Saturday, 19 May 2012

നീ നിന്റെ പൂക്കിലക്കിളിയെ എന്തുചെയ്തു...?

നമ്മുടെ നാട്ടുകവലകളിലും പട്ടണങ്ങളിലും മറ്റും കണ്ടിരുന്ന അങ്ങാടിക്കുരുവികൾ എന്ന് പേരുള്ള ചെറിയ കിളികളെ ഇപ്പോൾ കാണാനില്ല എന്ന് ഈയടുത്ത് എവിടെയോ വായിച്ചപ്പോൾ പെട്ടെന്ന് ഓർമ്മവന്നത് ഞങ്ങളുടെ നാട്ടിലെ പൂക്കിലക്കിളികളെയാണ്. പൂക്കിലക്കിളി എന്ന പേര് ഓറിന്തോളജി പുസ്തകങ്ങളിൽ എവിടെയും കാണുകയില്ല. വളരെ പ്രാദേശികമായ ഒരു വിളിപ്പേരാവണം അത്. പക്ഷിശാസ്ത്ര സംബന്ധിയായ പുസ്തകങ്ങളിൽ ഈ കിളിയുടെ പേരും വിവരങ്ങളും ഞാൻ പലപ്പോഴും അന്വേഷിക്കാറുണ്ട്. പക്ഷെ കൃത്യമായി കണ്ടെത്താനായിട്ടില്ല എന്നതാണ് വാസ്തവം. അങ്ങാടിക്കുരുവിയുടെ ബന്ധുവായിരിക്കണം. ആറ്റക്കുരുവി, തൂക്കണാംകുരുവി എന്നൊക്കെ വിളിപ്പേരുള്ള കിളി തന്നെയാവാനും മതി. ഞാൻ പൂക്കിലക്കിളികളെ കണ്ടിട്ട് ഒരുപാടാകുന്നു. കുട്ടിക്കാലത്തെ ഓർമ്മയിൽ ആണവ ഉള്ളത്. ദശാബ്ദങ്ങൾ ഉഴുതുമറിച്ച ഓർമ്മ കൃത്യമാവണമെന്നില്ലല്ലോ. അതിനാൽ കൂടിയാവണം സൂക്ഷ്മമായ നിർണ്ണയം സാധ്യമാവാത്തത്. ആറ്റക്കുരുവിയെ കുറിച്ച് ഇന്ദുചൂഢന്റെ 'കേരളത്തിലെ പക്ഷികൾ' എന്ന പുസ്തകം ഇങ്ങനെ പറയുന്നു: "പ്രജനനകാലത്ത് പൂവന്റെ നെറ്റി, കഴുത്ത്, മാറിടം എന്നിവ തിളങ്ങുന്ന കടുംമഞ്ഞ. താടി, തൊണ്ട, കവിളുകൾ എന്നിവ കടുത്ത തവിട്ടു നിറം. ആകൃതി അങ്ങാടിക്കുരുവിയുടേത്. പിടപ്പക്ഷി ആകപ്പാടെ തവിട്ടുനിറം. മങ്ങിയ വെള്ള 'പുരികം' സൂക്ഷിച്ചു നോക്കിയാൽ കാണാം. പ്രജനനകാലം കഴിഞ്ഞാൽ പൂവൻ പിടയെപ്പോലിരിക്കും." പൂക്കിലക്കിളിയെ ഓർക്കുമ്പോൾ മനസ്സിൽ തെളിയുന്നത് മഞ്ഞയും തവിട്ടും കലർന്ന നിറം തന്നെയാണ്. 

പറങ്കിമരത്തിലാണ് പൂക്കിലകിളികളെ ആദ്യമായി കാണുന്നത്. കാഴ്ച തെളിയുന്ന കാലത്തുതന്നെ എനിക്ക് മുന്നിൽ പറങ്കിമരവും, അതിന്റെ കൊമ്പിൽ പൂക്കിലക്കിളിയും ഉണ്ടായിരുന്നു. പൂക്കിലക്കിളിയും പറങ്കിമരവും ഒന്നിച്ചാണ് ബോധത്തിൽ നിൽക്കുക. വീടിനു ചുറ്റും ഏക്കറുകളോളം പറങ്കിമരങ്ങൾ ഉണ്ടായിരുന്നു. പലരുടെയും പുരയിടങ്ങൾ ആയിരുന്നുവെങ്കിലും അവയ്ക്ക് വേലിയോ മതിലോ ഉണ്ടായിരുന്നില്ല. അതിരുകൾ സാങ്കല്പികരേഖകളായിരുന്നു. 

