Wednesday 22 October 2014

രംബുറ്റാൻ

അമ്മയുടെ മലേഷ്യൻ ഓർമ്മകളിൽ, സംസാരങ്ങളിൽ ഇടയ്ക്കിടയ്ക്ക് കടന്നു വന്നിരുന്ന പേരാണ് 'രംബുറ്റാൻ'. ആ ഫലവും വൃക്ഷവും അക്കാലത്ത് കേരളത്തിൽ പരിചിതമായിരുന്നില്ല. എന്നാൽ ഇന്ന് അങ്ങനെയല്ല. കഴിഞ്ഞ ഒന്നൊന്നര പതിറ്റാണ്ടിനിടയ്ക്ക്‌ കേരളത്തിൽ ഈ ഫലവൃക്ഷം വ്യാപകമായി, പ്രത്യേകിച്ച് മലയോര മേഖലയിൽ.


രംബുറ്റാൻ എന്ന ട്രോപ്പിക്കൽ മരം മനുഷ്യന്റെ ആവശ്യങ്ങൾക്കായി ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത് മലയായിലെ ഗോത്രവർഗ്ഗങ്ങളാണ് എന്ന് കരുതപ്പെടുന്നു. 'രംബുറ്റ്' എന്നാൽ മലയാ ഭാഷയിൽ 'മുടി' എന്നത്രേ അർത്ഥം - പുറംതോടിന്റെ രൂപം ആ പേരിനെ അന്വർത്ഥമാക്കും.

മാങ്ങയെപ്പോലെ, വിളയുമ്പോൾ പറിച്ചുവച്ച് പഴുപ്പിക്കാനാവുന്ന ഒരു ഫലമല്ല രംബുറ്റാൻ. അത് മരത്തിൽ നിന്നു മാത്രമേ പഴുക്കുകയുള്ളൂ. കേരളത്തിന്റെ കിഴക്കൻ മേഖലയിലൂടെ സഞ്ചരിക്കുമ്പോൾ, മുഴുവൻ നെറ്റു കൊണ്ട് മറച്ചുവച്ച മരം ഏതാണെന്ന് ആദ്യകാലങ്ങളിൽ അത്ഭുതപ്പെട്ടിരുന്നു. കിളികളിൽ നിന്നും പഴംതീനികളായ മറ്റു ജീവജാലങ്ങളിൽ നിന്നും രംബുറ്റാനെ രക്ഷിക്കാനുള്ള കൃഷിക്കാരുടെ ഏറ്റവും ലളിതമായ മാർഗ്ഗമാണത്രേ അത്.


പാരമ്പര്യമായി കിട്ടിയ തരിശുഭൂമിയിൽ, തെങ്ങും മാവുകളുമാണ് പ്രധാനമായും വളർത്തിയിരുന്നതെങ്കിലും, ഫലഭൂയിഷ്ഠമല്ലാത്ത ആ മണ്ണിൽ, ആത്തി, മുള്ളാത്തി, പേര തുടങ്ങി മറ്റനേകം മരങ്ങളും ബുദ്ധിമുട്ടി വളർത്തി, ചുറ്റുപാടും ഹരിതാഭമാക്കിയിരുന്നു അമ്മ. തന്റെ മലേഷ്യൻ ജീവിതത്തിലെ ഓർമ്മകളിൽ വളരെ സജീവമായി നിന്ന രംബുറ്റാൻ കേരളത്തിലെത്തിയ കാര്യം അമ്മ അറിഞ്ഞിരുന്നുവോ ആവോ...?

ചിത്രങ്ങൾ: ഭാര്യാഗൃഹത്തിനു മുന്നിലെ രംബുറ്റാൻ മരത്തിൽ നിന്നും പകർത്തിയത്.

00

Sunday 19 October 2014

പതുക്കെ സഞ്ചരിക്കുക...

