിൽ ചിലങ്കകിലുക്കി മിന്നായം പോലെ നടന്നുമറഞ്ഞ ഒരു യക്ഷിയെ കണ്ടിരുന്നു. പിറ്റേന്ന് സ്കൂളിൽ വച്ച് ആ സംഭവം വിവരിക്കുമ്പോഴും പേടികൊണ്ടു അവർ കിതയ്ക്കുന്നുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം അതിലൊരുവനെ ബഹറൈൻ വിമാനത്താവളത്തിന്റെ ട്രാൻസിറ്റ് ലോഞ്ചിൽ വച്ച് കണ്ടിരുന്നു. അവൻ ആ സംഭവം മറന്നേപോയിരിക്കുന്നു.

പറങ്കിമരം ഒരു തദ്ദേശീയ വൃക്ഷമല്ല, പോർട്ടുഗീസുകാർ അവരുടെ തെക്കനമേരിക്കൻ കോളനികളിൽ നിന്നും കൊണ്ടുവന്നതാണ്. തെക്കനമേരിക്കയുടെ വടക്കൻ പ്രദേശങ്ങൾ അനുഭവിക്കുന്ന ഏതാണ്ടതേ ട്രോപ്പിക്കൽ കാലാവസ്ഥയുള്ള നമ്മുടെ നാട്ടിൽ അതങ്ങ് പച്ചപിടിക്കുകയും ചെയ്തു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കശുവണ്ടി ഉത്പാദന രാജ്യങ്ങളിലൊന്നായി ഇൻഡ്യ മാറുകയും ചെയ്തു. പറങ്കികൾ കൊണ്ടുവന്നതുകൊണ്ട് നമ്മളിതിനെ പറങ്കിമരം എന്ന് വിളിക്കുന്നു. എന്നാൽ കശുമാവ് എന്നത് കുറച്ചുകൂടി ചേരും, പോർച്ചുഗീസ് ഭാഷയിലെ മൂലനാമമായ 'കാജു'വിനോട് സാമ്യമുള്ളതുകൊണ്ട്. കാജു എന്നതിൽ നിന്നാണ് 'കാഷ്യു' എന്ന ആംഗലേയ നാമവും ഉണ്ടായിവന്നത്.

പറങ്കിമരത്തിന്റെ തണ്ടിൽ ചുമപ്പും പച്ചയും കലർന്ന ഇലകളുള്ള ഇത്തിൾ വളരും. അതിന്റെ നീണ്ട പൂക്കളിൽ നിന്നുള്ള തേൻ പൂക്കിലകിളികൾക്ക് പഥ്യമാണ്. അന്തരീക്ഷത്തിൽ ചിറകുകൾ വിടർത്തി നിന്നാണ് കിളികൾ പൂക്കളെ ഉമ്മവയ്ക്കുക. മനുഷ്യന്റെ കാഴ്ചശക്തിയെ തോല്പിച്ച് അതിവേഗം ചലിക്കുന്നതുകൊണ്ടാണ് ചിറകുകൾ വിടർന്നിരിക്കുന്നതായി തോന്നുക. പാരസ്പര്യത്തിന്റെ ജൈവലോകമാണ് ഓരോ മരവും. പറങ്കിക്ക് മിനുസമായ പുറമാണ്. ഒന്ന് വരഞ്ഞാൽ അതിലൂടെ കട്ടിയുള്ള ജലം പുറത്തേയ്ക്കു വരും. അങ്ങനെ മരത്തെ വേദനിപ്പിക്കരുതെന്നു ചില കുട്ടികൾ പറയും. അവ കരയുകയാണത്രേ. അൽപനേരം കഴിഞ്ഞാൽ ആ ദ്രാവകം കട്ടിയാവും, വായിലിട്ടു ചവച്ചാൽ ച്യൂംഗം പോലെ. അക്കാലത്ത് നാട്ടിൻ പുറത്തെ കടകളിൽ ച്യുംഗം കിട്ടിതുടങ്ങിയിരുന്നില്ല. പഴുത്ത ഇത്തിൾ കായ്കളും കുട്ടികൾ തൊലികളഞ്ഞ് വായിലിട്ട് നുണയും. കുരുവിന് ചുറ്റുമുള്ള പശദ്രാവകം മധുരതരമാണ്. നാലഞ്ചു കുരു നുണഞ്ഞു കഴിയുമ്പോഴേയ്ക്കും നാക്ക് മുഴുവൻ പശകൊണ്ട് ഒട്ടും. ഏതു പഴത്തിന്റെ രുചിയും ഓർമ്മപ്പെടുത്തികൊണ്ട് കടകളിലിന്ന് കുപ്പിയിൽ നിറച്ച പാനീയങ്ങൾ കിട്ടും. പക്ഷെ ഇത്തിൾക്കായുടെ രുചി...?

