
അലക്സാന്‍ഡ്രിയയിലെ തെരുവില്‍
സെറാപ്പിയത്തിനു മുന്നില്‍
ജനകൂട്ടത്തില്‍ ഞാനും നിന്നു.
അവരിന്ന് ഹൈപെഷ്യയെ വിചാരണ ചെയ്യുകയാണ്.
നട്ടുച്ചയിലെ നിലാവില്‍ അകലെ
കാറ്റ് കുന്നിനെ കടലാക്കുന്ന മരീചിക.
വാണിഭത്തട്ടിന് മുകളിലെ ചുണ്ണാമ്പ്കല്ല് മതിലില്‍
പ്രാവുകള്‍ തൊട്ടുതൊട്ടില്ലെന്ന് മിണ്ടാതിരിക്കുന്നു...
പതിവുള്ളതല്ല,
ഉറക്കത്തില്‍ നിന്നുണര്‍ത്തി
അവളുടെ പതിഞ്ഞ ശബ്ദം:
"ദേ, പള്ളീന്ന് അവര്..., പിരിവാന്ന് തോന്നുന്നു"
വിചാരണയില്‍ നിന്നും പിരിവിലേക്ക്
അവര്‍ ലിഫ്റ്റ് കയറിവന്ന
രണ്ടു നിമിഷത്തിന്റെ വിസ്തൃതിയില്‍
ഉപ്പിലിട്ട മീനുപോലെ
എന്‍റെ സ്വപ്നം
നൂറ്റാണ്ടുകളുടെ വെയില്‍കാഞ്ഞു കിടന്നു.
**