Wednesday 16 March 2016

ചില നദികൾ പഠിപ്പിക്കുന്ന പാഠം

മൂന്ന് പാഷനുകളാണു് എന്റേതായി ഞാൻ വിലയിരുത്തുക - വായന, സിനിമ, യാത്ര. ഒരാമുഖമായി സൂചിപ്പിച്ചെന്നേയുള്ളൂ; പറയാൻ വന്നത് പഴയൊരു യാത്രയെക്കുറിച്ചാണു്. ആറാം ക്ലാസിലായിരിക്കുമ്പോൾ നടത്തിയ ഒരു മലയാറ്റൂർ യാത്ര.

അന്ന് ഞാൻ കന്യാസ്ത്രീകൾ നടത്തുന്ന ഒരു ബോർഡിംഗ് സ്കൂളിൽ പഠിക്കുകയായിരുന്നു. അവർ എക്സ്കർഷൻ സംഘടിപ്പിച്ചപ്പോൾ അത് മലയാറ്റൂറിലേയ്ക്കായതിൽ അത്ഭുതപ്പെടാനില്ല.

യാത്ര മലയാറ്റൂറിലേയ്ക്കാണെന്ന് പറഞ്ഞപ്പോൾ ചേട്ടൻ ആ പ്രദേശത്തെക്കുറിച്ചുള്ള അത്യാവശ്യം കാര്യങ്ങൾ മുന്നൊരുക്കം എന്ന നിലയ്ക്ക് പറഞ്ഞുതന്നിരുന്നു. അതിൽ പ്രധാനമായിരുന്നു, മലയാറ്റൂർമല പെരിയാറിന്റെ കരയിലാണു് എന്നത്.

അങ്ങനെ ഞങ്ങൾ മലയാറ്റൂർ മലയുടെ താഴ് വാരത്തെത്തി. തൊട്ടപ്പുറത്ത്, അതുവരെയും കണ്ടിട്ടില്ലാത്ത വ്യാപ്തിയിലും ഗംഭീര്യത്തിലും ഒഴുകുന്ന നദിയെ അത്ഭുതത്തോടെ നോക്കിനിന്നു...


അപ്പോഴാണു് എക്സ്കർഷൻ നയിച്ചുകൊണ്ടുവന്ന കന്യാസ്ത്രീ പ്രഖ്യാപിച്ചത് - ഈ കാണുന്നതാണ്‌ ഭാരതപ്പുഴ!

ങേ, അതെങ്ങനെ?

ഇത്തരം കാര്യങ്ങളിൽ കൃത്യമല്ലാത്ത വിവരം തരുന്ന ആളല്ല ചേട്ടൻ എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. ഇനി ഒരുപക്ഷേ ഭാരതപ്പുഴയും പെരിയാറും ഒന്നു തന്നെയാണോ? പക്ഷേ എങ്ങനെ നോക്കിയിട്ടും അത് ശരിയായി വരുന്നുണ്ടായിരുന്നില്ല. ഭാരതപ്പുഴയെക്കുറിച്ചുള്ള പാഠം കഴിഞ്ഞ ക്ലാസിലോ മറ്റോ പഠിച്ചതുമാണു്. ആ നദിയുടെ മറ്റ് പേരുകളിൽ പെരിയാർ എന്ന് ഉണ്ടായിരുന്നില്ലല്ലോ.

എന്തായാലും സംശയനിവൃത്തി വരുത്താം എന്നുതന്നെ കരുതി - സിസ്റ്റർ ഇത് ഭാരതപ്പുഴയാണോ, പെരിയാറല്ലേ?

എനിക്ക് ഓർമ്മയുള്ളത്, ഈ ചോദ്യം കേട്ടപ്പോൾ കന്യാസ്ത്രീയുടെ അടുത്ത് നിൽക്കുകയായിരുന്ന എനിക്കല്പം പരിഗണന തന്നിരുന്ന ഒരു ടീച്ചർ പരിഭ്രമത്തോടെ എന്നെ നോക്കുന്നതും പിന്നെ - വരൂ, നമുക്ക് മുകളിലേയ്ക്ക് പോകാം - എന്നുപറഞ്ഞ് ഞങ്ങളെയെല്ലാം വിളിച്ചുകൊണ്ടു പോകുന്നതുമാണ്‌.

ആ ചോദ്യത്തിന്‌ ഉത്തരം കിട്ടിയില്ലെങ്കിലും എക്സ്കർഷൻ സന്തോഷകരമായി കഴിഞ്ഞു...