ഇപ്പോൾ നാട്ടിൽ കശുമാവുകൾ തീരെ കുറഞ്ഞിരിക്കുന്നു. ഒക്കെ തെങ്ങിൻതോപ്പുകളാണ്. തെങ്ങുവയ്ക്കാൻ വേണ്ടിയാണ് പറങ്കിമരങ്ങൾ മുറിച്ചുമാറ്റിയത്. പറങ്കിയുടെ വേരുകൾ വിരുതരും ഊർജ്ജസ്വലരും. വെള്ളംതേടി അവ പോകുന്നത് നീണ്ട ദൂരങ്ങൾ. കിണറ്റിൻ കരയിൽ തുണിയലക്കുന്നിടത്ത് പ്രത്യക്ഷപ്പെടുന്ന നാരുപോലുള്ള വേരിനെ മണ്ണുമാന്തി പിന്തുടർന്നാൽ സങ്കീർണ്ണമായ അതിജീവനത്വരയുടെ വിചിത്രമായ ലോകം ഭൂമിയുടെ അടിയിൽ തുറന്നുവരും. അഴിമുഖത്തു നിന്നും പ്രഭവത്തിലേയ്ക്ക് ഒരു നദിയുടെ തീരത്തുകൂടി നടക്കുന്നതുപോലെയാണത്. എവിടേയ്ക്കും ഇഴഞ്ഞുചെന്ന് ജലം ഊറ്റിയെടുക്കുന്ന പറങ്കിമാവുകൾ തെങ്ങുകൾക്ക് ഭീഷണിയായപ്പോഴാണ് ആളുകൾ അവയെ മുറിച്ചുമാറ്റാൻ തുടങ്ങിയത്.

കുട്ടികൾക്ക് പറങ്കിമരങ്ങൾ കളിപ്പാട്ടങ്ങൾ കൂടിയാണ്. അവയുടെ ചാഞ്ഞ കൊമ്പുകളിൽ കയറിയിരുന്ന്, ബസ്സ് ഓടിച്ച് അവർ യാത്രപോകും. ഡ്രൈവറും കണ്ടക്ടരും യാത്രക്കാരുമുണ്ടാവും. എല്ലാവരും കൂടി എത്ര ആഞ്ഞുകുലുങ്ങിയാലും ശിഖരമൊടിയില്ല, മണലിൽ വന്നു തൊട്ടാൽ പോലും. കുട്ടികൾ ഓടികളിക്കുന്ന മരച്ചുവടുകളിൽ കരിയിലകളുണ്ടാവില്ല. അവരുടെ ഓട്ടത്തിലും ചാട്ടത്തിലും കരിയിലകൾ എവിടെയ്ക്കൊക്കെയോ പറന്നുപോയിട്ടുണ്ടാവും. പറങ്കിച്ചുവട്ടിലെ മണൽമദ്ധ്യാഹ്നങ്ങളുടെ നിഴലിലെന്നെങ്കിലും ഒറ്റയ്ക്കായപ്പോഴാവണം, അവിടെ അലസമിരുന്നപ്പോഴാവണം ആദ്യമായി പ്രകൃതി ഒരനുഭവമാകുന്നത്. ആദ്യത്തെ പ്രതിഭാസ്ഫുരണവും പ്രകൃതിയാണ്.

