Wednesday 28 January 2015

മഴമേഘങ്ങളിലേയ്ക്ക് പായുന്ന ദുരന്തമറവികൾ...

'വൈറ്റ്ക്രോ ആർട്ട്ഡെയ് ലി'യിൽ പ്രസിദ്ധീകരിച്ചത്. 

ഊർവ്വരതയുടെ നിദാനമാവുകയാൽ, ആദിമ ദൈവസങ്കല്പങ്ങളിലെ ഒരു പ്രാമാണിക ഘടകമാണ് മഴ. മഴയ്ക്ക്‌ വേണ്ടി യാഗം നടത്തുന്ന രണ്ട് സിനിമകളെങ്കിലും മലയാളത്തിൽ എന്റെ അറിവിലുണ്ട് - ഭരതന്റെ 'വൈശാലി'യും ജയരാജിന്റെ 'പൈതൃക'വും. ഉഷ്ണമേഖലാ പ്രദേശത്തിൽപ്പെടുന്ന കേരളത്തിൽ കൃത്യമായി നിർവ്വചിക്കപ്പെട്ട മൂന്ന് മഴക്കാലങ്ങൾ ഏറ്റകുറച്ചിലുകളോടെ വർഷത്തിന്റെ പകുതിയിലധികം ജലസാന്ദ്രമാക്കാറുണ്ട്. എങ്കിൽകൂടിയും അടുത്തകാലത്തും കേരളത്തിൽ അതിരാത്രങ്ങൾ നടത്തിയതായി വാർത്തകളുണ്ടായിരുന്നുവല്ലോ. പ്രാക്തനമായ ഗോത്രസംസ്കൃതിയുടെ ഓർമ്മകൾ ഉപലംഭിക്കുന്ന ഒരാചാരത്തിന്റെ പിന്തുടർച്ച എന്നതിനപ്പുറം അത്തരം മഴയാരാധനകളുടെ യുക്ത്യായുക്തികൾ അപ്രസക്തമാണ്. ലാവോസ് എന്ന മറ്റൊരു ഉഷ്ണമേഖലാ പ്രദേശത്തിന്റെ ജീവിതം ചിത്രീകരിക്കുന്ന 'ദ റോക്കെറ്റ്' എന്ന സിനിമയും മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ നടത്തുന്ന വിചിത്രമായ ഒരാചാരത്തിന്റെ അരികുപിടിച്ച് കൂടിയാണ് അതിന്റെ നാടകീയമായ പരിസമാപ്തിയിലേയ്ക്ക് എത്തുന്നത്.

ലാവോസ് എന്ന രാജ്യത്തെ കുറിച്ച് അധികമൊന്നും കേൾക്കാറില്ല. ലോകത്തിൽ കൊമ്മ്യൂണിസ്റ്റ് സമഗ്രാധിപത്യഭരണം ഇന്നും ബാക്കിയായ വളരെ കുറച്ച് രാജ്യങ്ങളിൽ ഒന്നാണ് ലാവോസ്. ബർമ്മ, ചൈന, വിയറ്റ്‌നാം, കംബോഡിയ, തായ് ലാൻഡ്‌ എന്നീ രാജ്യങ്ങൾക്ക് നടുവിലായി കടൽത്തീരങ്ങളില്ലാതെ ഇടുങ്ങി സ്ഥിതിചെയ്യുന്ന രാജ്യമത്രേ അത്. കടൽത്തീരം ഇല്ലെന്നേയുള്ളൂ, ട്രോപ്പിക്കൽ കാലാവസ്ഥയാണ്, കേരളത്തിന്റെ ഉൾ/മലനാടുകൾ പോലെയാണ് ഭൂപ്രകൃതിയെന്ന് അവിടെ വച്ച് ചിത്രീകരിച്ച 'ദ റോക്കെറ്റ്' എന്ന സിനിമ കാണുമ്പോൾ മനസ്സിലാവുന്നു. ചിത്രീകരണ ഭംഗികൊണ്ട് തോന്നുന്നതുമാവാം, കേരളത്തെക്കാളും വന്യവും ഹരിതാഭവും ആയി പലപ്പോഴും അനുഭവപ്പെട്ടു എന്നതാണ് വാസ്തവം.


ആസ്ത്രേലിയക്കാരനായ ഡോക്യുമെന്ററി സംവിധായകൻ Kim Mordaunt - ന്റെ ആദ്യ കഥാചിത്രമാണ് 'ദ റോക്കെറ്റ്‌'. അദ്ദേഹം തന്റെ ഡോക്യുമെന്ററി ചിത്രീകരണങ്ങളുടെ ഭാഗമായി ലവോസിന്റെ ഭാഗങ്ങളിൽ വിപുലമായി സഞ്ചരിച്ചതിന്റെ പ്രതിസ്ഫുരണമായാണ് തന്റെ ആദ്യ കഥാചിത്രത്തിന്റെ ഭൂമികയും ആ പരിസരം തന്നെയായതെന്ന് കരുതാം. സോകോൾഡ് മൂന്നാംലോക രാജ്യങ്ങൾക്ക് പൊതുവേ അപരിചതമല്ലാത്ത, അയുക്തികമായ ഒരുപാട് വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പ്രദേശമായ വടക്കൻ ലാവോസിലെ ഗോത്രവർഗ്ഗ മേഖലയിലേയ്ക്കാണ് ഈ സിനിമയിലൂടെ കിമ്മിന്റെ ക്യാമറ പോവുക.

അത്തരത്തിലുള്ള ഒരു വിശ്വാസമാണ് ഈ സിനിമാക്കഥയുടെ ഗതി നിജപ്പെടുത്തുന്ന അടിയൊഴുക്ക്. ഇരട്ട കുട്ടികൾ ജനിച്ചാൽ അതിൽ ഒരു കുട്ടി നന്മകൾ കൊണ്ടുവരുമെന്നും മറ്റേ കുട്ടി നാശം കൊണ്ടുവരുമെന്നും ഈ ഗോത്രജനത വിശ്വസിക്കുന്നു. സിനിമയിലെ മുഖ്യകഥാപാത്രമായ കുട്ടി ഇരട്ടയായി ജനിക്കുകയും സഹോദരൻ ജന്മനാ തന്നെ മരിച്ചുപോവുകയും ചെയ്യുന്നു. നന്മയുടെയാണോ നാശത്തിന്റെയാണോ വിത്ത്‌ എന്നറിയാത്തതിനാൽ ബാക്കിയായ കുഞ്ഞിനെക്കൂടി കൊന്നുകളയാൻ ഭർതൃമാതാവ് ആവശ്യപ്പെടുന്നെങ്കിലും അവന്റെ അമ്മ അതിനു സമ്മതിക്കുന്നില്ല. അങ്ങനെ നാശവും നന്മയും ആരോപിതമാവാനുള്ള മൂർത്തരൂപമായി ഈ കുട്ടി വളർന്നുവരുന്നു.

കഥയുടെ വൈകാരിക പ്രതലം മാറുന്നതിനനുസരിച്ച് കാഴ്ചയുടെ തലത്തിന് സങ്കീർണ്ണമായ നിഴൽനിറപ്പകർച്ചകളിലൂടെ ഭാവവ്യതിയാനങ്ങളെ പൊലിപ്പിച്ചെടുക്കുന്ന വലിയ സാങ്കേതികതയൊന്നും ഈ സിനിമയിൽ എവിടെയും കാണാനാവില്ല. സുതാര്യവും ലളിതവും അതേ സമയം പ്രകൃതിയെ വശ്യമായി പകർത്തുകയും ചെയ്യുന്ന ഇമ്പമാർന്ന ദൃശ്യങ്ങളുടെ നൈരന്തര്യം കഥാസഞ്ചാരത്തിന് പിന്നിൽ ലയിച്ചു നിൽക്കുന്നു. (മഴയും വെയിലും, പ്രണയവും കാമവും ഒക്കെ ഒരുപോലെ തെളിമയോടെ ദൃശ്യമാവുക എന്നതും കാഴ്ചയുടെ കലകൂടിയാണ്‌ എന്ന നിലയ്ക്ക് സിനിമ കാംക്ഷിക്കുന്ന ദൃശ്യപരമായ സങ്കീർണ്ണ നിറപ്പകർച്ചയുടെ അഭാവവും പരാധീനതയാണ്.) കഥയുടെയും കാഴ്ചയുടെയും ഇത്തരത്തിലുള്ള നേർസാക്ഷാത്കാരത്തിന്റെ അടിയിൽ നിന്നുവേണം ലാവോസ് എന്ന രാജ്യം കടന്നുപോയ ഭീതിതമായ ഭൂതകാലത്തിന്റെ അടരുകൾ കണ്ടെടുക്കാൻ...