ബോർഡിംഗിലെ ഒരു നിയമം, കഴിക്കാനെടുക്കുന്ന ഭക്ഷണം ബാക്കിവച്ച് ഉപയോഗശൂന്ന്യമാക്കരുത് എന്നതായിരുന്നു. എങ്കിലും അതൊന്നും കുട്ടികൾ കാര്യമായി പാലിച്ചിരുന്നില്ല. എക്സ്കർഷൻ കഴിഞ്ഞെത്തിയ രണ്ടാം ദിവസം അത്താഴം കഴിഞ്ഞ സമയത്ത് പതിവില്ലാതെ പ്രസ്തുത കന്യാസ്ത്രീ തീൻമുറിയിലേയ്ക്ക് കയറിവന്നു. ഞാൻ ഭക്ഷണം ബാക്കിവച്ചതിന്റെ പേരിൽ മുറിയുടെ നടുവിൽ പിടിച്ചുനിർത്തി ചൂരൽ കൊണ്ട് തുടയിൽ ആറടി.

അവർക്കും എനിക്കും മാത്രമേ ആ അടിക്കു പിന്നിലെ യഥാർത്ഥ രഹസ്യം മനസ്സിലായുള്ളൂ.

ഇന്നു ജീവിച്ചിരിപ്പില്ലാത്ത അവരെ സ്നേഹത്തോടെയും നന്ദിയോടെയും തന്നെയാണ്‌ ഓർക്കാറുള്ളത്...

അവർ പഠിപ്പിച്ചുതന്നത് പ്രയോഗികജീവിതത്തിൽ വളരെ ഉപകാരപ്പെട്ട ഒരു സംഗതിയാണ്‌ - കാണുന്നിടത്തെല്ലാം സത്യവും നേരും വിളിച്ചുപറയരുത്. അഥവാ അങ്ങനെ വേണമെന്ന് തോന്നിയാൽ വലിയ അടികൾ പ്രതീക്ഷിക്കുക.

00

Saturday 12 March 2016

യു ഡോന്റ് ബിലോംഗ് ഹിയർ

ശുപാർശയിൽ കയറിപ്പറ്റിയതാണെങ്കിലും നല്ലൊരു കോളേജിൽ പഠിത്തം. മൂന്നുനേരം സുഭിക്ഷമായി ഭക്ഷണം കിട്ടുന്ന ഹോസ്റ്റലിൽ താമസം. കറങ്ങിനടക്കാൻ അത്യാവശ്യം കാശും വീട്ടിൽനിന്ന് കിട്ടും. എൺപതുകളുടെ അവസാനത്തിൽ, ഈ പശ്ചാത്തലത്തിലുള്ള ഒരു ആദ്യവർഷ ബിരുദവിദ്യാർത്ഥിയുടെ ആത്യന്തികമായ അസ്തിത്വപ്രശ്നം ഒരു പെൺകുട്ടിയെ പ്രേമിക്കാൻകിട്ടുക എന്നതു മാത്രമാണ്.

അത്തരത്തിൽ ഉഴലുന്ന സമയത്താണ് പ്രീഡിഗ്രിക്കാരിയായ സുനയ്യ എന്റെ മുന്നിൽ വന്നുപെടുന്നത്. സുന്ദരിയെന്ന് മാത്രമല്ല പരിഷ്ക്കാരിയും. തൂവാനതുമ്പികളിൽ ജയകൃഷ്ണൻ ക്ലാരയോട്‌ പറയുന്നത് ഓർമ്മയില്ലേ, നിനക്ക് ഞാൻ ഒരു പച്ച മാരുതിക്കാർ വാങ്ങിത്തരുമെന്ന്. അതുപോലൊരു പച്ച മാരുതിക്കാറിലാണ് സുനയ്യ കോളേജിൽ വന്നിരുന്നത്. അക്കാലത്ത് മാരുതിക്കാർ എന്നാൽ സമ്പന്നതയുടേയും പരിഷ്കാരത്തിന്റെയും അവസാനവാക്കായിരുന്നു.

എങ്കിൽ ഇനി സുനയ്യയെ പ്രേമിച്ചിട്ടു തന്നെ കാര്യം എന്ന് ഞാനും കരുതി. അതിനുള്ള വഴി രണ്ടുമൂന്ന് കൂട്ടുകാരെയും കൂട്ടി ആ പെൺകുട്ടിയുടെ പിറകേനടക്കുക എന്നതാണല്ലോ. ആ നാട്ടുനടപ്പ് ഞാനും തെറ്റിച്ചില്ല. പൊതുവേ വലിയ റിസർവേഷനൊന്നും കാണിക്കുന്ന കൂട്ടത്തിലായിരുന്നില്ല സുനയ്യ. എന്നോടെന്നല്ല എല്ലാവരോടും അവൾ വളരെ സാധാരണമായി പെരുമാറി. എന്റെ മനസ്സിലിരിപ്പ് അറിഞ്ഞതിന്റെ യാതൊരു ലാഞ്ചനയും നിർഭാഗ്യവശാൽ ലഭ്യമാവുകയും ചെയ്തില്ല.

