ഇന്ന് അറുപതു വയസുള്ള അഭ്യസ്തവിദ്യനായ ഒരു മലയാളി കടന്നുപോയത് എത്ര ജീവിതങ്ങളിലൂടെ ആയിരിക്കണം. ഇത്രയും വൈവിധ്യങ്ങള്‍ പൂര്‍വചരിത്ര കാലഘട്ടങ്ങളേതും മലയാളിക്ക് നല്കിയിരിക്കാനുള്ള സാധ്യത കമ്മിയാണ്. ഇന്ന് ബ്ലാക്ക്ബെറി ഉപയോഗിക്കുന്ന അയാള്‍ക്ക് ബാല്യത്തില്‍ ഫോണ്‍ എന്നത് തന്നെ ഒരു വിദൂരമായ അറിവ് ആയിരുന്നിരിക്കാനാണ് സാധ്യത. 1947 - ല്‍ കേരളത്തില്‍ ആകെ ഉണ്ടായിരുന്നത് ഏതാണ്ട് 2500 ഫോണുകള്‍ മാത്രമാണ് (കേരള ഡെവലപ്പ്മെന്റ് റിപ്പോര്‍ട്ട് - ഇന്ത്യ സര്‍ക്കാര്‍ പ്ലാനിംഗ് കമ്മീഷന്‍). വ്യക്തിഗതമായവ അതില്‍ തുലോം തുച്ഛമായിരുന്നിരിക്കും എന്ന് ഊഹിക്കാവുന്നതേ ഉള്ളു. അമേരിക്കയിലുള്ള മകനുമായി സ്കയിപ്പില്‍ പരസ്പ്പരം കണ്ടുകൊണ്ടു ദിവസവും സംസാരിക്കുന്ന ഇന്നിനെ താന്‍ ദിവസവും എട്ടു പത്തു കിലോമീറ്റര്‍ നടന്നു സ്കൂളില്‍ പോയ കാലവുമായി അയാള്‍ പരസ്പ്പരം പൂരിപ്പിക്കുന്നത് എങ്ങിനെയായിരിക്കും. സാങ്കേതികതയുടെ ഈ വേഗത്തിനൊപ്പം അയാളുടെ മൂല്യ, ഭാവുകത്വങ്ങളും സഞ്ചരിച്ചിട്ടുണ്ടോ?
കോളനിവത്കരണവും തുടര്‍ന്നുവന്ന തദ്ദേശിയ സര്‍ക്കാര്‍ നിലപാടുകളും അവശേഷിപ്പിച്ച സാര്‍വത്രിക വിദ്യാഭ്യാസത്തിന്റെ, അത്രയൊന്നും പ്രായോഗികമല്ലാത്ത അറിവുസഞ്ചയം കേരളത്തിലെങ്കിലും സാമൂഹികമായി അസംതൃപ്തമായ ഒരു ജനതതിയുടെ സൃഷ്ടിയിലേക്ക് എത്തുന്നത് എഴുപതുകളോടെയാണ്. എഴുത്തും വായനയും കൊണ്ട് എന്തുചെയ്യണം എന്നറിയാതെ യുവാക്കള്‍ വായനശാലകളിലും കവലകളിലും അടിഞ്ഞുകൂടി. അപ്പോഴേക്കും ദേശിയവാദധാരകളും, കേരളത്തില്‍ പ്രത്യേകിച്ച് കൊമ്മ്യൂണിസ്റ്റ് ഉയര്‍ച്ചകളും സ്ഥാപനവല്ക്കരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അന്നത്തെ യുവാവിനു മുന്നില്‍ രണ്ടു വഴികളാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ നക്സലൈറ്റാവുക അല്ലെങ്കില്‍ ആയിടയ്ക്ക് എണ്ണ കണ്ടുപിടിച്ചതിനാല്‍ തൊഴില്‍ശക്തി ആവശ്യമായിത്തീര്‍ന്നിരുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്ക് കപ്പല്‍ കയറുക. ബഹുഭൂരിപക്ഷവും രണ്ടാമത്തെ വഴിയാണ് തിരഞ്ഞെടുത്തത്. ഒരു പക്ഷെ ഗള്‍ഫില്‍ എണ്ണ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ കുന്നിക്കല്‍ നാരായണന്‍ കേരളത്തിന്റെ രാഷ്ട്രപിതാവ് ആയിപ്പോയേനെ.