വികസ്വര രാഷ്ട്രങ്ങൾ നേരിടുന്ന വലിയൊരു സമകാല പ്രശ്നമാണ്, വികസനം ഒരു പ്രത്യേക പ്രദേശത്തു സംജാതമാക്കുന്ന സാമൂഹികവും സാംസ്കാരികവുമായ സംഘർഷം. തികച്ചും സാമൂഹ്യ പ്രതിബദ്ധം എന്ന് പറയാവുന്ന പല സിനിമകളും, പ്രത്യേകിച്ച് കഥേതര ചിത്രങ്ങൾ, ഈ വിഷയം സങ്കോചരഹിതമായി വ്യവഹരിച്ചിട്ടുണ്ട്. ഈ സിനിമയിലും ഒരു അണക്കെട്ട് നിർമ്മാണത്തിന്റെയും തദ്വാരായുള്ള കുടിയൊഴിപ്പിക്കലിന്റെയും രൂപത്തിൽ പ്രസ്തുത വിഷയം കടന്നുവരുന്നു. കഥാഗതിയുടെ ത്വരകം എന്നതിനപ്പുറം നേരിട്ടുള്ള സാമൂഹ്യവിമർശനത്തിന്റെ തലത്തിലല്ല അത് ഈ സിനിമയിൽ വിന്യസിച്ചിരിക്കുന്നതെന്ന് മാത്രം. അത്തരത്തിൽ ഒരു രാഷ്ട്രീയകാമന ആ വിഷയത്തിൽ, ഈ സിനിമ ആഗ്രഹിക്കുന്നില്ല എന്ന് പറയാമെങ്കിലും, ലാവോസിൽ അതും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഒരു സാമൂഹ്യാനുഭവമാണെന്ന് വെളിപ്പെടുന്നുണ്ട്.


വളരെ വിചിത്രമായ ഒരു റിക്കോഡുള്ള രാജ്യം കൂടിയാണ് ലാവോസ് - ലോകത്തിൽ ഏറ്റവും കൂടുതൽ ബോംബു ചെയ്യപ്പെട്ട രാജ്യം! അമേരിക്ക - വിയറ്റ്നാം യുദ്ധത്തിൽ ഈ പ്രദേശത്ത്‌ ബോംബുകളുടെ പെരുമഴയായിരുന്നുവത്രേ. അതിൽ പകുതിയിലധികം പൊട്ടാതെ ഇന്നും ലാവോസിന്റെ മണ്ണിൽ ചെറുജ്വാലാമുഖികളായി പുതഞ്ഞുകിടക്കുന്നു, മനുഷ്യനും മറ്റ് ജീവജാലകങ്ങൾക്കും ഭൂപ്രതലത്തിലൂടെ നടക്കാൻ ഏറ്റവും അപായകരമായ പ്രദേശമായി ആ രാജ്യത്തെ മാറ്റിക്കൊണ്ട്. ഈ ദുരന്ത സവിശേഷതയെ മുന്നിലേയ്ക്ക് കൊണ്ടുവരുന്ന അവസരങ്ങളിലൂടെ സിനിമ കടന്നുപോകുന്നുണ്ട്.

പൊട്ടാൻ പാകത്തിന് ഭൂപ്രതലത്തിൽ ഇന്നും ബാക്കിയായ ബോംബുകൾ ഒരു പ്രദേശത്തിന്റെ സാമൂഹ്യാനിവാര്യതയോ ദൈനംദിന ജീവിതത്തിന്റെ സന്നിഹിത നിരന്തരതയോ ആയി പരിണമിക്കുന്ന വിമാനുഷികതയുടെ ഏറ്റവും ഐറണിക്കലായ പ്രകാശനമാണ് സിനിമയുടെ അവസാനം കടന്നുവരുന്ന മഴയ്ക്കുവേണ്ടിയുള്ള ആചാരോത്സവം. പ്രാക്തനമായ അചാരങ്ങളുടെ സമകാലച്ഛായയിൽ തുടരുന്ന യാഗങ്ങളുടെയും ഉത്സവങ്ങളുടെയും ലളിത പ്രകഥനമായല്ല ഈ പ്രദേശത്ത്‌ മഴയ്ക്ക്‌ വേണ്ടിയുള്ള യാഗം നടക്കുന്നത്. അത് ഒരു യാഗമോ ഉത്സവമോ പോലുമല്ല - മത്സരമാണ്. ആകാശത്തിലേയ്ക്ക്, മേഘഗർഭങ്ങളിലെ ജലജന്യതയിലേയ്ക്ക്, മനുഷ്യനിർമ്മിതമായ, സാങ്കേതികമായി പ്രാകൃതമായ റോക്കെറ്റുകൾ പായിച്ചുകൊണ്ടാണ് അവർ മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നത്.

ഗോത്രാസ്മൃതികൾ പേറുന്ന പ്രാകൃത്യമായ ഒരു രൂപകമല്ല റോക്കെറ്റ്. ലാവോസിനെ സംബന്ധിച്ച് അത് വിമാനുഷികം കൂടിയാണ്. മരണജ്വാലയായി താഴേക്ക് പാഞ്ഞുവരുന്ന മിസ്സൈലുകളും  ബോംബുകളും ആണവർക്ക് പരിചിതം. ആ ചിരപരിചിതത്വത്തിൽ നിന്നും ഉളവായ ഏതോ ചോദനയിൽ നിന്നാവാം മഴദൈവങ്ങളെ പ്രീതിപ്പെടുത്താൻ റോക്കെറ്റയയ്ക്കുക എന്ന വിചിത്രവും ആധുനികവുമായ ഒരാചാരത്തിലേയ്ക്ക് അവരെത്തുന്നത്. ദുരന്തത്തിന്റെ ഓർമ്മകളെ ഉത്സവത്തിന്റെ മറവിയിലേയ്ക്ക് ഒളിച്ചുകടത്തി അപ്രസക്തമാക്കുകയും. പൊട്ടാതെ ബാക്കിയായ ബോംബുകളിൽ നിന്നും മിസ്സൈലുകളിൽ നിന്നും അപകടകരമാംവിധം ശേഖരിക്കുന്ന വെടിമരുന്നുകൊണ്ടാണ് പലരും റോക്കെറ്റുകൾ ഉണ്ടാക്കുന്നതു പോലും. അത്തരത്തിൽ ഒരു ശ്രമത്തിനിടയ്ക്ക് നായകനായ ബാലൻ മരണത്തിൽ നിന്നും രക്ഷപ്പെടുന്നത് യാദൃശ്ചികത കൊണ്ടുമാത്രമാണ്.

അവസാനം മഴത്തുള്ളികൾ വീഴുന്നുണ്ട്‌. അത് പോപ്യുലർ ഫിനാലിയാണ്. 'വൈശാലി'യിലും 'പൈതൃക'ത്തിലും അതങ്ങിനെയാണ്. മറ്റ് വഴികളിലൂടെ പോകാൻ വേറൊരു തരം ആഴം വേണ്ടതുണ്ട്. താരതമ്യത്തിന്, പെട്ടെന്ന് ഓർമ്മവരുക മറ്റൊരു മൂന്നാംലോക ആവിഷ്കാരമായ ഖ്യെൻസെ നോർബുവിന്റെ 'ട്രാവലേഴ്സ് ആൻഡ് മജിഷ്യൻസ്' എന്ന ഭൂട്ടാനീസ് സിനിമയാണ്. പ്രകാശനത്തിന്റെയും പാഠത്തിന്റെയും ആന്തരിക വ്യവഹാരത്തിൽ ആ ചലച്ചിത്രം ആഞ്ഞുനിൽക്കുന്ന ആഴമുള്ള ഒരു താത്വികതലമുണ്ട്‌. അത് റോക്കെറ്റിൽ ഇല്ല. സാക്ഷാത്കാരകരുടെ വ്യതിരിക്തമായ ജീവിത, കലാ അഭിമുഖീകരണങ്ങൾ ആഖ്യാന വ്യത്യാസങ്ങളുടെ മൂലകം തന്നെയാണ്. അതിനൊപ്പം, മൂന്നാംലോക ജീവിതം ഒരു ഒന്നാംലോക സംവിധായകൻ കാണുന്നതിന്റെ, ആവിഷ്കരിക്കുന്നതിന്റെ പ്രകടനാത്മകമായ ഭ്രംശങ്ങൾ ഈ ചിത്രത്തെ അർഹിക്കുന്ന പോപ്യുലർ ഫിനാലിയിലേയ്ക്ക് തന്നെ എത്തിക്കുന്നു.

