Saturday 10 October 2015

തരിശ്ശിലെ പൂവ്

അഞ്ചു പതിറ്റാണ്ട് കാലം ജീവിച്ചതിനിടയ്ക്ക് കാര്യഗൗരവമുള്ള എന്തു സംഗതിയാണ് നിങ്ങൾ ചെയ്തിട്ടുള്ളത് എന്ന് ആരെങ്കിലും ചോദിച്ചാൽ, നിസ്സംശയം ഞാൻ പതറും. അതുകൊണ്ടുതന്നെ, ഒരു ലക്‌ഷ്യം കണ്ടെത്തുന്നവരോട്, അതെത്ര ചെറുതായാലും അതിനുവേണ്ടി ജന്മം മാറ്റിവച്ച് അദ്ധ്വാനിക്കുന്നവരോട്, തിരിച്ചടികളും ഫലപ്രാപ്തിയുടെ അഭാവവും ബാലാരിഷ്ടതകളും കണ്ടു പിൻവാങ്ങാതെ ഒരൊറ്റ നോട്ടവുമായി മുന്നോട്ടു ചരിക്കുന്നവരെ കാണുമ്പോൾ, അറിയുമ്പോൾ, എനിക്ക് ഇഷ്ടവും അനല്പമായ ബഹുമാനവുമാണ്.

കാർത്തികേയൻ സാർ മരിക്കുമ്പോൾ ഞാൻ അതാണ്‌ ഓർക്കുക.

എന്റെ കൂട്ടുകാരന്റെ അച്ഛൻ എന്നതിനപ്പുറം എനിക്ക് നേരിട്ട് പരിചയമുള്ള ഒരാളല്ല അദ്ദേഹം. കൃഷിവകുപ്പിൽ ഡയറക്റ്റർ ആയി വിരമിച്ച വ്യക്തി, മിത്രാനികേതനിൽ കൃഷിവിഭാഗത്തിന്റെയും മറ്റും മേധാവിയായി പ്രവർത്തിച്ച വ്യക്തി, നിത്യചൈതന്യ യതിയുടെ സഹോദരീ ഭർത്താവ്...

കാർത്തികേയൻ സാർ
അതിനപ്പുറം, അദ്ദേഹം ഞങ്ങളുടെ നാട്ടിലേയ്ക്ക് വരുന്നത്, സ്ഥിരതാമസമാക്കുന്നത് മറ്റൊരു ലക്ഷ്യവുമായിട്ടായിരുന്നു. അക്കാലത്ത് ഞങ്ങളുടെ കടൽത്തീര ഗ്രാമത്തിന്, കുറച്ച് തെങ്ങുകൾ ഒഴിച്ചുനിർത്തിയാൽ, അർദ്ധമരുഭൂസമാന പ്രകൃതിയായിരുന്നു. ഏക്കറുകണക്കിന് തരിശായി കിടക്കുന്ന വെളുത്ത മണപ്പുറങ്ങളുണ്ടായിരുന്നു.

അവിടേയ്ക്കാണ് കാർത്തികേയൻ സാർ കൃഷിയിറക്കാൻ വന്നത്. അതൊരു പരീക്ഷണവും വ്രതവുമായിരുന്നു. ഏത് ഉഷരഭൂമിയും മനുഷ്യാദ്ധ്വാനത്തിന് ഊർവ്വരമാക്കാൻ കഴിയും എന്ന് അദ്ദേഹത്തിന് തെളിയിക്കേണ്ടതുണ്ടായിരുന്നു. ആ പരീക്ഷണത്തിൽ അദ്ദേഹം വിജയിച്ചോ എന്നത് പിന്നീട് ആലോചിക്കാം. പക്ഷെ അദ്ദേഹത്തിന്റെ ആ ഇറങ്ങിപ്പുറപ്പെടൽ അസാമാന്യമായ പ്രതിബദ്ധതയുടെ പ്രതിഫലനമായിരുന്നു.

ആൾക്കൂട്ടത്തിലോ പൊതുവേദികളിലോ ഞാൻ അദ്ദേഹത്തെ കണ്ടിട്ടില്ല. എന്നാൽ അപൂർവ്വം അവസരങ്ങളിൽ അദ്ദേഹത്തിന്റെ മകനോടൊപ്പം അവരുടെ വീട്ടിൽ ചെല്ലുമ്പോൾ അദ്ദേഹത്തെ കണ്ടിട്ടുള്ളത് തന്റെ കൃഷിയിടത്തിലാണ്.

അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെടുന്നത് ഒരു അവസരത്തിൽ മാത്രമാണ്. ഞാൻ നാട്ടിൽ വായനശാലയുടെ സെക്രട്ടറിയായിരുന്ന സമയത്ത് അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടുവന്ന് കൃഷിസംബന്ധമായ ഒരു സെമിനാർ നടത്തിയിരുന്നു. പത്തിരുപത്തിയഞ്ച് കൊല്ലങ്ങൾക്ക് മുൻപാണ്...

അന്ന് ആ സെമിനാറിൽ ഞങ്ങളുടെ ഗ്രാമത്തെ പ്രതി അദ്ദേഹം വീണ്ടും വീണ്ടും പറഞ്ഞ ഒരു കാര്യം പുതിയ സാഹചര്യങ്ങളിൽ പലപ്പോഴും ഓർക്കേണ്ട അവസരം വരാറുണ്ട്. അത് ഭൂഗർഭജലസ്ത്രോതസ്സിനെ കുറിച്ചായിരുന്നു. ഭൂഗർഭജലം അക്ഷയഖനിയല്ല. വളരെ സൂക്ഷിച്ചുവേണം അതുപയോഗിക്കാൻ. അമിതമായി ഉപയോഗിച്ചാൽ ആ വിടവിലേയ്ക്ക് കടൽജലം കടന്നുവരും. ഇന്ന് നാട്ടിൽ ചെല്ലുമ്പോൾ, കടലിൽ നിന്നും അകലെയുള്ള ഉൾഭാഗങ്ങളിലെ കിണറുകളിലും ബോർവെല്ലുകളിലും പോലും ഉപ്പുജലം കലരുന്ന ആവലാതികൾ കേൾക്കുമ്പോൾ ഓരോ തവണയും ഞാൻ അദ്ദേഹത്തെ ഓർക്കും. കാർത്തികേയൻ സാറിന്റെ അറിവുകൾ അക്കാദമികം മാത്രമായിരുന്നില്ല...

കാർത്തികേയൻ സാറിന്റെ കൃഷിയിടം - ഒരു ഭാഗം
അന്ന് അദ്ദേഹത്തെ ആ സെമിനാറിലേയ്ക്ക് ക്ഷണിച്ച വായനശാലാ ഭാരവാഹികളായ ഞങ്ങൾ കൂട്ടുകാരുടെ പൊതുസുഹൃത്താണ് തന്റെ മകൻ എന്നറിയാവുന്ന അദ്ദേഹം പകുതി നർമ്മമായും പകുതി കാര്യമായും അയാളെ ഉദ്ദേശിച്ചാവും പറഞ്ഞു - എന്റെ ഈ കമ്മിറ്റ്മെന്റ് എനിക്ക് ശേഷം തുടരപ്പെടുമോ എന്നറിയില്ല.

അദ്ദേഹത്തിന്റെ ആ സംശയം അസ്ഥാനത്തായിരുന്നു. വിനു കാർത്തികേയൻ കഴിഞ്ഞ വർഷത്തെ സംസ്ഥാന സർക്കാരിന്റെ 'ഉദ്യാനശ്രേഷ്ഠ' പുരസ്കാരം നേടിയ, കേരളത്തിലെ അറിയപ്പെടുന്ന പുഷ്പ്പോദ്യാന കൃഷിക്കാരനും വ്യവസായിയും ആയിരിക്കുന്നു ഇന്ന്.

കാർത്തികേയൻ സാറിന്റെ പരീക്ഷണം വിജയിച്ചോ എന്നറിയാൻ അദ്ദേഹത്തിന്റെ കൃഷിയിടം സന്ദർശിക്കാം. പക്ഷെ അതിനെക്കാളുപരി, ഞങ്ങളുടെ നാട്ടിൽ ഇന്ന് തരിശുനിലങ്ങൾ ഇല്ല. കാർത്തികേയൻ സാറിന്റെ നേരിട്ടുള്ള ഇടപെടൽ അതിൽ ഉണ്ടായിരുന്നിരിക്കില്ല. പക്ഷേ, ഏതു തരിശിലും കൃഷിയിറക്കി വിജയിക്കാമെന്ന് ഞങ്ങൾ നാട്ടുകാർക്ക് ആദ്യമായി കാണിച്ചുതന്നത് അദ്ദേഹമാണ്...!

ആദരാഞ്ജലികൾ!