കുട്ടികൾ കളിക്കുന്ന മരത്തിൽ നീറുകൾ വരില്ല. പരന്ന ഹരിതപത്രങ്ങൾ ചേർത്തു തുന്നി കൂടുകൾ ഉണ്ടാക്കാനോ സ്വൈര്യവിഹാരം നടത്താനോ, കുട്ടികൾ ചവിട്ടിമെതിക്കുന്ന മരക്കൊമ്പുകളിൽ നീറുകൾക്ക് സാധിക്കില്ല. ഒരു പക്ഷെ നീറുകളില്ലാത്തതു കൊണ്ടാവുമോ എന്നറിയില്ല, കുട്ടികളെ കാര്യമാക്കാതെ പൂക്കിലകിളികൾ ഇതേ മരത്തിൽ കൂടുവയ്ക്കും, മുട്ടയിടും, കുഞ്ഞുവിരിയിക്കും, കിളിക്കുഞ്ഞുങ്ങൾക്ക് ആഹാരവുമായി പറന്നുവരും. നാരുകൾ കോർത്ത്‌ പൂക്കിലകിളികൾ ഉണ്ടാക്കുന്ന കൂടുകൾ ഒരു വാസ്തുവിസ്മയമാണ്. അത്രയും ഭംഗിയും ഊഷ്മളതയും അനുഭവിപ്പിക്കാൻ മനുഷ്യരുണ്ടാക്കുന്ന വീടുകൾക്ക് ആവില്ല. ഒരു കിളിക്കുഞ്ഞായി അതിന്റെ സുരക്ഷിതമായ ചൂടിൽ കയറിയിരിക്കാൻ കൊതിതോന്നിപ്പിക്കുന്ന രൂപഭംഗി. 'കേരളത്തിലെ പക്ഷികൾ', ആറ്റക്കുരുവിയുടെ കൂടുനിർമ്മാണത്തെ കുറിച്ച് ഇങ്ങനെ പറയുന്നു: "... ചില പുല്ലുകളും തെങ്ങോലയിൽ നിന്നും ചീന്തിയെടുക്കുന്ന നാരുകളും [അവ] ഉപയോഗിക്കും. ഈ നാരുകളെ എത്ര സാമർത്ഥ്യത്തോടെയും ഭംഗിയിലുമാണ് മെടഞ്ഞ് കൂടാക്കിത്തീർക്കുന്നതെന്നറിയാൻ ഒരു പഴയ കൂട് പരിശോധിക്കുകയായിരിക്കും ഏറ്റവും നല്ലത്. താഴെ വീണുകിടക്കുന്ന ഒരു കൂട് സമ്പാദിച്ച്, അതിന്റെ ആകൃതി, വൃത്തി, ഭംഗി, ബലം എന്നിവ മനസ്സിലാക്കാം." ഭംഗിയും ബലവും ഒക്കെ ഉണ്ടെങ്കിലും, ചിലപ്പോൾ, കുട്ടികളുടെ ബഹളത്തിൽ കിളിക്കൂട് താഴെവീഴും. മുട്ടകൾ പൊട്ടിപോകും. തള്ളക്കിളി കരഞ്ഞുകൊണ്ട് കുറച്ചുനേരം അതിനു ചുറ്റും പറന്നുനടക്കും. പിന്നെ മരച്ചില്ലകളിലോ ആകാശത്തിലോ അപ്രത്യക്ഷമാവും.  അതിന്റെ ചാര കണ്‍പീലികൾക്കുള്ളിലെ വലിയ ശ്യാമസ്ഫടികക്കണ്ണുകൾ, കുട്ടികളുടെ സ്വപ്നങ്ങളിൽ വന്ന്, ആ രാത്രി, പേടിപ്പിക്കും.

