വൈകിയാണ് കടൽത്തീരത്തുള്ള ആ കള്ളുഷാപ്പിൽ ഞങ്ങളെത്തിയത്. തണുപ്പിച്ച കള്ളും പുഴുങ്ങിയ കപ്പയും നല്ല എരിവുള്ള മീൻകറിയും എല്ലാ കള്ളുഷാപ്പിലുമെന്നതുപോലെ അവിടെയും കിട്ടിയിരുന്നു. ഒരുപാട് സമയം അവിടെയിരുന്നു കള്ളുകുടിച്ചു. കുറച്ചുമാറി, കരിങ്കല്ല് നിരത്തിവിരിച്ച കടൽഭിത്തിയിൽ തിരമാലകൾ വന്നടിച്ച് ചിതറുന്ന ശബ്ദത്തിലൂടെ, മൂവന്തി അതിവേഗം രാത്രിയിലേയ്ക്ക് ചേക്കേറി. കള്ളുഷാപ്പിന്റെ ചെറിയ ജാലകപ്പഴുതിലൂടെ ആഴക്കടലിന്റെ വിദൂരകാളിമയിൽ ചില വെട്ടങ്ങൾ മിന്നിമറയുന്നതുകാണാം. മീൻപിടുത്തക്കാരുടെ ബോട്ടിലേതാവാം, ഒരു കപ്പൽ കടന്നുപോകുന്നതാവാം...
പിന്നീട് ആ പാറകളുടെ മുകളിൽ കയറി ഞങ്ങൾ മലർന്നുകിടന്നു. ആകാശത്ത് നക്ഷത്രങ്ങളുണ്ട്, മേഘങ്ങളുമുണ്ട്. ഒരു ചീന്ത് ചന്ദ്രൻ മേഘക്കീറുകളുടെ അരികുകളിൽ വെള്ളിത്തൊങ്ങൽ പിടിപ്പിക്കുന്നുണ്ട്...
അപ്പോൾ നേർത്ത ശബ്ദത്തിൽ എവിടെ നിന്നോ ഒരു താരാട്ട് പാട്ടിന്റെ അലകൾ തിരയുടെ സംഗീതത്തിനോട് ലയിച്ച് കേൾക്കുന്നതു പോലെ... തിരയുടെ ശബ്ദം ഉയരുമ്പോൾ പാട്ട് മുറിഞ്ഞുപോകും...
ചെവിവട്ടംപിടിച്ച്, ഒരു സ്വപ്നാടനത്തിലെന്നോണം ഞാൻ പാറപ്പുറത്തുകൂടി ആ പാട്ടിന്റെ വഴിയേ നടന്നു... ഇരുഭാഗത്തും ഉയരത്തിൽ വളർന്നു നിൽക്കുന്ന തെങ്ങുകൾക്കിടയിലൂടെ നീളുന്ന ഒരു മണലിടവഴിയിലേക്ക് ഞാൻ ഇറങ്ങി. ഇപ്പോൾ ആ പാട്ട് കുറച്ചുകൂടി വ്യക്തമായി കേൾക്കാം. അല്പദൂരം നടന്നപ്പോൾ ഏതാനും കുടിലുകളിലെ ജാലകവെട്ടങ്ങൾ കാണായി. അതിലൊരു ഭവനത്തിന്റെ മുറ്റത്ത് അരണ്ടവെട്ടത്തിൽ ഒരു സ്ത്രീ പുറത്തേയ്ക്കു നോക്കിയിരിക്കുന്നു. അവരാണ് ആ താരാട്ടുപാട്ട് പാടുന്നതെന്നു തോന്നി. എന്നാൽ അവരുടെ അടുത്ത് തൊട്ടിലോ തൊട്ടിലിൽ പാട്ടുകേട്ടുറങ്ങുന്ന കുട്ടിയോ ഒന്നുമുണ്ടായിരുന്നില്ല . അവർ തന്നെയാണോ പാടുന്നത്..,? അരണ്ടവെട്ടത്തിൽ അവരുടെ മുഖം അവ്യക്തമായിരുന്നു...
അപ്പോൾ ഒരു പട്ടികുരച്ചു. താരാട്ടുപാട്ട് നിന്നു, വേറേതോ സ്ത്രീയുടെ പരുഷശബ്ദം മറ്റൊരു ഭാഗത്തു നിന്നും കേട്ടു; ആരാ അവിടെ...?
ഞാൻ വേഗം തിരിച്ചുനടന്നു. പൂർവ്വസ്ഥാനത്ത് വന്ന് വീണ്ടും ആകാശം നോക്കി മലർന്നുകടന്നു. അല്പം കഴിഞ്ഞപ്പോൾ ആ താരാട്ടു പാട്ടിന്റെ വീചികൾ വീണ്ടും എത്തുകയായി. അന്നേരം എനിക്ക് ആകാശം ചലിക്കുന്നതായി തോന്നി. നക്ഷത്രങ്ങൾ ഒരിടത്ത് നിന്ന് മറ്റൊരു ഭാഗത്തേയ്ക്കും തിരിച്ചും ഊഞ്ഞാലാടുന്നു. ഞാൻ അപ്പോൾ ഒരു തൊട്ടിലിലായിരുന്നു...
പിറ്റേന്ന് അവിടുത്തുകാരനായ കൂട്ടുകാരനോട് ഇത് പറഞ്ഞപ്പോൾ അവനൊന്ന് ഞെട്ടി; അയ്യോ, അതാ വാറ്റുകാരൻ പുണ്യാളൻ അന്തോണിയുടെ കോളനിയാ... ഭാഗ്യം നീ കയ്യും കാലുമൊക്കെയായിട്ട് ഇവിടിരിക്കുന്നത്...
൦൦