പുതിയ കലാലയത്തിൽ എത്തിയതിന്റെ ആദ്യവിഭ്രമങ്ങൾ മാറുകയും കൂടുതൽ ഇടങ്ങളിലേയ്ക്ക് ദൈനംദിനങ്ങൾ വ്യാപിക്കുകയും ചെയ്തപ്പോൾ എന്റെ സുനയ്യയിലുള്ള ശ്രദ്ധ ചിതറി...

അക്കാലത്താണറിഞ്ഞത് സുനയ്യ വിവാഹിതയാണെന്ന്. അത് വല്ലാത്ത ഞെട്ടലായിപ്പോയി.

ജീവിതത്തിലെ നാടകീയതകൾ നാടകത്തെക്കാൾ സങ്കീർണ്ണമാണെന്ന് അക്കാലത്ത് അത്രയൊന്നും മനസ്സിലാക്കി തുടങ്ങിയിരുന്നില്ല.

വിവാഹിതയാണെന്ന് മാത്രമല്ല, പ്രസവിക്കുകയും ആ കുട്ടി പ്രസവത്തിൽ തന്നെ മരിച്ചുപോവുകയും ചെയ്തിരുന്നുവത്രേ...

ഇതിനൊക്കെ ശേഷമാണ് സുനയ്യ പ്രീഡിഗ്രിക്ക് പഠിക്കാൻ വരുന്നത്.

പിന്നീട് ചില കാര്യങ്ങൾ കൂടിയറിഞ്ഞു. സ്ഥലത്തെ പ്രമുഖനും സമ്പന്നനുമായ ഒരു വ്യവസായിയുടെ രണ്ടാമത്തെ ഭാര്യയിൽ, അദ്ദേഹത്തിന്റെ വൈകിയപ്രായത്തിൽ ഉണ്ടായ മകളാണത്രേ സുനയ്യ. ഊട്ടിയിലായിരുന്നു സ്കൂൾവിദ്യാഭ്യാസം. തന്റെ മരണശേഷം സുനയ്യയ്ക്ക് കുടുംബത്തിൽ നിന്ന് വേണ്ട രീതിയിലുള്ള പരിഗണന കിട്ടിയേക്കില്ല എന്ന് പേടിച്ചിട്ടാണത്രേ അവളുടെ അച്ഛൻ അവളുടെ വിവാഹം ചെറുപ്പത്തിലേ നടത്തിച്ചത്...

ഈ പരിസരത്തിൽ എന്റെ പ്രേമത്തിന്റെ സാംഗത്യത്തെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയേണ്ടതില്ലല്ലോ...

എന്നാൽ ഇതിനിടയ്ക്ക് അതീവസുമുഖനും പിൽക്കാലത്ത് സിനിമാനടനായി മാറുകയും ചെയ്ത ഞങ്ങളുടെ ഒരു കൂട്ടുകാരനുമായി സുനയ്യ പതിവിൽ കവിഞ്ഞ അടുപ്പം നിലനിർത്തിയിരുന്നു എന്നും കേട്ടു...

ഈ കേൾവികളുടെ നിജസ്ഥിതി എനിക്കറിയില്ല. അപ്പോഴേയ്ക്കും എന്റെ ജീവിതം മറ്റു വഴികളിലേയ്ക്ക് പോവുകയും, സുനയ്യ പ്രീഡിഗ്രി പഠനം കഴിഞ്ഞ് കലാലയം വിടുകയും ചെയ്തിരുന്നു...

അതിനിടയ്ക്ക് സുനയ്യയുടേതായി അറിഞ്ഞൊരു വാർത്ത ഭർത്താവിന്റെ അസുഖവും മരണവുമാണ്‌...

ഒരു കൂട്ടുകാരൻ മംഗലാപുരത്തെ കസ്തുർബാ മെഡിക്കൽ കോളേജിൽ ദന്തവൈദ്യം പഠിക്കുന്നുണ്ടായിരുന്നു. ആ കോളേജിന്റെ വാർഷികാഘോഷങ്ങൾ വളരെ വിപുലമാണ്. അക്കൊല്ലത്തെ നൃത്തപരിപാടിക്ക് ഈജിപ്തിലെ പിരമിഡിന്റെ പരിസരമാണ് തീമായി തീരുമാനിച്ചിരുന്നത്. അത്തരം സെറ്റുകൾ കലാപാരമായി നിർമ്മിക്കാൻ നിപുണനായ മറ്റൊരു സുഹൃത്തിനോടൊപ്പം ഞാനും മംഗലാപുരത്തിനു പോയി.