വേനലവധി തുടങ്ങുന്നതിനു മുൻപുതന്നെ പറങ്കിമരങ്ങൾ പൂത്തുതുടങ്ങും. ഒറ്റപ്പെട്ട പൂക്കളല്ല. പൂക്കുലകളാണ്. ഇളം റോസ് നിറത്തിൽ. അതിനിടയ്ക്ക് നല്ലൊരു വേനൽമഴ പെയ്താൽ പൂക്കളെല്ലാം കൊഴിഞ്ഞുപോകും. അക്കൊല്ലത്തെ ഫലവും കുറയും. പൂക്കളിൽ നിന്നും ആദ്യം പച്ചണ്ടികൾ ഉണ്ടായി വരും, പച്ച നിറത്തിൽ തന്നെയുള്ള കുഞ്ഞു പറങ്കിമാങ്ങയുടെ തുമ്പത്ത്. പഴുത്ത പറങ്കിപ്പഴങ്ങൾ നിറത്തിന്റെയും രൂപത്തിന്റെയും വൈവിധ്യമാണ്. ഇളം മഞ്ഞയിൽ തുടങ്ങി കടും ചുമപ്പു വരെ. ചെറിയ ആപ്പിൾ പോലെ തോന്നിക്കുന്നവയും നീളത്തിൽ വാളൻപുളി പോലുള്ളവയും ഒക്കെയുണ്ടാവും. ഏതു മരത്തിൽ ഏതു തരം പഴമാണെന്നും അതിന്റെ രുചിയെന്താണെന്നും കുട്ടികൾക്കറിയാം. പറങ്കിമാങ്ങയുടെ ചാറ് ഉടുപ്പുകളിൽ വീണാൽ ആ കറ ഒരിക്കലും പോകില്ല. ചാറ് ഇറ്റിക്കാതെ കഴിക്കാനും പറ്റില്ല. അതിന്റെ പേരിൽ കുട്ടികൾക്ക് അമ്മമാരുടെ കയ്യിൽ നിന്നും നല്ല അടികിട്ടും. അടി കിട്ടാതിരിക്കാൻ കുട്ടികളെല്ലാം മുന്നോട്ടാഞ്ഞു നിന്നാണ് പറങ്കിമാങ്ങ കഴിക്കുക. വിളയാത്ത പറങ്ങാണ്ടി (പച്ചണ്ടി) കത്തികൊണ്ട് രണ്ടായി മുറിച്ച് പാകമാവാത്ത അണ്ടിപ്പരിപ്പ് കഴിക്കാം. പച്ചണ്ടിയുടെ ചാറ് തൊലി പൊള്ളിക്കും, സൂക്ഷിച്ചില്ലെങ്കിൽ. പച്ചണ്ടി പറിക്കാൻ അമ്മമാർ സമ്മതിക്കില്ല. കച്ചവടക്കാർ നല്ല പാകമായ കശുവണ്ടി മാത്രമേ വാങ്ങാറുള്ളൂ. പാകമായി കഴിഞ്ഞാലും പിന്നെ കുറേ ദിവസം വെയിലിൽ ഉണക്കണം, നല്ല വിലകിട്ടാൻ. കശുവണ്ടി ചുട്ട്, കല്ലിൽ വച്ച്  തല്ലിപ്പൊളിച്ചെടുക്കുന്ന പരിപ്പിന് പ്രത്യേക രുചിയാണ്. ചുടുന്ന നേരത്ത് പുറന്തോടിന്റെ നെയ്യ് ചെറിയ മുക്കുപടക്കങ്ങൾ പോലെ പൊട്ടിതെറിച്ചുകൊണ്ടിരിക്കും. ഇപ്പോൾ കടകളിൽ സുലഭം വാങ്ങാൻ കിട്ടുന്ന പ്രോസെസ്സ് ചെയ്ത അണ്ടിപ്പരിപ്പിന്റെ രുചിയുമായി അതിന് അശേഷം സാമ്യമില്ലെന്നത് ആശ്ചര്യം തന്നെ.