ജേസൻ ലൂയിസിന്റെ ട്രാവൽ ഫിലോസഫി 'പതുക്കെ സഞ്ചരിക്കുക' എന്നതാണ്. മനുഷ്യശക്തി കൊണ്ട്, മോട്ടോർ ഘടിപ്പിച്ച വാഹങ്ങൾ ഒന്നും ഉപയോഗിക്കാതെ, ഭൂമി ചുറ്റിവന്ന ആളാണ്‌ ജേസൻ. നടന്നും സൈക്കിൾ ചവിട്ടിയും റോളർസ്കേറ്റ് ചെയ്തുമൊക്കെ കരയിലൂടെ സഞ്ചരിച്ചപ്പോൾ പെഡൽ ബോട്ടാണ് കടൽ താണ്ടാൻ ഉപയോഗിച്ചത്. പതിമ്മൂന്ന് വർഷമെടുത്തു ഈ യാത്രയ്ക്ക്.

പതുക്കെ സഞ്ചരിക്കുന്നവർക്ക് ഭൂമി ഇന്നും വളരെ വലിയ ഒരു ഗ്രഹം തന്നെയാണ്. ഭൂമി ചെറുതായി എന്നൊക്കെ പറയുന്നത് വളരെ വേഗം സഞ്ചരിക്കുന്നവരാണ്. ലണ്ടനും ന്യൂയോർക്കും ഹോങ്കോങ്ങും ഒക്കെ ഒരുപോലെ തന്നെ അവർക്ക്. ഒരു പോലുള്ള വിമാനത്താവളങ്ങളിലൂടെ, ഒരുപോലുള്ള നിരത്തുകളിലൂടെ, ഒരുപോലുള്ള വാഹനങ്ങളിൽ, ഒരുപോലുള്ള താമസസ്ഥലങ്ങളിലൂടെ കടന്നു പോകുന്നവർക്ക് ഭൂമി എത്ര ചെറുതാണ്, എത്ര ഏകമാനമാണ് എന്ന് തോന്നുന്നതിൽ ആശ്ച്ചര്യപ്പെടാൻ ഇല്ല.


എന്നാൽ പതുക്കെ നടക്കുന്ന ഒരാൾക്ക്‌ അതങ്ങനെയല്ല. വീട്ടു മുറ്റത്തേയ്ക്കിറങ്ങുമ്പോൾ തന്നെ വൈവിധ്യങ്ങളുടെ പ്രപഞ്ചം ആരംഭിക്കുകയായി. ഓരോ ഇഞ്ച് ഭൂമിയിലും അനേകതരം ജീവജാലങ്ങൾ, പച്ചയുടെ സങ്കീർണ്ണലോകം, സംസ്കാരങ്ങളുടെ സജീവത... അങ്ങിനെ കണ്ടും അനുഭവിച്ചും നടക്കുമ്പോൾ ഒരടി മുന്നോട്ട് നീങ്ങാൻ തന്നെ എത്രയോ നേരമെടുക്കും. ഭൂമി എത്ര വലുതാണ്‌ എന്ന് അറിവാകും. ഭൂമിയുടെ ഒരു അറ്റം കണ്ടു തീർക്കാൻ തന്നെ ആയുസ്സ് മതിയാവില്ലല്ലോ എന്ന് മനസ്സിലാവും.

അന്യംനിന്നുപോയ അങ്ങാടിക്കുരുവിയെക്കുറിച്ചും കമ്മ്യൂണിസ്റ്റ്പച്ചയെക്കുറിച്ചും ചിത്രശലഭങ്ങളെക്കുറിച്ചും ഒക്കെ കേൾക്കാറുണ്ട്. ശരിയായിരിക്കാം, പക്ഷേ, മുറ്റത്തെങ്ങാനും നമ്മളിവയെ തിരക്കാറുണ്ടോ? വീട്ടിൽ നിന്നിറങ്ങി, എങ്ങോട്ടെയ്ക്കോ ഓടിപോകുന്നു നമ്മൾ. അത്രയും വേഗത്തിൽ തിരിച്ചുവന്ന് വീട്ടിനകത്തേയ്ക്ക് കയറുന്നു.

പതുക്കെ നടന്നാൽ വളരെ സാധാരണമായ ഒരു ജീവിയെയോ ഒരു പൂവിനെയോ എവിടെയെങ്കിലും കാണാതിരിക്കില്ല - നാട്ടിലെ വീട്ടുമുറ്റത്ത് കണ്ട ഈ ചെമ്പൻകടുവയെപ്പോലെ... ചെമ്പൻകടുവ എന്നത് ഒരു കടുവയുടെ പേരല്ല, പൂമ്പാറ്റയുടെയാണ്. എന്തൊരു പേര്!

00