00

Monday 26 January 2015

അതിവാദങ്ങളുടെ പരിസ്ഥിതിലോകം?

മിഷേൽ ഒബാമയ്ക്ക് പട്ടുസാരി കൊടുക്കുന്നതിന് വളരെ മുൻപേ, പട്ടുനൂൽ പുഴുക്കളെ കൊന്നു കിട്ടുന്ന പട്ടുസാരി ഉടുക്കുന്ന പട്ടത്തികൾ വെജിറ്റെറിയനാണെന്ന് പറയരുതെന്ന് രാംമോഹൻ പാലിയത്ത് എഴുതിയിരുന്നു. അതൊരു ഫലിത വിമർശനം ആയിരുന്നെങ്കിൽ ഇപ്പോൾ, ഒബാമ വന്നപ്പോൾ, അതിലെ രാഷ്ട്രീയം ചിലരൊക്കെ പറഞ്ഞു തുടങ്ങിയിരിക്കുന്നു. പറയുന്നവർക്ക് എന്തായാലും, അതൊരു പരിസ്ഥിതി രാഷ്ട്രീയം കൂടിയാണ്.

കൊല്ലം ജില്ലയിലെ ജഡായുപാറയിൽ കണ്ട ക്രഷർ
പരിസ്ഥിതി സൗഹൃദം അല്ലാത്തതിനാൽ വെളുത്ത തലമുടി കറുപ്പിക്കാൻ പാടില്ലെന്നുമുണ്ട്. അങ്ങിനെയും വായിച്ചു.

ഇതൊക്കെ പക്ഷേ അന്തമില്ലാത്ത വാദങ്ങളായാണ് തോന്നുക.

തലമുടി കറുപ്പിക്കാത്തവർ കോഴി തിന്നാതിരിക്കുമോ? കോഴി തിന്നാത്തവർ മല ഇടിച്ച് കിട്ടുന്ന പാറകൊണ്ട് വീട് കെട്ടാതിരിക്കുമോ? വീടുകെട്ടാത്തവർ കാട്ടിൽ താമസിക്കുമോ? കാട്ടിൽ താമസിക്കുന്നവർ വേഴാമ്പലുകളുടെ ആവാസവ്യവസ്ഥ തകർക്കുകയല്ലേ?

വ്യക്തിനിഷ്ഠമായി ഏറ്റവും ചെറിയ അളവിലെങ്കിലും പരിസ്ഥിതി സൗഹൃദമാകാൻ ശ്രമിക്കുന്ന ആരെയും പരിഹസിക്കാൻ അല്ല ഈ ചോദ്യങ്ങൾ.

പക്ഷേ, ചെരിപ്പിട്ട് കാടിൽ കയറരുത് എന്നൊക്കെ എൻ. എ. നസീർ പറയുന്നമാതിരിയുള്ള പരിസ്ഥിതി അതിവാദങ്ങളിൽ ഊന്നിനിന്നാൽ ക്രിയാത്മകമായ ബദൽ ജീവിതത്തെ അഭിമുഖീകരിക്കുക എന്നത് കുഴഞ്ഞുമറിഞ്ഞ വ്യവഹാരമായി മാറും.

ലോകത്തിലെ വിടുക, മണ്ണുകൊണ്ടുള്ള വീടുകളിൽ കേരളത്തിലെ എത്ര ശതമാനം ആളുകൾ ജീവിക്കുന്നു? പരിസ്ഥിതി സൗഹൃദവും ഒരുപാട് കാലം നിലനിൽക്കുന്നതുമാണ് പ്രസ്തുത വാസ്തുരീതി എന്ന് വിഷയത്തിൽ അറിവുള്ളവർ പറയുന്നു. എന്നിട്ടും എന്തേ? ഈ വിഷയം എക്സ്പ്ലിസിറ്റ് ആയിട്ട് അന്വേഷിക്കണം. അന്നേരം ആയിരം ആയിരം കാരണങ്ങൾ, സാമൂഹികം, രാഷ്ട്രീയം, സാമ്പത്തികം, തുടങ്ങിയ എളുപ്പം കണ്ടെത്താവുന്നവയെ മാത്രമല്ല, മനുഷ്യന്റെ വിചാരങ്ങളെയും വൈകാരികതെയേയും ലാവണ്യബോധത്തേയും ഒരളവുവരെ ത്വരിതപ്പെടുത്തുന്ന ജനിതകഘടകങ്ങൾ പോലും വിശകലനവൃത്തത്തിൽ വരും.

അതവിടെ നിൽക്കട്ടെ: ഇന്ന് മലയാളി മണ്‍വീട്ടിലല്ല താമസിക്കുന്നത്. അതാണ്‌ റിയാലിറ്റി. അതുകൊണ്ട് മലയിടിക്കുന്നേ എന്ന് നിലവിളിക്കുന്നതിന് മുൻപ് മൂന്നു തവണ ആലോചിക്കുക. അപ്പോൾ കോഴി കൂവും.
കന്യാകുമാരി ജില്ലയിലെ ചിതറാൾ കുന്നിൽ കണ്ട പാറഖനനം
മനുഷ്യൻ മാത്രമല്ല ഭൂമിയുടെ അവകാശി. എല്ലാ ജീവജാലങ്ങൾക്കും മനുഷ്യനെപ്പോലെ തന്നെ ഭൂമിയിൽ അവകാശമുണ്ട്‌. തുടങ്ങിയ യുട്ടോപ്യൻ ആശയങ്ങളിൽ അഭിരമിക്കാൻ അല്ലാവർക്കും അവകാശവുമുണ്ട്‌. മനുഷ്യർ മൃഗങ്ങളെ കൊന്നിരുന്നതിനേക്കാൾ മൃഗങ്ങൾ മനുഷ്യരെ കൊന്നിരുന്ന കാലങ്ങൾ ഉണ്ടായിരുന്നു. സസ്യാഹാരിയായല്ല മനുഷ്യൻ ഉടലെടുത്തതും; മാംസാഹാരിയായാണ്. സസ്യാഹാരം അവന്റെ സഹജമായ ജനിതകഘടനയ്ക്ക് എതിരാണ്.

കൊല്ലരുത് എന്ന ചിന്തയും, ആഹാരം തിരഞ്ഞെടുക്കുക എന്ന വിവേചനബോധവും മനുഷ്യന് മാത്രം സാധ്യമായ ബൗദ്ധിക ജീവിതമാണ്. തലച്ചോറ് കൊണ്ടാണ് അവൻ അധികാരി ആയത്. കുറഞ്ഞത്‌ ഒന്നരലക്ഷം വർഷത്തോളമെങ്കിലും പരിണമിച്ചാണ് മനുഷ്യന്റെ തലച്ചോറ് ഇന്നത്തെ നിലയ്ക്കായത്. അക്കാലയളവിലെ ബഹുഭൂരിപക്ഷം സമയത്തും അവൻ കൊന്നും ചത്തുമാണ് പരിണമിച്ചത്, ഇന്നും വലിയ വ്യത്യാസമൊന്നുമില്ല.

പരിസ്ഥിതിവാദം എന്നൊക്കെ പറയുമ്പോൾ അത് മനുഷ്യന്റെ അടിസ്ഥാന കാമനയ്ക്ക് എതിരായി ധൈഷണികമായി റിഫൈൻഡ് ആയ ചില പ്രദേശങ്ങളിൽ ഉയർന്നുവന്ന വിചാരധാരയാണെന്ന ബോധ്യമുണ്ടെങ്കിലേ അതിനെ വ്യക്തിതലത്തിൽ പോലും ക്രിയാത്മകമായി അഭിമുഖീകരിക്കാൻ പറ്റൂ. അതിന്റെ രാഷ്ട്രീയമോ തികച്ചും ശ്രമകരവും - എഫ്ബി എന്തായാലും മതിയാവില്ല!

ആത്യന്തികമായ അതിവിചാരത്തിലേയ്ക്ക് പോയാൽ ഇങ്ങിനെയും ആവുമല്ലോ: പരിസ്ഥിതി വാദത്തിന്റെ ലക്ഷ്യമെന്താണ്‌? മനുഷ്യകുലത്തിന്റെ നിലനില്പ് തന്നെയല്ലേ? അതിനോളം വലിയ സ്വാർത്ഥവിചാരം മറ്റേത് മൃഗത്തിനുണ്ട്?