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ഗള്‍ഫ് മേഖലയിലെ എണ്ണശേഖരത്തെ കുറിച്ച് പാശ്ചാത്യലോകത്തിന് അറിവുണ്ടായിരുന്നെങ്കിലും രണ്ട് ലോകമഹായുദ്ധങ്ങള്‍ ഏറ്റെടുത്തു നടത്താനുള്ള തിരക്കില്‍ അവര്‍ക്ക് അതിനെക്കുറിച്ച് ആലോചിക്കാന്‍ സമയം കിട്ടിയിരുന്നില്ല. പിന്നീട് എണ്ണപ്പാടം കാര്യമായി കുഴിക്കാന്‍ തുടങ്ങിയ കാലത്ത് കേരളസമൂഹം ഒരു സാമ്പത്തിക അഭയാര്‍ഥിത്വത്തിലേക്ക് കൂട്ടത്തോടെ പലായാനം ചെയ്യാന്‍ സുസജ്ജമായി കഴിഞ്ഞിരുന്നു. അതിനുള്ള പ്രധാന കാരണം മലയാളി അപ്പോഴേക്കും സാക്ഷരനായി കഴിഞ്ഞിരുന്നു എന്നതാണ്. ചിലവേതുമില്ലാതെ സാര്‍വത്രികമായി ലഭിച്ച വിദ്യാഭ്യാസവും കൊമ്മ്യൂണിസം പോലുള്ള ആശയങ്ങളും നല്‍കിയ അവബോധം ഒരു പത്താം ക്ലാസുകാരനെ ഏറ്റവും പ്രാഥമികമായ തലത്തിലെങ്കിലും പ്രബുദ്ധനാക്കി. ജീവിക്കാന്‍ മറ്റു പല അവസ്ഥകളും ഉണ്ടെന്ന ബോധമാണ് മലയാളികളെ കൂട്ടത്തോടെ എണ്ണപാടത്തിലേക്ക് കപ്പല്‍ കയറ്റിച്ചത്.
അങ്ങിനെ 'ബ്രൂട്ട്' എന്നെഴുതിയ പച്ചകുപ്പിയില്‍ മത്തുപിടുപ്പിക്കുന്ന അത്തറും, 'ത്രിപ്പിള്‍ ഫൈവ്' സിഗരറ്റും, 'റെയ് - ബാന്‍' കൂളിങ്ങ്ഗ്ലാസ്സും, വലിയ വര്‍ണ്ണചിത്രങ്ങള്‍ ആലേഖനംചെയ്ത പോളിസ്റ്റര്‍ ലുങ്കികളും നാട്ടിന്‍പുറങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ടേപ്പ്റിക്കോര്‍ഡര്‍ എന്ന അത്ഭുതപ്രതിഭാസത്തോടൊപ്പം 'അബ്ബാ'യും 'ബോണിയെമ്മും' വിചിത്രമായ ശബ്ദത്തില്‍ പാടാന്‍തുടങ്ങി. കാല്‍ക്കാശിന് കൊള്ളാതെ ചുറ്റിത്തിരിഞ്ഞു നടന്നിരുന്നവന്‍ ഒന്നുരണ്ട് വര്‍ഷം കഴിഞ്ഞു അവധിക്കുവന്നപ്പോള്‍ സമൂഹത്തില്‍ സുസമ്മതനായി തീര്‍ന്നു. കേരളത്തിന്റെ സാമൂഹിക അവസ്ഥയില്‍ കാര്യമായ വ്യതിയാനം സൃഷ്‌ടിച്ച ഒരു പരിണാമമായിരുന്നു അത്. തുല്യതയെന്ന ആശയം കൊണ്ടുവന്നത് കൊമ്മ്യൂണിസം ആണെങ്കിലും അത് ഏറെക്കൂറെ പ്രയോഗികമാക്കിയത് എണ്ണപ്പണമായിരുന്നു. ഭൂസ്വത്തുകള്‍ അന്യാധീനപ്പെടുകയും വിഭജിക്കപ്പെടുകയും ക്രമേണ ഭൂസ്വത്ത് തന്നെ സമ്പത്തിന്റെ മാനദണ്ഡം അല്ലാതായി മാറുകയും ചെയ്തു ('ദേവാസുരം' എന്ന സിനിമയില്‍ മംഗലശ്ശേരി നീലകണ്ഠന്‍, പഴയ ആശ്രിതന്റെ ഗള്‍ഫുകാരനായ മകന് സ്വത്ത് വില്‍ക്കുന്നനേരത്ത് അനുഭവിക്കുന്ന മന:സംഘര്‍ഷം ഈ ഗതിമാറ്റതിന്റെ വൈകാരികാനുഭവത്തെ ഉദാഹരിക്കും).