വീടിന്റെ അടുത്തുള്ള മരങ്ങളെപ്പോലെയല്ല പരിസരവൃത്തത്തിന് പുറത്തുള്ളവ. അവയുടെ കൊമ്പുകൾ മുകളിൽ നിന്നും താഴേയ്ക്ക് വളർന്ന് ഒരു വലിയ പച്ചക്കൂടാരം പോലെ ഉൾഭാഗത്തെ ഇരുണ്ടതാക്കുന്നു. ചേർന്നുനിൽക്കുന്ന പത്തു പറങ്കിമരങ്ങൾ നിഗൂഡതയുടെ വനഗർഭമാണ്. അങ്ങനെ നീണ്ട് പോകുന്ന പറങ്കിക്കാട്. നടക്കുമ്പോൾ കരിയിലകളുടെ മർമ്മരം പ്രേതസഞ്ചാരങ്ങളെ ഓർമ്മിപ്പിയ്ക്കും. പൂക്കിലകിളികളോ അണ്ണാരക്കണ്ണന്മാരോ അവിടെ ആർത്തു ചിലയ്ക്കില്ല. ചിലയ്ക്കുമ്പോൾ ആ ശബ്ദം ക്രമാതീതമായി പ്രതിധ്വനിക്കും. പെട്ടെന്ന് പൊന്തയിൽ നിന്നും കരിയിലകൾ പറപ്പിച്ച് ഒരു കുറുക്കനോ പെരുച്ചാഴിയോ പായും. ഒരുനിമിഷം ശ്വാസം നിലച്ചുപോകും. ഒരിക്കൽ പള്ളിപ്പെരുന്നാൾ കഴിഞ്ഞ്, രാത്രിവൈകിയ നേരത്ത് രണ്ടു കുട്ടികൾ അതുവഴി വരുമ്പോൾ മരക്കൂട്ടത്തിനുള്ളിൽ ചിലങ്കകിലുക്കി മിന്നായം പോലെ നടന്നുമറഞ്ഞ ഒരു യക്ഷിയെ കണ്ടിരുന്നു. പിറ്റേന്ന് സ്കൂളിൽ വച്ച് ആ സംഭവം വിവരിക്കുമ്പോഴും പേടികൊണ്ടു അവർ കിതയ്ക്കുന്നുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം അതിലൊരുവനെ ബഹറൈൻ വിമാനത്താവളത്തിന്റെ ട്രാൻസിറ്റ് ലോഞ്ചിൽ വച്ച് കണ്ടിരുന്നു. അവൻ ആ സംഭവം മറന്നേപോയിരിക്കുന്നു.

പറങ്കിമരം ഒരു തദ്ദേശീയ വൃക്ഷമല്ല, പോർട്ടുഗീസുകാർ അവരുടെ തെക്കനമേരിക്കൻ കോളനികളിൽ നിന്നും കൊണ്ടുവന്നതാണ്. തെക്കനമേരിക്കയുടെ വടക്കൻ പ്രദേശങ്ങൾ അനുഭവിക്കുന്ന ഏതാണ്ടതേ ട്രോപ്പിക്കൽ കാലാവസ്ഥയുള്ള നമ്മുടെ നാട്ടിൽ അതങ്ങ് പച്ചപിടിക്കുകയും ചെയ്തു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കശുവണ്ടി ഉത്പാദന രാജ്യങ്ങളിലൊന്നായി ഇൻഡ്യ മാറുകയും ചെയ്തു. പറങ്കികൾ കൊണ്ടുവന്നതുകൊണ്ട് നമ്മളിതിനെ പറങ്കിമരം എന്ന് വിളിക്കുന്നു. എന്നാൽ കശുമാവ് എന്നത് കുറച്ചുകൂടി ചേരും, പോർച്ചുഗീസ് ഭാഷയിലെ മൂലനാമമായ 'കാജു'വിനോട് സാമ്യമുള്ളതുകൊണ്ട്. കാജു എന്നതിൽ നിന്നാണ് 'കാഷ്യു' എന്ന ആംഗലേയ നാമവും ഉണ്ടായിവന്നത്.