00 

Saturday 10 January 2015

സിംഗപ്പൂരിൽ പോയവർ

എന്റെ നാട്ടിലെ ജയ്ഹിന്ദ്‌ വായനശാലയുടെ മേൽനോട്ടത്തിൽ എല്ലാ വർഷവും വളരെ വിപുലമായി നടത്തുന്ന ക്രിസ്തുമസ് ആഘോഷങ്ങളോടൊപ്പം പ്രസിദ്ധീകരിക്കുന്ന വാർഷിക സുവനിറിൽ (2014) വന്നത്... 

സിംഗപ്പൂരിൽ നിന്നും അവധിക്കു വരുന്നവർ, പുത്തൻതോപ്പിലെ അത്രയൊന്നും വിരളമല്ലാത്ത, എന്റെ കുട്ടിക്കാല കാഴ്ചയായിരുന്നു. ഇന്നു പക്ഷേ അതൊക്കെ മാറിയിരിക്കുന്നു. ആ തലമുറ ഏതാണ്ട് മുഴുവനായും യാത്രപറഞ്ഞ് പോയിക്കഴിഞ്ഞു. സിംഗപ്പൂരിൽ കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്നവരുടെ രണ്ടാം തലമുറയിൽപ്പെട്ടവർക്ക് നാടുമായി കാര്യമായ ബന്ധമൊന്നുമില്ല. മാത്രവുമല്ല അവരിൽ പലരും സിംഗപ്പൂർ വിട്ട് അമേരിക്ക, ബ്രിട്ടണ്‍, ആസ്ത്രേലിയ തുടങ്ങിയ മറ്റ് രാജ്യങ്ങളിലേയ്ക്ക് സ്ഥിരതാമസം പറിച്ചുനട്ടിരിക്കുന്നു എന്നും മനസ്സിലാക്കുന്നു. സാമൂഹ്യപഠനങ്ങളിൽ ഇന്ന് ഒരുപാട് വ്യവഹരിച്ചുവരുന്ന ഇന്ത്യൻ ഡയസ്പോറയുടെ ക്ലാസിക്ക് ഉദാഹരണമായി എടുക്കാം സിംഗപ്പൂരിൽ പോയ പുത്തൻതോപ്പുകാരുടെ ഈ ചിതറിയ രണ്ടാം തലമുറയെ.

പുത്തൻതോപ്പുകാർ പുരാതനകാലം മുതൽ ഉപജീവനത്തിനായി ദേശാന്തരയാത്രകൾ നടത്തികൊണ്ടിരുന്ന ഒരു സമൂഹമാണ്. അതുപക്ഷേ, പുത്തൻതോപ്പിന്റെ മാത്രം വ്യതിരിക്തമായ സ്വഭാവവിശേഷമായി കാണേണ്ടതില്ല. ചരിത്രം ആരംഭിക്കുന്ന കാലം മുതൽ കേരളം കപ്പൽസഞ്ചാരങ്ങളുടെ കഥപറയും. കേരളത്തിന്റെ ചരിത്രം വന്നവരുടേയും പോയവരുടേയും സങ്കരവും സങ്കീർണ്ണവുമായ ജീവിതകഥകളാണ്. മക്കയ്ക്ക് പോയ ചേരമാൻ പെരുമാൾ ചരിത്രമായാലും കഥയായാലും നമ്മുടെ പൊതുബോധത്തിലുണ്ട്. ഡില്ലനോയ് എന്നൊരു ലന്തക്കാരൻ കൊളച്ചൽ തുറമുഖത്ത് യുദ്ധസന്നാഹങ്ങളുമായി വന്നിറങ്ങിയിരുന്നില്ലെങ്കിൽ ആധുനിക തിരുവിതാംകൂറോ, തദ്വാരാ ഇന്നു കാണുന്ന നിലയ്ക്കുള്ള കേരളമോ സാക്ഷാത്കരിക്കപ്പെടുമായിരുന്നു എന്ന് ഉറപ്പിക്കാനാവില്ല. ദേശാന്തരഗമനങ്ങളുടെ ജനിതകം കേരളത്തിന്റെ രക്തത്തിലുണ്ട്. അതിന്റെ ഒരു അല്ലിയായി പുത്തൻതോപ്പിൽ നിന്നും ഭാഗ്യാന്വേഷികൾ സിലോണിലേയ്ക്കും സിംഗപ്പൂരിലേയ്ക്കും പിൽക്കാലത്ത് മദ്ധ്യപൂർവ്വദേശങ്ങളിലേയ്ക്കും ഒക്കെ സഞ്ചരിച്ചുകൊണ്ടിരുന്നു.


ഇന്ത്യയും സിംഗപ്പൂരുമായുള്ള ബന്ധം അതിപുരാതനമാണ്. പ്രീ-കൊളോണിയൽ കാലഘട്ടത്തിൽ, ഇസ്ലാമിന്റെ വരവിനും പ്രാമുഖ്യത്തിനും മുൻപ്, ഗ്രേറ്റർ ഇന്ത്യ എന്ന് പറയുന്ന ഹിന്ദു-ബുദ്ധ സംസ്കൃതിയുടെ അതിരുകൾക്കുള്ളിൽ വരുന്നതായിരുന്നു ഇന്നത്തെ സിംഗപ്പൂർ ഉൾപ്പെടുന്ന മലയാപ്രദേശം. കൊളോണിയൽ കാലഘട്ടത്തിൽ ഇന്ത്യയും സിംഗപ്പൂരും ഒരുപോലെ ബ്രിട്ടീഷ് അധീനതയിലായിരുന്നതിനാൽ ഇത്തരം അതിരുകൾ തന്നെ അപ്രസക്തമായിരുന്നു. ഒരു കുഞ്ഞു ദ്വീപ് രാഷ്ട്രമായ സിംഗപ്പൂരിനെ വ്യതിരിക്തമായ ഒരു രാഷ്ട്രീയ ഏകകമായി ആദ്യകാലത്ത് പരിഗണിച്ചിരുന്നില്ല. മലയായുടെ ഭാഗമായാണ് അത് നിലനിന്നിരുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് മലയാമുനമ്പിലെ ദ്വീപ് തന്ത്രപ്രധാനമാണെന്ന് ബ്രിട്ടീഷുകാർക്ക് മനസ്സിലാകുന്നതും അങ്ങനെ ആധുനിക സിംഗപ്പൂരിന്റെ യാത്ര ആരംഭിക്കുന്നതും. മുഖ്യ മലയാ പ്രദേശത്തു നിന്നും അക്കാലത്താണ് ഇന്ത്യാക്കാരുടെ ഒരു ചെറിയ കൂട്ടം, സിംഗപ്പൂരിൽ കച്ചവടത്തിനും മറ്റു ജോലികൾക്കുമൊക്കെയായി എത്തപ്പെടുന്നത്.

എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒന്നാം ലോകമഹായുദ്ധത്തിനോടും രണ്ടാം ലോകമഹായുദ്ധത്തിനോടും മറ്റും ബന്ധപ്പെട്ടാണ് ഇന്ത്യയിൽ നിന്നും വലിയ സഞ്ചാരങ്ങൾ, പ്രത്യേകിച്ച് സൈനിക ആവശ്യങ്ങൾക്കായുള്ളവ, സംഭവിക്കുന്നത്‌. സിംഗപ്പൂരിൽ 1915 - ൽ നടന്ന  ശിപായിലഹളയിൽ (ഇന്ത്യയിലെ പ്രസിദ്ധമായ ശിപായി ലഹളയെ കുറിച്ചല്ല പരാമർശിക്കുന്നത്) പങ്കെടുത്തതും തൂക്കിലേറ്റപ്പെട്ടതും ഇന്നത്തെ ഇന്ത്യൻ പ്രദേശത്തു നിന്നുള്ള പട്ടാളക്കാരായിരുന്നു എന്നത് അവിടുത്തെ ഇന്ത്യൻ സാന്നിധ്യം വ്യക്തമായും അടിവരയിടും. ഏതാണ്ട് എണ്ണൂറ്റൻപതോളം മുസ്ലീം ശിപായിമാർ ഉൾപ്പെടുന്ന ഈ സംഭവത്തിൽ കേരളത്തിൽ നിന്നുള്ളവർ ഉണ്ടായിരുന്നില്ല എന്ന് പറയാനാവില്ല. കേരളത്തിൽ നിന്ന് ബ്രിട്ടീഷ് പട്ടാളത്തിൽ ചേരാൻ പോയവർ വളരെയധികം ഉണ്ടായിരുന്നു എന്നതിനാൽ തന്നെ ഈ സംഭവത്തിലും ഒരുപാട് മലയാളികൾ ഉൾപ്പെട്ടിരുന്നിരിക്കണം എന്നുതന്നെ കരുതേണ്ടി വരും.