1984 - ല്‍ രാജീവ് ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയായ വര്‍ഷം തന്നെയാണ് ഇന്റെര്‍നെറ്റിന്റെ പ്രാഗ് രൂപം ലോകവ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇന്ത്യയെ സംബന്ധിച്ച് ഇവ തമ്മില്‍ നേരിട്ടല്ലെങ്കില്‍ കൂടിയും പരോക്ഷമായി വല്ലാതെ ബന്ധപ്പെട്ടിരിക്കുന്നതായി മനസ്സിലാക്കാം. രാജീവ് ഗാന്ധിയാണ് ഇന്ത്യയെ ലോകത്തിന് തുറന്നുകൊടുക്കുന്നതിന്റെ ആശയപരമായ തീരുമാനം ആദ്യമായി എടുക്കുന്നത്. അഞ്ചാറു വര്‍ഷത്തിനു ശേഷം, സോവിയറ്റ് റഷ്യയുടെ പതനത്തെ തുടര്‍ന്ന് ശീതസമരം അവസാനിച്ചതിന്റെ പുത്തനുണര്‍വില്‍ പാശ്ചാത്യലോകം വിവരസാങ്കേതികവിദ്യയുടെ സീമാതീതമായ സാധ്യതതകളിലേക്ക് കുതിക്കുന്ന നേരത്ത്, ഇന്ത്യ അഭ്യസ്തവിദ്യരായ ഒരു വലിയകൂട്ടം യുവജനതയുമായി അതിന്റെ വാതായനങ്ങള്‍ തുറന്നിട്ട് കാത്തുനില്‍പ്പുണ്ടായിരുന്നു. അതില്‍ മലയാളികള്‍ കുറവായിരുന്നില്ല. അങ്ങിനെയാണ് സിലിക്കന്‍ വാലി ഇന്ത്യയുടെ മറ്റൊരു സംസ്ഥാനം ആയി മാറിയത്.
തിയോക്രാറ്റിക്ക് രാഷ്ട്രങ്ങള്‍ ആയിരിക്കുമ്പോള്‍ തന്നെ സാമ്പത്തിക സാന്ദ്രതയുടെ നിറവില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ക്യാപിറ്റലിസ്റ്റിക് വ്യവസ്ഥിതിയെ സ്വാഭാവികമായി തന്നെ തങ്ങളുടെ ജീവിതവുമായി സമപ്പെടുത്തിയിരുന്നു. തൊണ്ണൂറുകളോടെ കമ്മ്യൂണിക്കേഷനും ഡിജിറ്റല്‍ സാങ്കേതികതയും അതിന്റെ എല്ലാ പ്രഭാവത്തോടെയും അവിടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മലയാളികളുടെ ഗള്‍ഫിലെ രണ്ടാം തലമുറ ഈ മാറ്റത്തിന്റെ ഉപയോക്താക്കളും പ്രയോക്താക്കളുമായി മാറി. ഇതേകാലത്ത് തന്നെയാണ് ലോകത്തിലെ വമ്പന്‍ വിവരസാങ്കേതികതാസ്ഥാപനങ്ങള്‍ ഇന്ത്യയിലേക്കും, കൂട്ടത്തില്‍ കേരളത്തിലേക്കും തൊഴില്‍ശക്തി തേടി വരുന്നത്. അതിനോടൊപ്പം വലിയ സര്‍ക്കാര്‍ മുതല്‍മുടക്കൊന്നും ഇല്ലാതെ കേരളത്തില്‍ സാധ്യമായ ഏക വ്യവസായമായി വിനോദസഞ്ചാര മേഖലയും വളര്‍ന്നു. അങ്ങിനെ ലോകം മുഴുവന്‍ വിദേശവാസികളായി കഴിയുന്ന മലയാളികളിലൂടെയും കേരളത്തിലേക്ക് എത്തപ്പെട്ട വിദേശ തൊഴില്‍സാധ്യതകളിലൂടെയും വിനോദസഞ്ചാരികളിലൂടെയും കേരളം അതിന്റെ ഭൌതീകതലത്തില്‍ പെട്ടെന്നാണ് ഒരു ഉത്തരാധുനിക സമൂഹമായി മാറിയത്. പൊട്ടിപൊളിഞ്ഞ ദേശീയപാതയിലൂടെ മേഴ്സിഡെസ് ഓടുന്ന വൈരുദ്ധ്യത്തിലും പക്ഷെ ഈ ഭൌതീകമാറ്റം രണ്ടുമൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ആലോചിക്കാന്‍ പോലും സാധ്യമായിരുന്നില്ല.