പറങ്കിമരത്തിന്റെ തണ്ടിൽ ചുമപ്പും പച്ചയും കലർന്ന ഇലകളുള്ള ഇത്തിൾ വളരും. അതിന്റെ നീണ്ട പൂക്കളിൽ നിന്നുള്ള തേൻ പൂക്കിലകിളികൾക്ക് പഥ്യമാണ്. അന്തരീക്ഷത്തിൽ ചിറകുകൾ വിടർത്തി നിന്നാണ് കിളികൾ പൂക്കളെ ഉമ്മവയ്ക്കുക. മനുഷ്യന്റെ കാഴ്ചശക്തിയെ തോല്പിച്ച് അതിവേഗം ചലിക്കുന്നതുകൊണ്ടാണ് ചിറകുകൾ വിടർന്നിരിക്കുന്നതായി തോന്നുക. പാരസ്പര്യത്തിന്റെ ജൈവലോകമാണ് ഓരോ മരവും. പറങ്കിക്ക് മിനുസമായ പുറമാണ്. ഒന്ന് വരഞ്ഞാൽ അതിലൂടെ കട്ടിയുള്ള ജലം പുറത്തേയ്ക്കു വരും. അങ്ങനെ മരത്തെ വേദനിപ്പിക്കരുതെന്നു ചില കുട്ടികൾ പറയും. അവ കരയുകയാണത്രേ. അൽപനേരം കഴിഞ്ഞാൽ ആ ദ്രാവകം കട്ടിയാവും, വായിലിട്ടു ചവച്ചാൽ ച്യൂംഗം പോലെ. അക്കാലത്ത് നാട്ടിൻ പുറത്തെ കടകളിൽ ച്യുംഗം കിട്ടിതുടങ്ങിയിരുന്നില്ല. പഴുത്ത ഇത്തിൾ കായ്കളും കുട്ടികൾ തൊലികളഞ്ഞ് വായിലിട്ട് നുണയും. കുരുവിന് ചുറ്റുമുള്ള പശദ്രാവകം മധുരതരമാണ്. നാലഞ്ചു കുരു നുണഞ്ഞു കഴിയുമ്പോഴേയ്ക്കും നാക്ക് മുഴുവൻ പശകൊണ്ട് ഒട്ടും. ഏതു പഴത്തിന്റെ രുചിയും ഓർമ്മപ്പെടുത്തികൊണ്ട് കടകളിലിന്ന് കുപ്പിയിൽ നിറച്ച പാനീയങ്ങൾ കിട്ടും. പക്ഷെ ഇത്തിൾക്കായുടെ രുചി...?

വേനലവധി തുടങ്ങുന്നതിനു മുൻപുതന്നെ പറങ്കിമരങ്ങൾ പൂത്തുതുടങ്ങും. ഒറ്റപ്പെട്ട പൂക്കളല്ല. പൂക്കുലകളാണ്. ഇളം റോസ് നിറത്തിൽ. അതിനിടയ്ക്ക് നല്ലൊരു വേനൽമഴ പെയ്താൽ പൂക്കളെല്ലാം കൊഴിഞ്ഞുപോകും. അക്കൊല്ലത്തെ ഫലവും കുറയും. പൂക്കളിൽ നിന്നും ആദ്യം പച്ചണ്ടികൾ ഉണ്ടായി വരും, പച്ച നിറത്തിൽ തന്നെയുള്ള കുഞ്ഞു പറങ്കിമാങ്ങയുടെ തുമ്പത്ത്. പഴുത്ത പറങ്കിപ്പഴങ്ങൾ നിറത്തിന്റെയും രൂപത്തിന്റെയും വൈവിധ്യമാണ്. ഇളം മഞ്ഞയിൽ തുടങ്ങി കടും ചുമപ്പു വരെ. ചെറിയ ആപ്പിൾ പോലെ തോന്നിക്കുന്നവയും നീളത്തിൽ വാളൻപുളി പോലുള്ളവയും ഒക്കെയുണ്ടാവും. ഏതു മരത്തിൽ ഏതു തരം പഴമാണെന്നും അതിന്റെ രുചിയെന്താണെന്നും കുട്ടികൾക്കറിയാം. പറങ്കിമാങ്ങയുടെ ചാറ് ഉടുപ്പുകളിൽ വീണാൽ ആ കറ ഒരിക്കലും പോകില്ല. ചാറ് ഇറ്റിക്കാതെ കഴിക്കാനും പറ്റില്ല. അതിന്റെ പേരിൽ കുട്ടികൾക്ക് അമ്മമാരുടെ കയ്യിൽ നിന്നും നല്ല അടികിട്ടും. അടി കിട്ടാതിരിക്കാൻ കുട്ടികളെല്ലാം മുന്നോട്ടാഞ്ഞു നിന്നാണ് പറങ്കിമാങ്ങ കഴിക്കുക. വിളയാത്ത പറങ്ങാണ്ടി (പച്ചണ്ടി) കത്തികൊണ്ട് രണ്ടായി മുറിച്ച് പാകമാവാത്ത അണ്ടിപ്പരിപ്പ് കഴിക്കാം. പച്ചണ്ടിയുടെ ചാറ് തൊലി പൊള്ളിക്കും, സൂക്ഷിച്ചില്ലെങ്കിൽ. പച്ചണ്ടി പറിക്കാൻ അമ്മമാർ സമ്മതിക്കില്ല. കച്ചവടക്കാർ നല്ല പാകമായ കശുവണ്ടി മാത്രമേ വാങ്ങാറുള്ളൂ. പാകമായി കഴിഞ്ഞാലും പിന്നെ കുറേ ദിവസം വെയിലിൽ ഉണക്കണം, നല്ല വിലകിട്ടാൻ. കശുവണ്ടി ചുട്ട്, കല്ലിൽ വച്ച്  തല്ലിപ്പൊളിച്ചെടുക്കുന്ന പരിപ്പിന് പ്രത്യേക രുചിയാണ്. ചുടുന്ന നേരത്ത് പുറന്തോടിന്റെ നെയ്യ് ചെറിയ മുക്കുപടക്കങ്ങൾ പോലെ പൊട്ടിതെറിച്ചുകൊണ്ടിരിക്കും. ഇപ്പോൾ കടകളിൽ സുലഭം വാങ്ങാൻ കിട്ടുന്ന പ്രോസെസ്സ് ചെയ്ത അണ്ടിപ്പരിപ്പിന്റെ രുചിയുമായി അതിന് അശേഷം സാമ്യമില്ലെന്നത് ആശ്ചര്യം തന്നെ.