രണ്ടാം ലോകമഹായുദ്ധ കാലത്തോടടുപ്പിച്ചായിരിക്കണം പുത്തൻതോപ്പിൽ നിന്നും സിംഗപ്പൂർ ഭാഗത്തേയ്ക്ക് ആദ്യത്തെ യാത്രകൾ ഉണ്ടാവുന്നത് എന്ന് അനുമാനിക്കാം. എന്റെ അമ്മയുടെ സഹോദരനും സഹോദരീ ഭർത്താവും ബ്രിട്ടീഷ് കൂലിപ്പട്ടാളത്തിൽ ചേർന്ന് ജപ്പാനെതിരെ പൊരുതാൻ പോയതായി കേട്ടിട്ടുണ്ട്. ഇവരെ കൂടാതെ പുത്തൻതോപ്പിൽ നിന്നും മറ്റുപലരും ഇതുപോലെ പോയിട്ടുണ്ടാവും എന്ന് കരുതുന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെടുത്തി ആലോചിക്കുമ്പോൾ വേഗം ഓർമ്മവരുക, സമീപ തീരദേശഗ്രാമത്തിൽ നിന്നുള്ള ബോണിഫെസ് പെരേര എന്ന ഐ. എൻ. എ പോരാളിയെ ആണ്. 1942 ഫെബ്രുവരിയിൽ ബ്രിട്ടീഷ് സിംഗപ്പൂർ ജപ്പാന് മുന്നിൽ കീഴടങ്ങി. ഇന്ത്യാക്കാരുൾപ്പെടെ ബ്രിട്ടീഷ് പട്ടാളത്തിൽ ഉണ്ടായിരുന്ന പലരും തടവുകാരായി പിടിക്കപ്പെട്ടു. ഇങ്ങനെ പിടിക്കപ്പെട്ട ഇന്ത്യൻ പട്ടാളക്കാരിൽ പലരും പിന്നീട് ജപ്പാന്റെ ഒത്താശയോടെ സ്ഥാപിതമായ ഐ. എൻ. എ യിൽ അംഗമായി എന്നാണ് പറയപ്പെടുന്നത്‌. ബോണിഫെസ് പെരേര ശ്രദ്ധയിലേയ്ക്ക് വരുന്നത്, സഖ്യശക്തികൾ ജപ്പാനെ പരാജയത്തിന്റെ മുനമ്പിലേയ്ക്ക് എത്തിക്കുമ്പോൾ, ജപ്പാൻ അന്തർവാഹിനിയിൽ വന്ന് ഗുജറാത്ത് തീരത്തേയ്ക്ക് മറ്റ് ചിലരോടൊപ്പം നീന്തികയറുന്നതോടെയാണ്. എന്റെ കൂട്ടുകാരനായ അദ്ദേഹത്തിന്റെ ഒരു കൊച്ചുമകൻ വർഷങ്ങൾക്ക് ശേഷം സാന്ദർഭികമായി ഈ ഗുജറാത്ത് തീരത്തെത്തിയതും അവിടെ സ്ഥാപിച്ചിട്ടുള്ള ഒരു സ്വാതന്ത്ര്യസമരസ്മാരകത്തിൽ തന്റെ മുത്തച്ഛന്റെ പേരുകണ്ട് അഭിമാനിതനായി നിന്നതും എന്നോട് പറഞ്ഞിട്ടുണ്ട്. പുത്തൻതോപ്പിൽ നിന്നും, അത്തരത്തിൽ, മൂർത്തമായ നിലയ്ക്ക് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഭാഗഭാക്കായ ഏതെങ്കിലും വ്യക്തികളുണ്ടായിരുന്നോ എന്നത് സംശയകരമാണ്.

ഉപജീവനാർത്ഥം പുത്തൻതോപ്പിൽ നിന്നും സിംഗപ്പൂരിലേയ്ക്ക് സമഗ്രമായ യാത്രകൾ ഉണ്ടാവുന്നത് രണ്ടാം ലോകമഹായുദ്ധത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ശേഷമാണ്. സാംസണ്‍ ഡിക്രൂസ്, അദ്ദേഹത്തിന്റെ ഒരു ഓർമ്മക്കുറിപ്പിൽ ഇങ്ങനെ ഓർത്തെടുക്കുന്നത് കാണാം: "1950 - കളിൽ പുത്തൻതോപ്പിലെ ചെറുപ്പക്കാരുടെ നല്ല സംഖ്യ സിംഗപ്പൂരിൽ എത്തികഴിഞ്ഞിരുന്നു." (ജയ്ഹിന്ദ് വായനശാല - അൻപതുകൊല്ലം മുൻപ്, പ്രവാസി-98, 1998 ലെ വായനശാല സുവനീർ.) ഇ. ബി. മുസോളിനി എഴുതുന്നു: "ജയ്ഹിന്ദ് വായനശാല പ്രവർത്തകരിലധികവും 1950 കഴിഞ്ഞപ്പോൾ സിംഗപ്പൂരിൽ ആയി. അവിടെ അവർ ചേർന്ന് സിംഗപ്പൂർ സമാജത്തിന് രൂപംനല്കി." (വായനശാല - ഓർമ്മകളിലൂടെ, പ്രവാസി-98, 1998 ലെ വായനശാല സുവനീർ.) ഇതിൽ നിന്നും ഒരുകാര്യം മനസ്സിലാവും; ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പുത്തൻതോപ്പിൽ നിന്നും നല്ലൊരു കൂട്ടം ചെറുപ്പക്കാർ സിംഗപ്പൂരിൽ എത്തിയിരുന്നു. ആധുനിക പുത്തൻതോപ്പിന്റെ സമഗ്രമായ സാമൂഹികമാറ്റത്തിന് കാരണമായ മൂർത്തമായ ആദ്യത്തെ സംഭവമായിരുന്നു അത്. എന്നാൽ ആ കൂട്ടത്തിൽ വഴിതെളിച്ച് ഏറ്റവും ആദ്യം സിംഗപ്പൂരിലേയ്ക്ക് കപ്പൽ കയറിയ ആ ഒരാൾ ആരാണ്? ആ വ്യക്തിയെ പുത്തൻതോപ്പിന്റെ ചരിത്രം അടയാളപ്പെടുത്തേണ്ടതാണ്.

സമഗ്രമായ ആ സാമൂഹിക മാറ്റം വ്യാപകമാവുന്നത് പത്തുമുപ്പത് വർഷം കൂടിക്കഴിഞ്ഞ് ഗൾഫ് കുടിയേറ്റ കാലത്താണെങ്കിലും അതിന്റെ ബീജാവാപം നടക്കുന്നത് പുത്തൻതോപ്പിന്റെ സിംഗപ്പൂർ കാലഘട്ടത്തിലാണ്. അതിന്റെ വളരെ പ്രത്യക്ഷമായ ഉദാഹരണമായി, പുത്തൻതോപ്പിന്റെ സാംസ്കാരിക ജീവിതത്തിൽ വിസ്ഫോടകമായ മാറ്റങ്ങൾ സംഭവിപ്പിച്ച ജയ്ഹിന്ദ് വായനശാല നിൽക്കുന്നു. വായനശാല അതിന്റെ ബാലാരിഷ്ടതകളിൽ നിന്നും മുക്തമാവുന്നത് സിംഗപ്പൂർ ചിത്രത്തിലേയ്ക്ക് കടന്നുവരുന്നതോടെയാണ്. സാംസണ്‍ ഡിക്രൂസ് എഴുതുന്നു: "അവിടത്തെ [സിംഗപ്പൂർ] പുത്തൻതോപ്പ് സമാജം വായനശാലയെ ദത്തെടുക്കുകയും 1/2 ഏക്കർ സ്ഥലവും കെട്ടിടവും സ്വന്തമായുണ്ടാക്കാൻ ലൈബ്രറിയെ സഹായിക്കുകയും ചെയ്തു." അതേ സംഭവം ഇ. ബി. മുസോളിനിയും വള്ളിപുള്ളി വ്യത്യാസമില്ലാതെ ഓർക്കുന്നുണ്ട്: "അവിടെ അവർ ചേർന്ന് സിംഗപ്പൂർ [പുത്തൻതോപ്പ്] സമാജത്തിന് രൂപം നൽകി. സിംഗപ്പൂർ സമാജത്തിന്റെ പ്രസിഡന്റും സെക്രട്ടറിയും മാറിമാറി വന്നെങ്കിലും ട്രഷറർ അവസാനം വരേയും ശ്രീ. ബി. എം. പെരേര തന്നെയായിരുന്നു. അവർ ആദ്യമായി വായനശാലയ്ക്ക് 50 സെന്റ്‌ സ്ഥലം വാങ്ങി. അന്നത്തെ വായനശാലാ പ്രസിഡന്റ് നെപ്പോളിയൻ സാറും സെക്രട്ടറി സ്റ്റെല്ലസ് നെറ്റോയും ലൈബ്രേറിയൻ റോമൻ ഡിക്രൂസുമായിരുന്നു. സ്ഥലം വാങ്ങി അല്പംകഴിഞ്ഞ് കെട്ടിടത്തിനുള്ള ശ്രമങ്ങൾക്കും ആരംഭമായി."