കെ. എം. സി മറ്റൊരു ലോകമായിരുന്നു. ആൺപെൺ വ്യത്യാസമില്ലാത്ത, അക്കാലത്ത് (ഒരുപക്ഷേ ഇന്നും) കേരളത്തിൽ സ്വപ്നംകാണാൻ സാധിക്കുമായിരുന്നില്ലാത്ത വിദ്യാർത്ഥിജീവിതം. പണത്തിന്റെ മേളം, ലഹരിയുടെയും. കഞ്ചാവ്, സിഗരറ്റ് പോലെയാണ് ഉപയോഗിച്ചിരുന്നത്. അതിനും മുകളിലുള്ളവയെ മാത്രമാണ് കുറച്ചെങ്കിലും ലഹരിമരുന്ന് എന്ന നിലയ്ക്ക് കണ്ടിരുന്നുള്ളൂ.  ഐഡി കാർഡ് കാണിച്ചാൽ കോളേജ് കുട്ടികൾക്ക് മദ്യശാലകളിൽ വിലക്കിഴിവുണ്ടായിരുന്നു...


അന്ന്, അവിടെ കെ. എം. സിയിൽ വച്ച്, മൂന്നു നാല് വർഷങ്ങൾക്ക് ശേഷം, ഞാൻ വീണ്ടും സുനയ്യയെ കണ്ടു. സുനയ്യയും അവിടെ ദന്തവൈദ്യം പഠിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ദിവസങ്ങളിൽ ഇടയ്ക്കൊക്കെ സുനയ്യെ കണ്ടിരുന്നു. ചെറിയ കുശലങ്ങൾ പറഞ്ഞു...

കെ. എം. സിയിലെ ഓരോ കുട്ടിക്കും ഓരോ കഥയുണ്ടായിരുന്നു. കേരളത്തിൽ നിന്നും വരുന്ന ഒരു യുവാവിന് അസുഖകരമായും അവിശ്വസനീയമായും തോന്നുന്ന കഥകൾ. സുനയ്യെ കുറിച്ചും കേട്ടു കഥകൾ... എന്നാൽ അതിനെക്കുറിച്ച് ചിന്തിച്ച് അധികം മനകാലുഷ്യം ഉണ്ടാക്കാൻ പറ്റുന്നതിനെക്കാളും അപ്പുറം എനിക്ക് മറ്റു കാര്യങ്ങളൊക്കെ ആലോചിക്കാനായിക്കഴിഞ്ഞിരുന്നു.

ഒരു ബാസ്കറ്റ്ബാൾ ഗ്രൗണ്ട് വളച്ചുകെട്ടിയാണ് ഈജിപ്ഷ്യൻ മരുഭൂമിയുണ്ടാക്കിയത്. അവിടെ വച്ചായിരുന്നു നിശാനൃത്തം. അതുപോലൊരു നിശാനൃത്തം ഞാൻ ആദ്യമായും അവസാനമായും കാണുകയായിരുന്നു. സംഗീതവും നൃത്തവും ലഹരിയും ഒഴുകി. അരണ്ട വർണ്ണവെട്ടത്തിൽ ആടിയുലയുന്ന ആൺപെൺ ഉടലുകൾക്കിടയിൽ എപ്പോഴോ സുനയ്യയും മിന്നിമറയുന്നുണ്ടായിരുന്നു.

ഇടയ്ക്ക് കഞ്ചാവിന്റെ പൊതികൾ കഴിഞ്ഞുപോയി. അതു വാങ്ങി വരേണ്ടതുണ്ടായിരുന്നു. ആ അർദ്ധരാത്രി സമയത്ത് അവിടെ ലഹരിയിലല്ലാത്തത് ഞാൻ മാത്രമേയുണ്ടായിരുന്നുള്ളൂ (അന്ന് ആ സമയത്ത് മദ്യപിച്ചിരുന്നില്ല എന്നേയുള്ളൂ, ലഹരി അന്യമായിരുന്നില്ല). അർദ്ധബോധത്തിൽ വഴികാണിക്കാൻ പിന്നിൽ കയറിയ ആരോടോപ്പമോ ഏതോ ബൈക്കോടിച്ച് എവിടെയോ പോയി പൊതിയും വാങ്ങി തിരിച്ചെത്തുമ്പോഴും നൃത്തനിശ തകർക്കുകയായിരുന്നു. വണ്ടി നിർത്തിയതും പിറകിലുണ്ടായിരുന്ന പയ്യൻ പൊതിയുമായി ആ കൂട്ടത്തിലേയ്ക്ക് അപ്രത്യക്ഷനായി.