പറങ്ങാണ്ടിക്കാലത്ത് തോട്ടയുമായി അമ്മമാരും കുട്ടികളും ആഴ്ചയിലൊരിക്കലെങ്കിലും അണ്ടിപറിക്കാൻ ഇറങ്ങും. വേനലവധിയായതുകൊണ്ട്‌ ചുറ്റുവട്ടത്തുള്ള കുട്ടികൾ ഒക്കെയും കാണും, ഒരുത്സവം പോലെ. വീട്ടിൽ വളർത്തുന്ന പട്ടിയും കോഴിയും കൂടെവരും. പട്ടിയുള്ളതു കൊണ്ടാവും പൂച്ചക്കൾ ഒരിക്കലും ഒപ്പം കൂടാറില്ല. മാത്രവുമല്ല വളർത്തു ജീവികളിൽ കുറച്ചു സങ്കീർണ്ണമായ സ്വഭാവമാണ് പൂച്ചയ്ക്ക്. മരത്തിനു മുകളിലൂടെ ചിലച്ചുകൊണ്ട് അണ്ണാരകണ്ണന്മാരും പൂക്കിലകിളികളും പിന്തുടരും. അണ്ടി വിറ്റുകിട്ടുന്ന തുകയിൽ നിന്ന് കുറച്ചുകാശ് അമ്മമാർ കുട്ടികൾക്ക് കൊടുക്കാറുണ്ട്. അതുംകൊണ്ട് കുട്ടികൾ കണിയാപുരത്തെ മൊത്തവ്യാപാരകടയിൽ  പോയി മിഠായികൾ വാങ്ങിവന്ന് പെണ്‍കുട്ടികൾക്ക് കച്ചവടം നടത്തും. 

പറങ്ങാണ്ടിക്കാലം കഴിയുന്നതോടെ വർഷകാലമെത്തും. ഇടവപ്പാതിയും സ്കൂൾ തുറക്കലും ഒന്നിച്ചാണല്ലോ. അപ്പോൾ ഒരു അദ്ധ്യായം അടയുകയും മറ്റൊരു അദ്ധ്യായം തുറക്കുകയുമാണ്. പിറന്നാളിനല്ല, അടുത്ത ക്ളാസിന്റെ പുസ്തകങ്ങൾ കിട്ടുമ്പോഴാണ് നമ്മൾ ഒന്നുകൂടി വളർന്നിരിക്കുന്നു എന്നത് മൂർത്തമാവുന്നത്.