ഒരു സ്ഥാപനത്തെ, പ്രത്യേകിച്ച് ഒരു പൊതുസ്ഥാപനത്തെ, സംബന്ധിച്ച് ഏറ്റവും പ്രയാസകരമായ കാലഘട്ടം അതിന്റെ പ്രഭവകാലമാണ്. ഒരു പ്രത്യേക സ്വഭാവത്തിന്റെ പാളത്തിലേയ്ക്ക് വീണുകഴിഞ്ഞാൽ പിന്നീട് സവിശേഷ ശ്രദ്ധ കൊടുത്തില്ലെങ്കിൽ പോലും ഏന്തിയും വലിഞ്ഞുമൊക്കെ അത് ഓടിക്കോളും. ആ നിലയ്ക്ക് നോക്കിയാൽ നമ്മൾ വലിയ അഭിമാനത്തോടെ കൊണ്ടുനടക്കുന്ന ജയ്ഹിന്ദ് വായനശാല സാധ്യമാക്കിയത് സിംഗപ്പൂരിൽ പോയവരാണെന്ന് മനസ്സിലാക്കാം. തുടക്കകാലത്ത് അവരുടെ 'ദത്തെടുക്കൽ' ഉണ്ടായിരുന്നില്ലെങ്കിൽ ഒരുവേള വായനശാല അന്നുതന്നെ അകാലമരണത്തിലേയ്ക്ക് പോയേനേ.

ജിവിതോപാധി തേടി പരദേശത്തുപോയവരുടെ നാടിനോടുള്ള ആഗ്രഹം കൂടിയായിരുന്നു വായനശാലയുടെ അന്നത്തെ വളർച്ച. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടു പൊതുവായി ഉണ്ടായിവന്ന ദേശീയബോധം, ഉല്പതിഷ്ണത്വം, മതേതരത്വം തുടങ്ങിയ ഗുണങ്ങളൊക്കെ ആ തലമുറയുടെ മുഖമുദ്രയായിരുന്നു എന്നതിന്റെ വ്യക്തമായ തെളിവാണല്ലോ വായനശാലയുടെ ജയ്ഹിന്ദ് എന്ന പേര്. സിംഗപ്പൂർ പുത്തൻതോപ്പ് സമാജം എത്രകാലം സജീവമായി തുടർന്നു എന്നറിയില്ല. എന്തായാലും കുറച്ചു വർഷങ്ങൾക്ക് ശേഷം സിംഗപ്പൂരിൽ പോയവരിൽ പലരും മടങ്ങിവരുകയും മറ്റുപലരും ജീവിതത്തിന്റെ അനിവാര്യമായ സങ്കീർണ്ണതകളിലേയ്ക്ക് കളംമാറി സകുടുംബം അവിടെ തന്നെ കഴിയുകയും ചെയ്തു. അപൂർവ്വം ചില വ്യക്തികൾ സിംഗപ്പൂരിലെ മലയാളി സമൂഹത്തിൽ തന്നെ അറിയപ്പെടുന്നവരായി മാറുകയുണ്ടായി. എഴുത്തുകാരനായ ജോർജ്ജ് നെറ്റോ അവിടുത്തെ മലയാളി സമാജം പ്രസിദ്ധീകരിച്ചിരുന്ന അനുകാലികത്തിന്റെ പത്രാധിപരായിരുന്നു. എം. ടിയെ പോലുള്ള എഴുത്തുകാർക്ക് സാഹിത്യജീവിതത്തിന്റെ തുടക്കകാലത്ത്‌, അവരെ കണ്ടെത്തി അങ്ങോട്ടുചെന്ന് വലിയ സഹായങ്ങൾ ചെയ്തിരുന്നത് അദ്ദേഹമാണെന്ന് പിൽക്കാലത്ത് പലപ്പോഴും എം. ടി എഴുതിയിട്ടുണ്ട്. ജോർജ്ജ് നെറ്റോ എഴുതിയ സ്വതന്ത്രസമരസേനാനിയായിരുന്ന സക്കീർ ഹുസൈന്റെ ജീവചരിത്രം ചെറുപ്പകാലത്ത് ഞാൻ വായിച്ചിട്ടുണ്ട്. മറ്റുചില പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട് എന്നാണ് അറിവ്. അവ സമാഹരിക്കപ്പെടേണ്ടതാണ്. എണ്‍പതുകളോടെ പുത്തൻതോപ്പിന്റെ പരദേശജീവിതം വളരെ വ്യാപകമായി ഗൾഫ് മേഖലയിലേയ്ക്ക് സാന്ദ്രീകരിക്കപ്പെടുകയും സിംഗപ്പൂർ അപ്രസക്തമാവുകയും ചെയ്തു.

അക്ഷരങ്ങൾ വ്യക്തമായി കൂട്ടിവായിക്കാൻ തുടങ്ങിയ കാലത്തുതന്നെ ഞാൻ വായനശാലയിൽ അംഗത്വം എടുത്തിരുന്നു. ഇത് എന്റെ മാത്രം കാര്യമല്ല, പുത്തൻതോപ്പിലെ ഒരുവിധമുള്ള എല്ലാവരുടെയും കഥയാണ്. ഒരു പുത്തൻതോപ്പുകാരന്റെ കലാ, കായിക, സാഹിത്യ ലോകത്തിലേയ്ക്കുള്ള ആദ്യത്തെ ചുവടുവയ്പ്പ് ജയ്ഹിന്ദ്‌ വായനശാലയിലൂടെ ആയിരിക്കും എന്നത് നിസ്തർക്കമാണ്. ഗൃഹാതുരവും കാല്പനികവുമായ ആ വിഷയവും കാലവും ഈ കുറിപ്പിന്റെ പരിധിയിൽ വരാത്തതിനാൽ വിടുന്നു. എന്നാൽ കുട്ടിക്കാലത്ത്, വായനശാലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളോടും ഒപ്പം മനസ്സിൽ മായാതെ നിൽക്കുന്ന ഒന്നാണ് ഓഫീസ് മുറിയിലെ ചുമരിൽ തൂക്കിയിട്ടിരുന്ന ഫ്രെയിം ചെയ്ത കുറേ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകൾ. തുടക്കകാലത്ത്‌, സിംഗപ്പൂരിൽ നിന്നും വായനശാലയുടെ കെട്ടിപ്പടുക്കലിന് ശ്രമപ്പെട്ട പുത്തൻതോപ്പുകാരുടെ ചിത്രങ്ങളായിരുന്നു അവ.

ഒക്താവിയോ പാസ് തന്റെ നോബേൽ പ്രഭാഷണത്തിൽ പറയുന്നുണ്ട്: പാരമ്പര്യത്തിൽ നിന്നും തുടിപ്പുള്ള ഒരു വിത്ത്‌ കണ്ടെത്തി ഇന്നിന്റെ തെറ്റാടിയിൽ കോർത്ത്‌ ഭാവിയിലേയ്ക്ക് പായിക്കുന്നതാണ് ആധുനികത എന്ന്. മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ചാൽ, ഏറ്റവും ചരിത്രബോധമുള്ളവരായിരിക്കുക എന്നതാണ് ഏറ്റവും സമകാലിനരായിരിക്കാനുള്ള പ്രധാനവഴി എന്നാണത്. ഇന്ന് വായനശാലയുടെ ചുമരിൽ ആ ചിത്രങ്ങൾ ഇല്ല എന്നാണ് അറിയുന്നത്. വ്യക്തിപരമായി, അതെടുത്തു മാറ്റിയ പ്രവൃത്തിയോട് ഞാൻ വിയോജിക്കുന്നു. അതിലുള്ളത് ചില വ്യക്തികളായിരുന്നില്ല, ഒരു കാലത്തിന്റെ പ്രതിനിധാനമായിരുന്നു. ആ ചിത്രങ്ങൾ ഇല്ലാത്ത വായനശാലയുടെ ചുമര് ചരിത്രബോധമില്ലാത്ത ചുമരാണ്. ചരിത്രബോധമില്ലാത്ത ജനത തോറ്റ ജനതയുമാണ്!