അമര്‍ത്ത്യാസെന്‍ ഈ അവസ്ഥയെ 'കേരളാ മോഡല്‍' എന്ന് വിശേഷിപ്പിച്ചതായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, സവിശേഷമായ ഒരു സാമൂഹിക, സാമ്പത്തിക അവസ്ഥ കേരളത്തില്‍ ഉരുത്തിരിഞ്ഞുവന്നു എന്നത് പ്രകടമാണ്. കേരളത്തില്‍ ഇന്ന് സാധ്യമായിരിക്കുന്നത് നിലനില്‍ക്കതക്ക സാമ്പത്തികഘടനയാണോ (sustainable economy) എന്ന് വിദഗ്ദ്ധര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അടിസ്ഥാന ഉല്‍പാദനമേഖലകളില്‍ കാര്യമായ ഉണര്‍വില്ലാതെ വിദേശമൂലധനത്തെയും സേവനമേഖലയേയും മാത്രം ആശ്രയിച്ചു നില്‍ക്കുന്ന ഒരു പ്രതിഭാസമായി മാത്രമേ ഇതിനെ കാണാന്‍ ആവുകയുള്ളൂ. വിനോദസഞ്ചാരത്തെയോ ഐ. റ്റി കമ്പനികളെയോ നിലനില്‍ക്കതക്ക ഉത്പാദനമേഖലയായി കണക്കാക്കാന്‍ ആവില്ല. ഒരു ചെറിയ സുനാമി വന്നാലോ ഒരു വിദേശസര്‍ക്കാരിന്റെ നയത്തില്‍ മാറ്റംവന്നാലോ അപ്പടി തകിടംമറിയാവുന്നതേയുള്ളു ഇത്തരം സാമ്പത്തികസ്രോതസുകള്‍. ഉദാഹരണങ്ങള്‍ ലോകത്ത് അനവധിയുണ്ട്. സ്മാര്‍ട്ട്സിറ്റിയും ടെക്നോപാര്‍ക്കും പോലുള്ള നൂതന വ്യവസായങ്ങളിലേക്കും, റിസോര്‍ട്ടുകളും ഹൌസ് ബോട്ടുകളും സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളും പോലുള്ള സേവനമേഖലയിലേക്കും ക്രമാതീതമായ രീതിയില്‍ മൂലധനം സാന്ദ്രീകരിക്കപ്പെടുമ്പോള്‍ കൃഷിയും മറ്റ് പരമ്പരാഗത ചെറുകിട വ്യവസായമേഖലകളും അവഗണിക്കപ്പെടുന്നു. ജനസാന്ദ്രത ഏറിയതും ഭൂമിശാസ്ത്രപരമായി വിസ്തീര്‍ണമില്ലാത്തതുമായ കേരളത്തില്‍ ഇനി വലിയ കൃഷിയിടങ്ങളും വലിയ വ്യവസായങ്ങളും സാധ്യമാവുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. എക്സ്പ്രസ്സ് ഹൈവേയും ആണവ വൈദ്യുതിനിലയങ്ങളും, പാരിസ്ഥിതികമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ജലവൈദ്യുതപദ്ധതികളും ഒക്കെ മുടങ്ങിപോകുന്ന കേരളത്തില്‍ ഏതെങ്കിലും തരത്തില്‍ പാരിസ്ഥിതികാഘാതം എല്പിക്കാതെയുള്ള വികസനങ്ങള്‍ സാധ്യമാവാത്ത തരത്തില്‍ ഇന്ന് നഗരവത്ക്കരണം നടന്നിരിക്കുന്നു.