ബൈക്ക് ഒതുക്കിവച്ച് തിരിയുമ്പോൾ മുന്നിൽ സുനയ്യ.

"ഇതിനിടയ്ക്ക്, ഈ സമയത്ത് എവിടെപ്പോയി?"
സുനയ്യ ചോദിച്ചു.
എനിക്കല്പം ആശ്ചര്യം തോന്നാതിരുന്നില്ല. ഭ്രാന്തമായ ആ കൂട്ടത്തിനിടയ്ക്കുനിന്ന് എന്തിനവൾ അപ്പോൾ അവിടേയ്ക്ക് വന്നു? മാത്രവുമല്ല, ചോദ്യത്തെക്കാളുപരിയായ ഒരു കരുതൽ അതിൽ എനിക്ക് സ്പർശിക്കാനായി...
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.
അവൾ വിയർത്തിരുന്നു. നൃത്തം വിയർപ്പിച്ചിരുന്നു... വസ്ത്രങ്ങളിലും ദേഹത്തും മണലും പൊടിയുമുണ്ടായിരുന്നു. ഈജിപ്ഷ്യൻ മരുഭൂമിയിലെ പൊടി...

കുറച്ചുസമയം അവിടെ നിന്ന് ഞങ്ങൾ പഴയ കലാലയത്തെക്കുറിച്ച്, കൂട്ടുകാരെക്കുറിച്ച് ഒക്കെ പൊതുവായി സംസാരിച്ചു. അതിനപ്പുറം, അന്നും ഇപ്പോഴും സുനയ്യെക്കുറിച്ചു കേട്ടവയുടെ സത്യം എന്തെന്നു ചോദിക്കാൻ മാത്രമൊന്നും ആ സംസാരം തരളമായില്ല...

നൃത്തനിശയിലേയ്ക്ക് മടങ്ങിപോകാൻ തുടങ്ങിയ സുനയ്യ പെട്ടെന്നു തിരിഞ്ഞ് എന്നോടായി പറഞ്ഞു;
"ലാസർ, യു ഡോന്റ് ബിലോംഗ് ഹിയർ."

ഞാൻ ഏതു കൂട്ടത്തിൽപ്പെടും എന്റെ സാമൂഹ്യസാഹചര്യം എന്താണ് എന്നൊന്നും മനസ്സിലാക്കാനുള്ള ബന്ധം ഒരുകാലത്തും സുനയ്യയും ഞാനും തമ്മിൽ ഉണ്ടായിരുന്നിട്ടില്ല.

എങ്കിലും ഞാൻ മംഗലാപുരത്ത് എത്തിയപ്പോൾ മുതൽ അനുഭവിക്കുന്ന അകാരണമായ അസ്വസ്ഥതയുടെ ഉത്തരം സുനയ്യ പറഞ്ഞതിലുണ്ടായിരുന്നു -  ഐ ഡോന്റ് ബിലോംഗ് ഹിയർ!

പിറ്റേന്ന് അതിരാവിലേയുള്ള തീവണ്ടിയിൽ ഞാൻ ആ പട്ടണം വിട്ടു.

ക്ഷണമുണ്ടായിട്ടും പിന്നീടൊരിക്കലും അവിടേയ്ക്ക് തിരിച്ചുപോയിട്ടില്ല. സുനയ്യയെ പിന്നീടൊരിക്കലും കാണുകയുണ്ടായില്ല, വാർത്തകളൊന്നും കേൾക്കുകയുണ്ടായില്ല...

പല പതിറ്റാണ്ടുകൾ..., പല ദേശങ്ങൾ..., ജീവിതത്തിലെ പല പിരിയൻ ദശാസന്ധികൾ...

ചില ഇടങ്ങളിൽ, ചില പരിസരങ്ങളിൽ ചെന്നുപെടുമ്പോൾ, അകം അസ്വസ്ഥമാകുമ്പോൾ സുനയ്യയുടെ ആ വാക്കുകൾ പക്ഷേ ഇപ്പോഴും എവിടെനിന്നോ കേൾക്കും - ലാസർ, യു ഡോന്റ് ബിലോംഗ് ഹിയർ!

ഞാൻ ഏറ്റവും ആദ്യത്തെ മടക്കവണ്ടി പിടിക്കും.

00