കാര്യമായ ഫലവൃക്ഷങ്ങളൊന്നുമില്ലാതെ തരിശായി കിടക്കുന്ന ഒരു ചെറിയ തുണ്ട് ഭൂമി സ്വന്തമായുണ്ട്. ആ പറമ്പിന്റെ ഒരു ഭാഗത്ത്, കിണറിനടുത്തായി എട്ടുപത്ത് പറങ്കിമരങ്ങൾ തഴച്ചുവളർന്ന് നിൽപ്പുണ്ട്. ഏറെക്കൂറെ പറങ്കിമരങ്ങൾ അന്യമായി തുടങ്ങുന്ന ഒരു ഭൂപ്രദേശമാണ്. അവധിക്കു ചെല്ലുമ്പോൾ ചിലരൊക്കെ ചോദിക്കാറുണ്ട്; അവിടെ തെങ്ങോ മറ്റെന്തെങ്കിലും ഫലവൃക്ഷങ്ങളോ വച്ചുപിടിപ്പിച്ചുകൂടേ എന്ന്. പറങ്കിമരങ്ങൾ മുറിച്ചുമാറ്റുക എന്നാവുമത്. അവിടെ വളർന്നുനിൽക്കുന്ന ഒന്നുരണ്ട് മരത്തിന് എന്നെക്കാൾ പ്രായമുണ്ട്. ഇപ്പോൾ അപരിചിത ഭാവം തോന്നുമെങ്കിലും എനിക്കവയെ നന്നായറിയാം. കുട്ടിക്കാലത്ത് അതിന്റെ തണലിലെ മദ്ധ്യാഹ്നങ്ങൾ ഇലമണം കൊണ്ടെന്നെ ഉറക്കിയിട്ടുണ്ട്. അന്നവയും ചെറുതായിരുന്നു. മറ്റ് മരങ്ങളൊക്കെ പിന്നീടുണ്ടായവയാണ്. കശുവണ്ടികൾ അവിടെ തന്നെ വീണു മുളച്ചതാവണം. ആ മരങ്ങൾ അവിടെ നിൽക്കട്ടെ. മുജ്ജന്മവാസനയാൽ ഒരു പൂക്കിലകിളി എവിടെ നിന്നെങ്കിലും പറന്നുവന്നാൽ അതിനിരിക്കാനും കൂടുകൂട്ടാനും ഒരു പറങ്കിമരം വേണമല്ലോ. 

കാരണം, കുറച്ചു നാളുകൾക്കു മുൻപ് ഷ്വയ്‌ബയിലെ കടൽപ്പാലത്തിൽ, തുറമുഖത്തു നിന്നും യാത്രപോകുന്ന കപ്പലുകൾ നോക്കിനിൽക്കേ ഒരു കടൽക്കാക്ക അടുത്തുവന്ന് അമർഷത്തോടെ ചോദിച്ചിരുന്നു: നീ നിന്റെ പൂക്കിലകിളിയെ എന്തുചെയ്തു? 

൦൦

1 comment:

  1. അങ്ങാടിക്കുരുവികളേറുച്ചെഴുതിയ പോസ്റ്റ് ഞാനും വായിച്ചിരുന്നു.
    എന്താണീ പൂക്കിലകിളികൾ ? ചിലപ്പോൾ കണ്ടിട്ടുണ്ടാവും. പേരറിയില്ലാത്തതാവണം. എന്തായാലും എഴുത്ത് ഹ്യദ്യം,

    കശുവണ്ടി സീസൺ കഴിയുമ്പോ കിട്ടണ കൊറച്ച് കശുവണ്ടി പരിപ്പ് ചുട്ടുതിന്നുകയോ, ചക്കകുരുവിന്റെ കൂടെ കറി വെച്ചോ അമ്മ തന്നിരുന്ന ഒരു കാലമുണ്ടായിരുന്നു... ഹോ...അതാണു ടേസ്റ്റ്

    ReplyDelete