ഇത്തരത്തില്‍ ഏറെക്കൂറെ ഉപരിപ്ലവമായ രീതിയില്‍ സാമ്പത്തികവും സാമൂഹികവും ആയ മുന്നേറ്റം നടത്തിയ ഒരു ദേശത്തിന്റെ സാംസ്ക്കാരികപരിസരം ഏതുരീതിയില്‍ എന്ന സന്ദേഹമാവും നമ്മുടെ ഉത്തരാധുനിക ജീവിതത്തെ സവിശേഷമായി നോക്കികാണാന്‍ പ്രേരിപ്പിക്കുക. വിദേശാധിപത്യങ്ങള്‍ മുന്നോട്ടുവച്ച പുത്തന്‍ അറിവിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും ഉണര്‍വിലാണ് നാരായണഗുരുവിന്റെ കാലമായപ്പോഴേക്കും ജ്ഞാനോദയം കേരളസമൂഹത്തിന്റെ ദിശമാറ്റിയത് എന്നാണ് പൊതുവേ വ്യവഹരിക്കപ്പെടുന്നത്, പി. കെ. പോക്കറിനെപ്പോലുള്ളവര്‍ തങ്ങളുടെ സ്വത്വവാദത്തിലൂടെ ഇതിനെ ഒട്ടുമേ അംഗീകരിക്കുന്നില്ല എങ്കില്‍കൂടിയും. എന്നാല്‍ ദേശിയപ്രസ്ഥാനങ്ങളും തുടര്‍ന്നുവന്ന കൊമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കേരളത്തിലെ സമൂഹത്തെ മത, ജാതി അതീതമായ ഒരു ഏകകമായി കാണാനുള്ള ത്വരകാണിച്ചിരുന്നു എന്നത് തള്ളികളയാവുന്നതല്ല. അതുളവാക്കിയ വിപ്ലവാത്മകസ്വഭാവത്തേയും നിരാകരിക്കാനാവില്ല. കോരന് കഞ്ഞി കുമ്പിളില്‍ തന്നെ എന്നത് പ്രത്യക്ഷമായ അര്‍ത്ഥത്തിലെങ്കിലും കേരളത്തിലെ പൊതുസമൂഹത്തില്‍ നിന്നും റദ്ദായിപ്പോയി. 'സുന്ദരികളും സുന്ദരന്മാരും' 'അസുരവിത്തും' ഒക്കെ ഇത്തരമൊരു സാമൂഹികമാറ്റത്തിന്റെ സങ്കീര്‍ണതകളെ അടയാളപ്പെടുത്തുന്നുണ്ട്. അവയുടെ അന്തര്‍ലീനമായ അസുരതകള്‍ക്കുള്ളിലും ജാതി, മത പ്രശ്നങ്ങളേയും പ്രക്ഷോഭങ്ങളേയും നിസ്സാരവല്‍ക്കരിച്ചുകളയുന്ന മനുഷ്യാവസ്ഥകളുടെ വൈവിധ്യങ്ങളെ ആണ് അവ പ്രകാശിപ്പിക്കുക.
തുടര്‍ന്നു വന്ന കാലങ്ങളില്‍ സമൂഹം നേടിയ ഭൌതീകവളര്‍ച്ചയ്ക്ക് ഒപ്പമായി നമ്മുടെ മൂല്യഭാവുകത്വങ്ങളും വളര്‍ന്നുവോ? സൈക്കിളിന്റെ പിറകിലിരുന്നു ഒപ്പം സഞ്ചരിക്കുന്ന കൂട്ടുകാരനായി ദൈവത്തെ ഒരു കഥയില്‍ സക്കറിയ സങ്കല്പ്പിച്ചിട്ടുണ്ട്. പിന്നീട് പത്രങ്ങളിലെ വൈവാഹിക പംക്തികളില്‍ 'ദൈവഭയമുള്ള' വധൂവരന്മാരെ അന്വേഷിച്ചു പരസ്യം നല്‍കുന്ന ഉത്തരാധുനിക മലയാളികളുടെ ബാഹുല്യത്തെ കുറിച്ചോര്‍ത്തു വിഷമിക്കുന്നതും സക്കറിയ തന്നെയാണ്. അപ്പുണ്ണി മടങ്ങിവന്ന് 'നാലുകെട്ട്' ഇടിച്ചുനിരപ്പാക്കി കാറ്റും വെളിച്ചവും കടക്കുന്ന ചെറിയ വീടുവയ്ക്കാനാണ് ആഗ്രഹിച്ചത്. തന്‍റെ ഭാര്യയെപ്പോലും പതിതയാക്കുന്ന തരത്തില്‍ ദാരിദ്ര്യം ശാശ്വതമാക്കിയ ദൈവവിഗ്രഹത്തില്‍ കാര്‍ക്കിച്ചുതുപ്പുന്ന വെളിച്ചപ്പാടില്‍ ആണ് 'നിര്‍മ്മാല്യം' അവസാനിക്കുന്നത്. അസാമാന്യമായ നിര്‍ഭയത്തോടെ സ്വാതന്ത്ര്യത്തിന്റെ സെക്യുലര്‍ ഇടങ്ങള്‍ക്കായി ആഗ്രഹിച്ച ഒരു ഇടക്കാലം ഇന്ന് കേരളത്തിന്റെ പൊതുജീവിതത്തില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. ആര്‍ത്തിയോടെ വലിയ കോണ്‍ക്രീറ്റ് നാലുകെട്ടുകള്‍ നമ്മള്‍ കെട്ടിയുയത്താന്‍ തുടങ്ങിയിരിക്കുന്നു വീണ്ടും. നിര്‍മ്മാല്യം ഇക്കാലത്താണ് നിര്‍മ്മിച്ചതെങ്കില്‍ അതിലെ അവസാന സീനിനെ കുറിച്ച് തനിയ്ക്ക് പുനര്‍വിചിന്തനം നടത്തേണ്ടി വന്നേനെ എന്ന് എം. ടി പറഞ്ഞത് മതത്തിന്റെ സംഘടിതബോധം പൂര്‍വ്വാധികം ശക്തിയോടെ മടങ്ങിവരുകയാണ് എന്ന മനസ്സിലാക്കലില്‍ നിന്നാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്രസ്ഥാപനമായ ഐ. എസ്. ആര്‍. ഓയുടെ ചെയര്‍മാന്‍, ആ പദവി ലഭിച്ചപ്പോള്‍ ആദ്യമായി ചെയ്തത് ഏതോ ഒരു അമ്പലത്തില്‍ പോയി തുലാഭാരം നടത്തുക എന്നതാണ്. തന്‍റെ മുന്‍ഗാമി എത്രയും പെട്ടെന്ന് അടിത്തൂണ്‍ പറ്റാനോ ചത്തുതുലയാനോ തന്നെ എത്രമാത്രം വഴിപാടുകളും ആഭിചാരങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ടാവും എന്ന് ചിന്തിച്ചുപോയാല്‍ തെറ്റുപറയാന്‍ ആവുമോ. ഇതാണ് നമ്മുടെ ശാസ്ത്രാവബോധം. ഒരിക്കല്‍ അടിമുടി മതേതരന്‍ എന്ന് ഊറ്റംകൊണ്ടിരുന്നു നമ്മുടെ പ്രതിരോധമന്ത്രി അമൃതാനന്ദമയിയുടെ ആലിംഗനത്തില്‍ പുളകിതനായി നില്‍ക്കുന്ന ചിത്രങ്ങള്‍ നമ്മള്‍ കണ്ടതാണ്. ഈ തിരഞ്ഞെടുപ്പുകാലത്ത് കൊമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍ ബിഷപ്പ്ഹൌസുകളില്‍ കയറിയിറങ്ങുന്നതിന്റെ പാര്‍ളിമെന്‍ററി ജനാധിപത്യമാണ് നമ്മുടെ രാഷ്ടീയാവബോധം.
ഭൌതീകമായ ആധുനികത നമ്മുടെ ഉള്ളില്‍ പഴയ വിചാരലോകങ്ങളെ തിരിച്ചു കൊണ്ടുവരുകയാണ് ചെയ്തത്. മതവും ജാതിയും പാരമ്പര്യവും ഒക്കെ അതിന്റെ എല്ലാ പ്രതിലോമതകളോടെയും സംഘടിതമായി മടങ്ങി വന്നുകൊണ്ടിരിക്കുന്നു. ധ്യാനംകൂടുന്നതും നെറ്റിലെ പോണ്‍സൈറ്റിലേക്ക് പോകുന്നതും ഒരേ ശ്വാസത്തില്‍ തന്നെ നടക്കുന്നു എന്നതിന്റെ വിമാനുഷികതയും മാനസികമായ അഴിമതിയും തികച്ചും അപ്രസക്തമായി പോകുന്ന വിധത്തില്‍ ജീവിതങ്ങള്‍ ഒരു സ്യൂഡോ സങ്കീര്‍ണതയില്‍ എത്തിയിരിക്കുന്നു. ഒരു പക്ഷെ ഇത് തന്നെയായിരിക്കുമോ ഉത്തരാധുനികത എന്ന സാമൂഹികാവസ്ഥ?
**