എങ്കിലും അതിനെ കൂടുതൽ കാല്പനികവൽക്കരിക്കുന്നതിൽ അതിപ്രാധാന്യം ഇല്ലതാനും. കാലം ചിതലിനെപ്പോലെയാണ്. എപ്പോഴും തുടച്ചുമിനുക്കിക്കൊണ്ടിരുന്നില്ലെങ്കിൽ എന്തിനേയും അത് അരിച്ചുകളയും. അതൊരു അനിവാര്യതയാണ്. ആ ചിത്രങ്ങളിൽ ചിരിച്ചുകൊണ്ടിരുന്നവരും, ആ ചിത്രങ്ങൾ എടുത്തുമാറ്റിയവരും, ഇതെഴുതുന്ന ഞാനും, വായിക്കുന്ന നിങ്ങളും ആരും കാലത്തെ അതിജീവിക്കില്ല. ഒന്നോ രണ്ടോ തലമുറകളുടെ അകലത്തിൽ നമ്മൾ ജീവിച്ചിരുന്നു എന്നതിന്റെ ഓർമ്മകൾ പോലും ചിതലരിച്ചുപോകുമല്ലോ...!

00

Sunday 4 January 2015

ഏറ്റവും പഴയ സ്വപ്നം

യൂറോപ്പിലെ പുരാതനശിലായുഗത്തിന്റെ അവസാനഭാഗത്തെ upper paleolithic എന്ന സംജ്ഞ കൊണ്ടാണ് വിവക്ഷിക്കുക. ബി. പി 50,000 മുതല്‍ 10,000 വരെ എന്ന നിലയ്ക്ക് ഈ കാലത്തെ ഏകദേശം നിജപ്പെടുത്താം (BP-before present). അക്കാലത്ത് യൂറോപ്പ് ഇന്ന് കാണുന്നതു പോലുള്ള ഒരു പ്രദേശമായിരുന്നില്ല. അവസാനത്തെ ഹിമയുഗത്തിന്റെ ലാഞ്ചനകളില്‍ മഞ്ഞുമൂടികിടക്കുന്ന ഒരു സ്ഥലമായിരുന്നു അവിടം. ബ്രിട്ടണ്‍ , ദ്വീപായി പരിണമിച്ചു കഴിഞ്ഞിരുന്നില്ല - മുഖ്യയൂറോപ്പില്‍ നിന്നും ബ്രിട്ടണിലേയ്ക്ക് നടന്നുപോകാന്‍ സാധിക്കുമായിരുന്നു. ആ ഹിമമേടുകളില്‍ എങ്ങിനെയാവും മനുഷ്യര്‍ ജീവിച്ചിരിക്കുക? ഭൂമി പരന്നതാണെന്ന് നിസ്സംശയം കരുതിയിരിക്കുന്ന മദ്ധ്യകാലത്തെ ഒരാളുടെ വീക്ഷണവൃത്തം എങ്ങിനെയായിരുന്നിരിക്കും? ആ മനോഗതിയെ പോലും ഇന്ന് ആലോചിച്ചെടുക്കുക ശ്രമകരമാണ്. അപ്പോള്‍ മുപ്പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ഹിമയുഗത്തിലെ മനുഷ്യനെ സങ്കല്‍പം ചെയ്യാന്‍ ശ്രമിച്ചാലോ?

വെര്‍ണര്‍ ഹെര്‍സോഗിന്റെ (Werner Herzog) 'കേവ് ഓവ് ഫോര്‍ഗോറ്റണ്‍ ഡ്രീംസ്' (Cave of Forgotten Dreams) എന്ന ഡോക്യുമെന്ററി ആ കാലത്തിലേയ്ക്കാണ് അനുവാചകനെ കൊണ്ടുപോവുക. അത്രയും വര്‍ഷങ്ങള്‍ക്കു അപ്പുറത്ത് നിന്നും ഒരു സജീവപ്രതിരൂപം സിനിമാപ്രതലത്തില്‍ വിന്യസിച്ചുകൊണ്ടാണ് അദ്ദേഹമത് ചെയ്യുക. തെക്കന്‍ഫ്രാന്‍സിലെ ഷോവിഗുഹയാണ് (Chauvet Cave) ഈ ചിത്രത്തിലെ വിന്യാസിതകഥാപാത്രം. മുപ്പതിനായിരം വര്‍ഷങ്ങള്‍ക്ക് അപ്പുറം ഇതൊരു ഗുഹയായിരുന്നു. പിന്നീട് ഏതോ കാലഘട്ടത്തില്‍ പാറയും മണ്ണും ഇടിഞ്ഞുവീണ് ആ ഗുഹ അടഞ്ഞുപോയി. അതൊരു കാര്യരഹിത പര്‍വ്വതഭാഗം മാത്രമായി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ അജ്ഞാതമായി തുടര്‍ന്നു. ശിലകൊണ്ടുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് വേട്ടയാടിയിരുന്ന ഇടത്തുനിന്നും, ഈ കാലയളവിനിടയ്ക്ക് മനുഷ്യന്‍ ചന്ദ്രനിലേക്ക് യാത്രപോയി. 1994 - ല്‍ ഒരു കൂട്ടം അന്വേഷകര്‍ പാറതുരന്ന് ഈ ഗുഹ കണ്ടെത്തുമ്പോള്‍ , അതിപുരാതന മനുഷ്യജീവിതത്തിന്റെയും, അതിനുമപ്പുറം അവന്റെ കലാജീവിതത്തിന്റെയും ഏറ്റവും പഴയ തെളിവുകള്‍ ലഭ്യമാവുകയായിരുന്നു.

ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും നല്ല ചലച്ചിത്രകാരന്മാരിൽ ഒരാൾ എന്നൊക്കെ ഹെർസോഗിനെ വിശേഷിപ്പിച്ച്‌ കാണാറുണ്ട്. അതൊക്കെ വ്യക്തിനിഷ്ഠമായ നിരീക്ഷണങ്ങളാണ് - തീർപ്പുകളല്ല. പക്ഷേ, ഫീച്ചർ സിനിമകളായും ഡോക്യുമെന്ററികളായും ഷോർട്ട് സിനിമകളായും എഴുപതോളം നല്ല ചലച്ചിത്രങ്ങൾ സാക്ഷാത്കരിക്കുകയും, അനേകം സിനിമകളിൽ അഭിനയിക്കുകയും ചെയ്ത അദ്ദേഹം നമ്മുടെ കാലത്തെ ഒരു പ്രധാനപ്പെട്ട ചലച്ചിത്രകാരൻ തന്നെയാണ്.

ഹെര്‍സോഗിന് ട്രൂത്തിനെ കുറിച്ച് സുജാതമായ ചില ആശയങ്ങളുണ്ട്. അത് ആകര്‍ഷണീയമായ വിചാരലോകത്തേയ്ക്ക് ത്വരിതപ്പെടുത്തുന്ന ദിശാസൂചികയുമാണ്. ഈ സിനിമയെ കുറിച്ച് ഒരിടത്ത് അദ്ദേഹം ഇങ്ങിനെ പറയുന്നു: my documentary may be not creating factual correctness, but touches a deeper truth. ഇവിടെ സൂചിതമായ ട്രൂത്തിനെ കുറിച്ച് ഹെര്‍സോഗ് തന്റെ സിനിമകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും അനുവാചകന്റെ ചിന്താചലനങ്ങളെ കുടഞ്ഞുവിരിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നുതോന്നും. എന്തായിരിക്കാം നിജസ്ഥിതികള്‍ക്ക് അതീതമായി പറക്കുന്ന  ആ ട്രൂത്ത്‌? ആര്‍ട്ടിനെ സംബന്ധിച്ച് അത് ഏറിയപങ്കും ആശയപരമല്ല, അനുഭൂതിപരമാണ്. ആശയാധിഷ്ടിതമായ അന്വേഷണവിചാരങ്ങള്‍ കൂടുതല്‍ കൂടുതല്‍ സങ്കീര്‍ണമായ മനോചുഴികളിലേക്ക് വലിച്ചുകൊണ്ടുപോകും. എങ്കില്‍ കൂടിയും അത് അനഭിമതമായി തീരുന്നില്ല, ആന്തരികമായ ഒരു സംവാദതലത്തെ അത് ആഹ്ളാദപരമായി സജീവമാക്കുന്നുണ്ട്. എന്നാല്‍ അനുഭവാനുഭൂതി സംസാരവ്യഗ്രതകളെ പവിത്രീകരിക്കുന്ന അതീതലത്തെ നിതാന്തസംജാതമാക്കുന്നു. അതിന്റെ ആഴക്കടല്‍ വീചികള്‍ പ്രക്ഷേപണസന്നദ്ധമല്ല എന്നതിനാല്‍ തന്നെയാവുമല്ലോ ആ ആന്തരികോന്മാദം സവിശേഷമാകുന്നതും.