പറങ്ങാണ്ടിക്കാലത്ത് തോട്ടയുമായി അമ്മമാരും കുട്ടികളും ആഴ്ചയിലൊരിക്കലെങ്കിലും അണ്ടിപറിക്കാൻ ഇറങ്ങും. വേനലവധിയായതുകൊണ്ട്‌ ചുറ്റുവട്ടത്തുള്ള കുട്ടികൾ ഒക്കെയും കാണും, ഒരുത്സവം പോലെ. വീട്ടിൽ വളർത്തുന്ന പട്ടിയും കോഴിയും കൂടെവരും. പട്ടിയുള്ളതു കൊണ്ടാവും പൂച്ചക്കൾ ഒരിക്കലും ഒപ്പം കൂടാറില്ല. മാത്രവുമല്ല വളർത്തു ജീവികളിൽ കുറച്ചു സങ്കീർണ്ണമായ സ്വഭാവമാണ് പൂച്ചയ്ക്ക്. മരത്തിനു മുകളിലൂടെ ചിലച്ചുകൊണ്ട് അണ്ണാരകണ്ണന്മാരും പൂക്കിലകിളികളും പിന്തുടരും. അണ്ടി വിറ്റുകിട്ടുന്ന തുകയിൽ നിന്ന് കുറച്ചുകാശ് അമ്മമാർ കുട്ടികൾക്ക് കൊടുക്കാറുണ്ട്. അതുംകൊണ്ട് കുട്ടികൾ കണിയാപുരത്തെ മൊത്തവ്യാപാരകടയിൽ  പോയി മിഠായികൾ വാങ്ങിവന്ന് പെണ്‍കുട്ടികൾക്ക് കച്ചവടം നടത്തും. 

പറങ്ങാണ്ടിക്കാലം കഴിയുന്നതോടെ വർഷകാലമെത്തും. ഇടവപ്പാതിയും സ്കൂൾ തുറക്കലും ഒന്നിച്ചാണല്ലോ. അപ്പോൾ ഒരു അദ്ധ്യായം അടയുകയും മറ്റൊരു അദ്ധ്യായം തുറക്കുകയുമാണ്. പിറന്നാളിനല്ല, അടുത്ത ക്ളാസിന്റെ പുസ്തകങ്ങൾ കിട്ടുമ്പോഴാണ് നമ്മൾ ഒന്നുകൂടി വളർന്നിരിക്കുന്നു എന്നത് മൂർത്തമാവുന്നത്.

കാര്യമായ ഫലവൃക്ഷങ്ങളൊന്നുമില്ലാതെ തരിശായി കിടക്കുന്ന ഒരു ചെറിയ തുണ്ട് ഭൂമി സ്വന്തമായുണ്ട്. ആ പറമ്പിന്റെ ഒരു ഭാഗത്ത്, കിണറിനടുത്തായി എട്ടുപത്ത് പറങ്കിമരങ്ങൾ തഴച്ചുവളർന്ന് നിൽപ്പുണ്ട്. ഏറെക്കൂറെ പറങ്കിമരങ്ങൾ അന്യമായി തുടങ്ങുന്ന ഒരു ഭൂപ്രദേശമാണ്. അവധിക്കു ചെല്ലുമ്പോൾ ചിലരൊക്കെ ചോദിക്കാറുണ്ട്; അവിടെ തെങ്ങോ മറ്റെന്തെങ്കിലും ഫലവൃക്ഷങ്ങളോ വച്ചുപിടിപ്പിച്ചുകൂടേ എന്ന്. പറങ്കിമരങ്ങൾ മുറിച്ചുമാറ്റുക എന്നാവുമത്. അവിടെ വളർന്നുനിൽക്കുന്ന ഒന്നുരണ്ട് മരത്തിന് എന്നെക്കാൾ പ്രായമുണ്ട്. ഇപ്പോൾ അപരിചിത ഭാവം തോന്നുമെങ്കിലും എനിക്കവയെ നന്നായറിയാം. കുട്ടിക്കാലത്ത് അതിന്റെ തണലിലെ മദ്ധ്യാഹ്നങ്ങൾ ഇലമണം കൊണ്ടെന്നെ ഉറക്കിയിട്ടുണ്ട്. അന്നവയും ചെറുതായിരുന്നു. മറ്റ് മരങ്ങളൊക്കെ പിന്നീടുണ്ടായവയാണ്. കശുവണ്ടികൾ അവിടെ തന്നെ വീണു മുളച്ചതാവണം. ആ മരങ്ങൾ അവിടെ നിൽക്കട്ടെ. മുജ്ജന്മവാസനയാൽ ഒരു പൂക്കിലകിളി എവിടെ നിന്നെങ്കിലും പറന്നുവന്നാൽ അതിനിരിക്കാനും കൂടുകൂട്ടാനും ഒരു പറങ്കിമരം വേണമല്ലോ. 

കാരണം, കുറച്ചു നാളുകൾക്കു മുൻപ് ഷ്വയ്‌ബയിലെ കടൽപ്പാലത്തിൽ, തുറമുഖത്തു നിന്നും യാത്രപോകുന്ന കപ്പലുകൾ നോക്കിനിൽക്കേ ഒരു കടൽക്കാക്ക അടുത്തുവന്ന് അമർഷത്തോടെ ചോദിച്ചിരുന്നു: നീ നിന്റെ പൂക്കിലകിളിയെ എന്തുചെയ്തു? 

൦൦