വെറുതെ കാണപ്പെടുന്ന ഒരു മലയുടെ മധ്യമുഖത്തിനുള്ളില്‍ ഒരു ഗുഹയുണ്ടാവും എന്ന് എങ്ങിനെയായിരിക്കും ആ അന്വേഷകര്‍ മനസ്സിലാക്കിയിരിക്കുക. DRD4-7R എന്ന ജനിതകകണിക മനുഷ്യനെകൊണ്ട്, സാധാരണക്കാർക്ക് യുക്തിസഹമായി തോന്നാത്ത, സാഹസികമായ കാര്യങ്ങൾ ചെയ്യിക്കുമത്രേ. അതിലേയ്ക്ക് നയിക്കുന്ന കാരണം ഈ ജനിതകകണികയുടെ അടങ്ങിയിരിക്കാത്ത സ്വഭാവമാണ് (restless gene എന്ന് ഇത് അറിയപ്പെടുന്നു). ഈ സിനിമയിൽ പാറയിടുക്കുകളിൽ മണത്തുനടക്കുന്ന ഒരു മനുഷ്യനെ പരിചയപ്പെടുത്തുന്നുണ്ട്. പാറയുടെ വിടവുകളിൽ കൂടിയും ചെറിയ സുഷിരങ്ങളിൽ കൂടിയും പുറത്തേയ്ക്കുവരുന്ന വായുവിന്റെ ഗന്ധത്തിൽ നിന്നും പാറയ്ക്കുള്ളിൽ തുറസ്സുകളോ ഗുഹകളോ ഒക്കെ ഉണ്ടോയെന്ന്‌ അയാൾക്ക്‌ അറിയാൻ സാധിക്കുമത്രേ. ഇത്തരത്തിൽ വ്യതിരക്തമായ സ്വഭാവവിശേഷങ്ങൾ കാണിക്കുന്ന പര്യവേഷകർ ഇല്ലെങ്കിൽ, മനുഷ്യപുരോഗതി വളരെ പതുക്കെയാവുമായിരുന്നു എന്ന വിചാരം പിന്നാമ്പുറത്ത് സജീവമാക്കി നിർത്തികൊണ്ടേ ഇത്തരം വിഷയങ്ങളിലൂടെ കടന്നുപോകാനാവൂ.

ത്രീഡിയിലാണ് ഈ ചിത്രം സാക്ഷാത്കരിച്ചിരിക്കുന്നത്. പക്ഷേ, ഞാൻ കണ്ടത് ഡിവിഡി ആവുകയാൽ ഈ സിനിമ സംപ്രേക്ഷണം ചെയ്യാൻ ശ്രമിച്ച ദൃശ്യപരമായ മേന്മയെ എനിക്ക് പൂർണ്ണമായി അറിയാനായില്ല എന്ന് അനുമാനിക്കാം. ഗുഹയിലെ പര്യവേഷണങ്ങളിൽ ഭാഗഭാക്കായ ഒരു യുവാവ് അവിടെ ആദ്യമായി എത്തിയപ്പോൾ അനുഭവിച്ച പ്രാക്തനമായ ഒരു ഭയത്തെ കുറിച്ച് സൂചിപ്പിക്കുണ്ട്. കല സംവദിക്കാൻ ശ്രമിക്കുന്ന അടിസ്ഥാന ഭാവങ്ങൾ എന്തൊക്കെയാണ് എന്ന ചോദ്യമുയർത്തും, മനുഷ്യനായാൽ വരയപ്പെട്ട ഇന്ന് ലഭ്യമായ ഏറ്റവും പഴയ ആ കലാസ്വപ്നത്തെ നിഗൂഡമായ മഞ്ഞവെളിച്ചത്തിലും സാന്ദ്രമായ നിഴലിലും ഒക്കെയായി സാക്ഷാത്കാരകൻ അനുഭവിപ്പിക്കുമ്പോൾ. വിചിന്തനങ്ങൾക്ക് ഏറെക്കൂറെ അപ്രാപ്യമായ, അദിവിദൂരമായ ഭൂതകാലത്തിന്റെ മനുഷ്യലോകം ഒരു ഭൂതബാധിത ഭാവനപോലെ അവിടെ പതിഞ്ഞുകിടക്കുന്നു. ഇരുട്ട് ഗുഹയിൽ, ചിത്രങ്ങൾ വരയാൻ നേരത്ത് കത്തിച്ചുനിർത്തിയ പന്തങ്ങൾ കുത്തിക്കെടുത്തിയതിന്റെ പാടുകൾ ഭിത്തികളിൽ സഹസ്രാബ്ദങ്ങൾക്കിപ്പുറവും മായാതെ കിടക്കുന്നു. ഇന്ന് വംശനാശം സംഭവിച്ച ഗുഹാസിംഹത്തിന്റെ എല്ലുകൾ അവിടവിടെ... ഈ സിംഹങ്ങളെ ഭയപ്പെട്ടുകൊണ്ടായിരിക്കുമോ ആ ചിത്രകാരൻ തന്റെ കലാകാമനകൾ ആവിഷ്കരിച്ചിരിക്കുക. അതോ ചിത്രകാരനും അവന്റെ മനുഷ്യകുലവും ഈ ഭാഗം ഉപേക്ഷിച്ചുപോയതിനു ശേഷം, വീണ്ടും ആയിരം വർഷങ്ങൾ കഴിഞ്ഞായിരിക്കുമോ ആ സിംഹം ഇവിടെ പാർക്കാൻ എത്തിയിരിക്കുക...?!

മൃഗങ്ങളുടെ നൂറു കണക്കിന് ചിത്രങ്ങൾ ഈ ഗുഹാചുമരുകളിൽ കാണാം. പെട്ടെന്ന് ഓർമ്മ വരുക നമ്മുടെ ഇടയ്ക്കൽ ഗുഹയാണ്. കേരളത്തിലെ മനുഷ്യജീവിതത്തിന്റെ ഏറ്റവും പഴയ ശേഷിപ്പ് എന്നതിനാൽ ഇടയ്ക്കൽ ഗുഹ നമുക്ക് വളരെ സവിശേഷമാണെങ്കിലും, ഇവ തമ്മിലുള്ള  ഒരു താരതമ്യം, കാലത്തിന്റെ അന്തരം കൊണ്ടുതന്നെ ഏറെക്കൂറെ റദ്ദായിപ്പോകും. ഏതാണ്ട് ഇരുപത്, ഇരുപത്തായിരം വർഷത്തിന്റെ അന്തരമുണ്ട് ഇവ വരയപ്പെട്ട കാലങ്ങൾ തമ്മിൽ. അതിലുമുപരി, പാറയിൽ കുറച്ചു ഭാഗത്ത് പ്രാകൃതമായി കൊത്തിയുണ്ടാക്കിയ ചിത്രങ്ങളാണ് ഇടയ്ക്കൽ ഗുഹയിലുള്ളത്. ഷോവി ഗുഹയിലേത് സഹസ്രാബ്ദങ്ങൾ താണ്ടിവന്ന അസ്സൽ വർണ്ണചിത്രങ്ങളാണ്. നിറങ്ങളുടെ നിഴൽച്ചാർത്തുകളിലൂടെ രൂപങ്ങൾക്ക്‌ ത്രിമാന പൊലിമ നൽകുന്ന ചിത്രവിദ്യകൾ ആ ഹിമയുഗചിത്രകാരൻ അനായാസം എടുത്തു പെരുമാറിയിരിക്കുന്നു. ചലനവേഗം സൂചിപ്പിക്കാൻ മൃഗത്തിന് അബ്സ്ട്രാക്റ്റായി എട്ടുകാലുകൾ വരച്ചുചേർത്തിരിക്കുന്ന മാതിരിയുള്ള തികച്ചും നൂതനമായ സങ്കേതങ്ങളും ഉപയോഗിച്ചുകാണാം.

വളരെ സങ്കീർണ്ണവും സമഗ്രവുമായ രീതിയിൽ വരയപ്പെട്ടിരിക്കുന്ന മനുഷ്യന്റെ ആദിമ കലയെ, വിശദമായി വിശകലന വിധേയമാക്കുമ്പോൾ തന്നെ, അതർഹിക്കുന്ന പവിത്രതയോടെയും ആദരവോടെയും, അത്രയും തന്നെ നിഗൂഡലാവണ്യത്തോടെയുമാണ് ഈ ചലച്ചിത്രവും സമീപിച്ചിരിക്കുന്നത്.

00